''ബീഹാറിലെ അമ്പതു വര്‍ഷങ്ങളില്‍ ഞാന്‍ ആയിരം ജീവിതങ്ങള്‍ ജീവിക്കുകയും നൂറു മരണങ്ങളനുഭവിക്കുകയും ചെയ്തു.'' 2006 ലെ പദ്മശ്രീ പുരസ്‌കാരജേതാവായ സിസ്റ്റര്‍ സുധയുടേതാണ് ഈ വാക്കുകള്‍.
നോട്ടര്‍ഡാം സന്ന്യാസിനീ സമൂഹാംഗമായ സി. സുധ വര്‍ഗീസ് ബീഹാറിലെത്തുന്നത് 1961 ലാണ്. ബീഹാറിലും യു.പി.യിലുമായി 28 ലക്ഷം പേരുള്ള മുസാഹര്‍ വംശജര്‍ക്കിടയിലായിരുന്നു കോട്ടയം കാഞ്ഞിരത്താനം ചേന്നംപറമ്പില്‍ കുടുംബാംഗമായ സുധയുടെ പ്രവര്‍ത്തനം. ബീഹാറിലെ ഏറ്റവും അധഃകൃതവിഭാഗമായ ''മുസാഹറു''കള്‍ക്കു അവര്‍ വഴിവിളക്കായി.
മുസാഹര്‍ (മുഷാഹര്‍) എന്നാല്‍ ''എലിയെ തിന്നുന്നവര്‍'' എന്നര്‍ത്ഥം. ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളാണിവര്‍. ദളിതര്‍ക്കിടയിലും പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളിലൊന്ന്. ബീഹാറിലെ ക്വാറികളില്‍ ജോലി ചെയ്യുന്നവരും ഇതിലുള്‍പ്പെടുന്നു. രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളും പേനയ്ക്കു പകരം പിക്കാക്‌സെടുക്കുന്നു. പട്ടിണിമാറ്റാന്‍ എലിയെ തിന്നുന്നവരുടെ ഗ്രാമ്യജീവിതങ്ങള്‍ക്കു പുതുജീവനേകി സിസ്റ്റര്‍ സുധാ വര്‍ഗീസ് അവരുടെ സ്വകാര്യസാമ്രാജ്യമായി വളരുകയായിരുന്നു.
21 വര്‍ഷക്കാലം അവര്‍ പട്‌നയിലെ കൊച്ചുഗ്രാമമായ ജംസൗതില്‍ ഒരു മണ്‍വീട്ടില്‍ താമസിച്ചു. കോട്ടയത്തെ ധനികകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അവര്‍ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് മുസാഹര്‍ സ്ത്രീകള്‍ക്കെതിരേയുള്ള അന്യായങ്ങള്‍ തിരിച്ചറിഞ്ഞു ബീഹാറില്‍ എത്തിപ്പെട്ടതാണ്. നഗരത്തിലെ സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചെങ്കിലും അതുപേക്ഷിച്ച് മുസാഹറുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന അവര്‍ 'ദീദി'എന്നാണ് അറിയപ്പെട്ടത്.
ബീഹാറിലെ ഒരു കുഗ്രാമമാണ് ജെംസൗത്. ഇവിടത്തെ ജന്മിമാര്‍ ഇവരെ എല്ലുമുറിയെ പണിയെടുപ്പിക്കും. വളരെ തുച്ഛമായ കൂലിയാണു കിട്ടുക. ചിലപ്പോള്‍ അതും ഉണ്ടാവില്ല. കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു. പൊതുകിണറുകളില്‍നിന്നു വെള്ളം എടുക്കാനോ ക്ഷേത്രദര്‍ശനത്തിനോ ഇവര്‍ക്കു കഴിഞ്ഞിരുന്നില്ല. മഹ്വാപ്പൂക്കള്‍ വാറ്റിയെടുക്കുന്ന ചാരായം മോന്താന്‍ രാത്രിയില്‍ കുടികളിലെത്തുന്നവര്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മാനം കവര്‍ന്നു. നരകയാതന അനുഭവിക്കുന്ന ഈ സമൂഹത്തിലേക്കു സിസ്റ്റര്‍ സുധ തന്റെ ജീവിതം പറിച്ചുനട്ടു. ആ ഗ്രാമത്തിലെ ഒറ്റമുറി വീട്ടില്‍ താമസിച്ചുകൊണ്ടു പോരാട്ടങ്ങള്‍ക്കു വീര്യം പകര്‍ന്നു. താമസിയാതെതന്നെ അവര്‍ ജന്മിമാരുടെ കണ്ണിലെ കരടായി മാറി. സിസ്റ്റര്‍ സുധയെ വകവരുത്താന്‍ ശ്രമം തുടങ്ങി. വധഭീഷണികള്‍ ഉണ്ടായി. നിയമപോരാട്ടങ്ങള്‍ക്കു മൂര്‍ച്ചകൂട്ടാന്‍ എല്‍എല്‍ബി ഫസ്റ്റ് ക്ലാസ്സില്‍ പാസായി ദാനപുര്‍ കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. 2012ല്‍ ബീഹാറിലെ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷയായി നിയമിതയായി. അതോടെ സിസ്റ്റര്‍ സുധയെ അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഏറെക്കുറെ അവസാനിച്ചു.
പെണ്‍കുട്ടികള്‍ക്കായി 2005ല്‍ സിസ്റ്റര്‍ സുധ ഒരു വിദ്യാഭ്യാസപരിപാടി ആരംഭിച്ചു. വായന, എഴുത്ത്, തയ്യല്‍, ആരോഗ്യം ശുചിത്വം എന്നിവയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം കൊടുത്തു. 'പ്രേരണ' എന്ന റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിച്ചു. മുസാഹര്‍ സമുദായത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസരംഗത്തുവന്ന മാറ്റങ്ങള്‍ ബോധ്യപ്പെട്ട സര്‍ക്കാര്‍ അവരെപിന്തുണയ്ക്കുകയും വേണ്ട സഹായങ്ങള്‍ നല്കുകയും ചെയ്തു.
''കേരളത്തില്‍ പാവങ്ങള്‍ക്കു വീടെങ്കിലും ഉണ്ട്. പക്ഷേ, ബീഹാറില്‍ ഇവര്‍ തെരുവിലേക്കു വലിച്ചെറിയപ്പെടുകയാണ്. പാതയോരത്തെ ജീവിതവും ശൈശവവിവാഹവും ഗാര്‍ഹികപീഡനവുംകൊണ്ടു പൊറുതിമുട്ടിയ ഒരു വിഭാഗമായിരുന്നു അവര്‍.'' സിസ്റ്റര്‍ പറയുന്നു.
''തിരഞ്ഞെടുപ്പില്‍ വോട്ടിനായി മദ്യവും പണവും ഭക്ഷണവും നല്‍കും. എല്ലാ കോണുകളില്‍നിന്നുമുള്ള ചൂഷണം അനുഭവിച്ചവരാണ് അവര്‍. രാഷ്ട്രീയക്കാരും ഭരണകൂടവും ഇക്കാര്യത്തില്‍ മൗനം പാലിച്ചു.'' സിസ്റ്റര്‍ സുധ തുടര്‍ന്നു.
ബീഹാറിലെ ദളിത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം, സാക്ഷരത, തൊഴില്‍പരിശീലനം, ആരോഗ്യസംരക്ഷണം, ജീവിതനൈപുണിപരിശീലനം എന്നിവ നല്‍കുന്ന സ്ഥാപനമായ നാരീഗുഞ്ജന്റെ (സ്ത്രീശബ്ദം) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് സിസ്റ്റര്‍ സുധ. 1987 ല്‍ സ്ഥാപിക്കപ്പെട്ട നാരീഗുഞ്ജന്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സംഘടനയാണ്.