•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

വേണ്ടാത്ത പണികള്‍ ഈ മണ്ണില്‍ വേണ്ട

തിശക്തമായി അടിച്ചുതാഴ്ത്തുന്ന മഞ്ഞക്കുറ്റികളുടെ പ്രഹരമേറ്റു മാറു പിളര്‍ന്നു നില്‍ക്കുന്ന ഭൂമി പതിവുപോലെ നിശ്ശബ്ദയാണ്... പക്ഷേ, പ്രതിരോധത്തിന്റെ കനല്‍ച്ചൂടുമായി, മരിച്ച്, മണ്ണോടു ചേര്‍ന്നിരുന്നിട്ടും ഒരാത്മാവ് നിലവിളിക്കുന്നുണ്ട്. അതു മറ്റാരുടേതുമല്ല; മണ്ണിനെ ഒന്നു ചവിട്ടുമ്പോള്‍പോലും തനിക്കു വേദനിക്കുന്നുവെന്നു പറഞ്ഞ്, മണ്ണിളക്കാതെ, മഴുവെറിയാതെ, ഉഴാതെ, കിളയ്ക്കാതെ, ഫലംകൊയ്യുന്ന ഒരു കൃഷിരീതി ലോകത്താദ്യമായവതരിപ്പിച്ച മസനോബു ഫുക്കുവോക്കയുടെ ആത്മാവാണ്.
15 വര്‍ഷംമുമ്പ് തന്റെ 95-ാമത്തെ വയസ്സില്‍ ലോകത്തോടു വിടപറഞ്ഞ ഫുക്കുവോക്കയുടെ ദര്‍ശനങ്ങള്‍ ഒന്നോര്‍ത്തെടുക്കുന്നതു നല്ലതാണ്. കാരണം, ഇന്നു നാം നടത്തുന്ന മത്സരയോട്ടത്തിനിടയില്‍ ഒന്നു നില്ക്കാനും സ്വസ്ഥമായൊന്നിരിക്കാനും പ്രകൃതിയുടെ ലാവണ്യമാസ്വദിക്കാനും അതു നമ്മെ നിര്‍ബന്ധിക്കുന്നു.
1913 ല്‍ ജപ്പാനിലെ ഷിക്കോകു ദ്വീപില്‍ ജനിച്ച മസനോബു ഫുക്കുവോക്ക പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്നു. ചെറിയ പ്രായത്തില്‍ത്തന്നെ യോക്ക്ഹാമില്‍ കസ്റ്റംസ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു. രാജ്യത്തിനുള്ളിലേക്കും പുറത്തേക്കും എത്തുന്ന സസ്യങ്ങളില്‍ രോഗബാധയുണ്ടോ എന്നു പരിശോധിക്കുന്ന ജോലിയാണു ചെയ്തിരുന്നത്. എന്നാല്‍, തന്റെ 25-ാമത്തെ വയസ്സില്‍ പെട്ടെന്നുണ്ടായ ഒരു പ്രചോദനത്താല്‍ ജോലി രാജിവച്ച് സ്വഭവനത്തിലെത്തി അവിടെയുള്ള സ്ഥലത്തു പരമ്പരാഗതമായ രീതികളുപേക്ഷിച്ച്, പ്രകൃതിയോടിണങ്ങി നൂതനരീതിയിലുള്ള ഒരു കൃഷിസങ്കേതം വികസിപ്പിച്ചെടുത്തു. പിന്നീടുള്ള നീണ്ട 65 വര്‍ഷം ഒരു നല്ല കര്‍ഷകനായും, തത്ത്വചിന്തകനായും താന്‍ കണ്ടെത്തിയ ബോധ്യങ്ങള്‍ പറഞ്ഞും പഠിപ്പിച്ചും തന്റെ കൃഷിരീതികള്‍ പ്രവര്‍ത്തിച്ചുകാണിച്ചും ഫുക്കുവോക്ക ജീവിച്ചു. ഫുക്കുവോക്കയുടെ ലളിതമായ ജീവിതരീതിയും വിപ്ലവാത്മകമായ കൃഷിരീതികളും കണ്ടറിയാന്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നും ധാരാളമാളുകള്‍ അദ്ദേഹത്തിന്റെ ഫാമിലെത്തുകയും  മാസങ്ങളോളം താമസിച്ചുപഠിച്ചുമടങ്ങുകയും ചെയ്തിട്ടുണ്ട്.
1975 ല്‍ ഫുക്കുവോക്ക എഴുതിയ 'ഒറ്റവൈക്കോല്‍ വിപ്ലവം' എന്ന പുസ്തകം ഇരുപത്തഞ്ചിലധികം ഭാഷകളിലേക്കു തര്‍ജ്ജിമ ചെയ്യുകയും വ്യാപകമായി വായിക്കപ്പെടുകയും ചെയ്തു. വിഖ്യാതമായിത്തീര്‍ന്ന ഈ പുസ്തകത്തിന്റെ വായന ഒരു പുത്തന്‍ കാര്‍ഷികവിപ്ലവത്തിനുതന്നെ തുടക്കംകുറിച്ചു. മണ്ണിളക്കാതെ, ഉഴാതെ, മണ്ണില്‍ യാതൊരുവിധ രാസവളങ്ങളും ചേര്‍ക്കാതെ, കീടനാശിനികളുപയോഗിക്കാതെ, യന്ത്രസഹായമില്ലാതെ, വെള്ളം കെട്ടിനിര്‍ത്താതെ നെല്‍ക്കൃഷി ചെയ്യാമെന്നു പ്രായോഗികമായി കാണിച്ചുകൊടുത്ത ലോകത്തെ ആദ്യശാസ്ത്രജ്ഞനാണ് ഫുക്കുവോക്ക. കൃഷി ചെയ്യാമെന്നു മാത്രമല്ല, അന്നു നിലവിലിരുന്ന കൃഷിരീതികള്‍ക്കൊപ്പമോ അതിലധികമോ വിളവു ലഭിച്ചു എന്നതാണദ്ഭുതം! ഈ അദ്ഭുതക്കാഴ്ചകളിലേക്കാണ് ഫുക്കുവോക്ക വിനയപൂര്‍വം ഏവരെയും ക്ഷണിക്കുന്നത്. പ്രകൃതിയില്‍ നാം നടത്തുന്ന കൃഷി എന്നല്ല, പ്രകൃതിക്കൊപ്പമുള്ള കൃഷി എന്നാണദ്ദേഹമതിനെ വിളിക്കുന്നത്. ഈ കൃഷിരീതിയുടെ ഏറ്റവും വലിയ പ്രത്യേകതയായി 'പണി വേണ്ടാത്ത കൃഷി'യെന്ന് അദ്ദേഹം അതിനെ വിശേഷിപ്പിക്കുമ്പോള്‍, മേലനങ്ങാതെയുള്ള ഉട്ട്യോപ്യന്‍ കൃഷിരീതിയാണ് എന്നു ധരിക്കരുത്. 'വേണ്ടാത്ത പണികള്‍' എന്നതാണു വിവക്ഷ. അദ്ദേഹത്തെ സംബന്ധിച്ച് മണ്ണ് ഉഴുന്നതും വളമിടുന്നതും കള പറിക്കുന്നതും വെള്ളം കെട്ടിനിര്‍ത്തുന്നതുമൊക്കെ വേണ്ടാത്ത പണികളാണ്. ഇതൊക്ക ഉപേക്ഷിച്ചാല്‍ വലിയ അധ്വാനമില്ലാതെതന്നെ മണ്ണ് വിളവു നല്‍കുമെന്നും മണ്ണിന്റെ മനസ്സറിഞ്ഞ്, അതിനെ പ്രണയിച്ച് നമുക്കു സന്തോഷത്തോടെ ജീവിക്കാനാകുമെന്നും അദ്ദേഹം പറയുന്നു. പ്രകൃതികൃഷിയെന്നോ സ്വാഭാവികകൃഷിയെന്നോ ഇതിനെ വിളിക്കാം.
സ്വന്തം ദര്‍ശനം ആയിരം തവണ വിവരിക്കുന്നതിനെക്കാള്‍ നല്ലത് അതൊരിക്കല്‍ ചെയ്തു കാണിക്കുന്നതാണ്  എന്നതാണ് ഫുക്കുവോക്കയുടെ മതം. പറയുന്നതു ചെയ്യുന്നവന്‍ വിശേഷവത്കരണത്തിന്റെ മതിലാണു പൊളിക്കുന്നത്. വെറും അറിവിന്റെ പുറത്തുനിന്നല്ല, അറിവും അനുഭവവും ഒന്നിക്കുന്ന അധികാരത്തോടെയാണു ഫുക്കുവോക്ക സംസാരിക്കുന്നത്. ശാസ്ത്രജ്ഞാനംകൊണ്ടു ഗ്രഹിക്കാവുന്ന പ്രകൃതി നശിപ്പിക്കപ്പെട്ടതാണെന്ന് അദ്ദേഹം പറയുന്നു. ആത്മാവു നശിച്ച് അസ്ഥി മാത്രം ശേഷിച്ച പ്രകൃതിയുടെ പ്രേതമാണത്. കൃഷിയുടെ അന്തിമലക്ഷ്യം വിളവുണ്ടാക്കലല്ല; മനുഷ്യരുടെ സമ്പൂര്‍ണമായ സാംസ്‌കാരികോന്നമനമാണെന്ന് ഫുക്കുവോക്ക പറയുമ്പോള്‍ വര്‍ത്തമാനവികസനസംസ്‌കാരത്തില്‍ അതെത്രമാത്രം സ്വീകാര്യമാകുമെന്നു വിലയിരുത്തപ്പെടേണ്ടതാണ്. സുഖവും സന്തോഷവും സ്വന്തമാക്കാനുള്ള പ്രയത്‌നംതന്നെ അവയെ നശിപ്പിക്കുമെന്നറിയുന്നവനു മാത്രമേ പ്രകൃതിയുടെ തത്ത്വം ബോധ്യമാകൂ. മനുഷ്യന്റെ ആത്മീയമായ ആരോഗ്യത്തില്‍നിന്നാണ് പ്രകൃതിയുടെ തുടക്കമെന്ന് ഫുക്കുവോക്ക വിശ്വസിക്കുന്നു. മണ്ണിന്റെ ആരോഗ്യസംരക്ഷണവും മനുഷ്യന്റെ ആത്മീയസംസ്‌കരണവും അദ്ദേഹത്തിന് ഒരേ പരിപാടിയാണ്. നാട്ടിന്‍പുറത്തുള്ള നല്ല കര്‍ഷകരുമായുള്ള ബന്ധവും വര്‍ത്തമാനങ്ങളും ഇങ്ങനെയൊരാത്മീയാനുഭൂതി ലേഖകനു പകര്‍ന്നുനല്‍കുന്നുണ്ടെന്നുള്ള സ്വന്തമായ അനുഭവവും ഇത്തരുണത്തില്‍ രേഖപ്പെടുത്തട്ടെ.
ഇങ്ങനെ ചെയ്താലെന്താ? അങ്ങനെ ചെയ്താലെന്താ? എന്ന പരിഷ്‌കൃതരീതികള്‍ ഉപേക്ഷിച്ച് ഫുക്കുവോക്ക തിരഞ്ഞെടുത്തത് ഇങ്ങനെ ചെയ്തില്ലെങ്കിലെന്താ? എന്ന ശൈലിയാണ്. ഉഴമ വേണ്ട; കമ്പോസ്റ്റ് വേണ്ടാ എന്നുള്ള നിലപാടുകളിലെത്തിയതങ്ങനെയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പരിഷ്‌കൃതരീതികള്‍ ആദ്യം പ്രകൃതിയുടെ താളം തെറ്റിക്കുന്നു. അതോടെ കൃഷിക്കു പ്രകൃതിയുടെ സംരക്ഷണം നഷ്ടമാകുന്നു. നഷ്ടപ്പെട്ട പ്രകൃതിസംരക്ഷണത്തിനു പകരം കൃത്രിമസംരക്ഷണം നല്‍കുന്നു. അതു പിന്നീട് കൊട്ടിഘോഷിക്കപ്പെടുന്നു. മനോഹരമായ ഒരു ഉപമയിലൂടെ ഫുക്കുവോക്ക ഇതു വിശദീകരിക്കുന്നുണ്ട്. സംഗീതം ഗ്രഹിക്കാന്‍ കുഞ്ഞിനു സഹജവാസനയുണ്ട്. അരുവിയുടെ കളകളം, തവളകളുടെ കോലാഹലം, ഇലകളുടെ മര്‍മരം എന്നീ പ്രകൃതിഭേദമെല്ലാം സംഗീതമാകുന്നു. എന്നാല്‍, കൃത്രിമസ്വരങ്ങള്‍ കേള്‍വി കലുഷമാക്കുമ്പോള്‍, കുട്ടിയുടെ സംഗീതരുചി കെടും. ഈ ഗതി തുടര്‍ന്നാല്‍ പിന്നീട് കുഞ്ഞിനു കിളിയുടെ വിളിയിലും കാറ്റിന്റെ പാട്ടിലുമുള്ള  മാധുര്യം നഷ്ടമാകും. ആയതിനാല്‍, കുഞ്ഞിന്റെ വളര്‍ച്ചയില്‍ സംഗീതശിക്ഷണം ആവശ്യമായിവരും. ഫുക്കുവോക്കയുടെ ഈ നിരീക്ഷണം സത്യദര്‍ശനംതന്നെയാണ്. എസ്.പി. ബാലസുബ്രഹ്‌മണ്യം എന്ന അനശ്വരനായ  ഗായകനെക്കുറിച്ചു പറയുമ്പോള്‍ പ്രാധാന്യത്തോടെ പറയുന്ന ഒരു കാര്യം ശാസ്ത്രീയസംഗീതം പഠിക്കാതെ അതു പാടാന്‍ കഴിയുമായിരുന്ന ഒരു വ്യക്തി എന്ന നിലയിലാണ്.
കൃഷിയെക്കുറിച്ചു മാത്രമല്ല, ഭക്ഷണത്തെക്കുറിച്ചും, സമാധാനത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചുമുള്ള  ഒട്ടനവധി ചിന്തകള്‍ പകര്‍ന്നുനല്‍കിയിട്ടുണ്ട്. അവയെക്കുറിച്ചു പ്രതിപാദിച്ചിട്ടുള്ള അദ്ദേഹത്തിന്റെ മനോഹരങ്ങളായ പുസ്തകങ്ങളുടെ നല്ല വായനക്കാരാകാന്‍ കൂട്ടുകാരെ ക്ഷണിക്കുന്നു.  അദ്ദേഹമെഴുതിയ വണ്‍ സ്‌ട്രോ റവല്യൂഷന്‍, നാച്ചുറല്‍ വേ ഓഫ് ഫാമിങ്, സോയിങ് സീഡ്‌സ് ഇന്‍ ദി ഡിസര്‍ട്ട്, റോഡ് ബാക്ക് നേച്ചര്‍ എന്നീ പുസ്തകങ്ങളില്‍ ഒന്നിന്റെയെങ്കിലും വായന നമ്മെ പ്രകൃതിയോടിണങ്ങിയ മനുഷ്യരാക്കിത്തീര്‍ക്കട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)