ആധുനികസാങ്കേതികവിദ്യയും ഇന്നത്തെ തിരക്കേറിയ ജീവിതവും നമ്മെ മറ്റുള്ളവരില്‍നിന്ന് ഒറ്റപ്പെടുത്തി ഒരു ഏകാന്തദ്വീപില്‍ എത്തിക്കുന്ന പ്രവണത കാണിക്കുന്നു. പക്ഷേ, തുറവോടെ മറ്റുള്ളവരിലേക്ക് എത്തിച്ചേരുമ്പോഴുളവാകുന്ന അതീവമായ ഇമ്പത്തിലേക്കും അതുയര്‍ത്തുന്ന യഥാര്‍ഥ മൂല്യത്തിലേക്കുമാണ് മനഃശാസ്ത്രം വിരല്‍ചൂണ്ടുന്നത്.
ശരാശരി മനുഷ്യന്‍ ഇന്നു ജീവിക്കാനുള്ള നെട്ടോട്ടത്തിലാണ്. സമയം തീരെയില്ല; ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണം. ഓഫീസിലേക്കോ പണിയിടത്തിലേക്കോ പണിപ്പെട്ട് ഒരു ബസ്സില്‍ അല്ലെങ്കില്‍ ഒരു ട്രെയിനില്‍ കയറിപ്പറ്റിയാല്‍ പിന്നെ വീട്ടില്‍ ആരോ മരിച്ചുപോയി എന്ന മട്ടില്‍ വിഷാദവദനരായി നാമങ്ങനെ ഇരിക്കും. ഒരുപക്ഷേ, അഞ്ചോ പത്തോ നിമിഷം ഒരാളുടെ അടുത്തിരുന്നാലും നമ്മുടെ അന്തസ്സും ആഭിജാത്യവും എല്ലാം ഇടിഞ്ഞുപോകുമെന്ന മട്ടില്‍ ആരോടും മിണ്ടാതെ മസിലുപിടിച്ചങ്ങിരിക്കും. വാഹനത്തില്‍നിന്നിറങ്ങി ഓഫീസിലേക്കു നടക്കുമ്പോഴും കാണും കുറെ ആളുകള്‍ ഒപ്പം. പക്ഷേ, 'ഓള്‍ സൈലെന്‍സ് മോഡി'ലായിരിക്കും നാം അപ്പോഴും.
ചെയ്യുന്ന ജോലിക്കനുസരിച്ചു ചിലര്‍ ഒരു ദിവസം നൂറുകണക്കിനു വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു, എന്നാല്‍, യാന്ത്രികമായി ഉത്തരം പറയുന്നതല്ലാതെ നാം എത്രപേരുമായി സംവദിക്കുന്നു? പരസ്പരം ഹൃദയം തുറക്കാനും അറിയാനും ശ്രമിക്കുന്നു? ഇതെപ്പോഴും നമ്മുടെ കുറവുകൊണ്ടായിരിക്കണമെന്നില്ല. എല്ലാവരും നമ്മെപ്പോലെതന്നെ വലിയ തിരക്കിലാണ്.
സമ്പര്‍ക്കത്തിനുള്ള തടസ്സങ്ങള്‍
ഇന്നു സമ്പര്‍ക്കത്തിനുള്ള തടസ്സങ്ങള്‍ നിരവധിയാണ്. പ്രധാനമായും ആധുനികമനുഷ്യനിലുള്ള 'തനിക്കാരെയും ആവശ്യമില്ല' എന്ന തോന്നല്‍ - മറ്റുള്ളവരുടെ കാര്യങ്ങളില്‍ താത്പര്യമില്ലാത്ത ഒരു 'ഡോണ്ട് കെയര്‍ ആറ്റിറ്റിയൂഡ്'. ഒച്ചിനെപ്പോലെ സ്വന്തം പുറന്തോടിനുള്ളില്‍ ഉള്‍വലിയാനുള്ള തിടുക്കം. പോരാത്തതിനിപ്പോള്‍ ചെവിയുടെതന്നെ ഭാഗമായിക്കഴിഞ്ഞ മൊബൈല്‍ഫോണ്‍!
ഒരു പരിചയക്കാരനോട് 'ഹായ്' പറയാന്‍ അല്ലെങ്കില്‍ വസ്ത്രത്തിന്റെ ഭംഗിയെപ്പറ്റി എന്തെങ്കിലും നല്ലതുപറയാന്‍, ഒരാളെ അഭിനന്ദിക്കാന്‍, നമുക്കിപ്പോള്‍ സമയമോ അവസരമോ ഇല്ല. ഒരാള്‍ നല്ലതു പറയുന്നതു കേള്‍ക്കാനോ ആസ്വദിക്കാനോ സാധിക്കുന്നില്ലെങ്കില്‍ അതു കഷ്ടമല്ലേ?
ചെറിയ ദൈനംദിന ഇടപെടലുകള്‍ക്കു വലിയ ആഴത്തിലുള്ള മാനുഷ്യത്വപരമായ സ്പര്‍ശനമുണ്ട്. അത് ഉന്നതമായ ചില അര്‍ഥങ്ങളും സൗഹൃദവും ഊഷ്മളതയും സമ്മാനിക്കുന്നു. ലളിതമായ ആനന്ദത്തിന്റെ, ആത്മഹര്‍ഷത്തിന്റെ ഒരു കുളിര്‍നീരുറവ തുറക്കാന്‍ അത്തരം സംവാദങ്ങള്‍ക്കു കഴിവുണ്ട്.
എന്തുകൊണ്ടാണ് നാം മനഃപൂര്‍വം നമ്മെത്തന്നെ ഒറ്റപ്പെടുത്തുന്നത്? ന്യൂയോര്‍ക്കില്‍ കുറെയേറെപ്പേരെ ചേര്‍ത്ത് ഒരു സാമൂഹികപരീക്ഷണം നടത്തി. അവരെ ഒരുമിച്ച് ഒരു യാത്രയ്ക്കു കൊണ്ടുപോയി. അപരിചിതനോടു സംസാരിക്കുന്നതിനെപ്പറ്റി എന്തു തോന്നുന്നുവെന്നു യാത്രക്കാരോടു ചോദിച്ചപ്പോള്‍, എല്ലാവരുംതന്നെ പ്രതികരിച്ചത്, അതത്ര സ്വീകാര്യമായ കാര്യമല്ല എന്നാണ്. എന്നിരുന്നാലും, സവാരിക്കുശേഷം, പങ്കെടുത്തവരില്‍ പകുതിപ്പേരോടും അവരുടെ അടുത്തിരിക്കുന്ന വ്യക്തിയുമായി സംവദിക്കാന്‍ ഗവേഷകര്‍ നിര്‍ബന്ധിച്ചു. ഫലങ്ങള്‍ പറഞ്ഞത് അദ്ഭുതപ്പെടുത്തുംവിധം ഏകകണ്ഠമായിരുന്നു: മറ്റൊരു വ്യക്തിയുമായി സംസാരിച്ചവര്‍ക്കു നിശ്ശബ്ദതയില്‍ ഇരുന്നവരെക്കാള്‍ നല്ല അനുഭവം ഉണ്ടായി എന്ന് അവര്‍ റിപ്പോര്‍ട്ടുചെയ്തു.
അപരിചിതരുമായി സംസാരിക്കരുതെന്ന് മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുന്നു. അതിനു തക്കതായ സുരക്ഷാസംബന്ധമായ ചില കാരണങ്ങളുമുണ്ട്.
പക്ഷേ, മുതിര്‍ന്നവരായ നാം അങ്ങനെ ചെയ്യുന്നെങ്കില്‍ അത് ചില വന്‍നഷ്ടങ്ങള്‍ വരുത്തും. പല മനുഷ്യരെയും അപകടസാധ്യതകള്‍ ഒന്നും കൂടാതെ നമുക്ക് അടുത്തറിയാന്‍ അവസരമുണ്ടാകും. വേണ്ടിവന്നാല്‍ നമുക്കവിടെ സ്വയരക്ഷ നോക്കാനുമറിയാം. ആരുമങ്ങനെ നമ്മെ കേറി ആക്രമിക്കാനൊന്നും പോകുന്നില്ല, സന്ദര്‍ഭോചിതമായി ഒന്നു സംസാരിച്ചതു കൊണ്ടുമാത്രം.
ചുരുങ്ങിയ സംഭാഷണം മാത്രമായിരിക്കാം, പക്ഷേ, അത് നമ്മുടെ മാനസികാവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കും. ആരോടെങ്കിലും സംവദിക്കാന്‍ ശ്രമിക്കുമ്പോള്‍, മുഖത്ത് ഒരു ചെറുപുഞ്ചിരികൂടി കൊണ്ടുവരണം. അപ്പോഴാണ് അടുത്തുനില്‍ക്കുന്നയാള്‍ക്കു നിങ്ങളോട് ഉള്ളുതുറക്കാന്‍ തോന്നുക.
നല്ല ബന്ധങ്ങള്‍
പരസ്പരം സംസാരിക്കുമ്പോള്‍ ഒട്ടേറെ ജീവിതാനുഭവങ്ങള്‍ നമുക്കു പങ്കിടാനാകും. മറ്റൊരാളുടെ ജീവിതത്തെയും വ്യക്തിത്വത്തെയുംകുറിച്ച് അറിയുക ഒരു വലിയ കാര്യമാണ്. ഒരു ബസ്സില്‍ യാത്രപോകുമ്പോള്‍ ഫാദര്‍ വടക്കന്‍ പറഞ്ഞ ഒരു കഥയാണ് പെരുമ്പടവത്തിനെ ഒരു നോവലിന്റെ രചനയ്ക്കു പ്രേരിപ്പിച്ചത്.
മിക്കവാറും എഴുത്തുകാരൊക്കെ ജീവിതാനുഭവങ്ങള്‍ തേടി ദൂരസ്ഥലങ്ങളില്‍ യാത്ര ചെയ്യാറുണ്ട്. എഴുത്തുകാര്‍ക്കുമാത്രമല്ല നമുക്കുംവേണം അത്തരം അനുഭവകഥകള്‍. അനുഭവങ്ങളില്‍നിന്നാണ് ജീവിതം മെച്ചമാക്കാനുള്ള സൂചനകള്‍ നമുക്കു ലഭിക്കുക.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ യുവാക്കള്‍ ദിവസംതോറും മണിക്കൂറുകള്‍ ചെലവഴിക്കുമ്പോഴും, മറ്റുള്ളവര്‍ക്കു തുരുതുരെ മഴ പെയ്യുന്നതുപോലെ സന്ദേശങ്ങള്‍ അയയ്ക്കുമ്പോഴും നല്ല ഹൃദയബന്ധങ്ങള്‍, യഥാര്‍ഥമായ കണക്ഷനുകള്‍ മുഖാമുഖം സൃഷ്ടിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നു.
നിങ്ങളുടെ കംഫര്‍ട്ട്‌സോണില്‍നിന്നു പുറത്തുകടന്ന് നന്നായി അറിയാത്ത മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നത് പ്രയോജനകരമല്ലെന്നു നിങ്ങള്‍ കരുതുന്നുണ്ടാകാം. പക്ഷേ, ഇതു തെറ്റാണെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. ഒരു ഫോളോ-അപ്പ് പഠനത്തില്‍, നേരത്തേ പറഞ്ഞ യാത്രികരോട് അവരുടെ ഇടപെടലുകളെക്കുറിച്ച് ഒരിക്കല്‍ക്കൂടി 'ഫീഡ് ബാക്' തേടി. കൂടുതല്‍ ഇടപെടലുകള്‍, സന്തോഷകരമായ ഒരു അനുഭവം തരുന്നുവെന്നാണ് അവര്‍ റിപ്പോര്‍ട്ടു ചെയ്തത്.
മറ്റുള്ളവരുമായി സംസാരിക്കുന്നത് സന്തോഷം പ്രദാനംചെയ്യും. ആശയവിനിമയവൈദഗ്ധ്യപരിശീലനത്തിനും, മെച്ചപ്പെട്ട സാമൂഹിക, ബിസിനസ്സ്ബന്ധങ്ങള്‍ക്കും ഇത് ഉപകരിക്കും.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ എംബിഎ പ്രോഗ്രാമില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങി വിജയകരമായി പാസായ ബിരുദധാരികള്‍ മറ്റുള്ളവരുമായി സംസാരിക്കുന്നതില്‍ ഉയര്‍ന്ന താത്പര്യവും നൈപുണ്യവും പ്രകടിപ്പിച്ചവരാണെന്ന് 20 വര്‍ഷത്തെ പഠനം സാക്ഷ്യപ്പെടുത്തുന്നു.
വിദേശരാജ്യങ്ങള്‍ ധാരാളമായി സന്ദര്‍ശിക്കുന്നവര്‍ വിദേശികളുമായുള്ള അവരുടെ നല്ല ഇടപെടലുകളുടെ സമ്പന്നമായ അനുഭവങ്ങളെക്കുറിച്ചു വാചാലരാകാറുണ്ട്. അവിടങ്ങളിലൊക്കെ പരസ്പരം തുറവോടെ ഇടപെടുന്നവരാണ് അധികം. ആര്‍ക്കും ആരെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തേണ്ടിവരുന്നില്ല. അന്നാട്ടിലും വഞ്ചകരും തരികിടകളുമുണ്ടെങ്കിലും, അവര്‍ക്കു ലഭ്യമാകുന്ന നല്ല അനുഭവങ്ങള്‍ ഇത്തരക്കാരെ ഭയന്ന് അവര്‍ കളഞ്ഞുകുളിക്കുന്നില്ല.
സംയോജനപ്രചോദനം
മനുഷ്യന്‍ സമൂഹജീവിയാണ്. സുഹൃദ്ബന്ധങ്ങള്‍ സ്ഥാപിക്കാനും കൂട്ടായ്മകളുടെ ഭാഗമാകാനും അവന്‍ ആഗ്രഹിക്കുന്നുണ്ട്. മറ്റുള്ളവരോടൊപ്പം സഹവസിക്കാനുള്ള നൈസര്‍ഗികമായ ഒരു തൃഷ്ണ നമുക്കുള്ളില്‍ കുടികൊള്ളുന്നു. ഈ നൈസര്‍ഗികപ്രവണതയെ ആഴത്തില്‍ പഠിച്ച ശാസ്ത്രജ്ഞന്മാരില്‍ ഒരാളായിരുന്നു സ്റ്റാന്‍ലി ഷാചെസ്റ്റര്‍. മനുഷ്യര്‍ സാധാരണഗതിയില്‍ അനേകംപേരുമായി ഇടപഴകുന്നവരാണ്; ഒരു സുഹൃദ്‌വലയത്തിനുള്ളില്‍ നിര്‍ത്തി അവരുമായി സൗഹൃദം പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.
പണ്ടൊക്കെ കേരളത്തിലെ ഗ്രാമങ്ങളില്‍ ബസുകളിലും ബോട്ടുകളിലുമൊക്കെ ഇരുന്ന് ആളുകള്‍ യഥേഷ്ടം ഉള്ളു തുറക്കുമായിരുന്നു; ഫലിതങ്ങള്‍ പറഞ്ഞ് ഉറക്കെ ചിരിക്കുമായിരുന്നു. ഇന്ന് ആ കല നാം മറന്നുകൊണ്ടിരിക്കുന്നു. ട്രെയിന്‍യാത്രകളില്‍ ഒന്നും രണ്ടും ദിവസം ഒന്നിച്ചു യാത്രചെയ്യുമ്പോള്‍പോലും ഒന്നും സംസാരിക്കാത്ത ആള്‍ക്കാരുണ്ട്. വിമാനത്തില്‍ പൊതുവെ ഇന്ത്യക്കാര്‍ ആരുംതന്നെ അധികം സൗഹൃദം പങ്കുവയ്ക്കാറില്ല. പണക്കൊഴുപ്പിന്റെ ജാട കൊണ്ടാണോ എന്നറിയില്ല.
വിമാനം അവിടെ നില്‍ക്കട്ടെ. നാമിവിടെ ഭൂമിയില്‍ ഒത്തിരിപ്പേരെ ആരാധനാലയങ്ങളില്‍, മറ്റു പൊതുസ്ഥലങ്ങളില്‍ ഒക്കെ കണ്ടുമുട്ടുന്നുണ്ട്. അവിടെയൊക്കെ അവസരംപോലെ ആരെയും ബുദ്ധിമുട്ടിക്കാതെ നമുക്കൊരു സൗഹൃദത്തിനു മുന്‍കൈ എടുക്കാം. നാം ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ആ വെയിറ്ററോട് അല്പം സൗഹൃദമാകാം. നമുക്കു കത്തുകളുമായി വരുന്ന പോസ്റ്റുമാനോട്, ദിവസവും പാലും പത്രവും എത്തിച്ചുതരുന്ന ബാലനോട്, ഒരു കുശലപ്രശ്‌നത്തിന് അധികമൊന്നും സമയം വേണ്ട. നമ്മുടെയും ഒപ്പം മറ്റുള്ളവരുടെയും ജീവിതത്തിലേക്ക് ആഹ്ലാദത്തിന്റെ, സ്‌നേഹത്തിന്റെ ഒരു പൂത്തിരി കത്തിച്ചുനല്കാനായാല്‍ അതില്‍പ്പരം ധന്യമായ മറ്റൊരു കാര്യവുമില്ല.