അലീനയുടെയും തോമസിന്റെയും വിവാഹം കഴിഞ്ഞിട്ട് പത്തുവര്‍ഷമായി. അവര്‍ക്ക് അഞ്ചാംക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുണ്ട്. വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ പരസ്പരം അംഗീകരിച്ചിരുന്നു, സ്‌നേഹിച്ചിരുന്നു. ഇന്നു രണ്ടുപേരും പരസ്പരം വഴക്കടിക്കുന്നു. അലീന പറഞ്ഞത്, എന്നു വഴക്കുണ്ടായാലും കുറച്ചുനാള്‍ മുമ്പുവരെ താന്‍പോയി കാലുപിടിച്ച് ക്ഷമ പറഞ്ഞു വീണ്ടും ഒന്നിക്കുമായിരുന്നു, എന്നാണ്. ഇപ്പോള്‍ അവള്‍ മടുത്തു. അവളും തന്റെ ഇഷ്ടക്കേടുകള്‍ കാണിച്ചുതുടങ്ങി. എതിര്‍ത്തു സംസാരിച്ചുതുടങ്ങിയപ്പോള്‍ വഴക്കായി, അടിയായി. ആകെ സമാധാനമില്ലാത്ത അന്തരീക്ഷമാണ് കുടുംബത്തില്‍.
മൂന്നുവര്‍ഷമായി അലീന ഒരു കടയില്‍ ജോലിക്കു പോകുന്നുണ്ട്. കടയിലുളള ഒരു പയ്യനുമായി ചെറിയ അടുപ്പമുണ്ട്. അവനോടു കുടുംബപ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. അവന്‍ എല്ലാം കേള്‍ക്കും, ആശ്വസിപ്പിക്കും. ഇത് ആരോ തോമസിനോടു പറഞ്ഞു. ഇപ്പോള്‍ ഈ പേരിലാണ് മിക്കവാറും വഴക്ക്. അലീന വീട്ടില്‍ വന്നുകഴിഞ്ഞ് ഫോണ്‍ എടുത്താല്‍, മെസേജ് അയച്ചാല്‍, തോമസ് അലീനയോടു വഴക്കിടും. ഇപ്പോള്‍ തോമസിന്റെ ഡിമാന്റ്, അലീന ആ പയ്യനോടു സംസാരിക്കാന്‍ പാടില്ല. എന്നാല്‍, അലീനയുടെ തീരുമാനം തന്റെ വിഷമഘട്ടങ്ങളില്‍ സഹായിച്ച, ആശ്വസിപ്പിച്ച അവനോടുള്ള സൗഹൃദം തുടരണമെന്നാണ്. അലീന കൂട്ടിച്ചേര്‍ത്തു: ''എന്റെ ജന്മദിനമോ, ഞങ്ങളുടെ വിവാഹവാര്‍ഷികമോ തോമസ് ഓര്‍ക്കാറില്ല. ഒരു സമ്മാനം നല്കിയിട്ടില്ല. ഇന്ന് തോമസ് ഇട്ടിരിക്കുന്ന ഷര്‍ട്ട് എന്റെ സമ്മാനമാണ്. വിവാഹം കഴിഞ്ഞ് പത്തുവര്‍ഷമായി എന്നെക്കുറിച്ചു തോമസ് പറഞ്ഞിരിക്കുന്ന ഒരേയൊരു നല്ല കാര്യം, ഞാന്‍ വയ്ക്കുന്ന കടലക്കറി നല്ലതാണെന്നു മാത്രമാണ്. എനിക്ക് ആ ഒരു നന്മ മാത്രേ ഉള്ളോ? ഈ ജീവിതം ഞാനും മടുത്തു.'' തോമസിന്റെ വാശി ഇതാണ്: ''എന്റെ അഡ്രസില്‍ ആ പയ്യനോടുള്ള സൗഹൃദം തുടരാന്‍ സമ്മതിക്കില്ല; വേണമെങ്കില്‍ പിരിയാം.''
ഇവിടെ തോമസിന്റെയും അലീനയുടെയും വാശിയും പരസ്പരമുള്ള കരുതല്‍കുറവും, തെറ്റുധാരണയുംമൂലം ജീവിതം ഒരുമിച്ചുപോകുന്നില്ല. വിവാഹത്തിന്റെ ആദ്യനാളുകളിലെ പൊരുത്തക്കേടുകളെ അംഗീകരിക്കാതെ അഡ്ജസ്റ്റ് ചെയ്തുപോകുന്നതാണ് പിന്നീടുള്ള പൊരുത്തക്കേടുകള്‍ക്കു കാരണമാകുന്നത്. അഡ്ജസ്റ്റുമെന്റ് കുറച്ചു കാലത്തേക്കു മാത്രമേ തുടരുകയുള്ളൂ. എന്നാല്‍, അംഗീകാരങ്ങള്‍ നീണ്ടുനില്‍ക്കും. ഇവിടെ പറഞ്ഞ ദമ്പതികള്‍ തങ്ങളുടെ വിവാഹജീവിതം അവസാനിപ്പിക്കാമെന്ന തീരുമാനത്തില്‍ എത്തിനില്‍ക്കാന്‍ കാരണവും ഈ അഡ്ജസ്റ്റ്‌മെന്റാണ്. ജീവിതപങ്കാളികള്‍ തുടക്കത്തില്‍ത്തന്നെ പരസ്പരമുള്ള സ്വഭാവപ്രത്യേകതകള്‍ പഠിച്ച് അതിനെ അംഗീകരിച്ചു പോകാനാണു ശ്രമിക്കേണ്ടത്. എന്നെപ്പോലെ ജീവിതപങ്കാളി ആകണം, അല്ലെങ്കില്‍ ഞാന്‍ ചിന്തിക്കുന്നതുപോലെ മറ്റുള്ളവരും ചിന്തിക്കണമെന്നു വാശിപിടിക്കാതെ, എന്താണോ തനിക്കു താത്പര്യമില്ലാത്തത്, അതു തുറന്നുപറയാനും, പറഞ്ഞിട്ട് പ്രത്യേക മാറ്റമൊന്നും ഇല്ലെങ്കില്‍ അത് അംഗീകരിക്കാനുമാണ്, വിവാഹജീവിതം നയിക്കുന്നവര്‍ പരസ്പരം ശ്രദ്ധിക്കേണ്ടത്. ഇന്നത്തെ യുവമാതാപിതാക്കള്‍ തങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും അവരവരുടെ ആവശ്യങ്ങള്‍ക്കായി വാദിക്കുകയും, വഴക്കടിക്കുകയും ചെയ്യുമ്പോള്‍ അതിനിടയില്‍ വിങ്ങിപ്പൊട്ടുന്ന ഒരു കൂട്ടരെ നിങ്ങള്‍ പാടേ മറക്കുന്നു. അവരാണ് നിങ്ങളുടെ നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍. കുഞ്ഞുമനസ്സുകളില്‍ ഇന്ന് ഭീതി നിറയുന്നതിനുള്ള പ്രധാനകാരണം, മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തമില്ലായ്മയാണ്.
അധികം അറിവും വിദ്യാഭ്യാസവും ജോലിയുമൊന്നും ഇല്ലായിരുന്നുവെങ്കിലും, പണ്ടത്തെ മാതാപിതാക്കള്‍ മക്കളെ മറന്ന് ഒന്നിനും പോകില്ലായിരുന്നു. മക്കളെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും, അവരോടുള്ള സ്‌നേഹവും പരസ്പരം ക്ഷമിക്കാനും ഒന്നിച്ചു ജീവിക്കാനും പണ്ടത്തെ മാതാപിതാക്കളെ പ്രേരിപ്പിച്ചിരുന്നു. ഇന്നത്തെ മാതാപിതാക്കളോടു സംസാരിക്കുമ്പോള്‍ മനസ്സിലാക്കുക, അവര്‍ ഒരുപാട് സ്വാര്‍ത്ഥരാണ് എന്നതാണ്. ഈ ദിവസങ്ങളില്‍ ഒരമ്മ തന്റെ മോളെ നോക്കി പറയുന്നതു കേട്ടു: ''അത് അയാളുടെ മോളല്ലേ, അയാളെടുത്തോട്ടെ, എനിക്കുവേണ്ട.'' അമ്മയുടെ അധരത്തില്‍നിന്നു കേട്ട ഈ വാക്കുകള്‍ ഒരു പതിമ്മൂന്നു വയസ്സുകാരിക്കു മറക്കാന്‍ കഴിയുമോ ജീവിതകാലത്ത്? ഈ കുഞ്ഞു വളര്‍ന്നുവരുമ്പോള്‍ അവള്‍ എങ്ങനെ മറ്റുള്ളവരെ ശരിയായി വിശ്വസിക്കും, സ്‌നേഹിക്കും? അല്ലെങ്കില്‍ ചിലപ്പോള്‍ ചിരിച്ചുകാണിക്കുന്നവരെല്ലാം, തന്നെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നു എന്നു തെറ്റിദ്ധരിക്കാനും അവരുടെ ഇഷ്ടമനുസരിച്ചു ജീവിക്കാനും മുതിര്‍ന്നെന്നും വരാം. ഇന്നത്തെ ചെറുപ്പക്കാരായ മാതാപിതാക്കള്‍ ഒന്നിരുന്നു ചിന്തിക്കുന്നതു നന്നായിരിക്കും.
ഇന്ന് ദമ്പതികള്‍ ഒരുപോലെ ശമ്പളക്കാരായതുകൊണ്ടാണോ എന്നറിയില്ല, തോല്‍ക്കാന്‍, തന്റെ കുടുംബത്തിന്റെ കെട്ടുറപ്പിനുവേണ്ടി ഒന്നു ചെറുതാകാന്‍, ആരും തയ്യാറല്ല. 'വാടാ പോടാ' ശൈലി ആയതിനാല്‍ പരസ്പരമുള്ള ബഹുമാനവും കൈമോശം വന്നുകൊണ്ടിരുന്നു. പരസ്പരം ജയിക്കാന്‍ ഞാന്‍ എന്ന ഭാവം അധികമാകുമ്പോള്‍ അസ്വസ്ഥതകള്‍ ജന്മമെടുത്തു തുടങ്ങും. ഇതു മനസ്സിലാക്കി തുടക്കത്തിലേ തിരുത്താന്‍ ശ്രമിക്കുകയാണു പ്രധാനം. ജീവിതപങ്കാളിയും മക്കളും തങ്ങളെക്കുറിച്ചു പറയുന്ന കമന്റുകള്‍ കേട്ട് അവരോടു ദേഷ്യപ്പെടുന്നതിനു പകരം സ്വയം തിരുത്താന്‍ ശ്രമിക്കണം. ഉദാ. 'ഈ പപ്പാ എപ്പോഴും നുണയേ പറയൂ' എന്ന് മോന്‍ പറയുന്നുണ്ടെങ്കില്‍, അവിടെ താന്‍ സത്യമാണു പറഞ്ഞതെന്നു തെളിയിച്ചുകൊടുക്കാനുള്ള കടമ പപ്പയ്ക്കുണ്ട്. അല്ലാതെ ദേഷ്യപ്പെട്ട് സ്വയം ജയിക്കാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍ക്കണം, മോനു തന്നിലുള്ള വിശ്വാസം ക്ഷയിക്കുകയാണെന്ന്. എന്തെങ്കിലും ആഘോഷങ്ങള്‍ക്കു പോകുമ്പോള്‍ 'മമ്മി എന്തിനാ ഇത്രയും ഒരുങ്ങുന്നത്' എന്നു മോള്‍ ചോദിച്ചാല്‍ അമ്മമാര്‍ വിവേകപൂര്‍വം ചിന്തിക്കണം, തനിക്കു മോളെക്കാള്‍ സൗന്ദര്യമുണ്ടെന്ന് ആരെങ്കിലും പറഞ്ഞിരിക്കുമോ, അല്ലെങ്കില്‍ പ്രായത്തില്‍ കവിഞ്ഞ മേക്കപ്പ് താന്‍ ഇട്ടിട്ടുണ്ടോ?
ഇവിടെ തോമസിനോടും അലീനയോടും ഒരുപാടു പ്രാവശ്യം സംസാരിച്ചെങ്കിലും അലീന കടയിലെ പയ്യനുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ തയ്യാറല്ലാത്തതിനാല്‍, വിവാഹമോചനമെന്ന തീരുമാനത്തിലായി തോമസ്. എന്നാല്‍, മോള്‍ക്കുവേണ്ടി രണ്ടുപേരും ഒരു മാസത്തേക്കു സന്തോഷമായി ജീവിച്ചു തിരിച്ചുവരാന്‍ പറഞ്ഞു. ഒരു കാര്യം കൂടി അവരെ ഓര്‍മിപ്പിച്ചു: ''പിരിഞ്ഞുകഴിഞ്ഞ് കുട്ടി നിങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ 'എന്റെ അമ്മ നല്ലതായിരുന്നു' 'അപ്പന്‍ നല്ല മനുഷ്യനായിരുന്നു' എന്നൊരു അഭിപ്രായം നേടിയെടുക്കാന്‍ ശ്രമിക്കണം. ദേഷ്യം വരുമ്പോള്‍ പരസ്പരം നിയന്ത്രിക്കണം.'' ഒരു മാസം കഴിഞ്ഞ് അവര്‍ സന്തോഷത്തോടെ തിരിച്ചെത്തി. അവര്‍ പറഞ്ഞു: ഈ മാസത്തിലെ എല്ലാ ഞായറാഴ്ചയും പുറത്ത് എവിടെയെങ്കിലുമൊക്കെ പോയി. ഇതിനിടയിലായിരുന്നു അലീനയുടെ ജന്മദിനം. അതിന് അപ്പനും മോളുംകൂടി അമ്മയ്ക്കു സമ്മാനങ്ങള്‍ വാങ്ങിക്കൊടുത്തു. തോമസ് അലീനയെക്കുറിച്ചു നന്മകള്‍ മാത്രം പറഞ്ഞു. അവളുണ്ടാക്കിയ എല്ലാ ഭക്ഷണവും ഇഷ്ടത്തോടെ കഴിച്ചു. അലീനയും മോളോട് പപ്പയുടെ നന്മകള്‍ മാത്രം സംസാരിച്ചു. കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കി. കടയിലെ പയ്യനെ വേറെ ഒരു ജില്ലയിലേക്കു സ്ഥലം മാറ്റി. ഇപ്പോള്‍ അവര്‍ സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കുന്നു. ഒരു കാര്യംകൂടി അവര്‍ ശ്രദ്ധിച്ചു. രാത്രി 9.30 നു ശേഷം മൊബൈല്‍ നെറ്റ് ഓഫാക്കി പരസ്പരം സംസാരിച്ചും മോളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുമായിരുന്നു ഈ ഒരു മാസം. ഇന്നത്തെ യുവദമ്പതിമാരും തങ്ങളുടെ ജീവിതം ചിട്ടയായും ക്രമമായും കൊണ്ടുപോകുവാനും പരസ്പരം നന്മകള്‍ കാണാനും പറയാനും, പ്രാപ്തരാകട്ടേയെന്നാശിക്കുന്നു.