യൂറോപ്പിലെ പുതിയ സംഭവവികാസങ്ങള്‍ മൂന്നാം ലോകമഹായുദ്ധത്തിലേക്കു വഴുതിവീണേക്കാമെന്നു പല ലോകരാജ്യങ്ങളും മുന്നറിയിപ്പു നല്‍കിയിട്ടു നാളുകള്‍ കഴിഞ്ഞു. യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശം രണ്ടര മാസം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിച്ചുകൂടാത്തവയാണ്.
ജര്‍മനിയിലെ റംസ്‌റ്റെയ്‌നിലുള്ള വ്യോമതാവളത്തില്‍ 40 രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയവര്‍ യുക്രെയ്‌നു കൂടുതല്‍ ആയുധങ്ങള്‍ നല്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് മോസ്‌കോയില്‍ പറഞ്ഞതിപ്രകാരമായിരുന്നു: ''വളരെ ആപത്കരമായ അവസ്ഥയാണു നിലനില്ക്കുന്നത്. സ്‌ഫോടനാത്മകമായ ഈ അവസ്ഥയെ ലാഘവബുദ്ധിയോടെ കാണുന്നതാണ് ഏറെ അപകടകരം. ആയുധങ്ങള്‍ നല്കി യുക്രെയ്‌നെ സഹായിക്കുന്ന നാറ്റോ അംഗരാജ്യങ്ങള്‍ റഷ്യയോടാണു യുദ്ധം ചെയ്യുന്നത്. ഇത്തരം നീക്കങ്ങള്‍ മൂന്നാം ലോകമഹായുദ്ധത്തിലാകും അവസാനിക്കുക.'' യുക്രെയ്‌നെ സഹായിക്കാന്‍ വിമുഖരായിരുന്ന ജര്‍മനി, വിമാനവേധമിസൈലുകള്‍ വഹിക്കുന്ന അത്യന്താധുനിക ടാങ്കുകള്‍ നല്കുന്നത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ലാവ്‌റോവ് കൂട്ടിച്ചേര്‍ത്തു. മോസ്‌കോയിലെത്തിയ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ സന്ദര്‍ശിക്കുന്നതിനു മുന്‍പായിരുന്നു ലാവ്‌റോവിന്റെ പ്രതികരണം. 1962 ലെ ക്യൂബന്‍ പ്രതിസന്ധിയുമായി ഇപ്പോഴത്തെ സാഹചര്യങ്ങളെ തുലനം ചെയ്യാനാകുമോയെന്നും ഒരു ലോകമഹായുദ്ധത്തിലേക്കു കാര്യങ്ങള്‍ നീങ്ങുമോയെന്നുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മോസ്‌കോയിലും പിന്നീട് കീവിലും സന്ദര്‍ശനം നടത്തിയ ഗുട്ടെറെസ് ഇരുരാജ്യങ്ങളും അടിയന്തരമായി വെടിനിറുത്തണമെന്നും ക്രിയാത്മകമായ സന്ധിസംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടശേഷം ന്യൂയോര്‍ക്കിലേക്കു മടങ്ങി.
യുദ്ധം അതിര്‍ത്തി കടക്കുന്നു
നാറ്റോയില്‍ അംഗത്വം തേടുന്ന ഫിന്‍ലന്‍ഡിന്റെ അതിര്‍ത്തിയിലേക്കു സൈന്യത്തെ അയച്ച റഷ്യയുടെ നടപടിയാണ് യുക്രെയ്‌നു പുറത്തേക്കു യുദ്ധം വ്യാപിക്കുകയാണെന്ന ഭീതി ആദ്യം ജനിപ്പിച്ചത്. അയല്‍രാജ്യമായ ഫിന്‍ലന്‍ഡിനൊപ്പം നാറ്റോ സൈനികസഖ്യത്തില്‍ ചേരാനിരിക്കുന്ന സ്വീഡനെ ഭയപ്പെടുത്തി നിറുത്താനും, സോവിയറ്റ് യൂണിയനില്‍നിന്നു വേര്‍പെട്ടുപോയ ലിത്‌വാനിയ, ലാത്‌വിയ, എസ്റ്റോണിയ എന്നീ ബാള്‍ട്ടിക് രാജ്യങ്ങളെ തിരിച്ചുപിടിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സൈനികനീക്കമെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍.
യുക്രെയ്ന്‍ അതിര്‍ത്തിക്കപ്പുറം റഷ്യന്‍ ഭൂപ്രദേശത്തുള്ള ബ്രയാന്‍സ്‌ക് മേഖലയിലെ ഇന്ധനശാലയിലും ആയുധപ്പുരയിലുമുണ്ടായ വന്‍ അഗ്നിബാധ ശത്രുവിന്റെ ആക്രമണം മൂലമാണെന്ന റഷ്യയുടെ ആരോപണം യുദ്ധം വ്യാപിക്കുകയാണെന്ന പ്രതീതി ജനിപ്പിച്ചിട്ടുണ്ട്.
അവിഭക്ത സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മൊള്‍ഡോവയുടെ തെക്കന്‍ പ്രവിശ്യയായ ട്രാന്‍സ്ഡ്‌നിയെസ്‌ടെറില്‍ റഷ്യന്‍ സൈന്യം മിസൈല്‍ വര്‍ഷിച്ചത് ആശങ്കയുണര്‍ത്തിയ സംഭവമാണ്. 1992 മുതല്‍ റഷ്യന്‍ അനുകൂലവിമതരുടെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്ത് അന്നുമുതല്‍ റഷ്യന്‍ സൈനികരുടെ സാന്നിധ്യമുണ്ട്. റൊേമനിയയുടെ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ഈ പ്രവിശ്യ പൂര്‍ണമായും കൈവശപ്പെടുത്തിയാല്‍ അസോവ്കടല്‍ മുതല്‍ റൊമേനിയ വരെയുള്ള കരിങ്കടലിന്റെ വടക്കന്‍തീരം മുഴുവന്‍ റഷ്യയുടെ നിയന്ത്രണത്തിലാകും. ട്രാന്‍സ്ഡ്‌നിയെസ്‌ടെറില്‍ കടന്നുകയറിയ റഷ്യന്‍ സൈന്യത്തെ നേരിടാന്‍ മൊള്‍ഡോവയുടെ അതിര്‍ത്തിയിലേക്കു സൈന്യത്തെ വിന്യസിച്ചതായി യുക്രെയ്ന്‍ വൃത്തങ്ങള്‍ അറിയിച്ചു.
നാറ്റോ അംഗരാജ്യങ്ങളായ പോളണ്ടിനും ബള്‍ഗേറിയയ്ക്കുമുള്ള പ്രകൃതിവാതകം നല്‍കുന്നത് നിരോധിച്ചുകൊണ്ടുള്ള റഷ്യയുടെ തീരുമാനം മറ്റൊരു പ്രധാന സംഭവവികാസമാണ്. പ്രകൃതിവാതകത്തിന്റെ വില റഷ്യന്‍ കറന്‍സിയായ റൂബിളില്‍ നല്‍കണമെന്ന പുടിന്റെ ആവശ്യം രണ്ടു രാജ്യങ്ങളും നിരാകരിച്ചതാണ് പ്രധാന കാരണം. യുക്രെയ്ന്‍ അധിനിവേശത്തെ എതിര്‍ക്കുന്ന യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളും റഷ്യയുടെ ഈ തീരുമാനത്തില്‍ ഭയചകിതരാണ്. റഷ്യന്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന വിപണി യൂറോപ്യന്‍ രാജ്യങ്ങളാണ്. റഷ്യയില്‍നിന്നുള്ള ഇന്ധന ഇറക്കുമതി വര്‍ദ്ധിപ്പിക്കേണ്ടത് കുറഞ്ഞ നിരക്കില്‍ ഇന്ധനലഭ്യത ഉറപ്പാക്കാന്‍ അനിവാര്യമായിരിക്കേയുള്ള റഷ്യയുടെ തീരുമാനം വലിയ തിരിച്ചടിയാകും. കപ്പലുകളിലൂടെയും പൈപ്പുകളിലൂടെയും റഷ്യയില്‍നിന്ന് പ്രതിദിനം 25 ലക്ഷം ബാരല്‍ ക്രൂഡ്ഓയില്‍ യൂറോപ്പിലെത്തുന്നുണ്ട്. തങ്ങളുടെയിടയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള റഷ്യയുടെ ആസൂത്രിതനീക്കങ്ങളാണ് ഈ തീരുമാനത്തിനു പിന്നിലുള്ളതെന്നു യൂറോപ്യന്‍ രാഷ്ട്രത്തലവന്മാരും നിരീക്ഷകരും അഭിപ്രായപ്പെട്ടു.
യുക്രെയ്ന്‍ യുദ്ധം അവസാനിക്കുംമുമ്പ് 'ആര്‍.എസ്. 28 സര്‍മാറ്റ്' എന്ന ശക്തമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ റഷ്യ പരീക്ഷിച്ചത് ആശങ്കയുണര്‍ത്തി. സാത്താന്‍-2 എന്നും അറിയപ്പെടുന്ന മിസൈലിനു ലോകത്ത് ഏതൊരു ലക്ഷ്യവും തകര്‍ക്കാനുള്ള ശേഷിയുണ്ടെന്നാണ് പുടിന്റെ അവകാശവാദം. നിലവിലുള്ള യാതൊരു പ്രതിരോധസംവിധാനവും ഈ മിസൈലിനെ തടയാന്‍ പര്യാപ്തമല്ലെന്നും അദ്ദേഹം പറയുന്നു. ആണവായുധം വഹിക്കാന്‍ കഴിയുന്ന സര്‍മാറ്റ്-28 ന്റെ ദൂരപരിധി 18,000 കിലോമീറ്ററാണ്. റഷ്യ, ചൈന, യു.എസ്., ഫ്രാന്‍സ്, ബ്രിട്ടന്‍, ഉത്തരകൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ കൈവശമാണ് ഇപ്പോള്‍ ഐസിബിഎമ്മുകള്‍ ഉള്ളത്. നിര്‍മാണത്തിലിരിക്കുന്ന ഇന്ത്യയുടെ അഗ്നി-6 മിസൈലിന്റെ പ്രഹരശേഷി 12,000 കിലോമീറ്ററാണ്. വിവിധ രാജ്യങ്ങള്‍ നടത്തുന്ന മിസൈല്‍പരീക്ഷണങ്ങളും വികസനങ്ങളും വലിയതോതിലുള്ള ആയുധമത്സരങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വഴിതുറക്കുമെന്നു യുദ്ധരംഗത്തെ വിദഗ്ധര്‍ പറയുന്നുണ്ട്. ഐസിബിഎമ്മുകള്‍ ഇതുവരെ ഒരു യുദ്ധത്തിലും ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
നിസ്സഹായനായി കേഴുന്ന സെലെന്‍സ്‌കി
സ്വന്തം രാജ്യം കിരാതനായ ശത്രുവിന്റെ കരാളഹസ്തങ്ങളാല്‍ തകര്‍ന്നടിയുന്നതും, പതിനായിരങ്ങളുടെ ജീവന്‍ പൊലിയുന്നതും, ലക്ഷങ്ങള്‍ പലായനം ചെയ്യുന്നതും കണ്ടുനില്ക്കുന്ന യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പാശ്ചാത്യരാജ്യങ്ങളോട് ആളും അര്‍ത്ഥവും നല്‍കി സഹായിക്കണമെന്ന് അപേക്ഷിക്കുന്നതു സ്വാഭാവികം മാത്രമാണ്. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിനും തന്നെ സന്ദര്‍ശിക്കാനെത്തുംമുമ്പു നടത്തിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുകയും ചെയ്തു: ''ഞങ്ങളുടെ രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ആയുധങ്ങള്‍ നല്‍കാന്‍ യു.എസിനോടും സഖ്യരാഷ്ട്രങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. വെറുംകൈയോടെ ആരും ഇവിടേക്കു വരണമെന്നില്ല. സമ്മാനപ്പൊതികളും കേക്കുകളുമല്ല ഞങ്ങള്‍ക്കു വേണ്ടത്; പിന്നെയോ, ശത്രുവിനെ തുരത്താനുള്ള ആയുധങ്ങളും, ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും, മുറിവേറ്റവര്‍ക്കുള്ള മരുന്നുകളുമാണ്.'' അമേരിക്കന്‍ പ്രതിനിധിസംഘത്തെ നേരില്‍ക്കണ്ടപ്പോള്‍ വെടിക്കോപ്പുകളും, ടാങ്കുകളും, വിമാനവേധമിസൈലുകളും, ഹെലികോപ്ടറുകളും, യുദ്ധവിമാനങ്ങളും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യുക്രെയ്‌നെ സഹായിക്കേണ്ടതിന്റെ ആവശ്യകത യു.എസ്. കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തിയ പ്രസിഡന്റ് ജോ ബൈഡന്‍ 3,300 കോടി യു.എസ്. ഡോളറിന്റെ ധനസഹായമാണു പ്രഖ്യാപിച്ചത്. ഇതില്‍ 2,000 കോടി ഡോളര്‍ സൈനികസഹായവും, 850 കോടി സാമ്പത്തികസഹായവും, ശേഷിക്കുന്ന തുക ഭക്ഷണാവശ്യങ്ങള്‍ക്കും മരുന്നിനും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കുമായി നല്കും. മൂന്നു ദിവസംമുമ്പ് കീവില്‍ സന്ദര്‍ശിക്കാനെത്തിയ യു.എസ്. ജനപ്രതിനിധിസഭാസ്പീക്കര്‍ നാന്‍സി പെലോസിയും സംഘവും 1,360 കോടി യു.എസ്. ഡോളറിന്റെ സൈനികസഹായംകൂടി ലഭ്യമാക്കാനുള്ള ബില്‍ തയ്യാറാക്കിക്കഴിഞ്ഞതായി അറിയിച്ചു.