•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

സ്വയം മതിപ്പും മൂല്യനിര്‍ണയവും നാം നടത്താറുണ്ടോ?

ന്താണ് ഈ സ്വയം തോന്നേണ്ടുന്ന കനിവ്? ഇതേക്കുറിച്ചൊക്കെ മനഃശാസ്ത്രജ്ഞന്മാര്‍ എത്രയോ സംവത്സരങ്ങള്‍ക്കുമുമ്പു പറഞ്ഞു വച്ചതാണ്. പക്ഷേ, നാം അതൊന്നും സാധാരണഗതിയില്‍ മനസ്സിലാക്കാന്‍ മെനക്കെടാറില്ല എന്നു മാത്രം. മറ്റുള്ളവരോടു കാണിക്കേണ്ടുന്ന ഭൂതദയയെക്കുറിച്ചും ആര്‍ദ്രചിത്തതയെക്കുറിച്ചും സഹതാപത്തെക്കുറിച്ചുമൊക്കെ   നാം വാചാലരാകാറുണ്ട്; പുസ്തകങ്ങള്‍ രചിക്കാറുണ്ട്. എന്നാല്‍, സ്വന്തം കാര്യം വരുമ്പോള്‍ നമുക്കു നമ്മോട് ആ അലിവു തോന്നാറില്ല. മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്ന ചില അവ്യക്തകാര്യങ്ങളുടെ പട്ടികയില്‍ നാം ഇതിനെ പെടുത്തും. എന്നാല്‍, ഒരു വ്യക്തിയുടെ ജീവിതത്തിലെ പരമപ്രധാനമായ  കാര്യമാണ്  നമുക്കു നമ്മോടുതന്നെ തോന്നേണ്ട അനുകമ്പ. നാം പലപ്പോഴും സ്വയം പ്രതിക്കൂട്ടില്‍നിര്‍ത്താനുള്ള  ഒരു  പ്രവണത കൊണ്ടുനടക്കുന്നു.  ഒരു തെറ്റു ചെയ്താല്‍ അതേക്കുറിച്ചു ജീവിതം മുഴുവന്‍ കുറ്റപ്പെടുത്തും; സ്വയം ശിക്ഷിക്കാന്‍ നോക്കും. പഴയകാലത്തൊക്കെ ചിലര്‍ സ്വയം ചാട്ടവാറുകൊണ്ട് മുറിവേല്പിക്കാനും വ്രണപ്പെടുത്താനുംവരെ തയ്യാറാകുമായിരുന്നു.
നാം മറ്റുള്ളവരോട് അനുകമ്പയുള്ളവരായിരിക്കണം. അവരുടെ ചെരുപ്പുകള്‍ അണിഞ്ഞുകൊണ്ട് അവര്‍  അനുഭവിക്കുന്ന ദുഃഖത്തെക്കുറിച്ചൊരു തിരിച്ചറിവ് ഉണ്ടാകുന്നതാണ് ഏറ്റവും വലിയ മനുഷ്യഗുണമായി ഗണിക്കപ്പെടുക. എന്നാല്‍, അതേമാത്രയില്‍ത്തന്നെ നമുക്കു നമ്മോടും തോന്നണം അനുകമ്പ. സ്വയം തുണയാകണം, പോഷിപ്പിക്കണം. എപ്പോഴും നമ്മെത്തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ,  തെറ്റുകളെ മറന്നു നാം മുന്നേറണം. ഒരു അരമണിക്കൂര്‍ സ്വയം ഏകാന്തതയില്‍ ഇരുന്ന് ഒന്നു പരിശോധിക്കാം. തന്റെ തന്നെ പോരായ്മകളിലാണോ  നാം ഊന്നിനില്‍ക്കുന്നത്? നമുക്ക് യേശുവിന്റെ കൃപാവരമുണ്ടെങ്കില്‍   വൈകല്യങ്ങളെയെല്ലാം തുടച്ചുനീക്കി വെന്നിക്കൊടികള്‍ പാറിക്കാം. ഇതൊന്നു സ്വയം പരീക്ഷിച്ചുനോക്ക്; വല്ലാത്ത ഒരു ആശ്വാസം നമുക്ക് അനുഭവപ്പെടും.  വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ അനുഭവമുണ്ടാകും. ഒരു വെളിപാടുണ്ടായതുപോലെ തോന്നും. സ്വയംപര്യാപ്തത തീരെയില്ലാത്തവരാണ് നാം എന്ന ചിന്ത അകന്നുപോകും. ആരെങ്കിലുമൊക്കെ സഹായിക്കാന്‍ ഉണ്ടെങ്കിലേ കാര്യങ്ങള്‍ നടക്കൂ എന്ന ചിന്ത നമ്മെ  വിട്ടകലും.
സ്വയം മതിപ്പും മൂല്യനിര്‍ണയവും 
സ്വന്തം മൂല്യങ്ങളും മികവുകളും നാം തിരിച്ചറിഞ്ഞേ പറ്റൂ.  കുറവുകളെ, പൂര്‍വപരാജയങ്ങളെ  നമ്മുടെ മൂല്യങ്ങളെ തമസ്‌കരിക്കാന്‍ അനുവദിക്കുന്നത് ബുദ്ധിയല്ല. സൗന്ദര്യം അല്പം കുറഞ്ഞതിന്റെ പേരില്‍ വലിയ അപകര്‍ഷബോധത്താല്‍ സ്വയം താഴ്ത്തിക്കെട്ടുന്ന  അനേകം പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്. ഉയരക്കുറവോ  മോശപ്പെട്ട  പൈതൃകമോ കാരണം  എക്കാലവും താന്‍  ഒന്നിനും കൊള്ളാത്തവനാണ് എന്നു  കരുതിനടക്കുന്ന യുവാക്കളും ധാരാളം. ഒരാള്‍ക്ക് വലിയ ആകാരസൗഷ്ഠവമോ സൗന്ദര്യമോ ഇല്ലെന്നു വിചാരിക്കുക.  അയാള്‍ക്ക് ഒരുപക്ഷേ, ഭംഗിയായി ചിത്രങ്ങള്‍ വരയ്ക്കാനായിരിക്കും ദൈവം നല്‍കിയ കഴിവ്. ആ കഴിവാണ്  അയാള്‍ പരിപോഷിപ്പിക്കേണ്ടത്. ധാരാളം കുറവുകള്‍ ഉണ്ടായിരുന്നപ്പോഴും ജീവിതത്തില്‍ വന്‍കാര്യങ്ങള്‍ സാധ്യമാക്കിയവരുടെ അനേകം  കഥകള്‍ നാം വായിക്കുന്നുണ്ടല്ലോ.
നമുക്കു സ്വയം തോന്നുന്ന അനുകമ്പ  വലിയ തോതില്‍ ആത്മവിശ്വാസവും  മൂല്യബോധവും വളര്‍ത്താന്‍ സഹായകമാകുന്നു. നമ്മുടെ പൂര്‍വപാരമ്പര്യമോ നിറമോ ഉയരമോ ജനസമ്മതിയോ വിദ്യാഭ്യാസമോ സ്റ്റാറ്റസോ ഒന്നിനും ഇവിടെ പ്രാധാന്യമില്ല. നമ്മുടെ അപചയങ്ങള്‍മൂലം നാം ഏതെങ്കിലും വിധത്തില്‍ യാതന അനുഭവിക്കുന്നുവെങ്കില്‍ അതിനുള്ള മരുന്നാണ്  നമ്മോടുള്ള അനുകമ്പ. എല്ലാ കുറവുകള്‍ക്കിടയിലും നിന്നുകൊണ്ട് നമുക്ക് സ്വയം സ്‌നേഹിക്കാനാകണം; നമുക്ക് നമ്മോടുതന്നെ കനിവുണ്ടാകണം.
യാതനകള്‍ ലഘൂകരിക്കാം 
നമ്മുടെ ന്യൂനതകള്‍ നാം അംഗീകരിച്ചേ പറ്റൂ. അപ്പോള്‍ നമുക്ക് നമ്മെത്തന്നെ സാന്ത്വനപ്പെടുത്താനാവുന്നു. അനുകമ്പയോടെ നാം സ്വയം  സ്വീകരിക്കുമ്പോള്‍, മനുഷ്യര്‍ എന്ന നിലയ്ക്കു നമ്മുടെ പോരായ്മകള്‍ നാം തിരിച്ചറിയുമ്പോള്‍, നമുക്ക് നമ്മെ  പൂര്‍ണമായി മനസ്സിലാകുന്നു. നമ്മുടെ മികവുകള്‍ കണ്ടെത്താനാവട്ടെ ശ്രദ്ധ മുഴുവനും. ആ അറിവില്‍നിന്നാണ് നമുക്ക് ആര്‍ജവവും ഉത്തേജനവും  സ്വീകരിക്കേണ്ടത്; നാം വളരേണ്ടത്.
നാം വലിയ മാനസികസംഘര്‍ഷങ്ങളിലൂടെ കടന്നുപോയേക്കാം. 'ഇതൊന്നും താങ്ങാന്‍ എനിക്കു കരുത്തുപോരാ' എന്ന ചിറകൊടിഞ്ഞ ചിന്തകള്‍ ഉപേക്ഷിക്കണം. നമുക്കു ചുറ്റുമുള്ളവരെ നോക്കുക. അവര്‍ ഒരുപക്ഷേ, നമ്മെക്കാളേറെ സഹനങ്ങളില്‍ക്കൂടി കടന്നുപോയവരായിരിക്കാം. ദുഃഖങ്ങളെ, വേദനകളെ  സഹിക്കാനും അതിനെ കഴിവതും വേഗം ഇല്ലായ്മ ചെയ്യാനുമാകട്ടെ ശ്രമങ്ങള്‍. പുതിയ കാര്യങ്ങളില്‍ പുത്തനുണര്‍വോടെ നാം ഇടപെടുന്നതു വഴി ഒരു പരിധി വരെ മനോവേദനകളും  സംഘര്‍ഷങ്ങളും കുറയ്ക്കാം.
ജീവിതത്തില്‍ സ്വയം തോന്നേണ്ടുന്ന ആര്‍ദ്രതയെക്കുറിച്ചു നാം കുറെ കാര്യങ്ങള്‍ മനസ്സിലാക്കി. എപ്പോഴെങ്കിലും നിങ്ങള്‍ക്ക്  ഏകാന്തതയോ ശൂന്യതയോ അനുഭവപ്പെട്ടെങ്കില്‍ സാരമില്ല നിങ്ങളെ സാന്ത്വനപ്പെടുത്തുവാന്‍ നിങ്ങള്‍തന്നെ മതി.
ചിലരുടെ ജീവിതാനുഭവങ്ങള്‍ 
സുധാചന്ദ്രന്‍ തന്റെ പതിനാറാം വയസ്സിലാണ് ഒരു ഭയാനകമായ അപകടത്തില്‍പ്പെട്ട് തന്റെ കാല്‍ മുറിച്ചുമാറ്റേണ്ടുന്ന അവസ്ഥയിലെത്തുന്നത്. പക്ഷേ, അവള്‍ ജീവിതത്തോടു സുധീരം പോരാടി. മരത്തിന്റെ  കാലുകള്‍ വച്ചുകെട്ടി അവള്‍ നര്‍ത്തകിയായി അരങ്ങു തകര്‍ത്തുകൊണ്ടിരുന്നു. 'സ്റ്റേജില്‍ കാലെടുത്തു വയ്ക്കുമ്പോള്‍ എനിക്കെന്റെ ആത്മാവ് തിരിച്ചുകിട്ടിയതുപോലെ തോന്നും' എന്നാണവള്‍ പറയുക.
ഗായകനും കമ്പോസറുമായ രവീന്ദ്രജെയ്‌നിന്റെ  കഥ അതിലേറെ വിചിത്രമാണ്. ഏറെ വൈകല്യങ്ങളോടെയായിരുന്നു ജനനം. ഹിന്ദിസിനിമാവേദിയില്‍ തന്റെ തനതായ വ്യക്തിപ്രഭാവം ഉറപ്പിക്കാന്‍ ഇതൊന്നും തടസ്സമായില്ല.  
തന്റെ പത്തൊന്‍പതാം വയസ്സില്‍ തീരാരോഗിണി യായിത്തീര്‍ന്ന ഹെലന്‍ കെല്ലറിന്റെ ഉദാഹരണം നോക്കാം. അവള്‍ക്കു കാഴ്ചയും ശ്രവണശക്തിയും നഷ്ടമായി. അവള്‍ നിരാശപ്പെട്ടു ശേഷകാലം  മുറിയടച്ചിരുന്നില്ല. അവള്‍ ബിരുദം നേടി  ഒട്ടേറെ ക്രിയാത്മകമായ കാര്യങ്ങള്‍ ചെയ്തു ജീവിതം ധന്യമാക്കി, സമ്പുഷ്ടമാക്കി. 'ജീവിതമെന്നാല്‍ ധീരതയോടെ നേരിടേണ്ട, സാഹസികമായ ഒരു യാത്രയാണ്; അതല്ലാതെ മറ്റൊന്നുമല്ല' എന്ന് അവള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
അതുല്യപ്രതിഭയുടെ ഉടമയായിരുന്ന സ്റ്റീഫന്‍ ഹോക്കിങ് പരാലിസിസ് ബാധിച്ചു  വീല്‍ച്ചെയറില്‍ കഴിഞ്ഞ വ്യക്തിയായിരുന്നു. ലോകം മുഴുവന്‍ കറങ്ങാനും പുസ്തകങ്ങള്‍ എഴുതാനുമൊന്നും ഇതൊരു തടസ്സമായില്ല. 'ജീവിതം ഒരു ദുരന്തനാടകം ആയേനെ -അതിത്രയേറെ തമാശകള്‍ക്കു വക നല്‍കുന്ന ഒന്നായിരുന്നില്ല എങ്കില്‍' എന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. അതില്‍ അന്തര്‍ലീനമായ  മഹത്തായ ജീവിതസങ്കല്പമാണ് നമുക്കെല്ലാം വഴികാട്ടിയാവേണ്ടതും, അല്പം കനിവ് തന്നോടുതന്നെ കാട്ടാന്‍ നമ്മെ ശക്തരാക്കേണ്ടതും. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)