•  3 Jul 2025
  •  ദീപം 58
  •  നാളം 17
ലേഖനം

മനസ്സില്‍ തീരാനൊമ്പരമായി ഒരു യുദ്ധകാലകഥ

വിശ്വത്തെ മുഴുവന്‍ വിറപ്പിച്ച രണ്ടാം ലോകമഹായുദ്ധത്തിനിടയ്ക്കും അതിനുശേഷവും ഒട്ടേറെ യുദ്ധകാലകഥകള്‍ അച്ചടിച്ചു പുറത്തുവന്നു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള പ്രസിദ്ധരായ എഴുത്തുകാര്‍ അവരുടെ അറിവും അനുഭവങ്ങളും ആസ്പദമാക്കി വൈവിധ്യങ്ങളായ, ഹൃദയസ്പര്‍ശിയായ കഥകളും നോവലുകളും ലോകത്തിനു സമ്മാനിച്ചു.
അത്തരം കഥകളില്‍ എന്റെ മനസ്സില്‍ വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും മങ്ങാതെ, മായാതെ നില്‍ക്കുന്ന ഒരു ചെറിയ കഥയുണ്ട്. 'ബര്‍ലിനില്‍' എന്നാണ് കഥയുടെ പേര്. അമേരിക്കന്‍ എഴുത്തുകാരിയായ മേരി ബോയില്‍ ഓറില്ലി എഴുതിയ ഒരു കൊച്ചുകഥ.
ബര്‍ലിനില്‍നിന്നു പുറപ്പെട്ട തീവണ്ടിയില്‍ നിറയെ സ്ത്രീകളും കുട്ടികളും കൗമാരക്കാരായ ഏതാനും പെണ്‍കുട്ടികളുമായിരുന്നു. പുരുഷന്മാര്‍ തീരെയില്ലെന്നുതന്നെ പറയാം. നാട്ടിലെ യുവാക്കളും ആരോഗ്യമുള്ള പുരുഷന്മാരും തങ്ങളുടെ നാടിനുവേണ്ടി യുദ്ധം ചെയ്യുകയാവാം. തീവണ്ടിയില്‍ മെയ്‌സ്വാധീനമുള്ള ഒരാണുപോലുമില്ല. യുദ്ധത്തിന്റെ ഭീകരതയില്‍ മക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍, ഭര്‍ത്താക്കന്മാര്‍ മരിച്ച ഭാര്യമാര്‍, അനാഥരായ മക്കള്‍, അംഗവിഹീനരായവര്‍, മാരകമായി മുറിവേറ്റു മടങ്ങിയവര്‍...
യുദ്ധരംഗത്തു പട്ടാളക്കാര്‍ തുരുതുരെ മരിച്ചു വീഴുമ്പോള്‍, പ്രായമായ, റിട്ടയര്‍ ചെയ്ത പട്ടാളക്കാരും നിര്‍ബന്ധപൂര്‍വം പോര്‍മുഖത്തേക്കു കുതിക്കണം. അടിയന്തരസേനയില്‍പ്പെട്ട അവരും രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്‌തേ മതിയാവൂ. അതാണു ധര്‍മം.
തീവണ്ടിയിലെ തിരക്കുകുറവായ ഒരു കമ്പാര്‍ട്ടുമെന്റില്‍ രോഗിണിയെന്നു തോന്നിക്കുന്ന പ്രായം ചെന്ന ഒരു സ്ത്രീ ഇരിക്കുന്നു. അരികില്‍ അടിയന്തരസേനയില്‍പ്പെട്ട നരച്ച ഒരു പട്ടാളക്കാരന്‍ ഇരിപ്പുണ്ട്. തികച്ചും മ്ലാനമാണ് ആ മുഖം.
ചൂളം വിളിച്ചുകൊണ്ടു തീവണ്ടി കുതിച്ചുപായുന്നു. എഞ്ചിന്റെ 'ജുഗു, ജുഗു, ജുഗു' - എന്ന ശബ്ദത്തിനൊപ്പം ആ സ്ത്രീ 'ഒന്ന്, രണ്ട്, മൂന്ന്' എന്നിങ്ങനെ അശ്രദ്ധമായി എണ്ണുന്നതു യാത്രക്കാര്‍ക്കു കേള്‍ക്കാം. ഏതോ ചിന്തയില്‍ മുഴുകി കൂടക്കൂടെ 'ഒന്ന്, രണ്ട്, മൂന്ന്' എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
കമ്പാര്‍ട്ടുമെന്റിലെ കൗമാരക്കാരായ ചില പെണ്‍കുട്ടികള്‍ ഇതുകേട്ടു കിലുകിലെ പൊട്ടിച്ചിരിച്ചു. അവരും 'ഒന്ന്, രണ്ട്, മൂന്ന്' എന്നു താളത്തില്‍ ഉരുവിട്ടു പരിഹാസപൂര്‍വം കൈകൊട്ടിച്ചിരിച്ചു. അതൊന്നും ശ്രദ്ധിക്കാതെ അബോധാവസ്ഥയിലെന്നപോലെ ആ സ്ത്രീ അതുതന്നെ ആവര്‍ത്തിച്ചു. പെണ്‍കുട്ടികള്‍ അപ്പോഴും ചിരി നിര്‍ത്തിയില്ല.
ഇത്രയുമായപ്പോള്‍ നരച്ച സൈനികന്‍ അസ്വസ്ഥനായി മുമ്പോട്ടാഞ്ഞിരുന്നു. വിഡ്ഢിച്ചിരി ചിരിക്കുന്ന ആ കുട്ടികളെ നോക്കി അല്പം ഗൗരവം കലര്‍ന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞു: ''കുട്ടികളേ, ഈ പാവം സ്ത്രീ എന്റെ ഭാര്യയാണെന്നു നിങ്ങളോടു പറയുമ്പോള്‍ ഒരുപക്ഷേ, നിങ്ങള്‍ ചിരി നിര്‍ത്തിയേക്കും. ഞങ്ങള്‍ക്ക് മൂന്ന് ആണ്‍മക്കളുണ്ടായിരുന്നു. അവര്‍ ഞങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്നു. ആ മൂന്ന് ആണ്‍മക്കളും യുദ്ധത്തില്‍ ഈയിടെ ഞങ്ങള്‍ക്കു നഷ്ടമായി. അടിയന്തരസേനയില്‍പ്പെട്ട ഞാനും യുദ്ധരംഗത്തേക്കാണു പോകുന്നത്. അതിനുമുമ്പ് ഇവളെ - അവരുടെ അമ്മയെ - ഒരു മെന്റല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കണം.''
കമ്പാര്‍ട്ടുമെന്റ് ഭീകരമാംവിധം നിശ്ശബ്ദമായി. വിഡ്ഢിച്ചിരി ചിരിച്ച പെണ്‍കുട്ടികള്‍ സ്തംഭിച്ചുനിന്നു. അവരുടെ മുഖം മങ്ങി. കുറ്റബോധത്തോടെ അവര്‍ തലതാഴ്ത്തി. വായിച്ചു മാറ്റിവച്ചിട്ടും മനസ്സില്‍നിന്നു ഊരിപ്പോകാത്ത ലക്ഷണമൊത്തെ ഒരു ഉത്തമകഥ. വാര്‍ദ്ധക്യത്തിലെത്തിയ ഈ ഞാന്‍ ഇത്രയും പ്രായത്തിനിടയ്ക്കു വായിച്ചുകൂട്ടിയ ഒട്ടനേകം വിശ്വപ്രസിദ്ധകഥകളില്‍ ഹ്രസ്വവും ഹൃദയഹാരിയുമായ ഈ കഥ ഒന്നാംനിരയില്‍ നില്‍ക്കുന്നു.
യുദ്ധകാലകഥയാണെങ്കിലും ഇതില്‍ ബോംബ് സ്‌ഫോടനങ്ങളോ, പീരങ്കിപ്രയോഗങ്ങളോ, യുദ്ധരംഗത്തു മരിച്ചു വീഴുന്ന സൈനികരോ തുടങ്ങിയ യാതൊരു രംഗവും അവയുടെ വര്‍ണനയില്ല. എന്നിട്ടും യുദ്ധത്തിന്റെ ദുരിതങ്ങളും ദുരന്തങ്ങളും മുറിവുകളും നഷ്ടങ്ങളും ഏറ്റവും ഭംഗിയായും ധ്വന്യാത്മകമായും ഈ കൊച്ചുകഥയില്‍ വരച്ചുവച്ചിരിക്കുന്നു.
വായനക്കാരില്‍ ഒരുപാടു ചിന്തകള്‍ ഉത്പാദിപ്പിക്കുന്ന, ഒട്ടേറെ മാനങ്ങളുള്ള, മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒരു ചെറുകഥയാണിത്. അടിയന്തരസേനയില്‍പ്പെട്ട ആ നരച്ച സൈനികന്റെ അവസ്ഥ! കനലെരിയുന്ന ഹൃദയവുമായിട്ടാണ് അയാള്‍ യുദ്ധമുഖത്തേക്കു പോവുന്നത്. ആ മനുഷ്യന്‍ തിരിച്ചുവരുമോ? അതോ തന്റെ ആണ്‍മക്കളെപ്പോലെ ജീവാര്‍പ്പണം ചെയ്യേണ്ടിവരുമോ? അഥവാ ജീവനോടെ തിരിച്ചുവന്നാല്‍, ചിത്തരോഗാസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രാണസഖിയുടെ സ്ഥിതിയെന്ത്? രോഗം മാറിയിട്ടുണ്ടാകുമോ? അതോ മരിച്ചുപോയോ? ഇങ്ങനെ നൂറു ചോദ്യങ്ങള്‍ തീപ്പൊരികളായി അനുവാചകന്റെ മനസ്സില്‍ ചെന്നു പതിക്കുന്നു.
ചെറിയൊരു കഥയാണെങ്കിലും ധാരാളം ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും ഇതു വഴിയൊരുക്കുന്നു. അതാണ് ഒരു ഉത്തമകഥയുടെ ലക്ഷണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)