ക്രിസ്തുവിന്റെ പടയാളികള്‍ എക്കാലവും അവഗണനയും അപമാനവും ഏറ്റുവാങ്ങിയവരും പിന്നീട് കാലത്തിന്റെ തികവില്‍ ലോകവും മാനവരാശിയും അംഗീകരിച്ച് ചരിത്രത്തോടു ചേര്‍ത്തുവയ്ക്കപ്പെട്ടവരുമായിരുന്നു. ഇതേ അനുഭവം നേരിട്ട കത്തോലിക്കാസഭയിലെ അഗസ്റ്റീനിയന്‍ വൈദികനായ ജോണ്‍ ഗ്രിഗര്‍ മെന്‍ഡലിന്റെ ജനിതകശാസ്ത്രത്തിലെ ഗവേഷണങ്ങളുടെ മഹത്ത്വം ശാസ്ത്രലോകം തിരിച്ചറിയുന്നത് അദ്ദേഹം മരണമടഞ്ഞ് 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ആധുനികശാസ്ത്രത്തിന്റെ പിതാവും സ്ഥാപകനുമായി അറിയപ്പെടുന്ന മെന്‍ഡലിനെ ജീവിച്ചിരുന്ന കാലത്ത് ഒരു ശാസ്ത്രജ്ഞനായിപ്പോലും ആരും പരിഗണിച്ചിരുന്നില്ല എന്നതും വേദനാജനകമായ വസ്തുതയാണ്. ഇക്കഴിഞ്ഞ ജൂലൈ 20 ന് അദ്ദേഹത്തിന്റെ 200-ാം ജന്മദിനം നൂതനശാസ്ത്രമേഖലകള്‍ ആഘോഷിക്കുകയുണ്ടായി.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ദൈവശാസ്ത്രശാഖയില്‍നിന്നു ജീവശാസ്ത്രത്തിലേക്കു കുടിയേറിയ രണ്ടു മഹാവ്യക്തികളാണ് ആധുനികജനിതകശാസ്ത്രത്തിന് അടിത്തറ പാകിയത്. ഇതില്‍ ആദ്യത്തെയാള്‍ വൈദികനാകാന്‍ പോയി പരാജയപ്പെട്ടശേഷം പ്രപഞ്ചചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ പരിണാമസിദ്ധാന്തം അവതരിപ്പിച്ച ചാള്‍സ് ഡാര്‍വിനാണ്. വൈദികനായ രണ്ടാമത്തെയാള്‍, ഗ്രിഗര്‍ മെന്‍ഡല്‍ പക്ഷേ, പ്രാഗല്ഭ്യം തെളിയിച്ചത് ജീവജാലങ്ങള്‍ തലമുറകളിലേക്കു പാരമ്പര്യവിവരങ്ങള്‍ എങ്ങനെ കൈമാറുന്നുവെന്ന ശക്തമായ അറിവു പകര്‍ന്നുനല്കി ജനിതകശാസ്ത്രത്തിനു തുടക്കംകുറിച്ചുകൊണ്ടായിരുന്നു. ഇവരുടെ പരിണാമശാസ്ത്രവും ജനിതകശാസ്ത്രവും സമ്മേളിച്ചപ്പോഴാണ് അത്രയുംനാള്‍ ആശയക്കുഴപ്പത്തില്‍പ്പെട്ട് ലക്ഷ്യമില്ലാതെ അലഞ്ഞിരുന്ന ജീവശാസ്ത്രം അതിന്റെ ആധുനികമാനം കൈവരിച്ച് ചിറകടിച്ചു പറന്നുയരാന്‍ ആരംഭിച്ചത്.
ജര്‍മന്‍ സംസാരിക്കുന്ന ഓസ്ട്രിയയിലെ സിലേഷ്യയില്‍ പരിമിതമായ സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ ഗാര്‍ഡനറായ ആന്റണിയുടെയും റോസിന്റെയും മകനായി ജൂലൈ 20 നു ജോഹാന്‍ മെന്‍ഡല്‍ ജനിച്ചു. പതിനൊന്നാംവയസ്സുവരെ തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തില്‍ ചെലവഴിച്ച അദ്ദേഹത്തിന്റെ പഠനാഭിരുചിയില്‍ ആകൃഷ്ടനായ ഒരു പ്രാദേശികസ്‌കൂള്‍മാസ്റ്റര്‍ മെന്‍ഡലിനെ തുടര്‍വിദ്യാഭ്യാസത്തിനായി ട്രോപ്പോവിലേക്ക് അയച്ചു. 20-ാം വയസ്സില്‍ തത്ത്വചിന്തയില്‍ ബഹുമതികളോടെ ബിരുദം നേടിയ അദ്ദേഹം ഭൗതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും പ്രകൃതിശാസ്ത്രത്തിലും മതിപ്പുളവാക്കുന്ന മികവു പുലര്‍ത്തിയിരുന്നു. ഇതിനിടയില്‍ ഒന്നിലധികം തവണ തന്റെ പഠനം താല്‍ക്കാലികമായി ഉപേക്ഷിക്കാന്‍പോലും കാരണമായ ആഴത്തിലുള്ള വിഷാദരോഗം ബാധിച്ചിട്ടും മെന്‍ഡല്‍ പരാജയപ്പെട്ടില്ല. ഏകമകനെന്ന നിലയില്‍ ഫാമിലി ഫാം ഏറ്റെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന പിതാവിന്റെ ആഗ്രഹത്തിനു വിരുദ്ധമായി 1943 ല്‍ ബെര്‍ണോയിലെ അഗസ്റ്റീനിയന്‍ സന്ന്യാസസമൂഹത്തിലെ സിറില്‍ നാപ്പ് മഠാധിപതിയായിരുന്ന സെന്റ് തോമസ് ആശ്രമത്തില്‍ വൈദികപഠനത്തിനായി ചേരുകയും 1847 ഓഗസ്റ്റ് ആറിന് ഗ്രിഗര്‍ ജൊഹാന്‍ മെന്‍ഡല്‍ എന്ന പേരില്‍ വൈദികപട്ടം സ്വീകരിക്കുകയും ചെയ്തു.
സന്ന്യാസജീവിതം തിരഞ്ഞെടുത്തിട്ടും ആത്മീയകാര്യങ്ങളില്‍ ഉത്സാഹം കാട്ടാതിരുന്ന ഗ്രിഗര്‍ അറിവു സമ്പാദിക്കുന്നതിലും ഗാര്‍ഡനിങ്ങിലും പ്രാഗല്ഭ്യം തെളിയിച്ചപ്പോള്‍ ശാസ്ത്രപഠനം ദൈവികതയുടെ പാതയാണെന്നു തിരിച്ചറിവുണ്ടായിരുന്ന അഗസ്റ്റീനിയന്‍ സന്ന്യാസിമാര്‍ മതവും ശാസ്ത്രവും തമ്മില്‍ വൈരുധ്യമില്ലെന്നു കരുതി. 1848 ല്‍ ബെര്‍ണോയിലെ ഒരു ഇടവകയില്‍ വികാരിയായി നിയമിക്കപ്പെട്ടെങ്കിലും ഇടവകക്കാര്‍ സംസാരിക്കുന്ന ചെക്കുഭാഷപോലും അറിയാത്ത ആ യുവവൈദികന്‍ ആ പദവിയില്‍ പരാജയപ്പെടുകയായിരുന്നു. പിന്നീടു നാപ്പിന്റെ ശിപാര്‍ശപ്രകാരം അധ്യാപനത്തിലേക്കു തിരിയാനുള്ള ഉദ്ദേശ്യത്തോടെ മെന്‍ഡല്‍ വിയന്ന യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. 1853 ല്‍ വിയന്നയിലെ ബൗദ്ധികജ്ഞാനസ്‌നാനത്തിനുശേഷം ബെര്‍ണോയില്‍ തിരിച്ചെത്തി അധ്യാപനമാരംഭിച്ച ഗ്രിഗര്‍ പാരമ്പര്യത്തിന്റെ ഘടകങ്ങള്‍ കണ്ടെത്താനുള്ള തന്റെ പ്രധാന പരീക്ഷണങ്ങള്‍ നാപ്പിന്റെ പിന്തുണയോടെ ആശ്രമത്തില്‍ ആരംഭിച്ചു.
പയര്‍ചെടികള്‍ ഉപയോഗിച്ച് എട്ടുവര്‍ഷത്തിലേറെ നീണ്ട അത്യന്തം ദുര്‍ഘടമായ പരീക്ഷണകാലഘട്ടത്തിലൂടെ അതീവക്ഷമയോടെ മെന്‍ഡല്‍ സഞ്ചരിച്ചു. സന്ന്യാസിമഠത്തിന്റെ പിന്നിലെ കൃഷിയിടത്തില്‍ 34 വകഭേദങ്ങള്‍ ഉപയോഗിച്ച് എതിര്‍ഗുണങ്ങളുള്ള ചെടികളെ പരസ്പരം കൃത്രിമപരാഗണത്തിനു വിധേയമാക്കി പതിനായിരക്കണക്കിനു സങ്കരയിനങ്ങള്‍ സൃഷ്ടിച്ചായിരുന്നു പഠനം. 1865 ല്‍ ബെര്‍ണോയിലെ നാച്ചുറല്‍ സയന്‍സ് സൊസൈറ്റിയില്‍ തന്റെ ഗവേഷണഫലങ്ങള്‍ അവതരിപ്പിച്ചെങ്കിലും അവയൊന്നും ആ സദസ്സിനെ തെല്ലും സ്പര്‍ശിച്ചില്ല. താന്‍ കണ്ടെത്തിയ പാരമ്പര്യത്തിന്റെ യൂണിറ്റുകളും ഡാര്‍വിന്റെ പരിണാമവും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെപ്പറ്റി മെന്‍ഡലിനു ധാരണയുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുറിപ്പുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതു പ്രഖ്യാപിക്കാന്‍ അദ്ദേഹം ഒരിക്കല്‍പ്പോലും ശ്രമിച്ചിരുന്നില്ല. 1866 ല്‍ മെന്‍ഡലിന്റെ 44 പേജു വരുന്ന പ്രബന്ധം ഒരു പ്രാദേശികജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും തന്റെ പേപ്പറിന്റെ കോപ്പികള്‍ മെന്‍ഡല്‍ നേരിട്ടു പ്രമുഖശാസ്ത്രജ്ഞര്‍ക്ക് അയയ്ക്കുകയും ചെയ്തു. ഒരുപക്ഷേ, ഡാര്‍വിന്‍ അതു വായിച്ചിരുന്നെങ്കില്‍ മെന്‍ഡലിന്റെ ഗവേഷണം അപ്പോള്‍ത്തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റുമായിരുന്നു. നാപ്പ് മരിച്ചശേഷം സന്ന്യാസിമഠത്തിന്റെ ചുമതലയേറ്റ അദ്ദേഹം 1884 ജനുവരി 6 ന് നിശ്ശബ്ദനായി ഈ ലോകത്തോടു വിടവാങ്ങി.
1866 മുതല്‍ 1900 വരെ വിചിത്രമായ നിശ്ശബ്ദതയില്‍ മുങ്ങിയ ഈ ശാസ്ത്രപ്രതിഭയുടെ ചരിത്രപരമായ സംഭാവനകള്‍ പിന്നീട് മൂന്നു യൂറോപ്യന്‍ ഗവേഷകര്‍ തിരിച്ചറിയുകയായിരുന്നു. പരിണാമസിദ്ധാന്തത്തിന്റെ യഥാര്‍ത്ഥസത്ത മെന്‍ഡലിന്റെ കണ്ടെത്തലിലാണു കുടികൊള്ളുന്നതെന്ന് ക്രമേണ ലോകം അംഗീകരിച്ചു. മെന്‍ഡലിന്റെ സംഭാവനകള്‍ കുഴിച്ചുമൂടപ്പെട്ടത് ഒരുപക്ഷേ, അദ്ദേഹം ഔപചാരികമായി ശാസ്ത്രസ്ഥാപനങ്ങളുടെ ഭാഗമാകാതിരുന്നതുകൊണ്ടോ ഒരു സന്ന്യാസി ആയതുകൊണ്ടോ കാലത്തിനുമുന്നേ സഞ്ചരിച്ചതുകൊണ്ടോ ആയിരിക്കാം. തിരിഞ്ഞൊന്നു നോക്കിയാല്‍, കണ്ണട വച്ച ഒരു കുറിയ മനുഷ്യന്‍ ബെര്‍ണോയിലെ സന്ന്യാസിമഠത്തിന്റെ തോട്ടത്തില്‍ പയര്‍ചെടികളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നത് നമുക്കു മനക്കണ്ണില്‍ കാണാന്‍ കഴിയും. പില്ക്കാലത്ത് ആധുനികഭൗതികശാസ്ത്രത്തിന്റെ സ്ഥാപകനും പിതാവുമായി അംഗീകരിക്കപ്പെട്ട എളിമയുള്ള ക്രിസ്തുശിഷ്യന്‍!