ദിവ്യകാരുണ്യാരാധനസഭയിലെ സഹസ്ഥാപികയും പ്രഥമാംഗവുമായ മദര്‍ മേരി ഫ്രാന്‍സിസ്‌ക ദ് ഷന്താള്‍ അന്തരിച്ചിട്ട് മേയ് 25 ന് അമ്പതുവര്‍ഷം
ചില നിയോഗങ്ങള്‍ക്കായി ദൈവം വേര്‍തിരിച്ചു ലോകത്തിനു സമ്മാനിച്ച ഒരു ധീരവനിതയുണ്ട്. അവളാണ് ദിവ്യകാരുണ്യാരാധനാസഭയുടെ സഹസ്ഥാപികയും പ്രഥമാംഗവുമായ മദര്‍ മേരി ഫ്രാന്‍സിസ്‌ക ദ് ഷന്താള്‍.
1880 ഡിസംബര്‍ 23 ന് ചമ്പക്കുളത്തുള്ള വല്ലയില്‍ കുടുംബത്തില്‍ കൊച്ചുമാത്തപ്പന്റെയും മറിയാമ്മയുടെയും ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ അഞ്ചാമത്തെ പുഷ്പമാണ് പ്ലെമന എന്ന വിളിപ്പേരുള്ള ഫിലോമിന. ബാല്യത്തില്‍ത്തന്നെ അലൗകികവും അവാച്യവുമായ ചില സ്വഭാവസവിശേഷതകള്‍ അവളില്‍ സദാ വിളങ്ങിയിരുന്നു.
അങ്ങനെ അവള്‍ ഒരു മാലാഖയെപ്പോലെ വിശുദ്ധിയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറി ബാല്യവും കൗമാരവും പിന്നിട്ടു. മാതാപിതാക്കള്‍ അവള്‍ക്കു വിവാഹാലോചനകള്‍ തുടങ്ങി. ഫിലോമിനയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ: ദിവ്യനാഥനെ തന്റെ മണവാളനായി സ്വീകരിച്ചുകൊണ്ട് ഒരു സന്ന്യാസിനിയായി ജീവിക്കുവാനാണെന്റെ ഹൃദയം ആഗ്രഹിക്കുന്നത്. എന്നാല്‍, മാതാപിതാക്കളുടെ നിര്‍ബന്ധത്തിനും കാര്‍ക്കശ്യത്തിനും മുന്നില്‍ ഫിലോമിയുടെ സ്വപ്നങ്ങളെല്ലാം വീണുടഞ്ഞു. ഹൃദയം മുറിയുന്ന വേദനയോടെ അവള്‍ മാതാപിതാക്കളുടെ ഹിതത്തിനു കീഴടങ്ങി. അങ്ങനെ വിവാഹം നിശ്ചയിച്ചു.
ചങ്ങനാശ്ശേരി പൂവത്തുപുത്തന്‍പുരയില്‍ തോമസിന്റെ ജീവിതപങ്കാളിയായി ഫിലോമിനയുടെ കുടുംബജീവിതം ആരംഭിച്ചു. കേവലം നാലുവര്‍ഷത്തെ ദാമ്പത്യജീവിതമാണ് ദൈവമവര്‍ക്കനുവദിച്ചത്. ഇക്കാലയളവില്‍ അവര്‍ക്ക് ഒരാണ്‍കുഞ്ഞും പെണ്‍കുഞ്ഞും ജനിച്ചു. ആണ്‍കുഞ്ഞ് ശൈശവത്തില്‍ത്തന്നെ മരണപ്പെട്ടു. ഏറെത്താമസിയാതെയുള്ള ഭര്‍ത്താവിന്റെ അകാലവേര്‍പാടുകൂടിയായപ്പോള്‍ ഫിലോമിന തകര്‍ന്നു പോയി. എങ്കിലും, ദൈവകരം തന്നോടൊപ്പമുണ്ടെന്നുള്ള ദൃഢവിശ്വാസം അവള്‍ക്ക് ആശ്വാസം പകര്‍ന്നു. ഭര്‍ത്താവിന്റെ ദേഹവിയോഗം ദൈവനിയോഗമെന്ന് അംഗീകരിക്കാനുള്ള മനഃശക്തി അവള്‍ക്കു ലഭ്യമായത് ആഴമേറിയ മരിയഭക്തിയില്‍നിന്നാണ്. വിധവയായ ഫിലോമിനയെയും പിഞ്ചുകുഞ്ഞിനെയും സഹോദരങ്ങള്‍ ചമ്പക്കുളത്തുള്ള സ്വഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. പ്രായത്തില്‍ക്കവിഞ്ഞ പക്വതയും വിവേകവും മറ്റു സ്ത്രീകളില്‍നിന്നും ഫിലോമിനയെ മാറ്റി നിര്‍ത്തിയ ഘടകങ്ങളായിരുന്നു. കുടുംബത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താനും സ്വയം പര്യാപ്തത നേടാനും എല്ലാവിധ ഗൃഹജോലികളിലും കൃഷിപ്പണിയിലും ഏര്‍പ്പെടുക മാത്രമല്ല, ചിട്ടി നടത്തിക്കൂടി അവള്‍ ജീവിതം നയിച്ചു. അതോടൊപ്പം വിധവകളെയും അനാഥരെയും രോഗികളെയും വൃദ്ധരെയും വരെ തേടിപ്പിടിച്ച് അവര്‍ക്ക് ശാരീരികവും മാനസികവും ആത്മീയവുമായ പോഷണം നല്‍കാനും ആശ്വാസം പകരാനും സമയം കണ്ടെത്തിയിരുന്നു. തപശ്ചര്യകളും പ്രാര്‍ത്ഥനയും ഉപവാസവുമെല്ലാം അവളുടെ ദിനചര്യകളായിരുന്നു.
വീട്ടുകാര്‍ അവള്‍ക്കു പുനര്‍ വിവാഹത്തിനുള്ള ആലോചനകള്‍ തുടങ്ങി. അതവള്‍ക്കു താങ്ങാവുന്നതിലധികമായിരുന്നു. മുറിഞ്ഞിടത്തുതന്നെ വീണ്ടും മുറിയുന്ന അനുഭവം! അവള്‍ നഖശിഖാന്തം എതിര്‍ത്തു. അവളുടെ കണ്ണീരിനുമുന്നില്‍ വീട്ടുകാര്‍ പരാജയപ്പെട്ടു. ദൈവഹിതമെന്നപോലെ ഒരു ദിവസം ചമ്പക്കുളം പള്ളിവികാരിയായ കുര്യാളശ്ശേരില്‍ തോമസച്ചനെ കണ്ടുമുട്ടാനിടയായി. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞുകൊണ്ട്, സന്ന്യാസജീവിതത്തോടുള്ള ഒടുങ്ങാത്ത ഹൃദയാഭിലാഷവും ദിവ്യകാരുണ്യഭക്തിയോടുള്ള അടങ്ങാത്ത അഭിനിവേശവും ഈ ലോകത്തോടുള്ള കടുത്ത വിരക്തിയും ഹൃദയവേദനയോടുകൂടി അവള്‍ അച്ചനോടു തുറന്നു പറഞ്ഞു. തേടിയവള്ളി കാലില്‍ ചുറ്റിയ അനുഭവം!നാളുകളായുള്ള അച്ചന്റെ മനസ്സിലെ ഒരു സ്വപ്നമായിരുന്നു, ദിവ്യകാരുണ്യാരാധനയ്ക്കായി ഒരു സന്ന്യാസിനീസമൂഹം. അച്ചന്‍ അവള്‍ക്ക് തന്നാലായ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു.
വീട്ടിലെത്തിയ ഫിലോമിന നടന്ന സംഭവങ്ങളെല്ലാം അമ്മയെ വിവരിച്ചു കേള്‍പ്പിച്ചു. അമ്മയുടെ വൈഷമ്യം കണക്കിലെടുക്കാതെ, ബാലാരിഷ്ടത വിട്ടു മാറാത്ത തന്റെ കണ്‍മണിയെ നിറകണ്ണുകളോടെ അമ്മയെ ഭരമേല്പിച്ച്, കുടുംബാംഗങ്ങള്‍ ഓരോരുത്തരോടും കണ്ണീരോടും യാചനയോടുംകൂടി യാത്ര പറഞ്ഞ്, ഫിലോമിന വല്ലയില്‍ തറവാടിന്റെ പടിയിറങ്ങുന്ന രംഗം എല്ലാവരും ഹൃദയവേദനയോടെ നോക്കിനിന്നു!
ഫിലോമിനയുടെ ആദ്യത്തെ ചുവടുവയ്പ്പ് കുര്യാളശ്ശേരിയച്ചന്റെ നിര്‍ദ്ദേശപ്രകാരം പ്രാഥമികവിദ്യാഭ്യാസരംഗത്തേക്കായിരുന്നു. അവള്‍ക്ക് അന്ന് 22 വയസ്സ്. ചമ്പക്കുളത്തുനിന്നു ചങ്ങനാശ്ശേരിമഠത്തിലെത്തിച്ചേര്‍ന്ന ഫിലോമിന അവിടെനിന്നു സന്ന്യാസപരിശീലനത്തിനും വിദ്യാഭ്യാസത്തിനുമായി കര്‍മലീത്താമഠംവക സ്‌കൂളില്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായി ചേര്‍ന്നു. മുത്തോലി കര്‍മലീത്താമഠത്തിലേക്കും പോകേണ്ടതായി വന്നു. ഏതാനും മാസങ്ങള്‍കൊണ്ട് നാലാംക്ലാസ് വിദ്യാഭ്യാസവും ഒപ്പം ഇംഗ്ലീഷില്‍ സാമാന്യപഠനവും ലഭ്യമായി.
അക്കാലത്ത് ഇന്നത്തെപ്പോലെയുള്ള യാത്രാസൗകര്യങ്ങളോ വാര്‍ത്താമാധ്യമങ്ങളോ ഒന്നുമില്ല. ജലമാര്‍ഗമുള്ള സാഹസയാത്രകളായിരുന്നു ഭൂരിഭാഗവും. ഇക്കാലയളവിലാണ് സ്വന്തം തോളൊരു തൂണാക്കി, ഒറ്റയാള്‍ പട്ടാളമെന്നതുപോലെ ലക്ഷ്യത്തിലേക്കു ഫിലോമി പ്രയാണം ചെയ്തത്.
ഫിലോമിനയുടെ ജീവിതക്രമങ്ങളിലും ഭക്താനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനാജീവിതത്തിലും ആകൃഷ്ടരായ ഏതാനും സ്ത്രീകള്‍ അവളോടൊപ്പം ആയിരിക്കാനാഗ്രഹിച്ചു. താമസിക്കാന്‍ പാര്‍പ്പിടവും വിശപ്പിന് ആഹാരവും വിശുദ്ധ ബലിക്കും ആരാധനയ്ക്കുമായി ഒരു ദൈവാലയവും - ഇത്രമാത്രമേ ആ സാധുസഹോദരികള്‍ ആഗ്രഹിച്ചുള്ളൂ. ദൈവകരം അവരോടൊപ്പം ഉണ്ടായിരുന്നു!
ദിവ്യകാരുണ്യാരാധനാസമൂഹത്തിന്റെ സ്ഥാപനത്തിനായി കുര്യാളശ്ശേരിലച്ചന്റെ വലംകൈയായി എല്ലാ പിന്തുണയും നല്‍കിയിരുന്നത് പുണ്യശ്ലോകനായിരുന്ന പുത്തന്‍പറമ്പില്‍ തൊമ്മച്ചനായിരുന്നു. താമസിക്കുവാനിത്തിരി ഇടംതേടി വലഞ്ഞ ഫിലോമിനയ്ക്കും കൂട്ടുകാര്‍ക്കുംഎടത്വായില്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ തൊഴുത്തില്‍ അഭയം കിട്ടി. സസന്തോഷം ദാരിദ്ര്യാരൂപിയില്‍ അവരവിടെ താമസം തുടങ്ങി. പിന്നീടങ്ങോട്ട് ദൈവാനുഗ്രഹത്തിന്റെ നീര്‍ച്ചാല്‍ അനുസ്യൂതമൊഴുകാന്‍ തുടങ്ങി. നീണ്ട ഏഴു വര്‍ഷത്തെ പരിശീലനത്തിനും പ്രാര്‍ത്ഥനയ്ക്കും തപശ്ചര്യകള്‍ക്കുംശേഷം 1908 ഡിസംബര്‍ എട്ടിന് എടത്വാ സെന്റ് ജോര്‍ജ് ദൈവാലയത്തില്‍വച്ച് ഫിലോമിനയ്‌ക്കൊപ്പം അഞ്ച് അര്‍ത്ഥിനികള്‍കൂടി ശിരോവസ്ത്രം സ്വീകരിച്ചു. അങ്ങനെ ഫിലോമിനമേരി ഫ്രാന്‍സിസ്‌ക ദ്ഷന്താള്‍ ആയി മാറി. 1911 ല്‍ സഭാസ്ഥാപകനായ കുര്യാളശ്ശേരിലച്ചന്‍ ചങ്ങനാശ്ശേരി രൂപതയുടെ വികാരി അപ്പസ്‌തോലിക്കയായി നിയമിക്കപ്പെട്ടു. അതോടുകൂടി സന്ന്യാസിനീസമൂഹത്തിന് ഔദ്യോഗികാംഗീകാരം ലഭിച്ചു. ഡിസംബര്‍ 10 ന് ചമ്പക്കുളം ഓര്‍ശ്ലേം ദൈവാലയത്തില്‍വച്ച് സ്ഥാപകപിതാവിന്റെ കരങ്ങളില്‍നിന്ന് സഭാവസ്ത്രം സ്വീകരിച്ചു. 1916 ഓഗസ്റ്റ് 21 ന് ചങ്ങനാശ്ശേരി അരമന ചാപ്പലില്‍ വച്ച് നിത്യവ്രതവാഗ്ദാനം നടത്തി.
ഷന്താളമ്മയില്‍ ചെറുപ്പം മുതല്‍ വിളങ്ങിയിരുന്ന ദാനധര്‍മം, ദീനാനുകമ്പ, കാരുണ്യം, പരസ്‌നേഹം തുടങ്ങിയ സദ്ഗുണങ്ങള്‍ അനുകൂലസാഹചര്യം വന്നപ്പോള്‍ നൂറുമേനി ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങി.
സ്‌കൂളുകളുടെ നിര്‍മാണം, മഠങ്ങളുടെ സ്ഥാപനം, അധ്യാപകരെയും കുട്ടികളെയും തേടിപ്പിടിക്കല്‍, കൃഷിഭൂമിയില്‍ വിളവിറക്കല്‍ തുടങ്ങി നിരവധി പദ്ധതികളുടെ ചുക്കാന്‍ പിടിച്ചിരുന്നത് അമ്മയുടെ നേതൃത്വത്തിലായിരുന്നു. മകള്‍, ഭാര്യ, മരുമകള്‍, അമ്മ, വിധവ, സന്ന്യാസിനി എന്നീ സ്ത്രീത്വത്തിന്റെ എല്ലാ മേഖലകളിലൂടെയും കടന്നുപോയ മദര്‍ ഷന്താള്‍ സ്ത്രീവംശത്തിന്റെ തന്നെ എക്കാലത്തെയും അഭിമാനവും മാതൃകയുമാണ്.