984-മാണ്ട് മകരമാസം ഒന്നാംതീയതി ഒരു സിംഹഗര്‍ജനം ഭാരതം കേട്ടു. ദേശിങ്ങനാട്ടില്‍ നിന്നായിരുന്നു അതെങ്കിലും ഇന്ത്യയെ തളച്ചുകെട്ടിയ ഇംഗ്ലീഷുകാരന്‍ ഒന്നുവിറയ്ക്കുകതന്നെ ചെയ്തു. എന്നാല്‍, പിന്നീട് കുണ്ടറ വിളംബരം എന്ന പേരില്‍ ആ ശബ്ദം ചരിത്രപുസ്തകത്താളുകളിലെ അക്ഷരക്കൂട്ടം മാത്രമായി. ബ്രിട്ടീഷുകാരന്റെ സ്പര്‍ശം സ്വന്തം ശരീരത്തിലുണ്ടാകുംമുമ്പേ ആത്മാഹുതിയിലൂടെ വീരസ്വര്‍ഗം പൂകിയ വേലുത്തമ്പി മലയാളിക്ക് ഒരു പ്രതിമ മാത്രമായി മാറി. ഓര്‍ത്തെടുക്കാന്‍ പ്രയാസമുള്ള പേരുകളിലൊന്ന്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം രാഷ്ട്രം സമുചിതമായി കൊണ്ടാടുമ്പോള്‍ ആവര്‍ത്തിച്ചുകേള്‍ക്കുന്ന മഹത്ത്വമാര്‍ന്ന ഏതാനും പേരുകള്‍ക്കപ്പുറം നമ്മള്‍ മലയാളികള്‍ നിരവധി പേരെ മറന്നുപോകുന്നു.
തിളയ്ക്കുന്ന രാഷ്ട്രസേവനത്തിലൂടെ ജീവത്യാഗവും ജീവിതത്യാഗവും ചെയ്ത മലയാളികളായ സ്വാതന്ത്ര്യസമരവീരര്‍ നമുക്കിന്ന് അന്യരാണ്. ചരിത്രം പഠിക്കാനുപയോഗിക്കുന്ന പാഠപുസ്തകങ്ങളിലൊന്നിലും അവരില്ല. വര്‍ത്തമാനകാലകേരളത്തില്‍ അവരെക്കുറിച്ചു ചര്‍ച്ചകളൊന്നും നടന്നുകാണുന്നുമില്ല.
കുഞ്ഞാലി മരയ്ക്കാര്‍മാരും വീരപഴശ്ശിയും സിനിമയും പുസ്തകവുമായി പുറത്തുവരുന്നത് ആശ്വാസം നല്‍കുന്നു. പ്രസ്തുത മാധ്യമങ്ങളുടെ പ്രത്യക്ഷമായ പൂര്‍ണതയ്ക്കായി ചരിത്രത്തിനു ചില വളവൊടിവുകള്‍ സംഭവിക്കുന്നെങ്കില്‍പ്പോലും ആ പേരുകള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ടല്ലോ, ഭാഗ്യം.
1897 ല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച സര്‍ സി. ശങ്കരന്‍നായര്‍ ആ പദവിയിലെത്തിയ ഏക മലയാളിയെന്ന സ്ഥാനത്തുതന്നെയാണ് ഇന്നും. പക്ഷേ, രാഷ്ട്രീയമായിട്ടെങ്കിലും ആ വലിയ മനുഷ്യനെ പൂജിക്കേണ്ടവര്‍ക്ക് സി. ശങ്കരന്‍ നായര്‍ അത്ര പരിചയമില്ലാത്ത ഒരാളായി മാറിക്കഴിഞ്ഞിട്ടു നാളുകളേറെയായി.
വിദ്യാഭ്യാസത്തിനായി ജര്‍മനിയിലെത്തിയിട്ടും പെറ്റുവീണ മണ്ണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആഹ്വാനം ചെയ്യാനും ആശയപ്രചരണം നടത്താനും 'പ്രോ ഇന്ത്യ' എന്ന പത്രം ആരംഭിച്ച തിരുവനന്തപുരത്തുകാരന്‍ ചെമ്പകരാമന്‍പിള്ളയെ ആരാധനയോടെയോ അല്ലാതെയോ ഓര്‍ക്കുന്നവര്‍ എത്ര പേരുണ്ട്?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വോളന്റിയറായി സേവനം ചെയ്ത് ഉപ്പുസത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലാഹോറിലെ റാവി കടല്‍ത്തീരത്ത് ഉപ്പു വറ്റിച്ച, സൈമണ്‍ കമ്മീഷനെതിരേയുള്ള പ്രകടനത്തില്‍ പങ്കെടുത്തു ലാത്തിയടി ഏറ്റുവാങ്ങിയ, ലാഹോറിലെ മീനാംവാലാ ജയിലില്‍ തൂക്കിലേറ്റാനായി കൊണ്ടുവന്ന ധീരഭഗത്‌സിങ്ങിന് അഭിവാദ്യങ്ങളര്‍പ്പിച്ച കോട്ടയംകാരന്‍ നാരായണന്‍ നായര്‍ എന്ന പണ്ഡിറ്റ് നാരായണദേവിനെ കുടുംബാംഗങ്ങളല്ലാതെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? അദ്ദേഹം ഹിന്ദി അധ്യാപകനായി സേവനമനുഷ്ഠിച്ച കോട്ടയം നഗരപ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ ദേവ്ജിയുടെ ഒരു ചിത്രംപോലും ഇല്ലായെന്ന് എത്ര സങ്കടകരമാണ്!
സ്മരിപ്പിന്‍ ഭാരതീയരേ
നമിപ്പിന്‍ മാതൃഭൂമിയെ
മുലപ്പാല്‍ തന്നൊരമ്മയെ
എന്നാളും ഹാ! മറക്കുമോ?
എന്ന വരികളടക്കം സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങള്‍ക്കു വേഗവും ശക്തിയും സമ്മാനിച്ച കവി കാസര്‍ഗോഡുകാരന്‍ വിദ്വാന്‍ പി. കേളുനായര്‍ ഏതെങ്കിലും പാഠപുസ്തകത്തിലോ ചരിത്രപുസ്തകത്തിലോ ഇടം പിടിച്ചിട്ടുണ്ടോ? സംശയമാണ്.
തടവില്‍ കൊണ്ടുപോയ ഭര്‍ത്താവിനെ ജാമ്യത്തില്‍ വിട്ടുകിട്ടാന്‍ കെട്ടുതാലി ജാമ്യവസ്തുവായി ആവശ്യപ്പെട്ട ഓഫീസറെ ആട്ടിയകറ്റിയ കമലാബായി എന്ന രക്തനക്ഷത്രം എവിടെയോ മറഞ്ഞു പോയിരിക്കുന്നു.
റമളാന്‍ മാസത്തിലെ ഏഴാം ദിവസമായ വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്കും ആറുമണിക്കും മധ്യേ ഞാന്‍ മരിക്കുന്നു എന്നതടക്കം അവസാനത്തെ കത്തിലൂടെ വാപ്പയെയും ഉമ്മയെയും അറിയിച്ച് ബ്രിട്ടീഷുകാരന്റെ കൊലക്കയറിലേക്കു നടന്നുകയറിയ ഐഎന്‍എ സമരഭടന്‍ വക്കം ഖാദറിനെ മറക്കാമോ നമ്മള്‍?
ഐഎന്‍എയുടെ ക്യാപ്റ്റന്‍ പദവിയിലെത്തിയ ഡോ. ലക്ഷ്മി, അതിരുകളും അതിര്‍ത്തികളുമില്ലാത്ത പ്രക്ഷോഭങ്ങളില്‍ കൈമെയ് മറന്നു പോരാടിയ ആനി മസ്‌ക്രീന്‍, അക്കാമ്മ ചെറിയാന്‍, കെ.മാധവന്‍നായര്‍, എന്‍.വി. കുരുക്കള്‍, എന്‍.സി. ശേഖര്‍, സ്വാതന്ത്ര്യസമര വിജയത്തിനായി ആഭരണങ്ങളെല്ലാം സംഭാവന ചെയ്ത കൗമുദി എന്ന കൗമുദി റ്റീച്ചര്‍, ടി.എസ്. തിരുമുമ്പ്, അല്‍ അമീന്‍ പത്രത്തെ ആയുധമാക്കി പോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്ന മുഹമ്മദ് അബ്ദു റഹിമാന്‍ ഇങ്ങനെയിങ്ങനെ എത്രയോപേര്‍ വിസ്മൃതിയിലായിരിക്കുന്നു! നന്ദികേടാണിത്, കടുത്ത നന്ദികേട്.
വാര്‍ത്താമാധ്യമങ്ങളും പ്രസ്ഥാനങ്ങളുമൊക്കെ ഓര്‍ത്തെടുക്കുന്നവര്‍ ചിലരെങ്കിലുമുണ്ടെന്നത് കടുത്ത വേനലിലെ ഉറവതന്നെയാണ്. എങ്കിലും ഭാരതസ്വാതന്ത്ര്യത്തിനു നൂറാണ്ടു തികയുന്നതിനുമുമ്പ് സമഗ്രമായ ഒരു ചരിത്രാന്വേഷണം മലയാളക്കരയില്‍ അവശ്യം ഉണ്ടാകേണ്ടിയിരിക്കുന്നു. കണക്കുപറയാനല്ല, കരളു തുടിക്കുന്ന അഭിമാനത്തെ കരളുറപ്പാക്കാന്‍.