•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ഈ നൊമ്പരങ്ങള്‍ നാളെയുടേതാണ്

ഒക്‌ടോബര്‍ 1 ലോകവയോജനദിനം

ത് ഉണ്ണിയേട്ടന്റെ വീടാണ്. രണ്ടുനില. താഴെ രണ്ടു ബെഡ്‌റൂം. മുകളില്‍ മൂന്നും. ഉണ്ണിയേട്ടനെ കൂടാതെ ഭാര്യ ജോളിയാന്റി മാത്രമേ വീട്ടിലുള്ളൂ. രണ്ടുപേര്‍ക്ക് ഇത്ര വലിയ വീട് എന്തിനാണെന്നു ചോദിക്കരുത്. മൂന്നാണും രണ്ടു പെണ്ണുമുള്‍പ്പെടെ അഞ്ചു മക്കള്‍ വളര്‍ന്നു വലുതായ വീടാണ്. പറക്കാറായപ്പോള്‍ നാലുപേര്‍ കുടുംബസമേതം പറന്നു. അവര്‍ പുറത്താണ്. അഞ്ചാമത്തെ ആള്‍ അകത്തുണ്ട്. എന്നുവച്ചാല്‍, അഴിക്കകത്ത്. മദ്യം, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് അയാളുടെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിന്നാലു കേസുകള്‍ നിലവിലുണ്ട്. ഒന്നിലധികം പ്രതികളുള്ള ആറെണ്ണം വേറെയും. അതിനാല്‍, മേപ്പടിയാന്റെ ബോര്‍ഡിങ്ങും ലോഡ്ജിങ്ങുമെല്ലാം സര്‍ക്കാര് നടത്തിക്കൊള്ളും.                                                                          
ദോഷം പറയരുതല്ലോ, പുറത്തുള്ള മക്കള്‍ നാലുപേരും ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലേക്കു വിളിച്ച് മാതാപിതാക്കളുടെ സുഖദുഃഖങ്ങള്‍ ചോദിച്ചറിയാറുണ്ട്. രണ്ടും മൂന്നും വര്‍ഷംകൂടുമ്പോള്‍ നാട്ടില്‍ വന്ന് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്തിട്ടു തിരിച്ചുപോകും. അതിലുപരി അവരെന്തു ചെയ്യാന്‍? കുടുംബവും കുട്ടികളും ജീവിതപ്രാരബ്ധങ്ങളുമൊക്കെ അവര്‍ക്കുമുണ്ടല്ലോ. പക്ഷേ, ഈ അവസാനനാളുകളില്‍ തങ്ങളെ വെറും ആക്രികളായി തഴഞ്ഞിട്ടിരിക്കുന്നതില്‍ ആ മാതാപിതാക്കള്‍ക്ക് അതിയായ മനപ്രയാസവും ആശാഭംഗവുമുണ്ട്. ജീവിതത്തിന്റെ സായന്തനത്തില്‍ താങ്ങും തണലുമായി അടുത്തുണ്ടാകുമെന്നു കരുതിയവര്‍ നോക്കെത്താദൂരത്തിരുന്ന് നടത്തുന്ന ക്ഷേമാന്വേഷണങ്ങളോ വല്ലപ്പോഴുമുള്ള സന്ദര്‍ശനങ്ങളോകൊണ്ട് ഈ മാതാപിതാക്കള്‍ തൃപ്തരാകുകയില്ലല്ലോ. ഉണ്ണിയേട്ടനു ജോളിയാന്റിയും ജോളിയാന്റിക്ക് ഉണ്ണിയേട്ടനും മാത്രമാണു സഹായമുള്ളത്. എണ്‍പതു കഴിഞ്ഞ ഉണ്ണിയേട്ടന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ശേഷി നന്നേ കുറഞ്ഞിരിക്കുന്നു. കൈകളും കാലുകളും മടക്കാനും നിവര്‍ക്കാനും പറ്റുന്നില്ല. സന്ധികളില്‍ അസഹ്യമായ വേദനയുണ്ട്. കുഴമ്പും തൈലവും മറ്റും പുരട്ടിയും തടവിയും കഴിയുന്നു. അതിനെക്കാള്‍ കഷ്ടമാണ് ജോളിയാന്റിയുടെ അവസ്ഥ. അതുകൊണ്ടുതന്നെ രണ്ടാം നിലയിലേക്ക് ആരും കയറാറേയില്ല. കിടപ്പുമുറികളൊക്കെ പൊടിയും മാറാലയും പിടിച്ചു കിടപ്പുണ്ടാവും. ഭിത്തികള്‍ അപ്പാടെ നിറം മങ്ങി മുഷിഞ്ഞിരിക്കുന്നു. കുറച്ചുമാസങ്ങള്‍ക്കുമുമ്പുവരെ അടിച്ചുവാരാനും അടുക്കളയില്‍ എന്തെങ്കിലുമൊക്കെ സഹായിക്കാനുമായി അയലത്തുള്ള ഒരു സ്ത്രീ വരുമായിരുന്നു. ഗള്‍ഫിലുള്ള ഒരു മലയാളിക്കുടുംബത്തിലെ കുട്ടികളെ നോക്കാന്‍ അവര്‍ നാടു വിട്ടതോടെ ആ സഹായം നിലച്ചു. എഴുപത്തെട്ടുകാരിയായ ജോളിയാന്റി വിറയ്ക്കുന്ന കൈകള്‍കൊണ്ട് എന്തെങ്കിലും പാകം ചെയ്യും. ചിലപ്പോള്‍ പഞ്ചസാരയ്ക്കു പകരം ഉപ്പിടും. തിളയ്ക്കുന്ന എണ്ണയില്‍ കടുകിനുപകരം ചായപ്പൊടി  ഇട്ടെന്നു വരാം. കൈയിലിരിക്കുന്ന ഒരു വസ്തു തേടി അടുക്കളയാകെ പലവട്ടം ചുറ്റിനടന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.                 
കുറച്ചു റബറുള്ളത് ടാപ്പു ചെയ്യാനും പറമ്പു നോക്കാനും കടയില്‍ പോകാനും മറ്റുമായി ഉണ്ണിയേട്ടനും ഒരു സഹായി ഉണ്ടായിരുന്നു. ഒരു അറബിയുടെ സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ് മാനായി അയാള്‍ സൗദിക്കു പോയി. ടാപ്പുചെയ്യാന്‍ ആളില്ല. തെങ്ങില്‍ കയറാന്‍ ആളില്ല. മണ്ണില്‍ വേല ചെയ്യാനാരുമില്ല. ഭൂമി വില്ക്കാനുണ്ട്; വാങ്ങാനാളില്ല. വല്ലാത്ത സ്ഥിതിവിശേഷം. ഉണ്ണിയേട്ടന്‍ തപ്പിയും തടഞ്ഞും വിളിച്ചുപറഞ്ഞാല്‍ പലചരക്കുകച്ചവടക്കാരന്‍ സാധനങ്ങള്‍ കൊടുത്തയയ്ക്കും. പത്തു കിലോ കുത്തരി 1500 രൂപ. മറ്റു സാധനങ്ങള്‍ക്ക് അതിനനുസരിച്ച് പൊള്ളുന്ന വില. ഒരു കിലോമീറ്ററില്‍താഴെയുള്ള ദൂരത്തിന് ഓട്ടോക്കൂലി 300 രൂപ.
നമ്മുടെ നാട് അഭിമുഖീകരിക്കാന്‍പോകുന്ന അത്യന്തം ഭീകരമായ ദുരവസ്ഥയുടെ ചിത്രമാണ് വയോവൃദ്ധരായ ദമ്പതികള്‍ മാത്രമുള്ള ഉണ്ണിയേട്ടന്റെ വീട് ചൂണ്ടിക്കാണിച്ചത്. ഇതുപോലുള്ള പതിനായിരക്കണക്കിനു ഭവനങ്ങള്‍ നാട്ടിലങ്ങോളമിങ്ങോളം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ഉണ്ണിയേട്ടന്റെ ഭാഷയില്‍ ആക്രികള്‍ മാത്രമുള്ള വീട്. അവസാനനാളുകളില്‍ ഒരു തുണയാകുമെന്നാശിച്ച് വളര്‍ത്തിയെടുത്ത മക്കള്‍ ഇങ്ങനെ നാടുവിടാന്‍ എന്താണു കാരണം? പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാല്‍ പിന്നെ ഇവിടെ പിടിച്ചുനില്ക്കാന്‍ കൗമാരക്കാര്‍ക്കു താത്പര്യമില്ല. കൂടുതല്‍ വിദ്യാഭ്യാസം നേടി പുറത്തുവന്നവരുടെ കാര്യവും വിഭിന്നമല്ല. സ്ഥിരമായ ഒരു തൊഴിലും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും അത്രമേല്‍ ഉറപ്പുള്ളവരൊഴികെ മറ്റാരും ഇവിടെ നില്ക്കുന്നില്ല. കാരണം, ചെറുപ്പംമുതല്‍ അവര്‍ കണ്ടറിഞ്ഞ നാടിനോടും നാടിന്റെ രീതികളോടും അവര്‍ക്കു പുച്ഛമാണ്. ഇവിടത്തെ സാമൂഹികപശ്ചാത്തലവും രാഷ്ട്രീയമറിമായങ്ങളും അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. അശാന്തിയുടെ കരിമേഘങ്ങളാണെവിടെയും. അക്രമം നടത്തുന്ന വക്രബുദ്ധികള്‍ നാടുവാഴുന്നു. അടിപിടിയുടെ പൊടിപടലങ്ങള്‍കൊണ്ടു നാടു നിറയുന്നു. അപകടങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും നാള്‍ക്കുനാള്‍ ഏറിവരുന്നു. പെണ്‍വാണിഭക്കാരും മയക്കുമരുന്നുലോബിയും ധനമോഹികളും രാഷ്ട്രീയകുതന്ത്രക്കാരും ചേര്‍ന്ന് ധാര്‍മികതയ്ക്ക് ശവക്കുഴി വെട്ടുന്നു. ഇങ്ങനെയുള്ള അന്തരീക്ഷത്തില്‍നിന്നു കഴിയുന്നത്ര വേഗത്തില്‍ രക്ഷപ്പെടാന്‍ സമാധാനജീവിതം കാംക്ഷിക്കുന്നവര്‍ ശ്രമിച്ചാല്‍ അവരെ കുറ്റം പറയാനാവില്ലല്ലോ. അവരുടെ ഇടയിലേക്കാണ് മോഹങ്ങളെ ഉദ്ദീപിപ്പിക്കാന്‍ പര്യാപ്തമാകുന്ന പൊടിപ്പും തൊങ്ങലും വച്ചുകെട്ടി സമൂഹമാധ്യമങ്ങളില്‍ തലങ്ങും വിലങ്ങും വര്‍ണപ്പകിട്ടുള്ള പരസ്യങ്ങളുടെ കുത്തൊഴുക്ക്. ഇഷ്ടപ്പെട്ട വിദേശരാജ്യങ്ങളില്‍ പഠിക്കാനും ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനും ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍. എന്തു വില കൊടുത്തും അങ്ങോട്ടു കുടിയേറാനുള്ള തത്രപ്പാടാണ് പിന്നീട്. ഒടുവില്‍ ആ ശ്രമം വിജയിക്കുന്നു. അവര്‍ വിമാനം കയറുന്നു. ശബ്ദവും ചലനവും ഇല്ലെന്നായ വീട്ടില്‍ ഉണ്ണിയേട്ടന്മാരും ജോളിയാന്റിമാരും മാത്രം ബാക്കി. അവരുടെ നൊമ്പരങ്ങളും നിസ്സഹായതയും ഗദ്ഗദങ്ങളായി ആകാശങ്ങളില്‍ അലിഞ്ഞുചേരുന്നു. രണ്ടില്‍ ഒരാളെ ദൈവം തിരിച്ചുവിളിച്ചാല്‍ അവശേഷിക്കുന്നത് പരിതാപകരമായ ദീനതയുടെ ജീവനുള്ള മനുഷ്യക്കോലം മാത്രമാണല്ലോ. അതിഭീകരവും ഭീഷണവുമായ ഈ അവസ്ഥയ്ക്ക് പ്രതിവിധി ഒന്നേയുള്ളു. വിദേശരാജ്യങ്ങളിലേതിനു തുല്യമായ പഠനസൗകര്യങ്ങള്‍ ഇവിടെ ഉണ്ടാകണം. സമാധാനജീവിതത്തിനുതകുന്ന വിധത്തില്‍ കപടതകളില്ലാത്ത സാമൂഹികാന്തരീക്ഷം സംജാതമാകുകയും വേണം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)