പന്ത്രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ഫുട്‌ബോള്‍ മാമാങ്കം ഖത്തര്‍ കെങ്കേമമാക്കി. 2022 ലെ ലോകകപ്പു ഫുട്‌ബോള്‍ മത്സരങ്ങളുടെ വേദിയായി 2010 ല്‍ ഖത്തറിനെ തിരഞ്ഞെടുക്കുമ്പോള്‍ ലോകോത്തരനിലവാരമുള്ള ഒരു റോഡുപോലും അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍, ഒരു വ്യാഴവട്ടത്തിനുശേഷം മത്സരങ്ങള്‍ പടിവാതില്‍ക്കല്‍ എത്തിയപ്പോഴേക്കും ലോകത്തെ ഏതൊരു സമ്പന്നരാജ്യത്തെയും വെല്ലുന്ന നിലയിലേക്ക് ആ ചെറുരാജ്യം വളര്‍ന്നുകഴിഞ്ഞിരുന്നു.
ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍പോലെ ചെലവേറിയ ഒരു കായികമേള ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ഖത്തര്‍ ഇത്ര ചിട്ടയായും ഭംഗിയായും എങ്ങനെ സംഘടിപ്പിച്ചുവെന്ന് അദ്ഭുതപ്പെടുന്നവര്‍ ഏറെയാണ്.
അറേബ്യന്‍മണ്ണില്‍ ആദ്യമായി വിരുന്നെത്തിയ ലോകകപ്പുമത്സരങ്ങള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചതിന്റെ ക്രെഡിറ്റു മുഴുവന്‍ നല്‌കേണ്ടത് ഖത്തര്‍ ഭരണാധികാരികള്‍ക്കും ലോകഫുട്‌ബോള്‍ ഫെഡറേഷനും (ഫിഫ), നിയമപാലകര്‍ക്കുമാണ്. ഖത്തറിന്റെ ഇപ്പോഴത്തെ ഭരണാധികാരി 42 വയസ്സുമാത്രം പ്രായമുള്ള എമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനിയുടെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും ഭരണനൈപുണ്യവുമാണ് ഖത്തറിനെ ലോകത്തിലെ നാലാമത്തെ സമ്പന്നരാജ്യമായി ഉയര്‍ത്തിയത്. മാന്യമായി പെരുമാറുന്ന, എന്നാല്‍ നിയമത്തില്‍ തുള്ളിപോലും വെള്ളം ചേര്‍ക്കാത്ത വോളണ്ടിയര്‍മാരും സുരക്ഷാഭടന്മാരും സംഘാടകരും സേവനസന്നദ്ധരായി 24 മണിക്കൂറും മത്സരവേദികളിലുണ്ട്.
ഫിഫയുടെ
അഭിമാനമുഹൂര്‍ത്തം
ലോകകപ്പ്മത്സരങ്ങള്‍ പുരോഗമിക്കവേ ഫിഫയുടെ പണപ്പെട്ടി നിറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2018-22 കാലയളവില്‍ ഫിഫയുടെ വരുമാനം 750 കോടി ഡോളറായി ഉയര്‍ന്നു (ഏകദേശം 60,000 കോടി രൂപ). 2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിന്റെ വരുമാനം 640 കോടി ഡോളറായിരുന്നു. മികച്ച സ്‌പോണ്‍സര്‍ഷിപ്പുകളും കുറഞ്ഞ ചെലവുമാണ് ഇപ്പോള്‍ വരുമാനമുയരാന്‍ കാരണമായത്. ഖത്തര്‍സര്‍ക്കാരിനു കീഴിലുള്ള ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ എനര്‍ജി, ഖത്തര്‍ ടെലികോം, ഖത്തര്‍ നാഷണല്‍ ബാങ്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ഫിഫയുമായി സഹകരിക്കുന്നുണ്ട്. മത്സരങ്ങള്‍ നടക്കുന്ന എട്ടു സ്റ്റേഡിയങ്ങളും 50 കിലോമീറ്ററിനുള്ളിലായതിനാല്‍ താമസം, യാത്ര തുടങ്ങിയ കാര്യങ്ങളില്‍ ഉണ്ടാകുമായിരുന്ന വലിയ ചെലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. 2026 ലെ ലോകകപ്പുമത്സരങ്ങള്‍ക്കുമുമ്പുള്ള നാലുവര്‍ഷങ്ങളില്‍ ഫിഫയുടെ വരുമാനം 1,000 കോടി ഡോളറിലെത്തുമെന്നാണ് ഫിഫയുടെ പ്രസിഡന്റ് ജിയന്നി ഇന്‍ഫന്റിനോയുടെ പ്രതീക്ഷ. ലോകകപ്പിനുവേണ്ടിയുള്ള 2026 ലെ മത്സരങ്ങള്‍ മെക്‌സിക്കോ, യു എസ്, കാനഡ എന്നീ രാജ്യങ്ങളിലാണ് സംഘടിപ്പിക്കുന്നതെന്നും അന്നത്തെ മത്സരങ്ങളില്‍ 45 രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇന്‍ഫന്റീനോ അറിയിച്ചു.
വരുമാനം വലുതാണെങ്കിലും ഫിഫയുടെ ചെലവും ഭീമമാണ്. 170 കോടി ഡോളറെങ്കിലും ഈ ലോകകപ്പില്‍ ചെലവിടേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത് (ഏകദേശം 13,600 കോടി രൂപ). ലോകകിരീടം നേടുന്ന ടീമിന് 4.20 കോടി ഡോളറാണ് സമ്മാനത്തുക (ഏകദേശം 336 കോടി രൂപ). രണ്ടാം സ്ഥാനക്കാര്‍ക്ക് 3.20 കോടി ഡോളറും മൂന്നാമതെത്തുന്ന ടീമിന് 2.70 കോടി ഡോളറും നല്‍കണം. ആകെ 44 കോടി ഡോളറാണ് പ്രതിഫലം (ഏകദേശം 3,520 കോടി രൂപ).
ഖത്തര്‍ ഒരു വിസ്മയം
ആരെയും അതിശയിപ്പിക്കുംവിധമുള്ള തയ്യാറെടുപ്പുകളാണ് ലോകകപ്പുമത്സരങ്ങള്‍ക്കായി ഖത്തര്‍ നടത്തിയത്. ലോകകപ്പിനുവേണ്ടി കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 22,000 കോടിയിലധികം ഡോളര്‍ (ഏകദേശം 18 ലക്ഷം കോടി രൂപ) ഖത്തര്‍ ഭരണകൂടം ചെലവഴിച്ചിട്ടുണ്ടാകാമെന്ന് ഫോര്‍ബ്‌സ് മാസിക റിപ്പോര്‍ട്ടു ചെയ്തിരുന്നു. അടിസ്ഥാനസൗകര്യവികസനത്തിനു മാത്രമായി 20,000 കോടി ഡോളര്‍ ചെലവഴിച്ചു. ഒരു മാസം മാത്രം നീളുന്ന ഒരു കായികമേളയ്ക്ക് ഇത്രയും ഭീമമായ തുക ചെലവഴിക്കുന്നതെന്തിനെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയായി, രാജ്യത്തിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്ന 'ഖത്തര്‍ നാഷണല്‍ വിഷന്‍ 2030' എന്ന ബൃഹദ്പദ്ധതിയുടെ ഒരു ഭാഗം മാത്രമായി ഈ തുകയെ കണ്ടാല്‍ മതിയെന്നാണ് ഔദ്യോഗികഭാഷ്യം. ആരോഗ്യവിദ്യാഭ്യാസമേഖലകളിലെ വിവിധങ്ങളായ വികസനപദ്ധതികള്‍ക്കുപുറമേ, നഗര/ദേശീയ തലങ്ങളിലുള്ള സൗകര്യങ്ങളെയും കാര്‍ഷിക/വ്യാവസായികമേഖലകളുടെ വികസനത്തെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് ടൂര്‍ണമെന്റിന്റെ പ്രധാന ചുമതലക്കാരനായ എച്ച് എന്‍ നുഐമീ വെളിപ്പെടുത്തുകയുണ്ടായി. പുതിയ ആഡംബരഹോട്ടലുകളും ടൂറിസ്റ്റുകേന്ദ്രങ്ങളും പാര്‍ക്കുകളും ഹൈവേകളും അനുബന്ധസബ്‌വേകളുമെല്ലാം ലോകോത്തരനിലവാരത്തില്‍ നിര്‍മിക്കേണ്ടിയിരുന്നു. രാജ്യതലസ്ഥാനമായ ദോഹയിലെ ഹമദ് അന്താരാഷ്ട്രവിമാനത്താവളത്തിന്റെ വിപുലീകരണത്തിന് 1,000 കോടിയിലധികം ഡോളര്‍ (ഏകദേശം 80,000 കോടി രൂപ) മുടക്കി പൂര്‍ണസജ്ജമാക്കി 2014 ല്‍ തുറന്നുകൊടുത്തു. 2019 ല്‍ തുടങ്ങിവച്ച ഭൂഗര്‍ഭഗതാഗത ശൃംഖലയുടെ നിര്‍മാണത്തിന് 3,600 കോടി ഡോളറും ചെലവഴിച്ചു. അത്രയുംതന്നെ തുക മുടക്കിയാണ് മെട്രോ റെയില്‍ സ്ഥാപിച്ചത്. 2019 മേയ് 8-ാം തീയതി മുതല്‍ പ്രവര്‍ത്തനസജ്ജമാക്കിയ മെട്രോ റെയിലിന് ദോഹയില്‍നിന്ന് ലുസെയ്ല്‍ നഗരം വരെയുള്ള പാതയുള്‍പ്പെടെ മൂന്നു ലൈനുകളാണുള്ളത്. 76 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നു ലൈനുകളിലായി 37 സ്റ്റേഷനുകളുണ്ട്. ഓരോ രണ്ടു മിനിറ്റിലും 107 കിലോമീറ്റര്‍ വേഗത്തില്‍ മൂന്നു ബോഗികളുമായി കുതിക്കുന്ന മെട്രോ ട്രെയിനുകളിലിപ്പോള്‍ വലിയ തിരക്കാണ്. ഡ്രൈവര്‍മാരില്ലാതെ ഇത്രയും വേഗത്തില്‍ ഓടുന്ന വേറൊരു മെട്രോ ട്രെയിനും ലോകത്തില്‍ മറ്റൊരിടത്തുമില്ലെന്നും പറയപ്പെടുന്നു. ലോകകപ്പു ഫുട്ബബോള്‍ മത്സരങ്ങള്‍ തുടങ്ങിയതുമുതല്‍ എല്ലാ സ്റ്റേഡിയങ്ങളിലേക്കും സൗജന്യയാത്രയും അനുവദിച്ചിരിക്കുകയാണ്.
സ്റ്റേഡിയങ്ങളുടെ
അദ്ഭുതലോകം
ലോകകപ്പു ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ചെലവേറിയതെന്നു വിശേഷിപ്പിക്കപ്പെടുന്ന 2022 ലെ മത്സരങ്ങള്‍ക്കുവേണ്ടി പൂര്‍ത്തിയാക്കിയ സ്റ്റേഡിയങ്ങളുടെ ശില്പചാരുത അവിസ്മരണീയമെന്നേ പറയേണ്ടൂ. രണ്ടാം സെമിഫൈനലിനും 18-ാം തീയതിയിലെ ഫൈനലിനും വേദിയായ ലുസെയ്ല്‍ സ്റ്റേഡിയം 80,000 കാണികളെ ഉള്‍ക്കൊള്ളുംവിധമാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു വലിയ കോപ്പയുടെ ആകൃതിയില്‍ നിര്‍മിച്ചിട്ടുള്ള സ്റ്റേഡിയത്തിന് 77 കോടി ഡോളറാണു മുടക്കിയത്. സ്റ്റേഡിയം സ്ഥിതിചെയ്യുന്ന ലുസെയ്ല്‍ പ്രദേശം ഒരു നഗരമായി വികസിപ്പിക്കുന്നതിന് ഖത്തര്‍ ഭരണകൂടം 4,500 കോടി ഡോളറാണ് വ്യയം ചെയ്തത് (ഏകദേശം 3,60,000 കോടി രൂപ).
ദോഹയില്‍നിന്ന് 35 കിലോമീറ്ററകലെയുള്ള അല്‍ ഖോര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന അല്‍ ബെയ്ത് സ്റ്റേഡിയത്തിന് 60,000 പേരെ ഉള്‍ക്കൊള്ളാനാകും. ക്രൊയേഷ്യയും അര്‍ജന്റീനയുമായി നടന്ന ഒന്നാം സെമിഫൈനല്‍ മത്സരത്തിനു വേദിയായ ഈ സ്റ്റേഡിയത്തിന് ഒരു വലിയ കൂടാരത്തിന്റെ ആകൃതിയാണ് നല്കിയിട്ടുള്ളത്. നാടോടികളായിരുന്ന അറബികളുടെ മരുഭൂവാസക്കാലത്തെ ടെന്റുകളുടെ രൂപത്തിലാണ് നിര്‍മാണം. നവംബര്‍ 20 ാം തീയതിയിലെ ഉദ്ഘാടനച്ചടങ്ങുകള്‍ക്കും ആദ്യമത്സരത്തിനും അല്‍ ബെയ്ത് ആയിരുന്നു വേദിയായി തിരഞ്ഞെടുത്തത്.
1960 മുതല്‍ 1972 വരെ ഖത്തറിന്റെ എമീറായിരുന്ന അഹമ്മദ് ബിന്‍ അലിയുടെ നാമധേയത്തിലുള്ള സ്റ്റേഡിയം തലസ്ഥാനമായ ദോഹയുടെ പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള അല്‍ റയാനിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ചായക്കപ്പിന്റെ ആകൃതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ഈ സ്റ്റേഡിയത്തില്‍ 45,032 സീറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
അല്‍ ഖോറിലെതന്നെ മറ്റൊരു സ്റ്റേഡിയമാണ് അല്‍ തുമാമ. അറബികള്‍ തലയില്‍ ധരിക്കുന്ന തൊപ്പിയുടെ രൂപത്തില്‍ നിര്‍മിച്ചിട്ടുള്ള ഇവിടെ 44,400 സീറ്റുകളുണ്ട്. 2019 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അല്‍ വക്രയിലെ അല്‍ ജനൗബ് സ്റ്റേഡിയത്തില്‍ 44,325 കാണികളെ പ്രവേശിപ്പിക്കും. പ്രാചീനകാലത്തെ കുട്ടവള്ളത്തിന്റെ ആകൃതിയാണ് ഈ കളിസ്ഥലത്തിനു നല്കിയിട്ടുള്ളത്.
വജ്രത്തിന്റെ ആകൃതിയില്‍ രൂപകല്പന ചെയ്തിട്ടുള്ള എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ 44,667 സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നു. ഈ സ്റ്റേഡിയവും ദോഹയ്ക്കടുത്തുള്ള അല്‍ റയാനില്‍ത്തന്നെയാണ്. ഖത്തറിന്റെ ദേശീയ സ്റ്റേഡിയമായി അറിയപ്പെടുന്ന ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഫിഫയില്‍നിന്ന് 4 സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. 45,857 കാണികളെ ഉള്‍ക്കൊള്ളാവുന്ന ഈ സ്റ്റേഡിയം 1976 ല്‍ പ്രവര്‍ത്തനസജ്ജമായി.
ഖത്തറിന്റെ ഇന്റര്‍നാഷണല്‍ ഡയലിംഗ് കോഡായ '974' എന്നു പേരു നല്കിയിട്ടുള്ളതാണ് 2022 ലോകകപ്പിലെ എട്ടാമത്തെ കളിസ്ഥലം. 974 ഷിപ്പിങ് കണ്ടെയ്‌നറുകള്‍കൊണ്ടു പൂര്‍ത്തിയാക്കിയ ഈ സ്റ്റേഡിയം ഇത്തരത്തിലുള്ള ലോകത്തിലെ ഏകസ്റ്റേഡിയവുമാണ്. ഖത്തര്‍ ലോകകപ്പു മത്സരങ്ങള്‍ കഴിഞ്ഞാല്‍ കണ്ടെയ്‌നറുകള്‍ വേര്‍പെടുത്തി സ്റ്റേഡിയം പൊളിച്ചുനീക്കും. 2030 ലെ ലോകകപ്പു മത്സരങ്ങള്‍ക്കുള്ള വേദി ഉറുഗ്വേയിലാണെങ്കില്‍ ഈ കണ്ടെയ്‌നറുകള്‍ ഉപയോഗിച്ചുതന്നെ ഒരു സ്റ്റേഡിയം അവിടെയും നിര്‍മിക്കുമെന്ന് ഫിഫ വൃത്തങ്ങള്‍ അറിയിച്ചു. ലോകത്തിലാദ്യമായിട്ടാണ് ഒരു സ്റ്റേഡിയം പൊളിച്ചുമാറ്റി മറ്റൊരു രാജ്യത്തു സ്ഥാപിക്കുക.
ഇച്ഛാശക്തിയുണ്ടെങ്കില്‍ എന്തും നേടിയെടുക്കാമെന്നുള്ള ഉത്തമവിശ്വാസമാണ് ലോകത്തെ ഏറ്റവും വലിയ കായികമേള ഏറ്റെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഷെയ്ക് തമിം ബിന്‍ ഹമദ് അല്‍ താനി പറയുന്നു. കടലില്‍നിന്നു മുത്തുകള്‍ വാരി വിറ്റും മീന്‍ പിടിച്ചും ഉപജീവനം നടത്തിയിരുന്ന ഖത്തറികളുടെ ഇപ്പോഴത്തെ പ്രതിശീര്‍ഷവരുമാനം 62,100 ഡോളറാണ് (ഏകദേശം 50 ലക്ഷം രൂപ). പ്രതിശീര്‍ഷവരുമാനത്തില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്തു നില്ക്കുമ്പോള്‍ ഇന്ത്യ144 ാം സ്ഥാനത്താണെന്നും ഓര്‍മിക്കേണ്ടതുണ്ട്, 7,200 ഡോളര്‍ (ഏകദേശം 5.75 ലക്ഷം രൂപാ). 1930കളില്‍ ബ്രിട്ടീഷുകാരുടെ ഭരണകാലത്തു പെട്രോള്‍ കുഴിച്ചെടുത്തതോടെയാണ് ഖത്തറിന്റെ സുവര്‍ണകാലം തുടങ്ങിയത്. ഖത്തറിലെ പ്രകൃതിവാതകശേഖരം കണ്ടെത്തിയത് 1970 കളിലാണ്. ഏറ്റവും കൂടുതല്‍ പ്രകൃതിവാതകം കയറ്റിയയയ്ക്കുന്ന രാജ്യങ്ങളില്‍ ഖത്തറിന് ലോകത്ത് നാലാം സ്ഥാനമുണ്ട്. പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്കു തള്ളിനില്ക്കുന്ന ഈ ചെറിയ ദ്വീപിന് സൗദി അറേബ്യയുമായി മാത്രമേ കര അതിര്‍ത്തിയുള്ളൂ. കേരളത്തിന്റെ മൂന്നില്‍ ഒന്നില്‍ താഴെ മാത്രം വിസ്തീര്‍ണമുള്ള (കേരളം 38,863 ച കി മീ, ഖത്തര്‍ 11,571 ച കി മീ) ഈ രാജ്യത്ത് ആകെയുള്ള 30 ലക്ഷം ജനങ്ങളില്‍ 4 ലക്ഷം പേരേ സ്വദേശികളുള്ളൂ. ശേഷിക്കുന്ന 26 ലക്ഷം പേരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും, ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തായ്‌ലണ്ട്, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുമായി തൊഴില്‍ തേടിയെത്തിയവരാണ്.