•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

പന്ത്രണ്ടു ശ്ലീഹന്മാരാല്‍ അനുഗൃഹീതമായ ചെമ്മലമറ്റത്തിന്റെ ദിവ്യഗോപുരം

ചെമ്മലമറ്റം ഇടവകയിലെ പന്ത്രണ്ടു ശ്ലീഹന്മാരുടെ പുതിയ ദൈവാലയം 2022 ജൂണ്‍ രണ്ടാം തീയതി കൂദാശ ചെയ്യപ്പെട്ടു. 2020 ജനുവരി 26 ന് ശിലാസ്ഥാപനം നടത്തി ജൂണ്‍ രണ്ടിനാരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദൈവത്തിന്റെ പ്രത്യേക പരിപാലനയാലും ഇടവകമദ്ധ്യസ്ഥരായ 12 ശ്ലീഹന്മാരുടെ മാദ്ധ്യസ്ഥ്യത്താലും ഇടവകജനത്തിന്റെയും ഗുണകാംക്ഷികളുടെയും സഹായസഹകരണത്താലും രണ്ടു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. 12 ശ്ലീഹന്മാരുടെ നാമത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ദൈവാലയമാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്.

പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ പ്രചാരത്തിലിരുന്ന റോക്കോക്കോ എന്ന വാസ്തുവിദ്യയുടെ ശൈലിയും അലങ്കാരങ്ങളും സ്വീകരിച്ചുകൊണ്ടാണ് ഈ പള്ളിയുടെ അള്‍ത്താരയും ഹൈക്കലയും ആവിഷ്‌കരിച്ചിരിക്കുന്നത്.
ദൈവത്തിന്റെ ആലയം മനോഹരമായിരിക്കണമെന്ന നിലപാടില്‍ അതീവശ്രദ്ധയോടെയാണ് ദൈവാലയത്തിന്റെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ വര്‍ക്കുകള്‍ നടത്തിയിരിക്കുന്നത്. പള്ളിയുടെ അള്‍ത്താരയില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിയേകദൈവത്തെ പ്രതിനിധീകരിച്ച് വാനമേഘങ്ങളില്‍ കെരൂബുകളുടെയും മാലാഖമാരുടെയും അകമ്പടിയോടെ പിതാവിനെയും ഉത്ഥിതനായ ഈശോയെയും പരിശുദ്ധാത്മാവിനെയും ചിത്രീകരിച്ചിരിക്കുന്നു. ഉത്ഥിതനായ ഈശോയെ സിംബോളിക്കായി ചിത്രീകരിച്ചിരിക്കുന്നതാണ് കുഞ്ഞാടിന്റെ ചിത്രം. അതിന് ഇടതും വലതുമായി ഈശോയുടെ തിരുശേഷിപ്പുകള്‍ കൈയിലേന്തിയ ദൈവദൂതന്മാര്‍, സ്‌തോത്രഗീതങ്ങള്‍ ആലപിക്കുന്ന ഒമ്പതു മാലാഖവൃന്ദങ്ങള്‍ എന്നിവരെ ചിത്രീകരിച്ചിരിക്കുന്നു.
സക്രാരി ഈശോയുടെ കബറിടം. ഉയര്‍ത്തെഴുന്നേറ്റ ഈശോയെ കാണാതെ ദുഃഖത്തില്‍ പ്രാര്‍ത്ഥനയോടെ നിലകൊള്ളുന്ന പന്ത്രണ്ടു ശ്ലീഹന്മാരാണ് ബലിപീഠത്തിനുമുകളില്‍. ഞാന്‍ മുന്തിരച്ചെടിയും നിങ്ങള്‍ അതിന്റെ ശാഖകളുമാകുമെന്ന ഈശോയുടെ തിരുവചനത്തെ ആസ്പദമാക്കിയാണ് ബേമ്മാ രൂപകല്പന ചെയ്തിരിക്കുന്നത്. ഈശോയെ രാജാധിരാജനായി സ്വീകരിച്ച് സൈത്തിന്‍കൊമ്പുകള്‍ വീശി ജയാരവം മുഴക്കിയ ഓശാനവിളിക െഅനുസ്മരിപ്പിക്കുന്നതാണ് 
ബലിപീഠത്തിനു ചുറ്റും ക്ലാഡിങ്ങില്‍ തലക്കെട്ടായി ചിത്രീകരിച്ചിരിക്കുന്ന ഇലകള്‍. അബ്രാഹത്തിന്റെ ബലിപീഠത്തിലെ കാട്ടുവള്ളികളെയും കല്‍ക്കെട്ടിനെയും അനുസ്മരിപ്പിക്കുന്നതാണ് പ്രധാന ബലിപീഠത്തിലെ കൊത്തുപണികള്‍. പള്ളിയുടെ മുകള്‍നിലയില്‍ ഗ്ലാസ്സില്‍ ആലേഖനം ചെയ്ത 64 വിശുദ്ധരുടെ രൂപങ്ങള്‍ ഈ പള്ളിയുടെ ശില്പഭംഗിക്കു  ചാരുത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, പള്ളിയുടെ കിഴക്കുവശത്തു സ്റ്റെയിന്‍ഡ് ഗ്ലാസില്‍ ചെയ്തിരിക്കുന്ന 20 അടി പൊക്കവും 15 അടി വീതിയുമുള്ള പെന്തക്കുസ്തായുടെ രൂപം ഒരു ദൃശ്യവിസ്മയമാണ്. പള്ളി മണി ഇംഗ്ലണ്ടിലെ യോര്‍ക്ക്‌ഷെയറില്‍നിന്ന് ഇറക്കുമതി ചെയ്ത 900 കിലോ ഭാരമുള്ള കൂറ്റന്‍ മണിയാണ്. 360 ഡിഗ്രിയില്‍ കറങ്ങിയടിക്കുന്ന മണി ലോകപ്രശസ്ത മണിനിര്‍മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ നിര്‍മാണവൈഭവത്തില്‍പ്പെട്ടതാണ്. 
  ദൈവികപദ്ധതിക്കൊപ്പം നല്ല സമറായന്റെ ചൈതന്യവും നടപ്പാക്കുകയാണ് ചെമ്മലമറ്റം പള്ളി. 
ദൈവാലയവെഞ്ചരിപ്പിനോടനുബന്ധിച്ച് 12 ശ്ലീഹന്മാരെ അനുസ്മരിച്ചുകൊണ്ട് 12 ലക്ഷം രൂപ പഠനം, വിവാഹം, ഭവനനിര്‍മാണം എന്നിവയ്ക്കു സഹായ
മായി നല്‍കുന്നു. ഈ പദ്ധതിക്ക് എ.കെ.സി.സി. സംഘടന നേതൃത്വം കൊടുക്കും. കൂടാതെ, ഒരു വ്യക്തി സംഭാവനയായി നല്‍കിയ 25 ലക്ഷം രൂപയ്‌ക്കൊപ്പം 25 ലക്ഷം രൂപകൂടി കണ്ടെത്തി 50 ലക്ഷം രൂപയ്ക്ക് 10 വീടുകള്‍ നിര്‍മിച്ച് ഭവനരഹിതര്‍ക്കു നല്‍കുന്ന പദ്ധതിക്ക് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി നേതൃത്വം നല്‍കും.
ചരിത്രപാരമ്പര്യമുറങ്ങുന്ന ചെമ്മലമറ്റം ഇടവക നൂറിന്റെ തികവിലാണ്. 1922 ഫെബ്രുവരി 6-ാം തീയതിയാണ് ആദ്യ ദൈവാലയത്തിന്റെ വെഞ്ചരിപ്പുകര്‍മം നടന്നത്. ചങ്ങനാശ്ശേരി ആര്‍ച്ചു ബിഷപ് പുണ്യശ്ലോകനായ മാര്‍ തോമസ് കുര്യാളശ്ശേരിപ്പിതാവാണ് 12 ശ്ലീഹന്മാരുടെ പേരു നിര്‍ദേശിച്ചു കല്പന പുറപ്പെടുവിച്ചത്. പള്ളിക്കുവേണ്ടി സ്ഥലം കണ്ടെത്തിയതും നിവേദനം നല്കിയതും 12  വ്യക്തികളായിരുന്നു. അതുകൊണ്ടുകൂടിയായിരിക്കണം പിതാവ് ഈ പേരു നല്‍കിയത്. 1942 ല്‍ പള്ളി പുതുക്കിപ്പണിതു. 1951 ല്‍ ചേറ്റുതോടും 1995 ല്‍ വാരിയാനിക്കാടും ചെമ്മലമറ്റം പള്ളിയില്‍നിന്നു മാറി സ്വതന്ത്ര ഇടവകകളായി. ഇപ്പോള്‍ 912 കുടുംബങ്ങള്‍ ഈ ഇടവകയിലുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും 12 ശ്ലീഹന്മാരുടെ നൊവേന നടത്തിവരുന്നു. 12 ശ്ലീഹന്മാരെ അനുസ്മരിക്കുന്ന 12 പൈതങ്ങളുടെ ഊട്ടുനേര്‍ച്ചയും പ്രസിദ്ധമാണ്. ശ്ലീഹന്മാരുടെ മദ്ധ്യസ്ഥതയില്‍ നിരവധി ആളുകള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. 12 ശ്ലീഹന്മാരുടെ നാമത്തിലുള്ള ചെമ്മലറ്റം പള്ളി പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)