ഗൗരവമായ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമാവശ്യപ്പെടുന്ന ഒരു ദിനമാണ് ജൂണ്‍ 26, ലോകലഹരിവിരുദ്ധദിനം. സ്‌കൂള്‍ - കോളജ് തലങ്ങളില്‍ ഊര്‍ജിതവും അടിയന്തരവുമായ രക്ഷാപ്രവര്‍ത്തനം ഈ മേഖലയില്‍ നടത്തേണ്ടതുണ്ട്. ഓരോ ദിവസവും പുതിയ രൂപത്തിലും ഭാവത്തിലും ലഹരിവസ്തുക്കള്‍ അത്രമേല്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. നാട്ടിടങ്ങളും നഗരപ്രദേശങ്ങളും തമ്മില്‍ അത്ര വലിയ അന്തരമൊന്നുമില്ലാത്ത ചുറ്റുപാടില്‍ കുട്ടികളിലേക്കും കൗമാരക്കാരിലേക്കും ഇത്തരം ലഹരിവസ്തുക്കള്‍ വേഗത്തില്‍ എത്തുന്നു.
ലഹരിമരുന്നുവ്യാപനം തടയാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുക, ലഹരിവസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും ഇല്ലാതാക്കുക, ലഹരിമുക്തമായ ലോകം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തിലൂന്നിയാണ് ഐക്യരാഷ്ട്രസംഘടന എല്ലാവര്‍ഷവും ജൂണ്‍ 26 ലഹരിവിരുദ്ധദിനമായി ആചരിക്കുന്നത്. മയക്കു മരുന്നുകളെക്കുറിച്ചുള്ള 'വസ്തുതകള്‍ പങ്കിടുക, ജീവന്‍ രക്ഷിക്കുക' (ടവമൃല റൃൗഴ ളമരെേ, ടമ്‌ല ഹശ്‌ല)െ എന്ന തീം ഈ വര്‍ഷത്തെ ലഹരിവിരുദ്ധദിനം ചര്‍ച്ച ചെയ്യുന്നു.
സാമ്പത്തികമായി ഉണ്ടാകുന്ന ഉന്നതി, ആധുനിക ജീവിതരീതിവഴിയുണ്ടാകുന്ന മാനസികപിരിമുറുക്കങ്ങള്‍, സാമ്പത്തികവും സാമൂഹികപരവുമായി വര്‍ദ്ധിച്ചു വരുന്ന വ്യത്യാസങ്ങള്‍, സ്വന്തം ജീവിതരീതികളോട് ഒരാള്‍ക്കു തോന്നുന്ന താത്പര്യമില്ലായ്മ, ആകാംക്ഷ നിറഞ്ഞ താത്പര്യങ്ങള്‍, സമപ്രായക്കാരുടെ മുമ്പില്‍ പൊങ്ങച്ചം കാണിക്കാനുള്ള താത്പര്യം എന്നിവയാണ് കുട്ടികളെയും മുതിര്‍ന്നവരെയും ലഹരിയിലേക്ക് ആകര്‍ഷിക്കുന്ന കാരണങ്ങള്‍. വിശാലതലത്തിലും അര്‍ത്ഥത്തിലുമല്ല ഇത്തരം പ്രശ്‌നങ്ങള്‍ പഠിക്കേണ്ടത്. വ്യക്തികേന്ദ്രീകൃതമായുള്ള പ്രശ്‌നസമീപനമാണ് ആവശ്യം.
ലഹരിവസ്തുക്കളുടെ സഹായമില്ലാതെ ശാരീരികവും മാനസികവുമായ പ്രവൃത്തികള്‍ ചെയ്യാന്‍ സാധിക്കാതെ വരിക, ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത സാമൂഹിക സാഹചര്യങ്ങളിലും, അനുചിതമായ സ്ഥലങ്ങളിലും സമയങ്ങളിലുമുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം, ഒരുവന്റെ വ്യക്തിപരമായ ജീവിതത്തിലും ജോലിയിലും സാമൂഹികജീവിതത്തിലും ലഹരിയുടെ ഉപയോഗംമൂലം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുന്ന അവസ്ഥ തുടങ്ങിയവ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരില്‍ വിവിധ തോതില്‍ കാണാനാവും. എത്രത്തോളം ലഹരിക്ക് അടിമപ്പെട്ടു എന്നു തെളിയിക്കുന്നത് ഈ തോതാണ്.
മനുഷ്യന്റെ ബോധമണ്ഡലത്തില്‍ കടന്നു മയക്കമോ ഉത്തേജനമോ സൃഷ്ടിക്കാന്‍ കഴിവുള്ള ലഹരിവസ്തുക്കള്‍ സമൂഹത്തെ മുഴുവനായും നശിപ്പിക്കാന്‍ പര്യാപ്തമാണ്.
വിജയകരമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ സാമൂഹികസാംസ്‌കാരിക സംഘടനകള്‍ വഴി നാം ഇതുവരെ ചെയ്തുകഴിഞ്ഞു. എന്നിട്ടും സ്‌കൂള്‍കുട്ടികളില്‍ സുലഭമായി എത്തുന്നുണ്ട് ലഹരി. ചില പ്രദേശങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു വ്യക്തമായ ആസൂത്രണത്തോടെ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നതാണ് ഇവിടെ വ്യക്തമാവുന്നത്. സ്‌കൂളുകളും കോളജുകളും ലഹരിവിമുക്തമാക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് പ്രാദേശാടിസ്ഥാനത്തില്‍ തീരുമാനിക്കണം.
2021, 2022 വര്‍ഷങ്ങളിലായി 7,553 കിലോ കഞ്ചാവ്, 37,349.855 ഗ്രാം ഹാഷിഷ് ഓയില്‍, 10,165.702 ഗ്രാം എംഡിഎംഎ എന്നിവ എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. പുതുതലമുറ കൂടുതല്‍ അപകടം സൃഷ്ടിക്കുന്ന സിന്തറ്റിക് ഡ്രഗ്ഗുകള്‍ ഉപയോഗിക്കുന്നതായാണ് അടുത്ത കാലത്തു കണ്ടെത്തിയ കേസുകള്‍ പരിശോധിച്ചതില്‍നിന്നു മനസിലാക്കുന്നത്.
വളരെയധികം വിലകൂടിയതും ഒളിപ്പിച്ചു കടത്താന്‍ എളുപ്പമുള്ളതും ദോഷവശങ്ങള്‍ അതിതീവ്രവുമായ സിന്തറ്റിക് ഡ്രഗ്ഗുകള്‍ ഉപയോഗിക്കുന്നതിലൂടെ വരുംതലമുറയുടെ ഭാവിതന്നെ ഇരുളടയുന്നു. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ പൊതുവെ വിഭ്രാന്തി, അകാരണഭീതി, ആകുലത, മിഥ്യാബോധം എന്നിങ്ങനെയുള്ള അവസ്ഥകള്‍ ഉണ്ടാവുന്നു. പക്വതയോടുകൂടിയ പെരുമാറ്റമോ ബോധപൂര്‍വമുള്ള പ്രതികരണങ്ങളോ അവരില്‍നിന്നു നമുക്കു പ്രതീക്ഷിക്കാനാകില്ല. കുട്ടികളെയും യുവാക്കളെയുമാണ് ലഹരിമാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ, ലഹരിമാഫിയയുടെ വേരറുക്കുന്നതിന്, അവരിലേക്കെത്താന്‍ ഏറെ സാധ്യതയുള്ള യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ചുതന്നെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന എക്‌സൈസ് വകുപ്പ് സര്‍വകാല റെക്കോഡാണ് കൈവരിച്ചിരിക്കുന്നത്. മയക്കുമരുന്നു കുറ്റകൃത്യങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമായി എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ ഓരോ മാസവും വന്‍വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
സ്‌കൂളുകള്‍ക്കു സമീപം ലഹരി വില്‍ക്കുന്ന കടകളോ ആളുകളോ ഇല്ലെന്ന് അധ്യാപകരുടെയും തദ്ദേശസ്ഥാപന പ്രതിനിധികളുടെയും സഹായത്തോടെ ഉറപ്പുവരുത്തണം.
കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും മുതിര്‍ന്ന സഹോദരങ്ങള്‍ക്കും ബോധവത്കരണം നടത്തണം. ഇവരില്‍ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ടവരാണെങ്കില്‍ അവര്‍ക്കും കൃത്യമായ ചികിത്സ ഉറപ്പാക്കണം.
പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ വീടുകളിലും ബോധവല്‍ക്കരണവും അനുബന്ധ ചികിത്സാവിധികളും നടത്തണം.
ഏതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കള്‍ 25 വയസ്സിനു താഴെയുള്ളവര്‍ക്കു നല്‍കുന്നവര്‍ക്കു തക്കതായ ശിക്ഷ നല്‍കാന്‍ അധികാരികള്‍ തയ്യാറാവണം.
അന്താരാഷ്ട്ര ലഹരിമാഫിയ വിപണിക്കായി ലക്ഷ്യമിട്ടിരിക്കുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാഷ്ട്രങ്ങളെയാണ്. നമ്മുടെ വിഭവശേഷികളില്‍ അതിപ്രധാനമായ പുതുതലമുറകളിലാണ് മാഫിയകള്‍ സ്വപ്നം നെയ്യുന്നത്. ഇന്ത്യയുടെ കടല്‍ത്തീരങ്ങളില്‍നിന്നുള്ള ലഹരിവേട്ട ഇതിനോടൊപ്പം ചേര്‍ത്തുവായിക്കാം.
്.