•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

വാക്കുകളില്‍ വര്‍ണവിസ്മയം തീര്‍ത്ത വെള്ളിത്താരകം

ഈയിടെ അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത്  ജോണ്‍ പോളിനെക്കുറിച്ച് ഒരനുസ്മരണം

ടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, പായുമ്പോള്‍ ആയിരം, പതിക്കുമ്പോള്‍ പതിനായിരം-അര്‍ ജുനന്റെ അസ്ത്രപ്രയോഗത്തെക്കുറിച്ചുള്ള ഈ പരാമര്‍ശമാണ് പ്രഭാഷകനും തിരക്കഥാകൃത്തുമായിരുന്ന ജോണ്‍പോള്‍ സാറിനും അനുയോജ്യം. വാക്കുകള്‍ പുഴപോലെ ആ നാവില്‍നിന്ന് ഒഴുകിയിറങ്ങി. മലയാളഭാഷയുടെ സൗന്ദര്യവും അഴകും ജോണ്‍ പോള്‍ സാറിന്റെ പ്രഭാഷണങ്ങളിലൂടെ മലയാളി അറിഞ്ഞു. മലയാളചലച്ചിത്രലോകത്തേക്കു ''ചാമരം'' വീശി കടന്നുവന്ന ജോണ്‍ പോള്‍ 'പ്രണയമീനുകളുടെ കടലി'ലൂടെയാണ് അവസാനകാലത്തു യാത്ര ചെയ്തത്. മുപ്പതോളം പുസ്തകങ്ങളും നൂറോളം തിരക്കഥകളും വിരചിച്ച അദ്ദേഹത്തിന്റെ വാക്കുകളില്‍ വാങ്മയചിത്രങ്ങളുടെ നടനവിസ്മയമുണ്ട്. ചെറിയ കാര്യങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളില്‍പ്പോലും ആത്മീയതളുടെ തീക്ഷ്ണപരാഗങ്ങള്‍ ഉണ്ടായിരുന്നു. കനമുള്ള വിചാരങ്ങളും ഭാവനയും അദ്ദേഹത്തിന്റെ വരമായിരുന്നു. കാലത്തെ കാവ്യാത്മകമായി അവതരിപ്പിക്കാന്‍ കഴിഞ്ഞ ജോണ്‍ പോളിന്റെ തിരക്കഥകള്‍ ജീവിതഗന്ധിയായിരുന്നു.
തന്റെ ആത്മാവിനെ സ്വാധീനിച്ചിട്ടുള്ള വ്യക്തികള്‍, സംഭവങ്ങള്‍, തരംഗങ്ങള്‍ ഇവയെല്ലാം ഓര്‍മിച്ചെടുത്തു പങ്കുവയ്ക്കുന്നതിനിടയില്‍ അദ്ദേഹം വാചാലനായി: ''ജീവിതത്തിലാദ്യമായി മുപ്പത്തിയാറു മണിക്കൂര്‍ ഭക്ഷണം കഴിക്കാതെ കൂജയിലെ വെള്ളം കുടിച്ചിരുന്ന ഞാന്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തുണ്ടായിരുന്ന ദേവരാജന്‍ മാസ്റ്ററിന്റെ വീട്ടിലെത്തി. അന്ന് അവിടെനിന്നു കഴിച്ച ചൂടുള്ള ഇഡ്ഡലിയും ചമ്മന്തിപ്പൊടിയും... എനിക്കു മറക്കാന്‍ കഴിയുന്നില്ല. ജീവിതത്തിലെ കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും ഇടയിലും ആരെയും പഴിക്കാതെ തന്റെതന്നെ ചിന്താധാരകളിലൂടെ വഴിവെട്ടി മുന്നേറിയ ഒരു എഴുത്തുകാരനെ ഈ വരികളില്‍ കാണാനാകും.
ഹൈന്ദവ-മുസ്‌ലീം- യഹൂദ അയല്‍പക്കങ്ങളായിരുന്നു തന്റെ വീടിന്റെ പരിസരങ്ങളിലുണ്ടായിരുന്നതെന്നും, മതേതരമായ കാഴ്ചപ്പാടു വളര്‍ത്തിയെടുക്കാന്‍ ഈ സൗഹൃദം സഹായിച്ചിട്ടുണ്ടെന്നും തന്റെ അനുഭവക്കുറിപ്പുകളില്‍ അദ്ദേഹം പരാമര്‍ശിച്ചിരുന്നു.
ജീവിതത്തില്‍ എന്തെങ്കിലുമൊക്കെയാകാന്‍ ആഗ്രഹിച്ചു സ്വപ്നങ്ങള്‍ കണ്ട ബാല്യകൗമാരകാലങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങള്‍ ശ്രദ്ധേയം. ''ബോട്ടില്‍ കയറുമ്പോള്‍ ബോട്ടിന്റെ ഗതി നിയന്ത്രിക്കുന്ന, അതിന്റെ മുകളിലത്തെ ക്യാബിലിരുന്ന് സ്റ്റിയറിങ് തിരിക്കുന്ന സ്രാങ്ക് ആകണമെന്നും, തീയേറ്ററില്‍ പോകുമ്പോള്‍ ടിക്കറ്റ് കീറി അകത്തേക്കു പ്രവേശനം അനുവദിക്കുന്ന ടിക്കറ്റ് ചെക്കറാകണമെന്നും ബസില്‍ കയറുമ്പോള്‍ ബസ് എപ്പോള്‍ പോകണം, എപ്പോള്‍ നിറുത്തണം എന്നു തീരുമാനിക്കുന്ന, ചരടു വലിച്ചു മണി മുഴക്കുന്ന കണ്ടക്ടര്‍ ആകണമെന്നും, തീവണ്ടിക്കു പച്ചക്കൊടി കാണിക്കുന്ന ഗാര്‍ഡ് ആകണമെന്നും, ആനയെ തന്റെ   വിരല്‍വരുതിയില്‍ നിറുത്തുന്ന പാപ്പാനാകണമെന്നും, പ്രാര്‍ത്ഥനാനിര്‍ഭരമായ സന്ധ്യാവേളകള്‍ അയവിറക്കുമ്പോള്‍ ഒരു വൈദികനാകണമെന്നുമൊക്കെ ആഗ്രഹിച്ച ജോണ്‍ പോളിന്റെ വഴികള്‍ വിസ്മയകരം.
സമ്പന്നമായ സൗഹൃദങ്ങളും ചാങ്ങാത്തങ്ങളും അഗ്നിസമാനമായ അനുഭവങ്ങളും സ്വന്തം തട്ടകത്തില്‍നിന്നു കടഞ്ഞെടുത്ത ചിന്താധാരകളും അദ്ദേഹത്തിന്റെ തിരക്കഥകളെ വേറിട്ടതാക്കി. ജീവിതത്തില്‍നിന്നു കണ്ടെത്തിയ കഥാപാത്രങ്ങള്‍. ആ കഥാപാത്രങ്ങള്‍ക്കിടയില്‍ ജീവിച്ചുകൊണ്ടാണ്, ആരും കണ്ടിട്ടില്ലാത്ത, പരിചയിച്ചിട്ടില്ലാത്ത ജീവിതാഖ്യാനങ്ങള്‍കൊണ്ട് അദ്ദേഹം ചലച്ചിത്രരംഗത്തെ തരംഗമായി മാറിയത്. ലിറ്ററേച്ചര്‍ പഠിക്കാനാഗ്രഹിച്ചിട്ട് എക്കണോമിക്‌സാണ് പഠിച്ചതെന്നും ജേര്‍ണലിസ്റ്റ് ആകാന്‍ ആഗ്രഹിച്ചിട്ട് ബാങ്കുദ്യോഗസ്ഥനാണ് ആയതെന്നും അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളില്‍ കാണുന്നുണ്ട്. എന്തൊക്കെയായാലും മലയാളഭാഷയുടെ മാന്ത്രികശക്തി ജോണ്‍ പോളിന്റെ പ്രഭാഷണങ്ങളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
1950 ഒക്‌ടോബര്‍ 29 ന് ഷെവലിയര്‍ പി. പൗലോസിന്റെയും റബേക്കായുടെയും മകനായി ജനിച്ച ജോണ്‍ പോള്‍ എന്ന തിരക്കഥാകൃത്ത് സിനിമയുടെയും സാഹിത്യത്തിന്റെയും ലോകത്തിലെ ഇതിഹാസമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)