യാത്രകള്‍ക്കു പല മാനങ്ങളുണ്ടാകും. കാഴ്ചകള്‍ തേടിപ്പോകുന്നവര്‍, ചരിത്രം തേടിപ്പോകുന്നവര്‍, ഷോപ്പിങ് ആരാധകര്‍... പലവഴികളില്‍ക്കൂടിയാണെങ്കിലും, രുചികള്‍ ഒരു പ്രധാനഘടകമാണ്. നല്ല ഭക്ഷണം ലഭ്യമാകുന്ന സ്ഥലങ്ങള്‍ ആളുകള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിക്കഴിഞ്ഞു. അതുപോലെതന്നെ പ്രാധാന്യമുള്ളതാണ് പ്രാദേശികസൂചികകള്‍. ടൂറിസവുമായി ഏറെ അടുത്തുനില്‍ക്കുന്ന ഈ സൂചികകളാണ് ദേശചരിത്രം കാത്തുസൂക്ഷിക്കുന്നതും വിളിച്ചുപറയുന്നതും.
പല ദേശങ്ങളും അത്തരത്തില്‍ ചരിത്രത്തില്‍ ഇടംപിടിക്കുകയും അതിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്തുവരുന്നു.
കേരളത്തിന്റെ പൈതൃകബിംബങ്ങളില്‍ ഒന്നായ ആറന്മുളക്കണ്ണാടി മേല്പറഞ്ഞവയിലൊന്നാണ്. ആറന്മുള എന്ന കുട്ടനാടന്‍ ഗ്രാമത്തില്‍ നിര്‍മിച്ചുവരുന്ന വാല്‍ക്കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. ഇന്ത്യയിലെ പ്രാദേശസൂചികബഹുമതി ലഭിച്ചിട്ടുള്ള കേരളീയ ഇനങ്ങളില്‍ ഒന്നാമതാണ് ആറന്മുളക്കണ്ണാടി.   ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലും ആറന്മുളക്കണ്ണാടി സ്ഥാനം പിടിച്ചിട്ടുണ്ട്. വിദേശികളെ  ആകര്‍ഷിക്കുന്ന ഒരു ആന്റിക് ഐറ്റമാണിത്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൊണ്ട് പ്രാദേശികസൂചികയില്‍ ഇടംപിടിച്ചിട്ടുള്ള ഒരു ഉത്പന്നമാണ് മട്ട. ചുവന്നനിറത്തോടുകൂടിയ ഈ  അരി പല  തരത്തിലുണ്ട്. കേരളത്തിന്റെ കാര്‍ഷികജില്ലകൂടിയായ  പാലക്കാട്ടാണ് ഈ അരി കൂടുതലായി കൃഷി ചെയ്യുന്നത്. കാര്‍ഷിക ജലസേചനത്തിനുവേണ്ടി ഏറെ അണക്കെട്ടുകളുള്ള പാലക്കാടു ജില്ലയിലെ മലമ്പുഴ അണക്കെട്ട് വിനോദസഞ്ചാരികളുടെ പ്രധാന  സങ്കേതം  കൂടിയാണ്. സഹ്യപര്‍വതത്തിന്റെ മനോഹാരിത വിളിച്ചോതുന്ന ഈ അണക്കെട്ടിന്റെ പരിസരത്ത് കാനായി കുഞ്ഞിരാമന്‍ ഒറ്റക്കല്ലില്‍ പണിതുവച്ചിരിക്കുന്ന പ്രശസ്തമായ യക്ഷി എന്ന ശില്പസൗന്ദര്യം സഞ്ചാരികളെ എന്നും ക്ഷണിക്കുന്ന വന്യസൗന്ദര്യമാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനവിഭവങ്ങള്‍ ലഭ്യമാകുന്ന  സ്ഥലമാണ് അട്ടപ്പാടി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്ത് സൈലന്റ് വാലി ദേശീയോദ്യാനത്തിനടുത്തുള്ള മലയോരമേഖലയാണ് അട്ടപ്പാടി. ആദിവാസി ഗോത്രസമൂഹത്തിന്റെ  തനത് നാടന്‍പാട്ടിലൂടെ ദേശീയ പുരസ്‌കാരം നേടിയ നഞ്ചമ്മയുടെ നാട്. ഗോത്രസമൂഹത്തിന്റെ കലയും കരകൗശലമികവും എടുത്തുപറയേണ്ടതാണ്. സഞ്ചാരികളുടെ ശ്രദ്ധനേടിയ അട്ടപ്പാടി പ്രകൃതിമനോഹരമായൊരു ഇടമാണ്. സഞ്ചാരികള്‍ക്കായി നിരവധി ഹോംസ്റ്റേകളും റിസോര്‍ട്ടുകളും ഉയര്‍ന്നുകഴിഞ്ഞു. അട്ടപ്പാടിയെ കേരള  സര്‍ക്കാര്‍ മില്ലെറ്റ് ഗ്രാമം എന്ന പേരുനല്‍കി ആദരിച്ചിട്ടുണ്ട്.
ടൂറിസവും വ്യവസായവും കൂടിച്ചേര്‍ന്ന മില്ലറ്റ് ഗ്രാമം കേരളത്തിന് ആരോഗ്യകരമായ നാടന്‍രുചികള്‍ പരിചയപ്പെടുത്തുന്നുണ്ട്. കൈതയോലകൊണ്ടും മുളകൊണ്ടുമുള്ള കരകൗശലവസ്തുക്കള്‍ ഇവിടത്തെ ശ്രദ്ധനേടിക്കൊടുക്കുന്ന ഉത്പന്നങ്ങളാണ്. ഇവിടെ ലഭിക്കുന്ന മുളയരി  ഏറെ പ്രസിദ്ധമാണ്.
പ്രകൃതിസൗന്ദര്യം കൊണ്ടും കാലാവസ്ഥകൊണ്ടും ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു സ്ഥലമാണ് മൂന്നാര്‍. ഇടുക്കി ജില്ലയുടെ റാണി എന്നുവേണമെങ്കില്‍ പറയാം. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞികള്‍ കാണുന്നത് മൂന്നാറിലും പരിസരപ്രദേശങ്ങളിലുമാണ്. ഏകദേശം  ഒരു മാസത്തോളം വിരിഞ്ഞുനില്‍ക്കുന്ന പൂക്കള്‍ നിറഞ്ഞ മലമേടുകള്‍ കാണാന്‍ സഞ്ചാരികളുടെ ഒരൊഴുക്കുതന്നെ സീസണുകളില്‍ ഉണ്ടാവാറുണ്ട്. 
അതുപോലെതന്നെ, മറയൂരിലെ  ശര്‍ക്കര ഏറെ പ്രസിദ്ധമാണ്. കരിമ്പ്, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയ  പച്ചക്കറികള്‍ കൃഷിചെയ്യുന്ന സ്ഥലങ്ങളായ വട്ടവട, കാന്തല്ലൂര്‍, ചിന്നാര്‍ കടുവസങ്കേതം തുടങ്ങി ഇടുക്കി ജില്ല മഞ്ഞും തണുപ്പും തേയിലത്തോട്ടങ്ങളും ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ ഇവിടെ സഞ്ചാരികള്‍ക്കു ലഭ്യമാണ്.
2018 ലെ പ്രളയത്തില്‍ നശിച്ചുപോയ ചേന്ദമംഗലം കൈത്തറി യൂണിറ്റുകളിലെ ചേറില്‍ മുങ്ങിയ കൈത്തറിമുണ്ടുകള്‍ പിന്നീട് ചേക്കുട്ടിപ്പാവകളായി പ്രശസ്തി നേടി വിറ്റഴിഞ്ഞുപോയി. ചേന്ദമംഗലം എന്ന ഗ്രാമത്തെ ദേശാന്തരപ്രശസ്തമാക്കിയത് കൈത്തറിവ്യാപാരമാണ്. അതുപോലെതന്നെ കുത്താമ്പുള്ളി, ബാലരാമപുരം തുടങ്ങിയ കൈത്തറിഗ്രാമങ്ങള്‍ സഞ്ചാരികളെ  ആകര്‍ഷിച്ചുവരുന്നുണ്ട്. നെയ്ത്തുഗ്രാമങ്ങള്‍ കാണാനും, ഇഷ്ടവസ്ത്രങ്ങള്‍ നേരിട്ടു വാങ്ങാനും ആളുകള്‍ എത്തുന്നു.
ആഭരണങ്ങളില്‍ പയ്യന്നുര്‍ പവിത്രമോതിരം ഏറെ പ്രശസ്തമാണ്. പയ്യന്നൂര്‍ ദേശത്തിന് പ്രാദേശികസൂചികയില്‍ ഇടംനേടിക്കൊടുത്ത ഒരു ആഭരണമാണിത്.
ഓരോരോ ദേശങ്ങളെ ചൂണ്ടിക്കാണിക്കുന്ന ഉത്പന്നങ്ങളും വിഭവങ്ങളും ഇനിയും അനവധിയാണ്. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന്റെ തനതുസംസ്‌കാരവും കീര്‍ത്തിയും ലോകമെങ്ങും വ്യാപിപ്പിക്കുന്നതില്‍ സഞ്ചാരികളുടെ പങ്ക് എടുത്തു പറയേണ്ടതാണ്.
							
 ഹണി സുധീര്‍
                    
									
									
									
									
									
                    