പാലാ കമ്യൂണിക്കേഷന്‍സിന്റെ പുതിയ നാടകം ''അകം പുറം'' അരങ്ങിലേക്ക്
പാലാ കമ്യൂണിക്കേഷന്‍സിന്റെ പുതിയ നാടകം അനീതിയുടെ രഥമുരുട്ടി ശീലിച്ചറപ്പു മാറിയവര്‍ അധികാരകേന്ദ്രങ്ങളില്‍ മെയ്‌വഴക്കത്തോടെ കൂട്ടുകൂടി പിടിമുറുക്കുമ്പോള്‍ നീതിമാന്റെ നിലവിളികള്‍ പലപ്പോഴും നിശ്ശബ്ദമായിപ്പോകുന്നു. നിശ്ശബ്ദമാക്കപ്പെടുന്ന ഇത്തരം ഒരുപാടു നിലവിളികള്‍ക്കു മുകളില്‍ക്കയറിനിന്നുകൊണ്ടാണ് മനുഷ്യത്വത്തിന്റെയും സമത്വസുന്ദരലോകത്തിന്റെയും വശ്യമായ പുറംകാഴ്ചകളുടെ ''ബിനാലെകള്‍'' അധികാരവര്‍ഗം എക്കാലത്തും തീര്‍ത്തിട്ടുള്ളത്. അകവും പുറവും തമ്മിലുള്ള ഈ വൈരുധ്യത്തിന്റെ സംഘര്‍ഷങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന നാടകമാണ് പാലാ കമ്യൂണിക്കേഷന്‍സിനുവേണ്ടി മുഹാദ് വെമ്പായം രചന നിര്‍വഹിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്ത''അകം പുറം''
കുറ്റകൃത്യങ്ങള്‍ പെരുകുന്നു എന്നതിനെക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട കുടുംബാന്തരീക്ഷവുമുണ്ടെന്നു നാം കരുതുന്ന ഇടങ്ങളില്‍നിന്നുപോലും ഏറ്റവും ഭയാനകമായ വാര്‍ത്തകള്‍ അനുദിനം കേള്‍ക്കേണ്ടിവരുന്നു എന്നതാണു നമ്മെ ആശങ്കപ്പെടുത്തുന്ന വര്‍ത്തമാനകാലയാഥാര്‍ഥ്യങ്ങളിലൊന്ന്.
മനുഷ്യരെയും ബന്ധങ്ങളെയും കുടുംബങ്ങളെയും വ്യവസ്ഥിതികളെയും ചുറ്റിപ്പറ്റി നാം കാണുന്ന പുറമല്ല യഥാര്‍ഥ അകം.
സ്വന്തമായി ശരി തീര്‍ക്കുന്ന, സ്വന്തമായി വിധി നടപ്പാക്കുന്ന മൂല്യബോധത്തിന്റെ ഇഴയടുപ്പമില്ലാത്ത, സന്തോഷങ്ങളുടെയും വിജയങ്ങളുടെയും പട്ടുകുപ്പായമിട്ടുതുള്ളുന്ന തുച്ഛനിമിഷങ്ങള്‍ക്കപ്പുറം കാത്തിരിക്കുന്ന ദുരന്താഗ്നിയിലേക്കു ചെന്നുവീഴുന്ന വീണ്ടുവിചാരമില്ലാത്ത മനുഷ്യരെ അകത്തേക്കു നോക്കാന്‍, മനഃസാക്ഷിയുടെ പിടച്ചിലറിയാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ നാടകത്തിന്റെ പ്രസക്തി.
'ഇനി ഉമ്മയെ കാണാന്‍ ജീവിതം ജയിച്ചിട്ടേ റാഫി വരൂ' എന്നു പള്ളിപ്പറമ്പിലെ കുഴിമാടത്തിനുമുന്നില്‍ മീസാന്‍കല്ലില്‍ തൊട്ടു പ്രതിജ്ഞ ചെയ്തിട്ട് റാഫി എന്ന കഥാപാത്രമിറങ്ങുന്നത് മനഃസാക്ഷിയും ധാര്‍മികതയും മൂല്യബോധവും പണയപ്പെടുത്തിയ, കാപട്യവും കളങ്കവും മാത്രം കൈമുതലായ ഒരു രാഷ്ട്രീയജീവിതത്തിലേക്കാണ്. അരക്ഷിതവും അശിക്ഷിതവുമായ ബാല്യമാണ് ഇത്തരമൊരു മാനസികാവസ്ഥയിലേക്കയാളെ എത്തിക്കുന്നത്. വാപ്പ മരിച്ചതോടെ അനാഥമായ കുടുംബം, പട്ടിണികിടന്ന് വയറു പഴുത്തു മരിച്ച അനിയത്തിക്കുട്ടി, 'പോത്തിനുവയ്ക്കുന്ന കാടീടെ കൂടെ ഇടംകൈകൊണ്ടെറിയുന്ന പഴഞ്ചോറ് പഞ്ചാമൃതംപോല' കഴിച്ചും പോത്തുകളുടെ ചവിട്ടേറ്റും കന്നാലിപ്പെരയില്‍ കിടന്നുറങ്ങിയും മൂന്നരക്കൊല്ലം അടിമപ്പണി ചെയ്തതിനു പ്രതിഫലമായി മംഗലാപുരത്തെ മാമ നല്കിയ നൂറ്റമ്പതുരൂപ, എല്ലുമുറിയെ പണിയെടുത്തു സമ്പാദിച്ചതിന്റെ അഭിമാനവും സന്തോഷവും ഉമ്മയുമായി പങ്കിടാന്‍ ബിരിയാണിപ്പൊതിയുമായി വീട്ടിലെത്തുമ്പോള്‍ തൊണ്ടയില്‍ അര്‍ബുദം വന്നു വെള്ളമല്ലാത്തതൊന്നും ഇറക്കാന്‍ കഴിയാതെ കിടക്കുന്ന ഉമ്മയുടെ നിസ്സഹായത... ഈ ഓര്‍മകളുടെ തീയാണ് റാഫി മടച്ചേരി എന്ന നെറികെട്ട രാഷ്ട്രീയനേതാവിന്റെ വളര്‍ച്ചയിലേക്കുള്ള ഊര്‍ജമായി അയാളില്‍ എപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നത്. മാമായുടെ മകളെ വിവാഹം ചെയ്തു സമ്പന്നനാകുന്നതും അതേ സമ്പത്ത് രാഷ്ട്രീയത്തില്‍ മൂലധനമായി ഇറക്കി അണികളെ സൃഷ്ടിച്ചും നിയമപാലകരെ കൈയിലെടുത്തും തടസ്സമാകുന്നവരെ ഉന്മൂലനം ചെയ്തും എം.എല്‍.എ. സ്ഥാനത്തിന്റെ പടിവാതില്‍വരെ അയാളെത്തുന്നതും അതൃപ്തവും ആത്മബന്ധമന്യമായതുമായ ദാമ്പത്യത്തിന്റെ വിരസതയില്‍നിന്നു രക്ഷപ്പെടാന്‍ അയാളുടെ ജീവിതത്തില്‍ മറ്റൊരു പെണ്ണു കടന്നുവരുന്നതും ആ ബന്ധം പുറംലോകമറിയുന്ന ഘട്ടത്തില്‍ അയാളുടെ കൈകളാല്‍ അവള്‍ കൊല്ലപ്പെടുന്നതും തുടര്‍ന്ന്, അതില്‍നിന്നു രക്ഷപ്പെടാന്‍ അയാള്‍ നടത്തുന്ന ശ്രമങ്ങളുമാണ് നാടകത്തിലെ സംഘര്‍ഷാത്മകമായ തലങ്ങളിലൊന്ന്. ബുദ്ധിയെ, ചിന്തകളെ, ഭാവനകളെ, ഊര്‍ജത്തെ ശരിയായി ഉപയോഗിക്കാന്‍ ശീലിപ്പിക്കപ്പെട്ട ഒരു ബാല്യമുണ്ടായിരുന്നെങ്കില്‍, അര്‍ഹമായ നീതിയും സ്‌നേഹവും പരിഗണനയും നല്കുന്ന വ്യവസ്ഥിതിയുണ്ടായിരുന്നെങ്കില്‍ റാഫി മടച്ചേരി എന്ന പ്രതിനായകനില്‍ കാലം ഒരു യഥാര്‍ഥനായകന്റെ മുഖം ചേര്‍ത്തുവയ്ക്കുമായിരുന്നു. മ്യൂച്വല്‍ ട്രാന്‍സാക്ഷന്റെയും മ്യൂച്വല്‍ ട്രസ്റ്റിന്റെയും കലയായും തോറ്റു തുലഞ്ഞുനില്ക്കുമ്പോഴും തോറ്റില്ലെന്ന് അവനവനെയും സമൂഹത്തെയും തോന്നിപ്പിക്കുന്ന കളിയായും രാഷ്ട്രീയത്തെ നിര്‍വചിച്ച് മാര്‍ഗമേതെന്നു നോക്കാതെ ലക്ഷ്യത്തിലേക്കു കുതിക്കുന്ന റാഫിയുടെ ജീവിതദുരന്തംതന്നെയാണ് നാടകത്തിന്റെ കേന്ദ്രപ്രമേയം.
നവോത്ഥാനസമരങ്ങളുടെയും സംഭവങ്ങളുടെയും നവോത്ഥാനനായകരുടെയും കൃതികളുടെയും ചരിത്രത്തില്‍ നാഴികക്കല്ലുകളായി മാറിയ വിളംബരങ്ങളുടെയും ശതാബ്ദിയാഘോഷങ്ങള്‍ കേരളം കെങ്കേമമായി കൊണ്ടാടുമ്പോഴും അകത്തൊളിപ്പിച്ചുവച്ചിരിക്കുന്ന ജാതിപ്പിശാചിന്റെ അട്ടഹാസങ്ങള്‍ ഇപ്പോഴും നമുക്കിടയില്‍ കേള്‍ക്കാം. പുറമേ നോക്കുമ്പോള്‍ മാത്രം സാംസ്‌കാരികപുരോഗതി നേടി എന്നു തോന്നിക്കുന്ന ഒരു സമൂഹം മാത്രമായി നാം ചുരുങ്ങുകയാണോ എന്ന ചോദ്യം കാഞ്ചനയെന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ മുന്‍നിറുത്തി 'അകവും പുറവും' ഉന്നയിക്കുന്നു. നായകകഥാപാത്രമായ ശാന്തന്റെ സഹോദരിയാണ് കാഞ്ചന. സ്‌നേഹിച്ച പുരുഷനൊപ്പം മൂന്നു മാസമേ ഒന്നിച്ചുജീവിക്കാന്‍ അവള്‍ക്കു കഴിഞ്ഞുള്ളൂ. മകന്‍ താഴ്ന്ന ജാതിയില്‍പ്പെട്ട ഒരുവളെ കല്യാണം കഴിച്ചതിന്റെ മാനക്കേടകറ്റാന്‍ അവനെ കൊന്നുതള്ളുന്ന മാതാപിതാക്കള്‍ ഈ നാടകത്തിന്റെ അകത്തു മാത്രമല്ല പുറത്തും നമുക്കു പരിചിതരാണ്.
'സ്വന്തം മക്കളെ അവത്തുങ്ങടെ സന്തോഷത്തിനു ജീവിക്കാന്‍ വിട്ടാ മാനക്കേട്... കൊല്ലണത് അന്തസ്സ്. അതിന്റെ പേരില്‍ ജയിലില്‍ കിടക്കണത് അതിലും വലിയ അന്തസ്സ്' എന്ന് അമ്പൂട്ടിയാശാന്‍ പറയുന്നത് ദുരഭിമാനക്കൊലകള്‍ സാധാരണ വാര്‍ത്തകളായി മാറുന്ന വര്‍ത്തമാനകാലത്തെ നോക്കിയാണ്. 'പൂച്ചയെ കട്ടിലിലും പന്നിയെ കാട്ടത്തിലും വളത്തണപോലെ' ജാതി നോക്കി മനുഷ്യന്‍ മനുഷ്യനെ ഇനം തിരിച്ചു നിറുത്തുന്ന ഏര്‍പ്പാടില്‍ ജാതിയെന്ന 'വെഷത്തിന്റെ പവറ്' കാണാമെന്നു പറഞ്ഞ് അമ്പൂട്ടിയാശാന്‍ നിഷ്‌കളങ്കമായി ചിരിക്കുന്നതിന്റെ മുന കൊള്ളുന്നത് അകത്തു നാമൊളിപ്പിച്ചുവച്ചിരിക്കുന്ന ജാതിബോധത്തിന്റെ കണ്ണിലാണ്.
ശാന്തനും കാഞ്ചനയും അവരുടെ അമ്മ കാത്തയും അമ്മാവന്‍ അമ്പൂട്ടിയും ചേര്‍ന്നു സൃഷ്ടിക്കുന്ന ചെറുചിരികളുടെയും പരിഭവങ്ങളുടെയും നിമിഷങ്ങള്‍ ഹൃദ്യമാണ്. എത്ര വഴക്കടിച്ചാലും പിണങ്ങിയാലും ''മൂത്തോനേ' എന്ന കാത്തയുടെ സ്‌നേഹനിര്‍ഭരമായ വിളിയില്‍ അമ്പൂട്ടിയുടെ എല്ലാ അരിശങ്ങളും അലിഞ്ഞുപോകുന്നു. അകാലവൈധവ്യത്തിന്റെ നിസ്സഹായതയില്‍ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുമായി തിരിച്ചെത്തിയ ഉടപ്പിറന്നോള്‍ക്ക് അമ്പൂട്ടി അഭയമാകുന്നതും അതിന്റെ പേരില്‍ ഭാര്യ പിണങ്ങിപ്പോകുന്നതും നാടകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പണത്തിന്റെയും മണ്ണിന്റെയും പൊന്നിന്റെയും പങ്കുനോക്കി ബന്ധങ്ങളെ തള്ളാനും കൊള്ളാനുമുള്ള കൗശലത്തിലേക്കെത്തുന്നതിനെയാണോ നാം 'വളര്‍ച്ച' എന്നു വിളിക്കുന്നത്? അങ്ങനെയെങ്കില്‍ ആ വളര്‍ച്ചയുടെ പടവുകളേറാന്‍ മിടുക്കില്ലാത്ത മനുഷ്യരാണ് കുടുംബങ്ങളില്‍ ഇന്നവശേഷിക്കുന്ന 'അവസാന നന്മകളുടെ കൂട്ടിരിപ്പുകാര്‍' എന്ന് 'അകവും പുറവും' ഓര്‍മിപ്പിക്കുന്നു. 'ഒറ്റവയറിന്റെ പങ്കുപറ്റി കെടന്നതല്ലേ ഞങ്ങള്‍' എന്ന കാത്തയുടെ ചോദ്യം മുഴങ്ങേണ്ടത് നമ്മുടെ വീടുകള്‍ക്കു പുറത്തല്ല, അകത്താണ്.
കാഞ്ചനയും ശാന്തനും അമ്പൂട്ടിയും കൂട്ടുകാരും ചേര്‍ന്നുനടത്തുന്ന പുലിയാട്ടമെന്ന കലാവിഷ്‌കാരം നാടകത്തിനു വ്യത്യസ്തമായ ദൃശ്യാനുഭൂതി നല്കുന്നു. ചെണ്ടയും ബാന്റ്ഡ്രമ്മും വയലിനും നാടന്‍പാട്ടും നൃത്തച്ചുവടുകളും സമന്വയിക്കുന്ന ഫ്യൂഷന്‍ മെഗാഷോയുടെ അവതരണത്തിനിടയില്‍ ഉത്സവപ്പറമ്പില്‍ കലാപമുണ്ടാകുന്നതും ശാന്തന്‍ റാഫിയുടെയും അയാളുടെ കിങ്കരനായ പോലീസുദ്യോഗസ്ഥന്റെയും പിടിയിലകപ്പെടുന്നതും റാഫി ചെയ്ത കൊലക്കുറ്റം ശാന്തനില്‍ ചുമത്തപ്പെടുന്നതുംമുതലാണ് നിയമത്തെയും നിയമപാലകരെയും നീതിന്യായവ്യവസ്ഥിതിയെയും സംബന്ധിച്ച പ്രസക്തമായ ചോദ്യങ്ങള്‍ നാടകത്തിലുയരുന്നത്. ജനാധിപത്യം പുലരുന്ന രാജ്യത്ത് നിയമത്തെയും കോടതികളെയും അസാധുവാക്കുന്ന തരത്തിലുള്ള മാധ്യമവിചാരണകളെയും 'സ്‌പോട്ടി'ല്‍ പ്രതികളെ വെടിവച്ചുകൊല്ലുന്ന ഏറ്റുമുട്ടല്‍ നാടകങ്ങള്‍ക്കു നേതൃത്വം നല്കുന്ന പോലീസുദ്യോഗസ്ഥര്‍ക്കു സമൂഹം നല്കുന്ന കൈയടികളെയും നീതിയുടെ പക്ഷത്തുനിന്ന് 'അകവും പുറവും' ചോദ്യം ചെയ്യുന്നുണ്ട്.
'പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയോടു വരേണ്യസമൂഹം വച്ചുപുലര്‍ത്തുന്ന മുന്‍വിധികള്‍ തിരിച്ചറിയപ്പെടുകയും അനുഭവിപ്പിക്കുകയും ചെയ്യുന്ന മറ്റൊന്നും ഈ ലോകത്തിലില്ല' എന്ന ചാള്‍സ് ഡിക്കന്‍സിന്റെ വാക്കുകളാണ് 'ദ ഐഡിയ ഓഫ് ജസ്റ്റീസ്' എന്ന ഗ്രന്ഥത്തിന്റെ ആമുഖമായി നോബല്‍ സമ്മാനജേതാവായ അമര്‍ത്യാസെന്‍ നല്കിയിരിക്കുന്നത്. ഇതുതന്നെയാണ് ഈ നാടകം നിര്‍വഹിക്കുന്ന ധര്‍മവും. പുറത്തെ അനീതികളിലേക്കു നോക്കി മുഷ്ടി ചുരുട്ടാന്‍ മാത്രമല്ല, അകത്തേക്കു നോക്കി അവനവനോടു നീതി പുലര്‍ത്തുന്നുണ്ടോ എന്ന് ആത്മശോധന നടത്താന്‍കൂടിയാണ് 'അകവും പുറവും' അതിന്റെ പ്രേക്ഷകരെ ക്ഷണിക്കുന്നത്. 'അകം പുറം' അരങ്ങിലേക്ക്