വൈകിയെത്തുന്ന നീതി ഒരുതരത്തില്‍ നീതിനിഷേധം തന്നെയാണെന്നും നീതി ഉറപ്പാക്കല്‍ കോടതിയുടെ ചുമതലയാണെന്നും രാജ്യത്തെ പരമോന്നതനീതിപീഠം അടിവരയിട്ടു പറയുമ്പോള്‍ ഇന്ത്യയുടെ നീതിന്യായചരിത്രത്തിലേക്ക് ഒരു അത്യപൂര്‍വവിധിന്യായംകൂടിയാണ് എഴുതിച്ചേര്‍ക്കപ്പെടുന്നത്.
മുന്‍ പ്രധാനമന്ത്രിയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വികസിത ഇന്ത്യയെ സ്വപ്‌നങ്ങളിലൂടെ താലോലിക്കുകയും ചെയ്ത രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വവാരത്തില്‍ത്തന്നെ രാജീവ് വധക്കേസില്‍ പ്രതിചേര്‍ത്തു ശിക്ഷിക്കപ്പെട്ട പേരറിവാളന്‍ സ്വതന്ത്രനായി വിട്ടയയ്ക്കപ്പെടുന്നുവെന്നത് വല്ലാത്തൊരു യാദൃച്ഛികതതന്നെയാണ്. പേരറിവാളന്റെ മോചനത്തെ പൗരാവകാശപ്പോരാട്ടങ്ങളുടെ വിജയമായി ഒരു വിഭാഗം ചിത്രീകരിക്കുമ്പോള്‍, അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടില്ല എന്നും രാജ്യത്തെ മുന്‍ പ്രധാനമന്ത്രിയെ വധിച്ച കേസില്‍ അദ്ദേഹത്തിനുമേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹത്തിനു വീരപരിവേഷം നല്‍കുന്നതു ശരിയല്ലെന്നും മറ്റൊരു വിഭാഗവും വാദിക്കുന്നുണ്ട്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു വ്യക്തിക്കു കൃത്യമായ സമയപരിധിക്കുള്ളില്‍ ശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല എങ്കില്‍ ശിക്ഷയില്‍നിന്ന് ഇളവു ലഭിക്കുന്നതിനുള്ള സ്വാഭാവികാവകാശമുണ്ടെന്നും ഒരു കുറ്റകൃത്യത്തിനും ഇരട്ടശിക്ഷ പാടില്ലെന്നുമുള്ള നിയമതത്ത്വങ്ങളാണ് സുപ്രീം കോടതി ഇവിടെ പരിശോധിച്ചത്.
ഒരുപക്ഷേ, ഇന്ത്യയുടെ നീതിന്യായചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു അധ്യായമാണ് രാജീവ് ഗാന്ധി വധക്കേസിലെ വിചാരണകളും നിയമപോരാട്ടങ്ങളും, അവസാനം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കോടതി ഇടപെടലുകളും. നീതിയും ന്യായവും ഉറപ്പാക്കാന്‍ ഭരണഘടനയുടെ 142-ാം അനുച്ഛേദം നല്കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് അത്യപൂര്‍വമായ സുപ്രീംകോടതിയുടെ ഉത്തരവ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഭരണഘടനാവകുപ്പുകളുടെയും ക്രിമിനല്‍ ചട്ടങ്ങളുടെയും സങ്കീര്‍ണതകള്‍ക്കൊപ്പം രാഷ്ട്രീയതാത്പര്യങ്ങളും കുഴഞ്ഞുമറിഞ്ഞുകിടക്കുന്നുവെന്നതാണ് ഈ നിയമപോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്.
സുപ്രീംകോടതിവിധിയുടെ മാനങ്ങള്‍
31 വര്‍ഷം ജയിലില്‍ക്കിടന്ന പേരറിവാളന്റെ മോചനം മാത്രമല്ല ഈ വിധിയെ ശ്രദ്ധേയമാക്കുന്നത്. കേന്ദ്രസംസ്ഥാന ബന്ധത്തെ സംബന്ധിച്ചും ഏറെ തര്‍ക്കവിഷയമായ ഗവര്‍ണറുടെ പദവിയെയും അധികാരങ്ങളെയും സംബന്ധിച്ചും ഈ വിധി നിര്‍ണായകമാണ്. ഗവര്‍ണര്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പ്രവര്‍ത്തിക്കാമോ എന്നതിന്റെകൂടി ഉത്തരമാണ് ഈ വിധി. ഇന്ത്യയില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനസര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വിധിക്കു പ്രത്യേക പ്രാധാന്യമുണ്ട്. രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകരിച്ച മോചനശിപാര്‍ശ വച്ചുതാമസിപ്പിച്ചും ഒടുവില്‍ രാഷ്ട്രപതിക്കു വിട്ടും തീരുമാനം നീട്ടിക്കൊണ്ടിരുന്ന ഗവര്‍ണറുടെ നടപടിയാണു സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. സര്‍ക്കാര്‍ അംഗീകരിച്ച മോചനശിപാര്‍ശയില്‍ ഭരണഘടനയുടെ 161-ാം അനുച്ഛേദപ്രകാരം ഗവര്‍ണര്‍ക്ക് തീരുമാനിക്കാം എന്നിരിക്കേ, എന്തിനു ശിപാര്‍ശ രാഷ്ട്രപതിക്ക് അയച്ചുവെന്നായിരുന്നു സുപ്രീംകോടതിയില്‍ ഉയര്‍ന്ന പ്രസക്തമായ ചോദ്യം.
ദയാഹര്‍ജിയുടെ കാര്യത്തില്‍ രാഷ്ട്രപതിക്കുള്ള സവിശേഷാധികാരം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നാളിതുവരെ വിവിധ ഗവര്‍ണര്‍മാര്‍ നല്‍കിയ മോചന ഉത്തരവുകള്‍ ഭരണഘടനാവിരുദ്ധമാകുമോ എന്ന സുപ്രീം കോടതിയുടെ മറുചോദ്യം വളരെ പ്രസക്തമാണ്. ഭരണഘടന ഭരമേല്പിക്കുന്ന ഉത്തരവാദിത്വം നിറവേറ്റാതെ രാഷ്ട്രീയതാത്പര്യങ്ങളുടെ പേരില്‍ മോചനകാര്യത്തില്‍ രാഷ്ട്രപതിക്കു ശിപാര്‍ശ അയച്ച ഗവര്‍ണറുടെ നടപടി ശരിയായിരുന്നോ എന്നു തീരുമാനിക്കാനുള്ള ഉത്തരവാദിത്വം കോടതിയുടേതാണെന്ന ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവുവിന്റെയും ബി. ആര്‍. ഗവായിയുടെയും പരാമര്‍ശം തീര്‍ച്ചയായും ദൂരവ്യാപകമായ മാനങ്ങളുള്ളതാണ്. രാജ്യത്ത് ഗവര്‍ണറുടെ പദവിയും അധികാരങ്ങളുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഉണ്ടായേക്കാവുന്ന നിയമതര്‍ക്കങ്ങളിലെ പ്രധാനപ്പെട്ട ഒരു റഫറന്‍സായി സുപ്രധാനമായ ഈ വിധി മാറുമെന്നതില്‍ സംശയമില്ല.
ശ്രദ്ധേയമായ ഇടപെടലുകള്‍
ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ രൂപീകരിച്ച 'പീപ്പിള്‍സ് മൂവ്‌മെന്റ് എഗിന്‍സ്റ്റ് ഡെത്ത് പെനാല്‍റ്റി' എന്ന സംഘടനയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ഡോക്യുമെന്ററിയില്‍ പേരറിവാളന്റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ മുന്‍ സിബിഐ ഉദ്യോഗസ്ഥനായ ത്യാഗരാജന്‍ 2017 ല്‍ നടത്തിയ നിര്‍ണായകവെളിപ്പെടുത്തല്‍ രാജ്യമെമ്പാടും പേരറിവാളന് അനുകൂലമായ ഒരു വികാരമുണ്ടാകാന്‍ കാരണമായി. 'ആക്രമണത്തിനുപയോഗിച്ച ബാറ്ററികള്‍ എന്താവശ്യത്തിനുള്ളതാണെന്ന് അവ വാങ്ങുമ്പോള്‍ പേരറിവാളന് അറിയില്ലായിരുന്നുവെന്നാണ്' ത്യാഗരാജന്‍ പറഞ്ഞത്. എന്നാല്‍, പ്രതിയുടെ കുറ്റസമ്മതമൊഴിയെ ഇത് ദുര്‍ബലപ്പെടുത്തുമെന്നതിനാല്‍ താന്‍ മനപ്പൂര്‍വം രേഖകളില്‍നിന്ന് ആ മൊഴി ഒഴിവാക്കുകയായിരുന്നുവെന്നും ത്യാഗരാജന്‍ പറയുകയുണ്ടായി. മനസ്സാക്ഷിക്കുത്തുമൂലവും ഒരു നിരപരാധിക്ക് 26 വര്‍ഷത്തിനുശേഷമെങ്കിലും നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനാലുമാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റബോധത്തോടെ പറയുകയുണ്ടായി. പേരറിവാളന്റെ ജീവിതത്തില്‍ സംഭവിച്ച നഷ്ടങ്ങളില്‍ തനിക്ക് പശ്ചാത്താപം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളിലായി 2006 ല്‍ പേരറിവാളന്‍ എഴുതിയ An Appeal From The Death Row (Rajiv Murder Case - The Truth Speaks) എന്ന പുസ്തകത്തിലൂടെ കേസില്‍ താന്‍ ഉള്‍പ്പെട്ടതെങ്ങനെയെന്നതു സംബന്ധിച്ചു നടത്തിയ വെളിപ്പെടുത്തലുകള്‍ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. മകന്റെ നിരപരാധിത്വം തെളിയിക്കാനായി അമ്മ അര്‍പ്പുതം അമ്മാള്‍ നടത്തിയ പോരാട്ടങ്ങളും സമാനതകളില്ലാത്തതായിരുന്നു.
ജയില്‍തടവുകാരെ വിട്ടയയ്ക്കുന്നതു സംബന്ധിച്ച ശിപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കു മാത്രമേ അധികാരമുള്ളൂ എന്ന കേന്ദ്ര സര്‍ക്കാര്‍വാദത്തെ ഖണ്ഡിച്ചുകൊണ്ട് നീതിയും ന്യായവും ഉറപ്പാക്കാന്‍ ഭരണഘടന 142-ാം അനുച്ഛേദം നല്കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചു കോടതി പേരറിവാളനെ മോചിപ്പിക്കുകയാണുണ്ടായത്. കേവലം രാഷ്ട്രീയതാത്പര്യങ്ങള്‍ വച്ചുകൊണ്ട് പേരറിവാളന്റെ മോചനം വൈകിപ്പിച്ച ഗവര്‍ണര്‍ക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ രൂക്ഷപ്രതികരണമാണ് സുപ്രീം കോടതിയില്‍നിന്നുണ്ടായത്. വൈകിയെത്തുന്ന നീതി ഒരുതരത്തില്‍ നീതിനിഷേധം തന്നെയാണെന്നും നീതി ഉറപ്പാക്കല്‍ കോടതിയുടെ ചുമതലയാണെന്നും രാജ്യത്തെ പരമോന്നതനീതിപീഠം അടിവരയിട്ടു പറയുമ്പോള്‍ ഇന്ത്യയുടെ നീതിന്യായചരിത്രത്തിലേക്ക് ഒരു അത്യപൂര്‍വവിധിന്യായംകൂടിയാണ് എഴുതിച്ചേര്‍ക്കപ്പെടുന്നത്.
നിയമപോരാട്ടങ്ങളുടെ ചരിത്രം
1991 മേയ് 21 ന് രാജീവ് ഗാന്ധി വധിക്കപ്പെട്ട് ഒരു മാസത്തിനുശേഷമാണ് പേരറിവാളനെ സി.ബി.ഐ. അറസ്റ്റു ചെയ്തത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. കേസിലെ മുഖ്യ ആസൂത്രകനായിരുന്ന ശിവരശന് ബെല്‍റ്റുബോംബ് നിര്‍മിക്കാനുള്ള ഒമ്പത് വോള്‍ട്ടിന്റെ രണ്ടു ബാറ്ററികള്‍ വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളനുമേല്‍ ആരോപിക്കപ്പെട്ട കുറ്റം. ഏഴു വര്‍ഷത്തിനുശേഷം 1998 ജനുവരി 28 ന് ടാഡാ കോടതി പേരറിവാളന്‍ ഉള്‍പ്പെടെയുള്ള 26 പ്രതികളെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. 1999 മേയ് 11 ന് മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവരുള്‍പ്പെടെ നാലു പേരുടെ വധശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയുണ്ടായി. എന്നാല്‍, പിന്നീട് ശിക്ഷ ഇളവുചെയ്യുന്നതിനു പേരറിവാളന്‍ നല്‍കിയ ദയാഹര്‍ജിയില്‍ തീരുമാനമറിയാന്‍ 2011 വരെ കാത്തിരിക്കേണ്ടിവന്നു. ദയാഹര്‍ജി പരിഗണിക്കുന്നതില്‍ വരുത്തിയ കാലതാമസം പരിഗണിച്ച് 2014 ല്‍ സുപ്രീം കോടതി പേരറിവാളന്റെയും മറ്റു രണ്ടു പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു. ഇതോടെ 14 വര്‍ഷത്തെ നല്ലനടപ്പു പരിഗണിച്ച് ജീവപര്യന്തതടവുകാരുടെ ശിക്ഷ ഇളവു ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരമുപയോഗിച്ച് 2014 ല്‍ അന്നത്തെ ജയലളിത സര്‍ക്കാര്‍ പേരറിവാളന്‍ അടക്കം ഏഴു പേരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, സുപ്രീം കോടതി ഇതു തടഞ്ഞു.
പിന്നീട്, പേരറിവാളന്‍ ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. ദയാഹര്‍ജി പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന്റെ പിന്‍ബലത്തില്‍ 2018 ല്‍ ഏഴു തടവുകാരെയും മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. 2021 ജനുവരിയില്‍ ഗവര്‍ണര്‍ മന്ത്രിസഭാതീരുമാനം വച്ചുതാമസിപ്പിക്കുന്നതിനെതിരേ സുപ്രീം കോടതി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ശിപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ രണ്ടര വര്‍ഷത്തോളം വൈകിയ ഗവര്‍ണര്‍ അവസാനം ശിപാര്‍ശ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീം കോടതി പേരറിവാളനെ മോചിപ്പിച്ചത്.