മലയാളഭാഷയുടെ ഏറ്റവും വലിയ സവിശേഷത, അതിന്റെ അക്ഷരസമ്പത്താണ്. അക്ഷരസമ്പത്തുകൊണ്ട് ഇത്രയും ധന്യമായ പത്തു ഭാഷകള്‍പോലും ലോകത്തിലില്ല. അതുപോലെതന്നെ, ഉച്ചാരണസ്വനങ്ങള്‍ എഴുതിക്കാണിക്കാന്‍ തക്ക ലിപിവ്യവസ്ഥയുള്ള ലോകഭാഷകള്‍ വളരെ വിരളമാണ്. മലയാളം അക്ഷരോച്ചാരകഭാഷയാണ്. അതായത്, എഴുതുന്നതുപോലെ വായിക്കുന്ന ഭാഷ! അതുകൊണ്ട് സ്‌പെല്ലിങ് എന്ന പൊല്ലാപ്പ് ഈ ഭാഷയ്ക്കില്ല! മലയാളികള്‍ ആവേശത്തോടെ ആശ്ലേഷിക്കുന്ന ഇംഗ്ലീഷിന് അക്ഷരമില്ല, വര്‍ണമേയുള്ളൂ എന്നോര്‍ക്കണം. ഉച്ചാരണക്ഷമമായ വര്‍ണമാണ് അക്ഷരം. ഇംഗ്ലീഷിന്റെ 26 വര്‍ണങ്ങള്‍ പഠിച്ചതുകൊണ്ടുമാത്രം ഇംഗ്ലീഷ് വായിക്കാനാവില്ല. ങഛഠഒഋഞ എന്നെഴുതിയിട്ട്, ആ ലിപികള്‍മാത്രം പറഞ്ഞാല്‍ 'മദര്‍' എന്നു വായിക്കാനാവുമോ? അവിടെ എഴുത്ത് ഒന്ന്, ഉച്ചാരണം മറ്റൊന്ന്. മലയാളത്തില്‍ ''തല'' എന്നെഴുതിയാല്‍ വായിക്കുന്നത് 'തല' എന്നുതന്നെയാണല്ലോ. അര്‍ഥവും 'തല' എന്നുതന്നെ. സ്‌പെല്ലിങ്ങും ഉച്ചാരണവും അര്‍ഥവും എല്ലാം അതിലുണ്ട്. ഇതു വിരല്‍ചൂണ്ടുന്നത് അക്ഷരപഠനത്തിന്റെ പ്രാധാന്യത്തിലേക്കാണ്.
വൈദേശികസാക്ഷ്യങ്ങള്‍
അഞ്ഞൂറിലധികം വര്‍ഷംമുമ്പ് കേരളത്തില്‍ അക്ഷരപഠനമുണ്ടായിരുന്നു എന്നതിനു ചരിത്രസാക്ഷ്യമുണ്ട്. വിദേശമിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ 15-ാം നൂറ്റാണ്ടുമുതല്‍ ഇവിടെ സാക്ഷരസമൂഹം രൂപപ്പെടുന്നതിനു നിമിത്തമായി എന്ന് കാതലീന്‍ ഗഫിനെപ്പോലുള്ള ചരിത്രഗവേഷകര്‍ രേഖപ്പെടുത്തുന്നുണ്ട്. ബര്‍ത്തലോമിയ എന്ന കര്‍മലീത്താമിഷനറി 'വോയിസ് റ്റു ഈസ്റ്റ് ഇന്‍ഡീസ്' (Voice to East Indies) എന്ന കൃതിയില്‍ (1796 - Rome) നിലത്തെഴുത്തുപഠനത്തിന്റെ രീതികള്‍ വിവരിക്കുന്നുണ്ട.് കുട്ടികള്‍ അര്‍ദ്ധനഗ്നരായി വൃക്ഷച്ഛായയില്‍ ഇരിക്കുകയും മുന്നില്‍ വിരിച്ച മണലില്‍ വലതുകൈയുടെ ചൂണ്ടുവിരല്‍കൊണ്ട് അക്ഷരങ്ങള്‍ എഴുതുകയും ഇടതുകൈകൊണ്ടു മായ്ക്കുകയും വീണ്ടും എഴുതുകയും ചെയ്യുന്നു. ആശാന്‍ കുട്ടികള്‍ക്കഭിമുഖമായി നിന്നുകൊണ്ട് അക്ഷരങ്ങള്‍ പരിശോധിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യും. ലോകത്തിലെതന്നെ ഏറ്റവും ചെലവുകുറഞ്ഞ വിദ്യാദാനപ്രക്രിയയാണിത് എന്നാണു ബര്‍ത്തലോമിയായുടെ നിരീക്ഷണം. 17-ാം നൂറ്റാണ്ടില്‍ ഡച്ച് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ന്യൂഹോംഫ് പറയുന്നത്, കൈയക്ഷരകലയില്‍ കേരളീയരെ അതിശയിക്കാന്‍ യൂറോപ്യന്‍ ജനതയ്ക്കും കഴിയില്ല എന്നാണ്. 1790 ല്‍ അലക്‌സാണ്ടര്‍ വര്‍ക്കര്‍ (Alexander worker)എന്ന ഇംഗ്ലീഷ് പടനായകന്‍ എഴുതിയ കുറിപ്പില്‍ കുട്ടികളുടെ എഴുത്തിലും വായനയിലും ആശങ്കാകുലരായിരുന്ന രക്ഷാകര്‍ത്താക്കളെപ്പറ്റിയുള്ള പരാമര്‍ശമുണ്ട് (ഇ. ശ്രീജിത്ത്, മാതൃഭൂമി 2021 നവംബര്‍ 15). 18-ാം നൂറ്റാണ്ടിലെ മൊത്തം ജനസംഖ്യയില്‍ ഏതാണ്ട് 50 ശതമാനം പുരുഷന്മാരും 25 ശതമാനം സ്ത്രീകളും എഴുത്തും വായനയും അറിയാവുന്നവരായിരുന്നെന്ന് ജാക്ക് ഗൂഡി എഡിറ്റു ചെയ്ത 'ലിറ്ററസി ഇന്‍ ട്രഡീഷണല്‍ സൊസൈറ്റീസ്' (Literacy in Traditional Societies)എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട് (അമൃത് ജി. കുമാര്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2022 നവംബര്‍ 6, പേജ് 32).
റാണി ആയില്യം തിരുനാള്‍
റാണി ആയില്യം തിരുനാള്‍ ഗൗരി ലക്ഷ്മിബായിയുടെ 1817-ലെ രാജശാസനം ചരിത്രപ്രാധാന്യമുള്ള ഒന്നാണ്. അതിപ്രകാരമാണ്:
The state should defray the entire cost of the educa tion of its people in order, that there might be no back wardness in the spread of enlighten ment among them, that by diffusion of education they mi ght become better subj-ects and public serva-nts and that the population of the state might be advanced thereby” (Ibid., P. 35).
നിര്‍ദേശം ഫലവത്താകുന്നതിന്, ഗ്രാമീണസ്‌കൂളുകള്‍ക്കു വലിയ പിന്തുണ നല്കുകയും ഓരോ സ്‌കൂളിലും രണ്ട് അധ്യാപകരെ നിര്‍ബന്ധമാക്കുകയും മലയാളം, ജ്യോതിശാസ്ത്രം എന്നിവ പഠിപ്പിക്കുന്നതിനു മലയാളം നന്നായി അറിയാവുന്ന ഒരധ്യാപകനെ നിയമിക്കുന്നതിനു നിര്‍ദേശം നല്കുകയും അവര്‍ക്കു ട്രഷറിയില്‍നിന്നു ശമ്പളം നല്കുകയും ചെയ്തു (കയശറ., ജ. 35).
സ്വാതി തിരുനാള്‍ മഹാരാജാവ്
തിരുവിതാംകൂറിനെ ആധുനികീകരിക്കാന്‍ മുഖ്യപങ്കുവഹിച്ച സ്വാതി തിരുനാള്‍ മഹാരാജാവ് 1834-ല്‍ ആരംഭിച്ച പ്രീസ്‌കൂളാണ് പിന്നീട് യൂണിവേഴ്‌സിറ്റി കോളജായത്. എട്ടു വയസ്സു പൂര്‍ത്തിയായ ഒറ്റക്കുട്ടിയും എഴുത്തും വായനയും അറിയാത്തതായി തിരുവിതാംകൂറില്‍ ഉണ്ടാകരുതെന്ന സ്വാതി തിരുനാളിന്റെ കല്പനയെക്കുറിച്ച് 1841-ല്‍ ഇംഗ്ലണ്ടിലെ 'ഗാര്‍ഡനര്‍' മാസിക എഴുതിയതിനു ചരിത്രരേഖയുണ്ട് (രാജന്‍ ചെറുക്കാട്, സാമ്രാജ്യത്വം ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍-ഡി.പി.ഇ.പി. മുതല്‍ ''റൂസ'' വരെ, കോഴിക്കോട് 2015, പേജ്192).
ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
മഹാനായ മലയാളി എന്ന വിശേഷണത്തിനര്‍ഹനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് മലയാളഭാഷയില്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചുകൊണ്ട് പാഠപുസ്തകങ്ങള്‍ രചിക്കാനാരംഭിച്ചത്. തലശ്ശേരിയില്‍നിന്ന് 1845-ല്‍ പ്രസിദ്ധീകരിച്ച 'പാഠാരംഭം' ആയിരിക്കണം അദ്ദേഹത്തിന്റെ ആദ്യത്തെ പാഠപുസ്തകം. അക്ഷരമാലയില്‍ തുടങ്ങി മഹാഭാരതം കിളിപ്പാട്ടോളമെത്തുന്നതാണത്. മലയാളിയുടെ മനസ്സ് കൂടുതല്‍ ഗ്രഹിച്ചുകൊണ്ട് ആ ക്രൈസ്തവമിഷനറി തന്റെ ആദ്യഗ്രന്ഥത്തിന്റെ പരിമിതികള്‍ പരിഹരിച്ച് 1857-ല്‍ 'വലിയ പാഠാരംഭം' പ്രകാശനം ചെയ്തു. മലയാളഭാഷാബോധനത്തിനായി ഒരു സ്‌കീം ആദ്യമായി പുറത്തുവരുന്നത് ഈ ഗ്രന്ഥത്തിലൂടെയാണ്. മലയാളലിപിപഠനത്തിനു സ്വകീയമായ ഒരു രീതിശാസ്ത്രം വികസിപ്പിച്ചെടുത്ത ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തന്റെ ഗ്രന്ഥമായ 'വലിയ പാഠാരംഭ'ത്തിന്റ ആമുഖത്തില്‍ത്തന്നെ ഇങ്ങനെ എഴുതി: ''ഒരു മാസംകൊണ്ട് സകല എഴുത്തുകളും രണ്ടാം മാസത്തില്‍ സ്വരയുക്തവര്‍ണങ്ങളും മൂന്നാമത്തേതില്‍ കൂട്ടുവായനയോളവും നാല്, അഞ്ച്, ആറ് മാസങ്ങളില്‍ കൂട്ടുവായനയും പ്രയാസംകൂടാതെ ഏതു കുട്ടിക്കും പഠിക്കേണ്ടതിന് ഗുരുക്കന്മാര്‍ ഉത്സാഹിക്കണം. 'ഴ' കാരം 'ശ'കാരമായും 'ര'കാരം 'റ'കാരമായും 'ങ'കാരം 'ഞ'കാരമായും ഉച്ചരിക്കാന്‍ ഒരിക്കലും ന്യായമില്ല.'' അദ്ദേഹം ഒരു താക്കീതും നല്കുന്നുണ്ട്, അതിങ്ങനെ: ''ഈ കുട്ടികള്‍ താണജാതിക്കാരാണല്ലോ; അവന്റെ നെല്ലും പണവും മുണ്ടും എനിക്കു കിട്ടിയാല്‍ മതി; ഈ പ്രകാരത്തില്‍ ചൊല്ലിക്കൊടുത്താല്‍ പോരും എന്നും മറ്റും നിനയ്ക്കുന്ന ഗുരുക്കന്മാര്‍ തന്റെ നിലയെ അപമാനിച്ചു സത്യത്തെ വിട്ടുനടക്കുന്നവരെന്നു നിശ്ചയം'' (തോമസ് മൂലയില്‍ (എഡി.), മലയാളപഠനവും അക്ഷരമാലയും, പേജ് 64-65).
ലിസ്റ്റന്‍ ഗാര്‍ത്‌വെയ്റ്റ്
ഗുണ്ടര്‍ട്ടിനുശേഷം മലയാളഭാഷാപഠനത്തിനു നിസ്തുലമായ സംഭാവനകള്‍ നല്കിയതു ലിസ്റ്റന്‍ ഗാര്‍ത്‌വെയ്റ്റ് എന്ന ഇംഗ്ലീഷുകാരനായിരുന്നു. അദ്ദേഹം നിര്‍ദേശിച്ചു: ''ഉച്ചാരണശുദ്ധിയില്ലായ്മ ഒരു പ്രശ്‌നംതന്നെയാണ്. മലയാളത്തിലെ പല അക്ഷരങ്ങളും സന്ദര്‍ഭംകൊണ്ടു ശബ്ദത്തെ സൂചിപ്പിക്കുന്നതാകയാല്‍ ഇംഗ്ലീഷുപദകോശങ്ങളിലെപ്പോലെ വിശദീകരണം നല്കുന്നതു നന്നായിരിക്കും. കൈയക്ഷരം നന്നാവാന്‍ പ്രത്യേകം പാഠഭാഗങ്ങള്‍ എഴുതിപ്പഠിപ്പിക്കണം. കുട്ടികള്‍ തെറ്റായി എഴുതിയാല്‍ അധ്യാപകര്‍ ബോര്‍ഡില്‍ ശരിതെറ്റുകള്‍ വേര്‍തിരിച്ചെഴുതിക്കാണിക്കണം (The Essentials of Malayalam Grammar Deduced from Sentences).
റാണി പാര്‍വതിബായി
പിന്നീടു ഭരണം നടത്തിയ റാണി പാര്‍വതിബായി സ്ത്രീവിദ്യാഭ്യാസത്തിനു പ്രത്യേകം പ്രോത്സാഹനം നല്കിയിരുന്നതായും ചരിത്രസാക്ഷ്യമുണ്ട്. അവരുടെ ഭരണകാലത്തെ സ്ത്രീസാക്ഷരതയെപ്പറ്റി 1906-ലെ സ്റ്റേറ്റ് മാനുവലിലെ പരാമര്‍ശം വിസ്മയം ജനിപ്പിക്കുന്നതാണ്: “This was no small contribution for a Travan core Queen when we remember that in the early years of Queen Victoria of England the condition of women in England was far worse than in Travancore” (Ibid., P. 35).
ആദ്യത്തെ പാഠപുസ്തകം
തുടര്‍ന്നുള്ള കാലഘട്ടത്തില്‍, ആയില്യംതിരുനാള്‍ മഹാരാജാവിന്റെ കാലത്ത്, (1860-1880) മലയാളത്തില്‍ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സമ്പ്രദായം നിലവില്‍ വന്നപ്പോള്‍, അക്ഷരപഠനത്തിനു ശാസ്ത്രീയമാനങ്ങള്‍ നല്കിക്കൊണ്ടാണ് കേരളവര്‍മ വലിയ കോയിത്തമ്പുരാനും ഏ.ആര്‍. രാജരാജവര്‍മയും ചിദംബരം വാധ്യാരും ചേര്‍ന്നു പാഠപുസ്തകം തയ്യാറാക്കിയത്.
മലയാളത്തെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ 'നമ്മുടെ ഭാഷ' എന്നു പറഞ്ഞ് അഭിമാനംകൊണ്ട ജര്‍മന്‍കാരന്‍ ഗുണ്ടര്‍ട്ടിന്റെയും, അക്ഷരത്തെറ്റും ഉച്ചാരണപ്പിഴവും കാണുമ്പോള്‍ വേദനിച്ചിരുന്ന ഇംഗ്ലീഷുകാരനായ ലിസ്റ്റന്‍ ഗാര്‍വത്‌വെയ്റ്റിന്റെയും, മലയാളഭാഷയുടെ മഹാരഥന്മാരായ കേരളവര്‍മയുടെയും കേരളപാണിനിയുടെയുമൊക്കെ പാത തുടര്‍ന്നാണു തൊണ്ണൂറുകളുടെ മധ്യംവരെയും നമ്മുടെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരുന്നത്.
ഡി.പി.ഇ.പി.
നോം ചോംസ്‌കിയുടെയും പിയാഷെയുടെയും വിഡോസ്‌കിയുടെയും ഒക്കെ പേരില്‍ അറിയപ്പെടുന്ന 'ഭാഷാസമഗ്രതാസമീപനം' (Whole Language Approach) ആധാരമാക്കിയുള്ള ഡി.പി.ഇ.പി. സമ്പ്രദായം 1996-98 കാലഘട്ടത്തില്‍ കേരളത്തില്‍ നടപ്പാക്കി. ഭാഷാപഠനം മനുഷ്യന്റെ നൈസര്‍ഗികമായ ജൈവചോദനയുടെ ഭാഗമാണെന്ന ആശയം 1955-ല്‍ പുറത്തിറക്കിയ Logical Structure of Linguistic Theory എന്ന ഗ്രന്ഥത്തിലൂടെ നോം ചോംസ്‌കി മുന്നോട്ടുവച്ചു. ഈ വിഷയത്തെ അധിഷ്ഠിതമാക്കി കെന്നത്ത് ഗുഡ്മാന്‍ സൂക്ഷ്മാംശങ്ങളില്‍നിന്നു സ്ഥൂലാംശങ്ങളിലേക്കു നീങ്ങുന്ന പരമ്പരാഗതമായ പഠനസമ്പ്രദായത്തെ ഒഴിവാക്കി, സ്ഥൂലാംശങ്ങളുടെ പഠനത്തില്‍നിന്നു വിദ്യാര്‍ഥികള്‍ സൂക്ഷ്മാംശങ്ങളിലേക്കു സ്വാഭാവികമായി എത്തിക്കൊള്ളുമെന്ന ആശയം മുന്നോട്ടുവച്ചു. ഇതാണ് 2005-ല്‍ പുറത്തിറക്കിയ നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്കിന്റെയും, 2007-ല്‍ പുറത്തിറക്കിയ കേരള കരിക്കുലം ഫ്രെയിം വര്‍ക്കിന്റെയും അടിത്തറ. സ്റ്റാനിസ്ലാസ് ദെഹെയ്ന്‍ എന്ന ഫ്രഞ്ച് കൊഗ്നിറ്റീവ് ശാസ്ത്രജ്ഞനും കൂട്ടരും 2000-ല്‍ 'ബ്രെയിന്‍' എന്ന ശാസ്ത്രമാസികയിലൂടെയും 2009-ല്‍ പ്രസിദ്ധീകരിച്ച Reading in the Brain എന്ന ഗ്രന്ഥത്തിലൂടെയും ചോംസ്‌കിയുടെയും ഗുഡ്മാന്റെയും സിദ്ധാന്തത്തെ പൂര്‍ണമായും പൊളിച്ചടുക്കിയതാണ്. പക്ഷേ, ഈ പഠനങ്ങളൊന്നും പരിശോധിക്കാതെയും മനനം ചെയ്യാതെയുമാണ് ഡി.പി.ഇ.പി. അന്ധമായി നടപ്പാക്കാന്‍ ശ്രമിച്ചത്. അതിന്റെ പരിണതഫലമായാണ് ഇന്നു നാം കാണുന്ന എഴുത്തും വായനയും അറിയാത്ത യുവതലമുറ! ആലങ്കാരികമായി പറഞ്ഞാല്‍, 'നിരക്ഷരസാക്ഷരകേരളം' നമ്മുടെ ആധുനികവിദ്യാഭ്യാസ 'വിലക്ഷണമാര്‍' സൃഷ്ടിച്ചെടുത്തു...!