2020 ജനുവരി മാസം 15-ാം തീയതി 'ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴങ്ങളില്‍ നിന്ന്' എന്നര്‍ത്ഥമുള്ള 'Des Profondeurs de nos coeurs' എന്ന ഫ്രഞ്ച് ശീര്‍ഷകത്തോടെ പാരീസിലെ ഫയാര്‍ (Fayard) എന്ന പ്രസിദ്ധീകരണശാലയില്‍നിന്ന് അസാധാരണമായ ഒരു ഗ്രന്ഥം വായനക്കാരുടെ കരങ്ങളിലെത്തി. എമിരറ്റസ് പാപ്പാ ബനഡിക്ട് പതിനാറാമനും ആരാധനാക്രമത്തിനും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍ റോബര്‍ട്ട് കാര്‍ഡിനല്‍ സറായും ചേര്‍ന്നു രചിച്ച ഈ ഗ്രന്ഥം പ്രസിദ്ധീകരണത്തിനുമുമ്പേ ചില വിവാദങ്ങള്‍ക്കു കാരണമായി. ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ഒരു ലേഖനം അതിലുണെ്ടന്നേയുള്ളൂ. അദ്ദേഹത്തെ സഹഗ്രന്ഥകാരനായി വയ്ക്കരുത് എന്നു വത്തിക്കാന്‍ വൃത്തങ്ങള്‍ പ്രസാധകരോട് ആവശ്യപ്പെടുകവരെയുണ്ടായി. എന്നാല്‍ അവരതിനു സമ്മതിച്ചില്ല. എമിരറ്റസ് പാപ്പായുടെ അറിവോടെയല്ല അദ്ദേഹത്തെ ഗ്രന്ഥകര്‍ത്താവായി വച്ചത് എന്ന പ്രസ്താവനയെ 'അതീവഗൗരവമുള്ള ദുരാരോപണം' എന്ന വാക്കുകളോടെയാണ് കര്‍ദ്ദിനാള്‍ സറാ നേരിട്ടത്.
വിവാദങ്ങള്‍ എന്തായാലും 174 താളുകള്‍ മാത്രമുള്ള ഈ പുസ്തകം ശ്രദ്ധയോടെ വായിക്കുകയാണു വേണ്ടത്. 2020 ഫെബ്രുവരി 25 ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇഗ്നേഷ്യസ് പ്രസില്‍നിന്ന് ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'കത്തോലിക്കാപൗരോഹിത്യം' എന്ന വിഷയം അസാധാരണമായ വ്യക്തതയോടെ പ്രത്യേകിച്ച് അതിന്റെ ബിബ്ലിക്കല്‍ കാഴ്ചപ്പാടുകള്‍, 92 കാരനായ ബെനഡിക്ട് പാപ്പാ 27 മുതല്‍ 71 വരെയുള്ള പേജുകളില്‍ പ്രതിപാദിക്കുന്നു. പൗരോഹിത്യബ്രഹ്മചര്യത്തിന്റെ സഭാത്മകവും അജപാലനപരവുമായ ദര്‍ശനങ്ങളെ 73 മുതല്‍ 163 വരെയുള്ള പേജുകളില്‍ 'അവസാനം വരെ സ്‌നേഹിക്കുക' എന്ന തലക്കെട്ടോടെ, പൗരോഹിത്യത്തിന്റെ സുവര്‍ണ്ണജൂബിലി ആചരിക്കുന്ന കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറാ വിശദീകരിക്കുന്നു. ഈ ഗ്രന്ഥം ലോകം മുഴുവനിലുമുള്ള വൈദികര്‍ക്ക് ഒരുപഹാരമായിട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.
2019 ഒക്‌ടോബര്‍ മാസത്തില്‍ റോമില്‍ സമ്മേളിച്ച ആമസോണിനായുള്ള സിനഡിന്റെ പശ്ചാത്തലത്തിലാണ് ഈ ഗ്രന്ഥരചന നടന്നത്. കത്തോലിക്കാപൗരോഹിത്യത്തിന്റെ കാര്യത്തില്‍ മാറിച്ചിന്തിക്കുന്ന ഒരു സിനഡിനെയാണ് നാം ദര്‍ശിക്കുന്നത്. വനിതകള്‍ക്കു ഡീക്കന്‍പട്ടം നല്കണമെന്നും മാതൃകാജീവിതം നയിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കു പൗരോഹിത്യം നല്കിയാലേ ആമസോണ്‍ പ്രദേശങ്ങളില്‍ സഭ അനുഭവിക്കുന്ന വൈദികരുടെ ദൗര്‍ലഭ്യത്തിനു പരിഹാരമാകുകയുള്ളൂ എന്നും മറ്റുമുള്ള ആശയങ്ങളാണ് സിനഡ് മുന്നോട്ടു വയ്ക്കാന്‍ പോകുന്നതെന്നറിയാമായിരുന്നു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ കത്തുവഴിയും നേരില്‍ കണ്ടും എമിരറ്റസ് പാപ്പായും കാര്‍ഡിനല്‍ സറായും ചര്‍ച്ച ചെയ്തു. ഈ ഗ്രന്ഥത്തിന്റെ എഡിറ്റര്‍ നിക്കോളാ ദിയ ഇവരുടെ ആശയവിനിമയത്തിനു സാക്ഷിയാണ് (പേജ്- 13).
വര്‍ഷങ്ങളായി കത്തോലിക്കാപൗരോഹിത്യം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ആഴത്തില്‍ പഠിക്കണമെന്നും തന്റെ കണെ്ടത്തലുകള്‍ പങ്കുവയ്ക്കണമെന്നുമുള്ള ആഗ്രഹംകൊണ്ടാണ് ബെനഡിക്ട് പതിനാറാമന് എഴുതാമെന്നു തീരുമാനിക്കുന്നത്.
'തന്റെ ജീവിതാന്ത്യത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഒരാള്‍ ഒരിക്കലും ലാഘവബുദ്ധ്യാ സംസാരിക്കില്ലെന്ന്' കര്‍ദ്ദിനാള്‍ സറാ നിരീക്ഷിക്കുന്നു(പേജ് 11) ബെനഡിക്ട് പതിനാറാമന്‍ 2017 ല്‍ കര്‍ദ്ദിനാള്‍ സറായുടെ 'The Power of Silence' ന് എഴുതിയ ഉപസംഹാരക്കുറിപ്പില്‍ (Afterword) പറഞ്ഞ കാര്യം പ്രസാധകന്‍ എടുത്തുപറയുന്നുണ്ട്.
'കര്‍ദ്ദിനാള്‍ സറാ കര്‍ത്താവുമായുള്ള ഉറ്റബന്ധത്തില്‍ കഴിയുന്ന ഒരാദ്ധ്യാത്മികഗുരുവാണെന്നും അദ്ദേഹത്തിനു ലോകത്തോടറിയിക്കുവാന്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ ഉണെ്ടന്നും' 'അങ്ങനെ ഒരാദ്ധ്യാത്മികമനുഷ്യനെ ആരാധനക്രമത്തിനായുള്ള തിരുസംഘത്തിന്റെ തലപ്പത്തു നിയമിച്ച ഫ്രാന്‍സീസ് മാര്‍പാപ്പായോട് നമ്മള്‍ നന്ദിയുള്ളവരായിരിക്കണമെന്നും' ബെനഡിക്ട് പാപ്പാ എടുത്തുപറഞ്ഞു.
നിക്കോളാ ദിയ 2019 ഡിസംബര്‍ 6-ാം തീയതി എഴുതിയ പ്രസ്താവന രണ്ടുദ്ധരണികളോടെയാണ് അവസാനിപ്പിക്കുന്നത്. ''പരിസ്ഥിതിയെയും ജീവജാലങ്ങളെയും വിഷലിപ്തമാക്കുന്ന അന്തരീക്ഷമലിനീകരണം ഉള്ളതുപോലെതന്നെ മനുഷ്യന്റെ മനസ്സിനെയും ഹൃദയത്തെയും ബാധിക്കുകയും ആദ്ധ്യാത്മികജീവിതത്തില്‍ മാരകമായ വിഷാംശം കലര്‍ത്തുകയും ചെയ്യുന്ന മലിനീകരണവും ഒരു യാഥാര്‍ത്ഥ്യമാണ്'' (ബെനഡിക്ട് XVII, 2009 മേയ് 31, പന്തക്കുസ്താത്തിരുനാള്‍ സന്ദേശത്തില്‍നിന്ന്).
രണ്ടാമത്തേത് ഫ്രഞ്ച് കവി ഷാര്‍ള് പെഗി (Charles Pe'guy (1873-1917)യുടേതാണ്. .
''ദൈവം പറഞ്ഞു: എന്നെ വിസ്മയിപ്പിക്കുന്നത് പ്രത്യാശയാണ്. ആ വിസ്മയം എന്റെ മനസ്സില്‍ മാറാതെ നില്ക്കുകയാണ്. ഒട്ടും ഒന്നുമല്ല എന്ന ഭാവത്തോടെ ചെറിയ പ്രത്യാശ. കുഞ്ഞുപൈതലെപ്പോലെ ആ പ്രത്യാശ'' (The Portal of the Mystery of Hope).
ബനഡിക്ട് പതിനാറാമനും കാര്‍ഡിനല്‍ സറായും ചേര്‍ന്ന് ആത്മീയമലിനീകരണത്തെ ദൂരെയകറ്റി പ്രത്യാശയുടെ വാതായനങ്ങള്‍ തുറക്കുകയാണെന്നും നിക്കോളാ ദിയാ ഈ ഉദ്ധരണികള്‍ക്കുശേഷം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.