•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

മലയാളത്തില്‍ സിവില്‍ സര്‍വീസ് : വഴിതെളിച്ച് ജോബിന്‍ എസ്. കൊട്ടാരം

അഭിമുഖം

1964 മുതല്‍ ഐ.എ.എസ്./ ഐ.പി.എസ്. തുടങ്ങിയ ഉന്നത പദവികളിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷ മലയാളത്തിലെഴുതുവാനുള്ള സൗകര്യം ലഭ്യമായിരുന്നു. 
എന്നാല്‍, സിവില്‍ സര്‍വീസ് പരീക്ഷ മലയാളത്തിലെഴുതാനുള്ള സ്റ്റഡി മെറ്റീരിയല്‍സോ പുസ്തകങ്ങളോ ലഭ്യമായിരുന്നില്ല. ഈ ഘട്ടത്തിലാണ് നീണ്ട പത്തു വര്‍ഷത്തെ ശ്രമഫലമായി ജോബിന്‍ എസ്. കൊട്ടാരം എന്ന ചെറുപ്പക്കാരന്‍ സിവില്‍ സര്‍വീസ് പരീക്ഷ മുഴുവനും മലയാളത്തിലെഴുതാനുള്ള ഇരുപത്തിയഞ്ചോളം പുസ്തകങ്ങള്‍ രചിച്ച് മലയാളഭാഷയുടെ സാധ്യതകള്‍ ഐ.എ.എസ്. പരീക്ഷയിലും ഉപയോഗിക്കാമെന്നു തെളിയിച്ചത്.
ഇംഗ്ലീഷ്‌സാഹിത്യത്തില്‍ ബിരുദവും മാനേജ്‌മെന്റിലും സൈക്കോളജിയിലും ബിരുദാനന്തരബിരുദവുമുള്ള ജോബിന്‍ എസ്. കൊട്ടാരം തികച്ചും യാദൃച്ഛികമായല്ല മലയാളഭാഷയ്ക്കു വേണ്ടിയുള്ള തന്റെ ഒറ്റയാള്‍ പോരാട്ടം ആരംഭിച്ചത്. 
2011 ല്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയും മെയിന്‍ പരീക്ഷയും പാസ്സായി ഡല്‍ഹിയിലെ യു.പി.എസ്.സി. ആസ്ഥാനത്ത് സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിനായി ചെന്ന ജോബിന്റെ മനസ്സില്‍ നിറഞ്ഞുനിന്നത് സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയായിരുന്നു.  കേവലം രണ്ടു മാര്‍ക്കിന് സിവില്‍ സര്‍വീസ് എന്ന സ്വപ്നം നഷ്ടമായപ്പോഴും തന്റെ ജീവിതലക്ഷ്യത്തില്‍നിന്നു പിന്‍വാങ്ങാന്‍ ഈ ചെറുപ്പക്കാരന്‍ തയ്യാറായില്ല. അങ്ങനെയാണ് സിവില്‍ സര്‍വീസ് പരിശീലനരംഗത്തേക്കു കടക്കുന്നത്.
ഒരു അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ത്ഥികളുമായി ഇടപഴകിയപ്പോള്‍ മനസ്സിലാക്കിയ ഒരു കാര്യം, പല കുട്ടികള്‍ക്കൂം ഇംഗ്ലീഷില്‍ ഉത്തരമെഴുതുന്നതിനെക്കാള്‍ നന്നായി മലയാളത്തില്‍ ഉത്തരമെഴുതുവാന്‍ സാധിക്കും എന്നതായിരുന്നു. ഗ്രാമീണമേഖലയില്‍നിന്നു വരുന്ന പല മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് അറിയാമെങ്കിലും ഡല്‍ഹിയിലെയോ മുംബൈയിലെയോ മികച്ച കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുമായി മത്സരിക്കുന്നതിനുള്ള നിലവാരം ഇല്ല എന്ന തിരിച്ചറിവും മലയാളത്തില്‍ നിലവാരമുള്ള പുസ്തകങ്ങള്‍ എഴുതുന്നതിന് ജോബിന്‍ എസ്. കൊട്ടാരത്തിനു പ്രചോദകമായി ഭവിച്ചു.
വ്യത്യസ്തഭാഷകളും സംസ്‌കാരങ്ങളുമുള്ള ഒരു രാജ്യത്ത് വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇവിടുത്തെ പൗരന്മാര്‍ക്ക് തുല്യനീതി ലഭ്യമാകണമെന്ന കാഴ്ചപ്പാട് നമ്മുടെ ഭരണഘടനാവിദഗ്ധര്‍ക്കുണ്ടായിരുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മലയാളമടക്കമുള്ള 22 പ്രാദേശികഭാഷകളില്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതാമായിരുന്നു എന്നാല്‍, കഴിഞ്ഞ അമ്പതു വര്‍ഷത്തില്‍പ്പരമായി അതിനുവേണ്ടി സര്‍ക്കാര്‍തലത്തില്‍പ്പോലും യാതൊരുവിധ നടപടികളും ഇല്ലാതിരിക്കെയാണ് ജോബിന്‍ എസ്. കൊട്ടാരം അസാധ്യമെന്നു കരുതിയിരുന്ന ഒരു കാര്യം സാധ്യമാക്കി നിരവധി സാധാരണക്കാരുടെ സ്വപ്നങ്ങള്‍ക്കു കരുത്തുപകര്‍ന്നത്.
മലയാളഭാഷയോടുള്ള താത്പര്യംകൊണ്ട് മലയാളസാഹിത്യത്തിലും ജോബിന്‍ ബിരുദാനന്തരബിരുദം നേടി.
പുസ്തകങ്ങള്‍ എഴുതിയതിനൊപ്പംതന്നെ മലയാളത്തിലും ഇംഗ്ലീഷിലും സിവില്‍ സര്‍വീസ് പരിശീലനം നല്കുന്നതിനായി അബ്‌സൊല്യൂട്ട് എന്ന ഐ.എ.എസ്. അക്കാദമിക്കും ഇദ്ദേഹം രൂപം നല്‍കി. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യമായി സിവില്‍ സര്‍വീസ് പരിശീലനം നല്കുന്നതിനായി 'ചിത്രശലഭം' എന്ന ഒരു പ്രൊജക്ടും ജോബിന്‍ ആരംഭിച്ചു. ഈ പദ്ധതിയിലെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികള്‍ മെയിന്‍ പരീക്ഷയെഴുതി റിസള്‍ട്ട് കാത്തിരിക്കുകയാണിപ്പോള്‍. മലയാളത്തിനുവേണ്ടി ഒറ്റയാള്‍പോരാട്ടം നടത്തുന്ന ജോബിന്‍ എസ്. കൊട്ടാരം ദീപനാളത്തിനുവേണ്ടി മനസ്സുതുറക്കുന്നു.
 മലയാളത്തിനുവേണ്ടി ഇത്ര വീറോടെ വാദിക്കുന്നതിനുള്ള കാരണമെന്താണ്? 
ലോകത്തില്‍ ഏറ്റവുമധികം കണ്ടുപിടിത്തങ്ങള്‍  നടക്കുന്ന ജര്‍മനി, ജപ്പാന്‍, സൗത്ത് കൊറിയ, റഷ്യ, ചൈന, സ്‌കാന്‍ഡി നേവിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഉന്നതവിദ്യാഭ്യാസം നടക്കുന്നതു മാതൃഭാഷയിലാണ്. ഒരു വ്യക്തി മാതൃഭാഷയില്‍ പഠിക്കുമ്പോള്‍ മറ്റൊരു ഭാഷയില്‍ പഠിക്കുന്നതിന്റെ ആറിലൊന്നു പ്രയത്‌നം മാത്രം മതി എന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഇംഗ്ലീഷ്മീഡിയത്തില്‍ പഠിക്കുന്നത് 6% കുട്ടികള്‍ മാത്രമാണ്. വലിയ പാരമ്പര്യമുള്ള ഭാഷയാണ് മലയാളം. ഭാഷയുടെ സാധ്യതകള്‍ കൃത്യമായി വിനിയോഗിച്ചാല്‍ത്തന്നെ ഉന്നത മത്സരപ്പരീക്ഷകളിലും മറ്റും വിജയിച്ച് ജീവിതവിജയം നേടാന്‍ നമ്മുടെ ചെറുപ്പക്കാര്‍ക്കാകും. പക്ഷേ, അതിനുവേണ്ടി വാദിക്കുന്നവര്‍ വളരെ വിരളമാണ്. മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഞാനും. ഇതൊക്കെ മലയാളത്തിനുവേണ്ടി പോരാടാന്‍ എനിക്ക് ഊര്‍ജം പകരുന്നുണ്ട്.
 സിവില്‍ സര്‍വീസ് പരീക്ഷ മലയാളത്തിലെഴുതാം, അഭിമുഖവും മലയാളത്തില്‍ നടത്താം. പക്ഷേ, ചോദ്യപ്പേപ്പറുകള്‍ ഇന്നും മലയാളത്തില്‍ ലഭ്യമല്ല. ഇതൊരു പോരായ്മയല്ലേ?
തീര്‍ച്ചയായും. ഭരണഘടനയുടെ എട്ടാംപട്ടികയിലുള്ള 22 ഭാഷകളിലും സിവില്‍ സര്‍വീസ് പരീക്ഷയെഴുതാമെന്നിരിക്കേ, ചോദ്യപ്പേപ്പറുകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം തയ്യാറാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളുടെ ലംഘനമാണ്. ഇതിനെതിരേ കേരള സര്‍ക്കാരും കേരളത്തില്‍നിന്നുള്ള എം.പിമാരും പ്രതികരിക്കണം.  മറ്റു സംസ്ഥാനങ്ങളിലെ എം.പി.മാരുടെ പിന്തുണയും ഇതിനു തീര്‍ച്ചയായും ലഭിക്കും.
 പുതിയ പദ്ധതികളെന്തൊക്കെയാണ്?
സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്ക് കറന്റ് അഫയേഴ്‌സ് മലയാളത്തില്‍ ലഭ്യമാക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുകയാണ്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യമായി സിവില്‍ സര്‍വീസ് പരിശീലനം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കിയ ചിത്രശലഭം പദ്ധതി കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്കു വ്യാപിപ്പിക്കും. ഇന്ത്യയിലെ 22 പ്രാദേശികഭാഷകളിലും സിവില്‍ സര്‍വീസ് പരിശീലനം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്തുണ നല്കുക എന്ന ലക്ഷ്യവും ഇപ്പോള്‍ മുമ്പിലുണ്ട്.
 മാതൃഭാഷയില്‍ സിവില്‍ സര്‍വീസ് എഴുതിയാല്‍ മികച്ച റാങ്ക് ലഭിക്കുമോ?
2013 ലെ സിവില്‍ സര്‍വീസ് പരീക്ഷ തമിഴിലെഴുതി അഖിലേന്ത്യാതലത്തില്‍ നാല്പത്തിയഞ്ചാം റാങ്ക് നേടിയ വി.പി. ജയശീലന്‍ പറയുന്നതു കേള്‍ക്കുക: ''ഞാന്‍ തമിഴിലാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്. ഇത് തമിഴിന്റെ വിജയമാണ്. മാതൃഭാഷയില്‍ പഠിക്കണമെന്ന ആവശ്യത്തിന്റെ ശക്തമായ വക്താവാണു ഞാന്‍. സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ വിജയത്തിന് ഭാഷ ഒരു തടസ്സമല്ല.'' തമിഴ്‌നാട്ടില്‍നിന്ന് ഇംഗ്ലീഷില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളെ പിന്നിലാക്കി ആ വര്‍ഷം സ്റ്റേറ്റ് ടോപ്പറായതും ജയശീലനായിരുന്നു.
നാഗാലാന്‍ഡില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് അലി ഷിഹാബ്, ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനും പാലാ സ്വദേശിയുമായ ജ്യോതിസ് മോഹന്‍, ഇന്ത്യന്‍ റയില്‍വേ പേഴ്‌സണല്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ലിപിന്‍ രാജ്, ഇന്ത്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ മിഥുന്‍ തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ മലയാളത്തില്‍ മെയിന്‍ പരീക്ഷയെഴുതി സിവില്‍ സര്‍വീസ് നേടിയവരാണ്. മാതൃഭാഷയില്‍ പരീക്ഷയെഴുതിയാല്‍ മികച്ച് റാങ്ക് കിട്ടില്ല എന്ന വാദത്തില്‍ കഴമ്പില്ല എന്ന് ഈ ഉദാഹരണങ്ങളൊക്കെ സൂചിപ്പിക്കുന്നു.
 ഭാഷാവജ്ഞ മലയാളികളില്‍ കൂടുതലാണോ? 
ആറായിരത്തോളം ഭാഷകള്‍ക്കു വംശനാശം സംഭവിക്കുന്നു എന്ന തിരിച്ചറിവില്‍ യുനെസ്‌കോ ലോകമെമ്പാടുമുള്ള മാതൃഭാഷകളുടെ സംരക്ഷണത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണിപ്പോള്‍. യുനെസ്‌കോയുടെ ഡയറക്ടര്‍ ജനറലായിരുന്ന കൊയ്ചീറോ മത്സുര പറഞ്ഞത്, നമ്മുടെ അമ്മമാരില്‍നിന്നു നാം പഠിക്കുന്ന ഭാഷയാണ് നമ്മുടെ മാതൃഭാഷയെന്നും അതില്‍ നാം അഭിമാനിക്കണമെന്നുമാണ്.
എന്നാല്‍, മലയാളിക്ക് മലയാളത്തോട് പലപ്പോഴും പുച്ഛമാണ്. ജീവസന്ധാരണത്തിനുവേണ്ടി വിദേശരാജ്യങ്ങളിലെ തൊഴിലിനെ ആശ്രയിക്കേണ്ടിവരുന്നത് മലയാളിയില്‍ ഒരു അപകര്‍ഷതാബോധം ഉണ്ടാക്കുന്നുണ്ട്. ഇതിനു മാറ്റമുണ്ടാകണം. ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റിലാണ്  ഞാന്‍ എന്റെ പി.എച്ച്.ഡി. ചെയ്തത്. തമിഴ്‌നാട്ടിലെ ഭാരതിയാര്‍ സര്‍വകലാശാലയില്‍ ഗവേഷണപ്രബന്ധം സമര്‍പ്പിക്കുന്ന വേളയില്‍ തീസിസിന്റെ പുറത്ത് തമിഴിലും പേരെഴുതേണ്ടതായി വന്നു. തമിഴ് ഭാഷയില്‍ പി.എച്ച്.ഡി. തീസിസ് സമര്‍പ്പിക്കുവാനുള്ള സൗകര്യവും അവിടെ ലഭ്യമാണ്. ഭാഷയുടെ ഉപയോഗവും സാധ്യതയും വര്‍ദ്ധിക്കുമ്പോള്‍ മാത്രമേ ഭാഷ വളരുകയുള്ളൂ. എങ്കില്‍, മാത്രമേ ഭാഷയോടുള്ള അവജ്ഞയും മാറുകയുള്ളൂ.
 കുടുംബത്തെക്കുറിച്ച്?
ജര്‍മന്‍ പൗരത്വമുള്ള ക്രിസ്റ്റിയാണ് ഭാര്യ. മകന്‍ എയ്ഡനും ജര്‍മന്‍പൗരത്വമാണുള്ളത്. ചങ്ങനാശേരി ഇത്തിത്താനത്താണ് ഇപ്പോള്‍ താമസിക്കുന്നത്. സഹോദരന്‍ ഡോ. സെബിന്‍ എസ്. കൊട്ടാരം കേരളത്തിലെ അറിയപ്പെടുന്ന സൈക്കോളജിസ്റ്റും എഴുത്തുകാരനുമാണ്.
കാത്തലിക് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റുകൂടിയായ ജോബിന്‍ എസ്. കൊട്ടാരം ഭാഷാ - സാംസ്‌കാരികമേഖലകളിലെ തന്റെ ഇടപെടലുകളുമായി മലയാളഭാഷയ്ക്കു വേണ്ടിയുള്ള തന്റെ പോരാട്ടം തുടരുകയാണ്. തന്റെ രണ്ടാമത്തെ പിഎച്ച്.ഡി. മലയാളസാഹിത്യത്തില്‍ ചെയ്യണമെന്നാണ് ജോബിന്‍ എസ്. കൊട്ടാരത്തിന്റെ ആഗ്രഹം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)