മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനയുടെ 103-ാം ഭേദഗതിക്ക് സുപ്രീം കോടതിയുടെ സാധുത ലഭിച്ചിരിക്കുകയാണ്. മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണം നല്‍കാനുള്ള നരസിംഹറാവുസര്‍ക്കാരിന്റെ തീരുമാനത്തെ ഭരണഘടനാവിരുദ്ധമെന്നു വിശേഷിപ്പിച്ചുകൊണ്ട് 1992 നവംബറില്‍ സുപ്രീംകോടതി അസാധുവാക്കുകയാണുണ്ടായത്. വീണ്ടും 30 വര്‍ഷത്തിനുശേഷം ആ വിധിയെത്തന്നെ അസ്ഥിരപ്പെടുത്തിക്കൊണ്ട് പുതിയ വിധിയുമായി ഇപ്പോള്‍ സുപ്രീംകോടതി രംഗത്തുവന്നതിനെ ചരിത്രപരം എന്നുതന്നെ വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.
പ്രസക്തമായ വിയോജിപ്പുകള്‍
സാമ്പത്തികസംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഭൂരിപക്ഷവിധിയില്‍ വിയോജിപ്പു രേഖപ്പെടുത്തിക്കൊണ്ട് നല്‍കിയ ന്യൂനപക്ഷവിധിയിലെ നിരീക്ഷണങ്ങളും സംവരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വളരെ പ്രസക്തമാണ്. രാജ്യത്തെ സംവരണ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരേണ്ട സമയമാണെന്ന ശക്തമായ നിരീക്ഷണത്തോടെയാണ് ജസ്റ്റീസ് എസ് രവീന്ദ്രഭട്ട് വിയോജനം എഴുതിയിരിക്കുന്നത്. സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് യു.യു. ലളിത്തന്നെ ഈ ന്യൂനപക്ഷവിധിയെ പിന്തുണച്ചു എന്ന പ്രാധാന്യവും ഈ വിധിയിലുണ്ട്.
ചരിത്രം തിരുത്തിയ വിധി
1992 ല്‍ ഇന്ദിരാ സാഹ്നി കേസില്‍ സാമ്പത്തികസംവരണത്തിനു ഭരണഘടനാസാധുത നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞത് പ്രധാന
മായും രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഭരണഘടനയിലെ 15, 16 അനുച്ഛേദങ്ങളില്‍ സംവരണവുമായി ബന്ധപ്പെട്ടു പരാമര്‍ശിക്കുന്നത് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെയാണെന്നും, അല്ലാതെ സാമ്പത്തികമാനദണ്ഡത്തെ അടിസ്ഥാനമാക്കിയല്ല എന്നുമാണ് രണ്ടാമതായി, രാജ്യത്തു സംവരണത്തിന്റെ ആകെ ശതമാനം 50 ല്‍ കൂടാന്‍ പാടില്ലെന്ന നിലപാടും അന്ന് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ചരിത്രപ്രസിദ്ധമായ കേശവാനന്ദ ഭാരതി ക്കേസിലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികസംവരണം ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്‍ക്ക് എതിരാണെന്ന നിലപാടായിരുന്നു അന്ന് സുപ്രീംകോടതി സ്വീകരിച്ചത്.
2019 ജനുവരിയില്‍ പാര്‍ലമെന്റ് ഭരണഘടനയുടെ 103-ാം ഭേദഗതി പാസാക്കിയപ്പോള്‍ സ്വാഭാവികമായും സംവരണത്തെ എതിര്‍ത്തവര്‍ സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. 1992 ലെ സുപ്രീംകോടതിവിധി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സംവരണവിരുദ്ധസംഘടനയായ യൂത്ത് ഫോര്‍ ഇക്വാളിറ്റി, എന്‍ജിഒ ആയ ജന്‍ഹിത് അഭിയാന്‍ തുടങ്ങിയ നാല്പതോളം സംഘടനകള്‍ 103-ാം ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി നല്‍കിയവരുടെ വാദങ്ങളില്‍ പ്രഥമദൃഷ്ട്യാ സാധുതയുണ്ട് എന്നുകണ്ടാണ് അന്ന് ഭരണഘടനാ ബഞ്ച് അഞ്ച് അംഗങ്ങള്‍ അടങ്ങിയ വിശാല ഭരണഘടനാബഞ്ചിനു കേസ് റഫര്‍ ചെയ്തത്. അതിനുശേഷം വളരെ ശക്തമായ വാദപ്രതിവാദങ്ങളാണ് സാമ്പത്തികസംവരണത്തിന് അനുകൂലമായും എതിരായും ഉണ്ടായത്. തുടര്‍ച്ചയായി ഏഴു ദിവസങ്ങളില്‍ വാദം കേട്ടാണ് സുപ്രീംകോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്ന വിധിയിലേക്ക് എത്തിയിരിക്കുന്നത്. സാമ്പത്തികസംവരണത്തെ എതിര്‍ക്കുന്നവര്‍ റിവ്യൂ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നാണു പറഞ്ഞിരിക്കുന്നത്. ഇത് സാമ്പത്തികസംവരണവുമായി ബന്ധപ്പെട്ട തുടര്‍ച്ചര്‍ച്ചകളിലേക്കും വിധിന്യായങ്ങളിലേക്കും കടക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.
സംവരണം : അനന്തമായ ചര്‍ച്ചകള്‍
ഭരണഘടനാനിര്‍മാണസഭയിലെ ചര്‍ച്ചകള്‍മുതല്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളില്‍ ഇന്ത്യയില്‍ വളരെ സജീവമായ ഒരു ചര്‍ച്ചാവിഷയമാണ് സംവരണവുമായി ബന്ധപ്പെട്ടുള്ളത്. സാമ്പത്തികസംവരണം എന്ന ആവശ്യം ഭരണഘടനയുടെ രൂപവത്കരണകാലംമുതല്‍തന്നെ സജീവമായി നിലവിലുള്ള ഒന്നാണ്. എന്നാല്‍, ഭരണഘടന രൂപവത്കരിക്കപ്പെട്ടപ്പോള്‍ പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കു മാത്രമാണ് സംവരണം വ്യവസ്ഥ ചെയ്തിരുന്നത്. ചരിത്രപരമായ അനീതികള്‍ ഈ വിഭാഗങ്ങളോട് ഉണ്ടായിട്ടുണ്ടെന്നും അതിനു പരിഹാരമെന്നത് സംവരണമാണെന്നും ശക്തമായ വാദം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഈ രണ്ടു വിഭാഗങ്ങള്‍ക്കും സംവരണം വ്യവസ്ഥ ചെയ്തിരുന്നത്. പത്തുവര്‍ഷം എന്ന സമയപരിധിയും ഈ സംവരണത്തിനു നിശ്ചയിച്ചിരുന്നു. പക്ഷേ, ഓരോ പത്തുവര്‍ഷം കൂടുമ്പോഴും ഈ സംവരണകാലയളവ് മുന്നോട്ടു നീട്ടിക്കൊണ്ടു പോവുകയാണ് ഉണ്ടായത്. ഇതിനെത്തുടര്‍ന്നാണ് മറ്റു പിന്നാക്കവിഭാഗങ്ങള്‍ക്കും സംവരണം വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. ഈ ആവശ്യം ശക്തമായതിനെത്തുടര്‍ന്ന് ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷനെ നിയോഗിക്കുകയാണുണ്ടായത്.
നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനു കമ്മീഷന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഏതൊക്കെയാണ് പിന്നാക്കവിഭാഗങ്ങള്‍ എന്നു കണ്ടെത്തുന്നതിന് ആവശ്യമായിട്ടുള്ള വിവരങ്ങളുടെ അഭാവമായിരുന്നു. അവസാനം ബ്രിട്ടീഷ് ഭരണകാലത്തു നടന്ന ജാതിവിവരശേഖരണത്തെ അടിസ്ഥാനമാക്കി അന്ന് പിന്നാക്കവിഭാഗങ്ങള്‍ എന്ന് ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ എല്ലാവര്‍ക്കും സംവരണം ശിപാര്‍ശ ചെയ്തുകൊണ്ട് റിപ്പോര്‍ട്ട് നല്‍കുകയാണ് മണ്ഡല്‍ കമ്മീഷന്‍ ചെയ്തത്. കാലഹരണപ്പെട്ടുപോയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നാക്കസംവരണം ശിപാര്‍ശ ചെയ്ത മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരേ അന്നുതന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍നിന്ന് ഇന്ദിരാ ഗാന്ധിസര്‍ക്കാര്‍ പിന്‍വാങ്ങുകയാണു ചെയ്തത്. വീണ്ടും 1980 കളുടെ അവസാനം മന്ദിര്‍ രാഷ്ട്രീയം ശക്തിപ്പെടുത്തിക്കൊണ്ട് ബിജെപിയും സംഘപരിവാറും മുന്നോട്ടുവന്നപ്പോള്‍ അതിനെ തടയിടാന്‍ വി.പി. സിംഗ് സര്‍ക്കാരാണ് അപ്രതീക്ഷിതമായി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരേ വലിയ പ്രതിഷേധമായിരുന്നു രാജ്യമെമ്പാടും ഉണ്ടായത്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നാക്കവിഭാഗങ്ങളെക്കൂടി വിശ്വാസത്തില്‍ എടുക്കുന്നതിനുവേണ്ടിയാണ് തുടര്‍ന്നുവന്ന നരസിംഹറാവുസര്‍ക്കാര്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം നല്‍കാന്‍ തീരുമാനിച്ചത്. പിന്നാക്കസംവരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളുടെ ഭാഗമായി മുന്നാക്കസമുദായങ്ങള്‍ക്കുള്ള സാമ്പത്തികസംവരണവും സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വരികയും പിന്നാക്കസംവരണത്തിന് ഭരണഘടനാസാധുത നല്‍കിയ ഇന്ദിരാ സാഹ്നി കേസില്‍ സാമ്പത്തികസംവരണം ഭരണഘടനാവിരുദ്ധമാണെന്നുകണ്ട് കോടതി റദ്ദാക്കുകയും ചെയ്തു. വീണ്ടും 2019 ലാണ് സാമ്പത്തികസംവരണത്തിന് അനുകൂലമായ ഭരണഘടനാഭേദഗതി പാര്‍ലമെന്റ് പാസാക്കുന്നതും അത് വീണ്ടും കോടതിയുടെ പരിഗണനയ്ക്കു വരികയും ചെയ്യുന്നത്.
പ്രതീക്ഷ നല്‍കുന്ന വിധി
പുരോഗമനപരമായി ചിന്തിക്കുന്ന ഒരു സമൂഹത്തില്‍ എല്ലാത്തരം വിഭാഗീയമായ ചിന്തകള്‍ക്കും മുകളിലേക്ക് രാഷ്ട്രം ഉയരേണ്ടിയിരിക്കുന്നു. ജാതീയമായ അസമത്വങ്ങള്‍ക്കു മുകളിലായി യഥാര്‍ഥ അസമത്വം സാമ്പത്തികമാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജാതി അടിസ്ഥാനമായിട്ടുള്ള സംവരണങ്ങള്‍ വീണ്ടും വീണ്ടും ജാതി എന്ന യാഥാര്‍ഥ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ജാതീയമായിട്ടുള്ള വേര്‍തിരിവുകള്‍ ദൃഢമാക്കുന്നതിനും മാത്രമേ കാരണമാവുകയുള്ളൂ. സാമ്പത്തികസംവരണത്തെ അനുകൂലിക്കുന്നവരെല്ലാം ചൂണ്ടിക്കാണിക്കുന്ന വസ്തുതയും ഇതുതന്നെയാണ്. സാമ്പത്തികസംവരണത്തെ എതിര്‍ത്തുകൊണ്ട് ന്യൂനപക്ഷ വിധിവാചകം എഴുതിയ ജസ്റ്റിസ് എസ് രവീന്ദ്രഭട്ടും അതിനെ പിന്തുണച്ച ചീഫ് ജസ്റ്റിസ് യു.യു ലളിതും ചൂണ്ടിക്കാണിച്ചത് ജാതീയമായ സംവരണം ഇനിയും എത്രകാലം നമുക്കു മുന്‍പോട്ടു പോകാന്‍ കഴിയുമെന്നും ഇതില്‍നിന്നു മാറിച്ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവല്ലോ എന്നുമാണ്. സാമ്പത്തികസംവരണത്തിനു മാനദണ്ഡമാക്കി ജാതിയെത്തന്നെ നിര്‍വചിച്ചതിനെയാണ് ഇവര്‍ രണ്ടുപേരും എതിര്‍ക്കുന്നത്. സാമ്പത്തികസംവരണം എന്ന പുരോഗമനകാഴ്ചപ്പാടിലേക്കു പരിഷ്‌കൃതസമൂഹവും നീതിപീഠങ്ങളും എത്തുമ്പോഴും ജാതി എന്ന യാഥാര്‍ഥ്യത്തെ തുടച്ചുമാറ്റാന്‍ നമുക്കു കഴിയുന്നില്ല എന്നത് അത്യന്തം ദുഃഖകരമാണ്. എങ്കിലും ജാതി രഹിത-വര്‍ഗരഹിതസമൂഹത്തിലേക്കും ജാതികേന്ദ്രീകരണത്തിനപ്പുറം വ്യക്തികേന്ദ്രീകരണത്തിലേക്കും നയിക്കുന്ന ധീരമായ ഒരു ചുവടുവയ്പ്പാകട്ടെ സുപ്രീംകോടതിയുടെ വിധി എന്നു പ്രതീക്ഷിക്കാം.