മൊളോക്കോയിലെ കുഷ്ഠരോഗികള്‍ക്കുവേണ്ടി ജീവന്‍ ബലികഴിച്ച മഹാനാണ് ഫാദര്‍ ഡാമിയന്‍ - കുഷ്ഠരോഗികള്‍ക്കുവേണ്ടി കുഷ്ഠരോഗിയായ വ്യക്തി. എങ്കിലും, എന്തുകൊണ്ടോ ആ മഹാത്മാവ് അവസാനകാലത്ത് അങ്ങേയറ്റം അസ്വസ്ഥനായിരുന്നു. കുഷ്ഠരോഗത്തിന്റെ പാര്‍ശ്വഫലമാണ് അതെന്നത്രേ പലരുടെയും നിഗമനം. അക്കാലത്ത് ഡാമിയന്റെ ഏറ്റവും വലിയ ആശ്വാസമായിരുന്നത് ഫാദര്‍ ലാംബര്‍ട്ട് കൊണ്‍റാഡ് എന്ന അമേരിക്കന്‍ മിഷനറിയാണ്. ഫാദര്‍ ഡാമിയനോടൊപ്പം താമസിക്കുകയും അദ്ദേഹത്തെ ശുശ്രൂഷിക്കുകയും ചെയ്ത ധൈര്യശാലി.
മൊളോക്കോയില്‍ വരുന്നതിനുമുമ്പ് ഫാ. കൊണ്‍റാഡ് കാട്ടുജാതികളുടെ കൂടെയായിരുന്നു - അവിടമായിരുന്നു അദ്ദേഹത്തിന്റെ സേവനരംഗം. കൊഴുത്തു തടിച്ച കോമളകളേബരനായിരുന്നു ഫാദര്‍ കൊണ്‍റാഡ്. അഴകെഴുന്ന ആ വെള്ളക്കാരനെ കണ്ടാല്‍ ആരും നോക്കിനിന്നുപോകും. ഒരിക്കല്‍ കുറെ കാട്ടുജാതികള്‍ക്ക് ഒരു മോഹം. ഇയാളെ കൊന്നുതിന്നാലെന്താ! നല്ല മാംസം! അവര്‍ അദ്ദേഹത്തെ വരിഞ്ഞുകെട്ടി കൊല്ലാന്‍ കൊണ്ടുപോയി. അദ്ദേഹമാകട്ടെ ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. അവസാനം, തന്റെ കയ്യിലെ വാച്ച് ഊരി അവര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു: ''ഇതു നല്ലൊരു സാധനമാണ്, കളയരുത്.''
''ഇതു വല്ല കൂടോത്രവുമാണോ?'' അതായിരുന്നു അവരുടെ പേടി. അദ്ദേഹം പറഞ്ഞു: ''ഇതു വളരെ വിലപ്പിടിപ്പുള്ള വസ്തുവാണ്. സമയം അറിയാന്‍ ഇതില്‍ നോക്കിയാല്‍ മതി! ഉച്ചയാകുമ്പോള്‍ ഇതിന്റെ സൂചി കറങ്ങി 12 ല്‍ വരും...!'' അവര്‍ക്കു വിസ്മയമായി. ഇങ്ങനെയുണ്ടോ മനുഷ്യര്‍? കൊല്ലാന്‍ കൊണ്ടുപോകുന്നവര്‍ കിടന്നു പിടയ്ക്കുകയും, തിരിഞ്ഞുകടിക്കുകയുമല്ലേ ചെയ്യുക? ''അങ്ങന്താണു ഞങ്ങളെ ഒന്നും ചെയ്യാത്തത്?'' അവര്‍ ആരാഞ്ഞു. അദ്ദേഹം പറഞ്ഞു: ''ഞാനൊരു മിഷനറിയാണ്. സ്വന്തം ജീവന്‍ എനിക്കുവേണ്ടി നഷ്ടപ്പെടുത്തുന്നവന്‍ അതു നേടുമെന്നാണ് ഗുരു പഠിപ്പിച്ചിട്ടുള്ളത്...!''
തുടര്‍ന്നുള്ളത് അവരുടെ മാനസാന്തരകഥയാണ്...!
ശത്രുവിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ഗുരുവിനെ അനുസ്മരിച്ചുകൊണ്ട് വി. പൗലോസ് ഇങ്ങനെ എഴുതി: ''നിന്റെ ശത്രുവിനു വിശക്കുന്നെങ്കില്‍ നീ അവനു ഭക്ഷിക്കാനും ദാഹിക്കുന്നുവെങ്കില്‍ കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്റെ തലയില്‍ തീക്കനല്‍ കൂട്ടും.'' (റോമ. 12-20). ഇതുതന്നെയാണു സുഭാഷിതങ്ങളും പറയുക (സുഭാ. 25-21).
ഇവിടെയാണു കാട്ടുജാതികള്‍ കുടുങ്ങിയത്! കൊല്ലപ്പെടുവാന്‍ കൊണ്ടുപോകുന്ന ഇര ഒരിക്കലും അടങ്ങിയിരിക്കുകയില്ല. എന്നാല്‍, എന്തുകൊണ്ട് ഈ മനുഷ്യര്‍ ഇങ്ങനെ നിന്നുതന്നു? അതുമാത്രമല്ല, എപ്പോഴും വട്ടം കറങ്ങി സമയം ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്ന വിലപ്പിടിപ്പുള്ള ആ അദ്ഭുതയന്ത്രവും നമുക്കു തന്നു? അവിടെ അസാധാരണമായ ദിവ്യമായ എന്തോ ഒന്ന് ഉണ്ട്. അവര്‍ അദ്ദേഹത്തോടു മാപ്പു ചോദിച്ചു!
ആദിമക്രൈസ്തവരുടെ ഈ സവിശേഷതയാണ് അഥേനിയന്‍ താത്ത്വികനായ അരിസ്റ്റിഡസിനെ, അഗസ്റ്റസ് ഹഡ്രിയാന്‍ ചക്രവര്‍ത്തിക്ക് (അഉ 76-136) ഒരു കത്തെഴുതാന്‍ പ്രേരിപ്പിച്ചത്: ''ക്രിസ്ത്യാനികളെന്നു പറയുന്ന ഈ മനുഷ്യര്‍, തങ്ങളെ ദ്രോഹിക്കുന്നവരെ താത്പര്യപൂര്‍വം സ്‌നേഹിക്കുകയും അവര്‍ക്കു നന്മ ചെയ്യുകയും ചെയ്യുന്നു!'' അവിടെ അഭൗമികമായ എന്തോ ഒന്ന് ഉണ്ട് എന്ന് അരിസ്റ്റിഡസിനു മനസ്സിലായി.
പട്ടാളക്കാരനായിരുന്ന പക്കോമിയൂസ് പകച്ചു പോകുന്നതും ഇവിടെ വച്ചാണ് - ക്രൈസ്തവരുടെ ശുശ്രൂഷാമനോഭാവം. ഒരിക്കല്‍ അവരുടെ ക്യാമ്പിലേക്കു കടന്നുചെന്ന തികച്ചും അപരിചിതനായ അദ്ദേഹത്തെ അവര്‍ തികഞ്ഞ ആതിഥ്യമര്യാദയോടെ സ്വീകരിച്ചാദരിച്ചു. എന്താണിതിന്റെ കാരണം? അതാണു പക്കോമിയൂസിനു ചോദിക്കാനുണ്ടായിരുന്നത്. ഉത്തരം വളരെ കൃത്യമായിരുന്നു: ''അങ്ങനെയാണു ഗുരു ഞങ്ങളെ പഠിപ്പിച്ചത്.'' അദ്ദേഹത്തിന് ആ ഗുരുവിനെക്കുറിച്ച് അറിയണമെന്നായി. അധികം താമസിയാതെ അദ്ദേഹം അവരുടെ സമൂഹത്തില്‍ അംഗമായിത്തീര്‍ന്നുവെന്നു മാത്രമല്ല അനേകരെ ക്രൈസ്തവസന്ന്യാസത്തിലേക്കാനയിച്ചുകൊണ്ടു വേറൊരു ഗുരുവായിത്തീരുകയും ചെയ്തു!
അമേരിക്കന്‍ രാഷ്ട്രീയത്തിലെ അതികായനായിരുന്നു ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍. അമേരിക്കന്‍ ഭരണഘടനയുടെ ഉപജ്ഞാതാവ്. നാടിന്റെ പ്രതിനിധിയായി പല തവണ (1754, 1757-62, 1776) ഇംഗ്ലണ്ടിലേക്കും ഫ്രാന്‍സിലേക്കും അദ്ദേഹം അയയ്ക്കപ്പെട്ടിട്ടുമുണ്ട്. പലതുകൊണ്ടും അദ്ദേഹത്തിന് ഒട്ടേറെ ശത്രുക്കളുമുണ്ടായിരുന്നു; അവരെയൊക്കെ തറപറ്റിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. എങ്കിലും, അതൊന്നും തനിക്കു ഭൂഷണമല്ലെന്ന് അദ്ദേഹം കരുതി. ഒരിക്കല്‍ അതേക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
"Doing an injury puts you below your enemy
Revenging one makes you but even with him.
Forgiving it sets you above him.''
ശരിയാണ്. ശത്രുവിനെ മുറിവേല്പിക്കുന്നതു തരംതാണ പണിയാണ്. പ്രതികാരം ചെയ്യുമ്പോള്‍ അവനെപ്പോലെ മോശമായി പ്രവര്‍ത്തിക്കുകയാണ് - ഒപ്പത്തിനൊപ്പം അഥവാ, പകരത്തിനുപകരം! ക്ഷമിക്കുമ്പോള്‍ മാത്രമാണ് അവനെക്കാള്‍ ഉയര്‍ന്നു നില്ക്കുക.
'പൂച്ച' എന്നു വിളിക്കുന്നവനെ 'പട്ടീ' എന്നു വിളിച്ചെങ്കിലേ മനസ്സിനു തൃപ്തി വരികയുള്ളൂ! അതു കൈപ്പറ്റിയവന് അടക്കം വരണമെങ്കില്‍ തിരിച്ചു 'കില്ലപ്പട്ടീ' എന്നു വിളിക്കണം. അതിന് അതേ നാണയത്തില്‍ മുതലും പലിശയും തിരിച്ചേല്പിക്കണമെങ്കില്‍ പ്രതിയോഗി നിഘണ്ടുവിലില്ലാത്ത ഏതെങ്കിലും പദം പ്രയോഗിക്കേണ്ടിവരും. അതിനു മേല്‍പ്പദം സംസാരഭാഷയില്‍ കിട്ടാതെ വരുമ്പോഴാണ് വാക്കേറ്റം കയ്യേറ്റത്തിലേക്കും കയ്യേറ്റം കൊലപാതകത്തിലേക്കും നീങ്ങുക. ഇവിടെയാണു വി. പൗലോസിനെ (റോമ. 12-20) പരാവര്‍ത്തനം ചെയ്ത ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്റെ വാക്കുകള്‍! അവിടെ, ആ ഔദാര്യത്തിനുമുമ്പില്‍ എല്ലാം അളമുട്ടി നില്ക്കുകയാണ്. അതിന് അപ്പുറമൊന്നുമില്ല. അടുത്തതു തിരിച്ചുവരവുതന്നെയായിരിക്കും - ക്ഷമാപണപൂര്‍വം!
അവരൊക്കെ കടമെടുത്തതു യേശുവിന്റെ തിരുവചനമാണ്: ''ശത്രുക്കളെ സ്‌നേഹിക്കുക'' (മത്താ. 5:44). ആ വചനം ഒരു പടി കൂടെ കടന്നു മാംസരൂപം ധരിക്കുന്നതു കാല്‍വരിയില്‍വച്ചാണ്. അവരോടു ക്ഷമിക്കുകയും, ക്ഷമിക്കണമേയെന്നു പിതാവിനോടു പ്രാര്‍ത്ഥിക്കുകയും മാത്രമല്ല, അതിനു കാരണംകൂടി പിതാവിനെ ബോധിപ്പിക്കുകയാണ്: ''അവരുടെ അറിവില്ലായ്മകൊണ്ടു സംഭവിച്ചുപോയതാണ്'' (ലൂക്കാ. 23:34). ക്ഷമയുടെ പാരത്രികപരകോടി - അഭൗമികമായ അതിരുകല്ല്. അവിടെ ശ്വാസംമുട്ടി നിന്ന ഒരു കള്ളനുപോലും തിരിച്ചറിവു കൈവരുന്നു: ഇവിടം ഭൂമിയല്ല പറുദീസായാണ് (ലൂക്കാ 23:42).
അക്രമം ഒന്നിനും ഉത്തരമല്ല. തിന്മയെ തിന്മകൊണ്ടു പരാജയപ്പെടുത്താനും സാധ്യമല്ല. അരിസ്റ്റിഡസ് പറഞ്ഞ വാക്കുകള്‍ ബാക്കി നില്ക്കുന്നു: ''ദ്രോഹിക്കുന്നവരെ താത്പര്യപൂര്‍വം സ്‌നേഹിക്കുന്നവരുടെ'' വിഭാഗത്തില്‍പെട്ടവനായിരുന്നു ഫാദര്‍ ലാംബര്‍ട്ട് കോണ്‍റാഡ്. അതായിരുന്നു തന്നെ കൊന്നുതിന്നാന്‍ തുടങ്ങിയവര്‍ക്കു നിന്നുകൊടുത്തതിന്റെ - തന്റെ വാച്ചുകൂടി വച്ചുകൊടുത്തതിന്റെ കാരണം. ആ അന്തിമസമ്മാനമാണ് അവരെ കരയിപ്പിച്ചത്.