•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

മദ്യപാനാഘോഷങ്ങളുടെ വെള്ളിത്തിരക്കാഴ്ചകള്‍.

അച്ഛനോടെനിക്ക് രണ്ടു സത്യങ്ങള്‍ പറയാനുണ്ട്.
കൗമാരക്കാരിയായ മകള്‍, സംഗീതജ്ഞനായ തന്റെ അച്ഛനെ ഫോണ്‍ വിളിച്ചുപറയുന്നതാണ് ഇക്കാര്യം.
ഈ സത്യം കേള്‍ക്കുമ്പോള്‍ അച്ഛന്‍ ഞെട്ടും.
ഞെട്ടണോ വേണ്ടയോ എന്നു ഞാനല്ലേ തീരുമാനിക്കുന്നത്. നീ കാര്യം പറയെന്ന് അച്ഛന്‍.
അച്ഛന്‍ ദേഷ്യപ്പെടും, ഞെട്ടും എന്നെല്ലാം വിചാരിച്ചു മകള്‍ പറയുന്നു, അച്ഛാ, ഞാനിന്നു ബിയറടിച്ചു.
അച്ഛന്റെ ദേഷ്യവും ശകാരവും പ്രതീക്ഷിച്ചു കാതോര്‍ക്കുന്ന മകളുടെ കാതുകളിലെത്തിയത് ഉത്സാഹവും ആകാംക്ഷയും നിറഞ്ഞ അച്ഛന്റെ ചോദ്യമാണ്: എങ്ങനെയുണ്ട് ടേസ്റ്റ്? ്അടിപൊളിയല്ലേ?
ഇപ്പോള്‍ ഞെട്ടിയതു മകളാണ്. അപ്പോ ഞാന്‍ കുടിച്ചത് അച്ഛനു പ്രശ്‌നമല്ല?
ഓ, നമുക്കു കുടിക്കാനല്ലേടീ സര്‍ക്കാര് മുഴുവന്‍ കള്ളുണ്ടാക്കി വില്ക്കുന്നെ?
മകളുടെ പ്രവൃത്തിയെ സാധൂകരിച്ചും നിസ്സാരവത്കരിച്ചുമുള്ള അച്ഛന്റെ മറുപടി അതാണ്.
അടുത്തയിടെ റീലിസായ അവിയല്‍ എന്ന സിനിമ തുടങ്ങുന്നത് ഇങ്ങനെയാണ്. ജോജുവും അനശ്വരയുമാണ് ഈ അച്ഛന്‍ - മകള്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇതില്‍നിന്നു വ്യത്യസ്തമായ ഒരു രംഗമുണ്ട് ജൂണ്‍ എന്ന സിനിമയില്‍. അവിടെയും അച്ഛനായി അഭിനയിക്കുന്നത് ജോജു തന്നെ. ജോജുവും മകള്‍ ജൂണും(രജീഷ) കൂടി ബിയറടിക്കുന്നതാണു രംഗം. ബിയറടിച്ചു തലയ്ക്കു മത്തുപിടിക്കുമ്പോള്‍ അവിടെയും മകള്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. പക്ഷേ, മകള്‍ ബിയര്‍ കുടിക്കുന്നതിനെ മഹാപരാധമായിട്ടൊന്നും ഈ അച്ഛന്‍ കാണുന്നില്ല.
ജാന്‍ എ മന്‍ എന്ന സിനിമയില്‍ ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടയില്‍ നായകന്റെ സഹോദരിയും കാമുകിയും ബിയര്‍ കുടിക്കുന്ന രംഗമുണ്ട്. സഹോദരി ബിയര്‍ നുണയുമ്പോള്‍ ആദ്യം വഴക്കു പറയുന്നുണ്ടെങ്കിലും അവള്‍ക്കു പ്രായപൂര്‍ത്തിയെത്തിയെന്നു ചോദിച്ചറിയുന്നതോടെ  എങ്കില്‍ സാരമില്ല എന്ന മട്ടില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട് നായകന്റെ കൂട്ടുകാരന്‍.
പുതിയ കാലത്തെ സിനിമകള്‍ക്കു തുടക്കം കുറിച്ചതെന്നു വാഴ്ത്തപ്പെടുന്ന സാള്‍ട്ട് ആന്റ് പെപ്പര്‍പോലെയുള്ള പല സിനിമകളിലും സ്ത്രീകളുടെ മദ്യപാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദ്യപിക്കുന്ന ഭര്‍ത്താവിനെ വേണ്ട എന്ന കാഴ്ചപ്പാടായിരുന്നു മുതിര്‍ന്ന തലമുറയിലെ പെണ്‍കുട്ടികള്‍ക്ക്. പക്ഷേ, ഭര്‍ത്താവ് രണ്ടു സ്മോള്‍ വീശിയാലും സാരമില്ല നഗരം നഗരം മഹാസാഗരം എന്നു പാടുമ്പോള്‍ നാവു കുഴയാതിരുന്നാല്‍ മതിയെന്നു വിചാരിക്കുന്നതിലേക്ക് നമ്മുടെപെണ്‍കുട്ടികള്‍ മാറിയിരിക്കുന്നു. ചോക്ലേറ്റ് എന്ന സിനിമയിലെ നായികയുടേതാണ് ഇത്തരത്തിലുള്ള കാഴ്ചപ്പാട്.
സമൂഹത്തിന്റെ മൂല്യബോധങ്ങളില്‍ വല്ലാത്ത മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. തെറ്റും ശരിയും തമ്മിലുള്ള വേര്‍തിരിവുകള്‍ ഇല്ലാതായിരിക്കുന്നു. ഒരു കാലത്ത് ഗൗരവത്തോടെ കണ്ടിരുന്നതു പലതും ഇപ്പോള്‍ നിസ്സാരവത്കരിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള അയഞ്ഞതും നിസ്സാരവുമായ ഒരൂ ജീവിതസമീപനം രൂപപ്പെടുത്തിയെടുക്കുന്നതില്‍ വര്‍ത്തമാനകാലസിനിമകള്‍ വഹിക്കുന്ന പങ്ക് കാണാതെ പോകരുത്. സിനിമകള്‍ ബോധപൂര്‍വമോ അല്ലാതെയോ പുതിയ ചില സമീപനങ്ങള്‍ യുവതലമുറയ്ക്കും അതുവഴി കുടുംബങ്ങള്‍ക്കും സമ്മാനിക്കുന്നുണ്ട്.  അതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് മദ്യപിക്കുന്ന സ്ത്രീകളെ സിനിമകളില്‍ അവതരിപ്പിക്കുന്ന രീതി.
ഒരുകാലത്ത് പുരുഷസദസ്സുകളില്‍ മാത്രം പരിമിതപ്പെട്ടിരുന്ന മദ്യപാനം ഇന്നു പെണ്‍കുട്ടികള്‍ക്കിടയിലേക്കും വ്യാപകമായിരിക്കുന്നു. ഇതൊന്നും അസാധാരണമോ അസാന്മാര്‍ഗികമോ അല്ലെന്ന പൊതുധാരണ സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ സകുടുംബം കാണാന്‍ കൊള്ളാവുന്നതെന്നു കരുതപ്പെടുന്ന ചിത്രങ്ങള്‍പോലും ഉപയോഗിക്കപ്പെടുന്നു. എ സര്‍ട്ടിഫിക്കറ്റ് നല്കിയിരിക്കുന്ന ഒരു ചിത്രത്തെക്കുറിച്ച് നമുക്ക് പൊതുധാരണയുണ്ട്. എന്നാല്‍, യു സര്‍ട്ടിഫിക്കറ്റ് നല്കപ്പെട്ടിരിക്കുന്ന  ചിത്രങ്ങളിലെ ഇത്തരം രംഗങ്ങള്‍ സമൂഹത്തിലും കുടുംബങ്ങളിലും ഉണ്ടാക്കിയെടുക്കുന്ന പ്രതിലോമകരമായ കാഴ്ചപ്പാട് എത്ര വലിയ ആഘാതമാണു വരുംതലമുറയില്‍ രൂപപ്പെടുത്തിയെടുക്കുന്നത് എന്നതിനെക്കുറിച്ച് നമ്മളില്‍ പലരും ബോധവാന്മാരായിട്ടില്ല.
ചില തെറ്റുകളെ, ശരികേടുകളെ സാമാന്യവത്കരിക്കുകയാണ് പുറമേയ്ക്കു ദോഷരഹിതമെന്നു തോന്നുന്ന വിധത്തില്‍ ഇങ്ങനെയുളള ചിത്രീകരണങ്ങള്‍. മലയാളത്തില്‍ ഒരു വര്‍ഷം പുറത്തിറങ്ങുന്നത് നൂറു സിനികളാണെങ്കില്‍ അതില്‍ 90 ലും മദ്യപാനരംഗമുണ്ട്. നായകനോ വില്ലനോ ആരായാലും മദ്യം ഉപയോഗിക്കുന്നവരാണ്.
പുരുഷനാകാമെങ്കില്‍  എന്തുകൊണ്ട് തങ്ങള്‍ക്കും ആയിക്കൂടാ എന്നാണ് മദ്യപാനത്തെക്കുറിച്ചുളള  ഇന്നത്തെ സ്ത്രീകളുടെ കാഴ്ചപ്പാട്. സ്ത്രീപുരുഷ തുല്യതയും സമത്വവും അവകാശവും സ്ത്രീകളോടു മദ്യപിക്കരുതെന്നു പറയാനുളള സ്വരത്തെപ്പോലും ഇല്ലാതാക്കുന്നുണ്ട്. മാത്രവുമല്ല, കള്ളു കുടിക്കുമ്പോള്‍ നല്ല കള്ള് കുടിക്കണം എന്നാണല്ലോ വരയന്‍ സിനിമയിലെ എബിയച്ചന്റെ പുതിയ കാലത്തെ സുവിശേഷവും!
മദ്യപാനത്തെത്തന്നെ വേറൊരുരീതിയില്‍ മലയാളസിനിമ സമീപിക്കുന്നതും കാണാതെപോകരുത്. മദ്യപിക്കുന്ന പുരുഷന്മാര്‍ നായകന്മാരായി വരുന്ന, മദ്യപാനത്തിന്റെ ദോഷവശങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന സിനിമകളുടെ പട്ടികയില്‍ പെടുത്താവുന്നവയാണ്  ജയസൂര്യയുടെ വെള്ളവും മോഹന്‍ലാലിന്റെ സ്പിരിറ്റും പൃഥ്വിരാജിന്റെ പാവാടയും. പക്ഷേ, പാവാടയിലെ പാമ്പുജോയിയുടെയും വെള്ളത്തിലെ നായകന്റെയും മദ്യപാനത്തില്‍നിന്നു വ്യത്യസ്തമാണ് സ്പിരിറ്റിലെ മാധ്യമപ്രവര്‍ത്തകന്റേത്. അപ്പര്‍ക്ലാസ് - ലോ ക്ലാസ് വിഭജനമാണ് ഇവിടെ പ്രകടമാകുന്നത്. അതായത്, മാന്യമായ മദ്യപാനവും മാന്യമല്ലാത്ത മദ്യപാനവും എന്ന രീതിയില്‍.
 മദ്യപിച്ചു വഴക്കുണ്ടാക്കി വഴിയില്‍ വീണുകിടക്കുന്നത് മാന്യമല്ലാത്ത മദ്യപാനവും വിലകൂടിയ മദ്യം കഴിച്ച് സകുടുംബം  സന്തോഷത്തോടെ, സ്റ്റാറ്റസോടെ ജീവിക്കുന്നത് മാന്യമായ മദ്യപാനവും. മദ്യപാനത്തില്‍നിന്നുള്ള അതിജീവനകഥ പറയുന്നു എന്ന് അവകാശപ്പെടുന്ന വെള്ളത്തില്‍പോലുമുണ്ട് ഈ ഇരട്ടത്താപ്പ്. നായകന്റെ മദ്യപാനരോഗം ചികിത്സിക്കുന്ന ഡോക്ടറാണ് അക്കാര്യം പറയുന്നത്. അമിതമായ മദ്യപാനത്തെയും നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത മദ്യപാനത്തെയുമാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. നിത്യവൃത്തിക്കുവേണ്ടി കഷ്ടപ്പെട്ടു ജീവിക്കുന്നവന്‍ മദ്യപിക്കുമ്പോള്‍ അത് പരിഹാസ്യവും നായകന്‍ കുടിക്കുമ്പോള്‍  അത് വീരസ്യവുമായ വിധത്തിലാണ് സിനിമയിലെ ചിത്രീകരണങ്ങള്‍. കള്ളുകുടിച്ചാല്‍ വയറ്റില്‍ കിടന്നോളണം എന്നാണ് നായകനല്ലാത്ത കഥാപാത്രങ്ങളോട് മറ്റുള്ളവരുടെ താക്കീത്.
ഇങ്ങനെ, ഒരേ കാര്യത്തെത്തന്നെ വ്യത്യസ്തരീതിയിലാണു സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മോഹന്‍ലാല്‍  നായകനായുള്ള  ചില രഞ്ജിത് സിനിമകളിലെ മദ്യപാനരംഗങ്ങള്‍ ഓര്‍മിക്കൂ. മദ്യത്തില്‍ കരിക്കൊഴിച്ചു കുടിക്കുന്നതുമുതല്‍ നാലുകെട്ടിലെ കുളിക്കടവിലെ വെള്ളം ഉപയോഗിച്ചു കുടിക്കുന്നതുവരെയുള്ള രംഗങ്ങള്‍ അതിലെല്ലാം നമുക്കു കാണാം.
മദ്യപരായ പുരുഷന്മാരുടെ കഥ മലയാളസിനിമയില്‍ ധാരാളമുണ്ടെങ്കിലും ഇത്തരത്തില്‍ സ്വഭാവവൈചിത്ര്യമുള്ള നായികയുടെ കഥ ഇതുവരെ ഒന്നേ ജനപ്രിയമായിട്ടുള്ളൂ. ടൂ കണ്‍ട്രീസ് എന്ന സിനിമയായിരുന്നു അത്. മംമ്താ മോഹന്‍ദാസ് അവതരിപ്പിച്ച നായികാകഥാപാത്രം മദ്യത്തിന്റെ അടിമയായിരുന്നു. ഇങ്ങനെ പറയുമ്പോള്‍ മറ്റൊരു കഥാപാത്രവും ഓര്‍മയില്‍ വരുന്നു. 1987 ല്‍  പുറത്തിറങ്ങിയ ഒരു മെയ്മാസപ്പുലരിയില്‍ എന്ന സിനിമയില്‍ ബാറില്‍ ചെന്ന് മദ്യം വാങ്ങുന്ന നായികയെ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, അവള്‍ക്കല്ല അവളുടെ പപ്പയ്ക്കുവേണ്ടിയായിരുന്നു അതെന്നു മാത്രം. ക്രിസ്ത്യന്‍സ്ത്രീകളെല്ലാം രണ്ടെണ്ണം വീശുന്നവരാണെന്ന തെറ്റുധാരണ പരക്കെയുണ്ട്. അതിന് അടിവരയിടുന്നതായിരുന്നു മനസ്സിനക്കരെ എന്ന സിനിമയില്‍ ത്രേസ്യാക്കൊച്ചിന്റെ കള്ളുകുടി. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയിലെ ഗാനരംഗത്തിലും അച്ചായത്തിമാരുടെ കള്ളുകുടി അവതരിപ്പിച്ചിട്ടുണ്ട്.
മദ്യപാനം ആരുടേതായാലും അതിനൊരു വ്യാഖ്യാനമേ പാടുള്ളൂ. സ്ത്രീയായാലും പുരുഷനായാലും മുതലാളിയായാലും തൊഴിലാളിയായാലും നായകനായാലും വില്ലനായാലും കൊമേഡിയനായാലും മദ്യപാനം മദ്യപാനംതന്നെ. അതു വേണോ വേണ്ടയോ എന്നും എങ്ങനെ ഉപയോഗിക്കണം എന്നുമുള്ള തീരുമാനം തികച്ചും വ്യക്തിപരമാകുമ്പോഴും മദ്യപാനം ആരോഗ്യവും സമ്പത്തും നശിപ്പിക്കുന്ന ഒന്നാണെന്നു നാം സമ്മതിക്കേണ്ടിയിരിക്കുന്നു. മദ്യത്തിനുവേണ്ടി കേരളം ചെലവാക്കുന്ന തുകയുടെ കണക്കുകള്‍ ക്രൈസ്തവരുടെ ഓരോ വിശേഷാവസരങ്ങളോട് അനുബന്ധിച്ചു പുറത്തുവരുന്നതും ഓര്‍മിക്കുക.
സിനിമപോലെ സകലമാനജനത്തെയും ഒറ്റയടിക്കു സ്വാധീനിക്കുന്ന മറ്റൊരു മാധ്യമവും ഇല്ല. തിയേറ്ററുകളെ വേണ്ടന്നു വച്ചാലും ടിവിയിലൂടെയും മൊബൈലിലൂടെയും സിനിമകള്‍ കൂടുതല്‍ സംലഭ്യമായിക്കൊണ്ടിരിക്കുന്ന കാലംകൂടിയാണിത്. മദ്യപാനരംഗങ്ങളില്‍, മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന് എഴുതിവച്ചതുകൊണ്ടു മാത്രം അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹവും പുതുതലമുറയും ബോധവാന്മാരാകുമെന്നു കരുതാന്‍ വയ്യ. കാരണം, അതിമനോഹരമായ ഫ്രെയിമുകളിലായിട്ടാണ് സിനിമകളിലെ ഒട്ടുമിക്ക മദ്യപാനരംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. കുടുംബസിനിമകളുടെ സംവിധായകര്‍ എന്ന് അറിയപ്പെടുന്നവരുടെ സിനിമകളില്‍പ്പോലും മദ്യപാനത്തെ ആദര്‍ശവത്കരിച്ചും സാമാന്യവത്കരിച്ചും രംഗങ്ങള്‍ കടന്നുവരുമ്പോള്‍ തെറ്റിനെ തെറ്റായി പോലും കാണാന്‍ കഴിയാത്തവിധത്തിലുള്ള പുതിയൊരു  കാഴ്ചപ്പാട് നമുക്കിടയില്‍ രൂപമെടുക്കുന്നുവെന്നു പറയാതെ വയ്യ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)