ഗുജറാത്തിലെ സ്‌കൂളുകളില്‍ ഭഗവദ്ഗീത പഠനവിഷയമാക്കാനുള്ള തീരുമാനം പ്രതിഷേധങ്ങള്‍ക്കു വഴി തുറന്നിട്ടുണ്ട്. ദേശീയവിദ്യാഭ്യാസനയം 2020 ന്റെ ഭാഗമായി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഗീതാപഠനം സന്നിവേശിപ്പിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം ഉണ്ടായിരിക്കുന്നത്. ആറു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ സിലബസിലാണ് ഭഗവദ്ഗീത ഉള്‍പ്പെടുത്തുന്നത്. കുട്ടികളില്‍ അഭിമാനബോധവും പാരമ്പര്യങ്ങളുമായുള്ള ബന്ധവും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണു തീരുമാനമെന്നു സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനത്തിന് ഉതകുന്ന തരത്തില്‍ ഇന്ത്യന്‍സംസ്‌കാരവും ജ്ഞാനശാസ്ത്രവും സ്‌കൂള്‍പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇന്ത്യന്‍ നോളഡ്ജ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഗീതാ
പഠനം എന്ന സര്‍ക്കാര്‍തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി ജിതു വഗാനി ഗുജറാത്ത് നിയമസഭയില്‍ പറയുകയുണ്ടായി. കൂടാതെ, ഗുജറാത്തി പാഠപുസ്തകങ്ങളില്‍ ഗീതയില്‍നിന്നുള്ള ആശയങ്ങളായ കര്‍മയോഗസങ്കല്പം, നേതൃത്വപാടവം, മാനേജ്മെന്റ് സങ്കല്പങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തുമെന്നു സര്‍ക്കാര്‍ ഉത്തരവ് പറയുന്നു. സ്‌കൂള്‍ അസംബ്ലിയില്‍ ഭഗവദ്ഗീത കഥാപ്രസംഗം, പാരായണം, പാഠ്യേതരപ്രവര്‍ത്തനങ്ങളായി ഭഗവദ്ഗീതയെ അടിസ്ഥാനമാക്കിയുള്ള സംവാദങ്ങള്‍, ഉപന്യാസരചന, ചിത്രരചന, നാടകങ്ങള്‍, ക്വിസ് തുടങ്ങിയവയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നു.
ഇന്ത്യക്കാര്‍ തങ്ങളുടെ കൊളോണിയല്‍ മനോഭാവം ഉപേക്ഷിച്ച് ഇന്ത്യന്‍സ്വത്വത്തില്‍ അഭിമാനിക്കാന്‍ പഠിക്കണമെന്ന ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ പ്രസ്താവനയും വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമായിട്ടുണ്ട്. വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ഇന്ത്യന്‍വത്കരണമാണു പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ പ്രധാന ലക്ഷ്യമെന്നും സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ പാഠ്യമേഖലയിലെ മെക്കാളെ രീതി ഉപേക്ഷിക്കണമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതിനുള്ളില്‍ വലിയ അപകടം ഒളിഞ്ഞിരുപ്പുണ്ട്. രാജ്യത്തെ സമസ്തമേഖലകളിലെയും വിദ്യാഭ്യാസരീതികളെ കാവിവത് കരിക്കണമെന്നാണ് വെങ്കയ്യ നായിഡു യാതൊരു മറയുമില്ലാതെ പരസ്യമായി പറഞ്ഞുവയ്ക്കുന്നത്.
ദേവസംസ്‌കൃതി വിശ്വവിദ്യാലയത്തില്‍ സൗത്ത് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് റീകണ്‍സിലിയേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് വെങ്കയ്യ നായിഡു വിദ്യാഭ്യാസത്തിന്റെ കാവിവത്കരണത്തിനുവേണ്ടി പരസ്യമായി വാദിച്ചത്. നമ്മുടെ പൈതൃകം, സംസ്‌കാരം, പൂര്‍വികര്‍ എന്നിവയില്‍ നമുക്ക് അഭിമാനം തോന്നണം. നമ്മുടെ കൊളോണിയല്‍ ചിന്തകള്‍ ഉപേക്ഷിച്ച് നമ്മുടെ കുട്ടികളെ അവരുടെ ഇന്ത്യന്‍ സ്വത്വത്തില്‍ അഭിമാനിക്കാന്‍ പഠിപ്പിക്കണം. നാം നമ്മുടെ മാതൃഭാഷയെ സ്‌നേഹിക്കണം. അറിവിന്റെ നിധിയായ നമ്മുടെ വേദങ്ങളെ അറിയാന്‍ സംസ്‌കൃതം പഠിക്കണം. ഇങ്ങനെ പോകുന്നു വെങ്കയ്യ നായിഡുവിന്റെ വാദങ്ങള്‍.
കാവിവത്കരണത്തിന്ആക്കം കൂട്ടുന്ന ദേശീയവിദ്യാഭ്യാസനയം
വിദ്യാഭ്യാസത്തിന്റെ കാവിവത്കരണത്തിനുള്ള ഏറ്റവും തീവ്രമായ ശ്രമമുണ്ടായത് പുതിയ ദേശീയവിദ്യാഭ്യാസനയത്തിന്റെ നയരേഖയിലാണ്. ഇന്ത്യയിലെ വിദ്യാഭ്യാസസമ്പ്രദായത്തെ 'ഭാരതകേന്ദ്രീകൃത'മാക്കണമെന്നാണ് നയരേഖ പറയുന്നത്. അതു വിരല്‍ ചൂണ്ടുന്നത് സംഘപരിവാറിന്റെ കാഴ്ചപ്പാടിലുള്ള പൗരാണിക ഭാരതത്തെക്കുറിച്ചാണ്."The rich heritage of ancient and eternal Indian knowledge and thought has been a guiding light for this Policy' (പൗരാണികവും നിത്യവുമായ ഇന്ത്യന്‍ ജ്ഞാനത്തിന്റെയും ചിന്തയുടെയും സമ്പന്നമായ പൈതൃകമാണ് ഈ നയരേഖയെ വഴികാട്ടുന്ന വെളിച്ചം) എന്നാണു നയരേഖയുടെ ആമുഖത്തില്‍ അടിവരയിട്ടു പറഞ്ഞിരിക്കുന്നത്. പൗരാണികകാലത്തെ നളന്ദ, തക്ഷശില, വിക്രമശില തുടങ്ങിയ സര്‍വകലാശാലകളെക്കുറിച്ചും അവിടെ നടന്ന പഠനരീതികളെക്കുറിച്ചും അവര്‍ക്ക് ഗണിതശാസ്ത്രം, വാനശാസ്ത്രം, ജീവശാസ്ത്രം, ലോഹസംസ്‌കരണം, ആരോഗ്യശാസ്ത്രം, ശസ്ത്രക്രിയ, കെട്ടിടനിര്‍മാണശാസ്ത്രം, കപ്പല്‍നിര്‍മാണശാസ്ത്രം, യോഗ, സുകുമാരകലകള്‍ തുടങ്ങിയ മേഖലകളില്‍ ഉണ്ടായിരുന്ന അറിവിനെക്കുറിച്ചും വിശദമായി സംസാരിക്കുന്ന പുതിയ വിദ്യാഭ്യാസനയം, ആ അറിവുകള്‍ വരുംതലമുറയ്ക്കു കൈമാറുകയും പരിപോഷിപ്പിക്കുകയും ചെയ്യണമെന്നും പുതിയ ഗവേഷണസാധ്യതകള്‍ കണ്ടെത്തണമെന്നും നിര്‍ദേശിക്കുന്നു.
ദേശീയ വിദ്യാഭ്യാസനയത്തിലെ ഭാരതകേന്ദ്രീകൃതപഠനരീതിയിലെ പ്രധാനപ്പെട്ട ഭാഗം സംസ്‌കൃതഭാഷയ്ക്കു നല്‍കുന്ന സവിശേഷപരിഗണനയാണ്. 'ലത്തീന്‍ - ഗ്രീക്ക് ഭാഷകള്‍ ചേര്‍ത്തു വച്ചാലും അതിലും കൂടുതല്‍ ശ്രേഷ്ഠസാഹിത്യശേഖരമുള്ള സംസ്‌കൃതം' എന്ന് ഏറെ അഭിമാനത്തോടെ അവതരിപ്പിക്കുകയും രാജ്യത്തെ എല്ലാ തലങ്ങളിലുമുള്ള പാഠ്യപദ്ധതികളില്‍ സംസ്‌കൃതം പഠിപ്പിക്കണമെന്നു നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്ന നയരേഖ നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നു. പ്രായോഗികമായി ഇന്ത്യയില്‍ ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത സംസ്‌കൃതത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ തീര്‍ച്ചയായും സംഘപരിവാറിന്റെ അജണ്ടകള്‍ ഉണ്ട്. സംസ്‌കൃതത്തെ മുന്നില്‍ നിറുത്തിക്കൊണ്ട് ഇന്ത്യയില്‍ ഒരു സാംസ്‌കാരികദേശീയതയുടെ നിര്‍മിതിയാണു സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നത്.
പ്രത്യയശാസ്ത്രവത്കരണത്തിലെ അപകടങ്ങള്‍
സംഘപരിവാറിന്റെ പ്രത്യയശാസ്ത്രമൂശയില്‍ കടഞ്ഞെടുത്ത അബദ്ധജടിലമായ ചിന്തകള്‍ ഭാവിതലമുറകളുടെ തലച്ചോറുകളില്‍ അടിച്ചേല്പിക്കണമെന്നു ഭരണഘടനാപരമായ ഉന്നതസ്ഥാനം അലങ്കരിക്കുന്ന ഉപരാഷ്ട്രപതിയെപ്പോലെയുള്ള ഒരാള്‍ യാതൊരു മറയുമില്ലാതെ തുറന്നുപറയുകയും ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ അതിനുള്ള തീവ്രമായ ശ്രമങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ ആശങ്കകളോടെ മാത്രമേ അതു കേട്ടിരിക്കാന്‍ കഴിയൂ. ആര്‍ എസ് എസ് പശ്ചാത്തലം ഉള്ള ഭരണസംവിധാനത്തിലെ എല്ലാവരും ഇന്ന് തീവ്രമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ സമസ്തമേഖലകളിലുമുള്ള കാവിവത്കരണമാണ്. സാധ്യമായ ഇടങ്ങളിലെല്ലാം സംഘപരിവാര്‍ അജണ്ടകളെ തിരുകിക്കയറ്റുന്നതിന് അവര്‍ ആവതും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അത് ഏറ്റവും തീവ്രമായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് രാജ്യത്തെ വിദ്യാഭ്യാസമേഖലയിലാണ്. രാജ്യത്തെ പാഠപുസ്തകങ്ങളിലും, പാഠ്യപദ്ധതിയിലും കടന്നുകൂടാനും കാവിവത്കരിക്കാനും തുടര്‍ച്ചയായ ശ്രമങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്.
കൊവിഡിനെപ്പോലും മറയാക്കി സ്‌കൂള്‍ സിലബസില്‍നിന്നു മതേതരത്വം, ജനാധിപത്യം, ദേശീയത തുടങ്ങിയവ ഒഴിവാക്കാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം വലിയ വിവാദമായിരുന്നു. ഈ വര്‍ഷവും അത് ആവര്‍ത്തിക്കുകയാണ്. ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയുടെ കാവിവത്കരണംതന്നെയാണ് പൗരത്വം, ഫെഡറലിസം, മതേതരത്വം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ സിലബസില്‍നിന്നു വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രാലയത്തിന്റെ തീരുമാനത്തിനു പിന്നിലെന്നു നിസ്സംശയം പറയേണ്ടിയിരിക്കുന്നു. ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുമ്പോഴെല്ലാം വിദ്യാഭ്യാസമേഖലയുടെ കാവിവത്കരണത്തിനു നേതൃത്വം നല്‍കുന്നത് കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രാലയമാണ് എന്നത് പരസ്യമായ രഹസ്യമാണ്. കൊവിഡ്കാലത്തെ ക്ലാസ് നഷ്ടത്തിന്റെ പേരുപറഞ്ഞ് സിലബസില്‍നിന്നു വെട്ടിമാറ്റിയതു മുഴുവന്‍ സംഘപരിവാറിന് അസ്വസ്ഥത ഉണ്ടാക്കുന്നതും അസ്വീകാര്യവുമായ ഇന്ത്യയുടെ ബഹുസ്വരതയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളാണ് എന്നതു ശ്രദ്ധേയമാണ്. പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ സിലബസില്‍നിന്നു ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടിക്കുറച്ച സി.ബി.എസ്.ഇ. ഇവയ്ക്കു പുറമേ, പ്രാദേശിക ഭരണകൂടങ്ങളുടെ ആവശ്യകത, ഇന്ത്യന്‍ തദ്ദേശഭരണത്തിന്റെ വളര്‍ച്ച തുടങ്ങിയ ഭാഗങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. അതുപോലെ ഐ ഐ ടി ഖരഖ്പൂരിന്റെ ഈ വര്‍ഷത്തെ കലണ്ടറില്‍ ആര്യസംസ്‌കാരത്തെ ആദിമ ഇന്ത്യന്‍ സംസ്‌കാരമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി.
സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന മതേതരത്വവും ദേശീയതയും എന്താണെന്ന് ഹിന്ദു ദേശീയവാദത്തിന്റെ പ്രധാന വക്താവായ ഗോള്‍വാള്‍ക്കര്‍ 1936 ല്‍ പ്രസിദ്ധീകരിച്ച ണല ഛൃ ഛൗൃ ചമശേീിവീീറ ഉലളശിലറ എന്ന ഗ്രന്ഥത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ''ജര്‍മനി അതിന്റെ വംശത്തിന്റെയും സംസ്‌കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി സെമിറ്റിക് വംശങ്ങളെ-ജൂതന്മാരെ - ഉച്ചാടനം ചെയ്തുകൊണ്ട് ലോകത്തെ ഞെട്ടിച്ചു.വംശാഭിമാനം അതിന്റെ പരമകാഷ്ഠയില്‍ പ്രത്യക്ഷീഭവിക്കുകയായിരുന്നു അവിടെ. അടിവേരോളം ഭിന്നതകളുള്ള മതങ്ങളെയും സംസ്‌കാരങ്ങളെയും ഒരു ഐക്യപൂര്‍ണിമയില്‍ ഏകീഭവിപ്പിക്കുക എത്രകണ്ട് അസാദ്ധ്യമാണെന്ന് ജര്‍മനി കാണിച്ചുതന്നിരിക്കുന്നു. അത് ഹിന്ദുസ്ഥാനിലെ നമുക്കു പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്ന നല്ലൊരു പാഠമാണ്.'' ഇങ്ങനെ ഒരു ദേശീയബോധത്തിന്റെ രൂപവത്കരണത്തിനു സംഘപരിവാര്‍ ലക്ഷ്യമിടുന്നത് രാജ്യത്തെ പാഠ്യപദ്ധതിതന്നെയാണ്.