വിശുദ്ധ കൊച്ചുത്രേസ്യാ ഭൂജാതയായിട്ട് ജനുവരി രണ്ടിനു 150 വര്‍ഷം
1873 ജനുവരി മാസം രണ്ടാം തീയതി ഫ്രാന്‍സിലെ അലന്‍കോണിലാണ് വിശുദ്ധ കൊച്ചുത്രേസ്യാ ജനിച്ചത്. വാച്ചുനിര്‍മാതാവായ ലൂയി മാര്‍ട്ടിനും തുന്നല്‍ക്കാരിയായിരുന്ന സെലിഗ്വിരിയുമായിരുന്നു മാതാപിതാക്കള്‍. ഇരുവരും ചെറുപ്പത്തില്‍ സന്ന്യാസജീവിതം ആഗ്രഹിച്ചിരുന്നെങ്കിലും മറ്റൊന്നായിരുന്നു ദൈവഹിതം.
ദൈവം അവരുടെ ദാമ്പത്യവല്ലരിയില്‍ ഒന്‍പതു മക്കളെ നല്‍കി. അതില്‍ അഞ്ചുപേരെ സന്ന്യാസിനികളായി കാണാന്‍ ദൈവം അവരെ അനുവദിച്ചു. മരിയ, പൗളി, ലെയോനി, സെലിന്‍, തെരേസ എന്നീ അഞ്ചുപേരില്‍ നാലുപേര്‍ കര്‍മ്മലീത്താസഭയിലും ലെയോനി വിസിറ്റേഷന്‍ സഭയിലും അംഗങ്ങളായി. ഒമ്പതാമത്തെ സന്തതിയായി ജനിച്ച കൊച്ചുറാണി ചേച്ചിമാരെ കണ്ടാണു വളര്‍ന്നത്. 1877 ഓഗസ്റ്റ് 28 ന് അമ്മ സെലിഗ്വരി സ്വര്‍ഗത്തിലേക്കു യാത്രയായി. അന്നു കൊച്ചുറാണിക്ക് നാലു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയുടെ മരണശേഷം മാര്‍ട്ടിനും കുടുംബവും അലന്‍കോണില്‍നിന്ന് 50 മൈല്‍ അകലെയുള്ള ലിസ്യുവിലേക്കു താമസം മാറ്റി.
കൊച്ചുറാണിക്ക് ഒമ്പതു വയസ്സുള്ളപ്പോള്‍ പൗളി കര്‍മലീത്താ കോണ്‍വെന്റില്‍ പ്രവേശിച്ചു. അന്നുമുതല്‍ ആ വഴിയിലൂടെ സഹോദരിയെ പിന്തുടരാന്‍ കൊച്ചുത്രേസ്യായ്ക്കു തോന്നി. പൗളിയെപ്പോലെ അവളുടെ സഹോദരി മരിയയും കര്‍മലീത്താ കോണ്‍വെന്റില്‍ പോയപ്പോള്‍ ത്രേസ്യായ്ക്കു പതിന്നാലു വയസ്സായിരുന്നു. അടുത്ത വര്‍ഷം, കൊച്ചുത്രേസ്യാ തന്റെ പിതാവിനോട് കര്‍മലീത്താമഠത്തില്‍ പ്രവേശിക്കാന്‍ അനുവാദം ചോദിച്ചു, പിതാവ് അനുവദിച്ചെങ്കിലും മഠത്തിലെ കന്യാസ്ത്രീകളും ബയൂക്‌സിലെ ബിഷപ്പും അവള്‍ വളരെ ചെറുപ്പമാണെന്നും കുറച്ചുകൂടെ കാത്തിരിക്കണ മെന്നും ഉപദേശിച്ചു. ഏതാനും മാസങ്ങള്‍ക്കുശേഷം പതിമ്മൂന്നാം ലെയോ മാര്‍പാപ്പായുടെ പൗരോഹിത്യജൂബിലിയോടനുബന്ധിച്ച് റോമിലേക്കു തീര്‍ത്ഥാടനത്തിനായി കൊച്ചുത്രേസ്യ പിതാവിനോപ്പം പോയി. മാര്‍പാപ്പായുടെ മുന്നില്‍ മുട്ടുകുത്തി അനുഗ്രഹം വാങ്ങുമ്പോള്‍ അവള്‍ നിശ്ശബ്ദത വെടിഞ്ഞ് പതിനഞ്ചാം വയസ്സില്‍ മഠത്തില്‍ പ്രവേശിക്കാന്‍ അനുവാദം ചോദിച്ചു. കൊച്ചുത്രേസ്യായുടെ രൂപത്തിലും പെരുമാറ്റത്തിലും ആകൃഷ്ടനായ മാര്‍പാപ്പാ അത് ദൈവഹിതമാണെങ്കില്‍ അങ്ങനെ ചെയ്യാമെന്നു പറഞ്ഞു. കൊച്ചുത്രേസ്യാ പിന്നീട് എല്ലാ തീര്‍ഥാടനദേവാലയങ്ങളിലും തീക്ഷ്ണതയോടെ പ്രാര്‍ഥിക്കുകയും മാര്‍പാപ്പയുടെ പിന്തുണയോടെ 1888 ഏപ്രിലില്‍ കാര്‍മലില്‍ പ്രവേശിക്കുകയും ചെയ്തു.
സ്‌നേഹിക്കുക എന്നതായിരുന്നു അവളുടെ ദൈവവിളി. കര്‍മലീത്താസഭയുടെ നിയമങ്ങളും കടമകളും കൃത്യമായി അവള്‍ നിറവേറ്റി. പുരോഹിതന്മാര്‍ക്കും മിഷനറിമാര്‍ക്കുംവേണ്ടി അവള്‍ വളരെ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചു. ഇക്കാരണത്താല്‍, കൊച്ചുറാണിയുടെ മരണശേഷം അവളെ മിഷണറിമാരുടെ മധ്യസ്ഥ എന്ന പദവി നല്‍കി ആദരിച്ചു. 1894 ല്‍ പിതാവ് ലൂയി മാര്‍ട്ടിന്‍ മരിച്ചപ്പോള്‍ സെലിന്‍ സഹോദരിമാര്‍ക്കൊപ്പം മഠത്തില്‍ പ്രവേശിച്ചു. അതേ വര്‍ഷംതന്നെ, കൊച്ചുത്രേസ്യാ ക്ഷയരോഗബാധിതയായി. ചൈനയില്‍ പ്രേഷിതയായിപ്പോകാന്‍ അവള്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ആരോഗ്യം അനുവദിച്ചില്ല. ജീവിതത്തിന്റെ അവസാന 18 മാസങ്ങളില്‍ ഒരുപാട് സഹനങ്ങളിലൂടെ കൊച്ചുത്രേസ്യാ കടന്നുപോയി. ശാരീരികക്ലേശങ്ങളുടെയും ആത്മീയപരീക്ഷണങ്ങളുടെയും ഒരു കാലഘട്ടമായിരുന്നു അത്. 1897 ജൂലൈ മാസത്തില്‍ അവളെ മഠത്തിലെ പ്രത്യേക മുറിയിലേക്കു മാറ്റി. 1897 ഓഗസ്റ്റ് പത്തൊമ്പതിന് അവള്‍ അവസാനമായി ദിവ്യകാരുണ്യം സ്വീകരിച്ചു. സെപ്റ്റംബര്‍ 30 ന് കൊച്ചുത്രേസ്യായുടെ ആത്മാവ് ഈശോയുടെ സവിധത്തിലേക്കു യാത്രയായി. 1923 ഏപ്രില്‍ 29 ന് പതിനൊന്നാം പീയൂസ് മാര്‍പാപ്പാ അവളെ വാഴ്ത്തപ്പെട്ടവളായും 1925 മെയ് 17 നു വിശുദ്ധയായും പ്രഖ്യാപിക്കുകയും ചെയ്തു. 1927 ല്‍ കൊച്ചുറാണിയെ മിഷന്റെ മധ്യസ്ഥയും 1944 ല്‍ വിശുദ്ധ ജോവാന്‍ ഓഫ് ആര്‍ക്കിനൊപ്പം ഫ്രാന്‍സിന്റെ സഹമധ്യസ്ഥയായും പ്രഖ്യാപിച്ചു. 1997 ഒക്ടോബര്‍ 19 ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ 70,000 ത്തോളം വരുന്ന വിശ്വാസികളുടെ സാന്നിധ്യത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വിശുദ്ധ കൊച്ചുത്രേസ്യായെ സാര്‍വത്രികസഭയിലെ മൂന്നാമത്തെ വനിതാ വേദപാരംഗതയായി (Doctor of the Church) പ്രഖ്യാപിച്ചു.
വി. കൊച്ചുത്രേസ്യായുടെ കൊച്ചുപ്രാര്‍ത്ഥന
ഓ! ഈശോയേ, ഞാന്‍ എന്തു ചെയ്താലും നിന്നെ മാത്രം പ്രീതിപ്പെടുത്താനുള്ള കൃപ എനിക്കു നല്‍കണമേ. ശാന്തതയും എളിമയുള്ള ഈശോയുടെ ഹൃദയമേ, എന്റെ ഹൃദയം നിന്റേതുപോലെ ആക്കണമേ. ഓ! ഈശോയേ, നിന്നില്‍ മാത്രം ആനന്ദം കണ്ടെത്താന്‍ കൃപ നല്‍കണമേ.
ഓ! വിശുദ്ധ മഗ്ദലേന മറിയമേ, എന്റെ ജീവിതം ഒരു സ്‌നേഹപ്രവൃത്തിയാക്കാനുള്ള കൃപ ഈശോയില്‍നിന്നു വാങ്ങിത്തരേണമേ. ഓ! ഈശോയേ, എപ്പോഴും എന്നെത്തന്നെ പരിത്യജിക്കാനും എപ്പോഴും എന്റെ സഹോദരിമാരെ പ്രീതിപ്പെടുത്താനും എന്നെ പഠിപ്പിക്കണമേ. ഓ! എന്റെ ദൈവമേ, എന്റെ മുഴുഹൃദയത്തോടെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഓ! എന്റെ വിശുദ്ധ കാവല്‍മാലാഖയേ, നിന്റെ ചിറകുകളുടെ കീഴില്‍ എന്നെ എപ്പോഴും മറയ്ക്കണമേ, അതുവഴി ഈശോയെ ഞാന്‍ ഒരിക്കലും വേദനിപ്പിക്കാതിരിക്കട്ടെ.