•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

സ്വഭാവവൈശിഷ്ട്യത്തിന്റെ പൊന്‍തൂവല്‍

ന്താണ് കുലീനത്വവും സ്വഭാവ മഹിമയും? സര്‍വോത്തമമായ ചില സ്വഭാവമഹിമകളുള്ള, ആദര്‍ശധീരരും സാന്മാര്‍ഗികവും സാംസ്‌കാരികവുമായ ഉയര്‍ന്ന  നിലവാരം പുലര്‍ത്തുന്നവരുമായ    വ്യക്തികളുടെ സവിശേഷതയെയാണ് നാം ഈ വാക്കുകളിലൂടെ അര്‍ഥമാക്കുക. സമ്പത്തുണ്ടായതുകൊണ്ടോ അല്ലെങ്കില്‍ മികച്ച ആകാരസൗഷ്ഠവം  ഉള്ളതുകൊണ്ടോ ഒരാള്‍ കുലീനസ്വഭാവക്കാരനാകുന്നില്ല. വംശപാരമ്പര്യം ഉള്ളതുകൊണ്ടോ ശ്രേഷ്ഠകുടുംബത്തില്‍ ജനിച്ചതുകൊണ്ടോ പൊന്നിന്റെ നിറം കിട്ടിയതുകൊണ്ടോ  ഒന്നും നാം ഇവിടെ വിവക്ഷിക്കുന്ന  കുലീനത്വമോ സ്വഭാവമഹിമയോ ഒരാള്‍ക്കും ലഭിക്കുന്നില്ല. ലളിതമായിപ്പറഞ്ഞാല്‍, ഇത് ഒരു വ്യക്തിയുടെ സ്വഭാവശുദ്ധിയെയാണ്, സാന്മാര്‍ഗികമൂല്യങ്ങളെയാണ്, അന്തസ്സിനെയാണു ധ്വനിപ്പിക്കുക. നിങ്ങളുടെ വ്യക്തിത്വത്തോട് ഒട്ടിനില്‍ക്കുന്ന  ഒരുതരം സുഗന്ധമാണിത്. അതു നിങ്ങളെ വേറിട്ടു നിറുത്തുന്നു; ചുറ്റുമുള്ളവരെ നിങ്ങളിലേക്കാകര്‍ഷിക്കുന്നു. നിങ്ങളുടെ മാന്ത്രികവലയത്തില്‍ വന്നുനില്ക്കാന്‍ മറ്റുള്ളവര്‍ക്കും ആഗ്രഹം തോന്നുന്നു. ഇതൊന്നും ഒരു നടനത്തിലൂടെയോ പൊയ്മുഖം സൃഷ്ടിച്ചുകൊണ്ടോ സാധ്യമല്ല. ഇത് ഉള്ളില്‍നിന്നുതന്നെ വരണം. ഒരു പഴഞ്ചൊല്ലുണ്ട്: ''വ്യക്തിത്വത്തെ തിരിച്ചറിയുന്നതും സാക്ഷ്യപ്പെടുത്തുന്നതും  നിങ്ങളുടെ സത്പ്രവൃത്തികളാലാണ്.'' ചില നന്മകള്‍ നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാകുന്നു. അതനുസരിച്ച് അതിനോട്  അലിഞ്ഞുചേര്‍ന്ന കുലീനതയെയും വ്യക്തിത്വത്തെയും മറ്റുള്ളവര്‍ മാനിക്കാന്‍ തുടങ്ങുന്നു. ഇക്കാലത്തു ജീവിതത്തില്‍ കുലീനതയും സ്വഭാവമഹിമയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഒരു നല്ല വ്യക്തിയാകുവാന്‍ നന്മയെ നാം ഉള്‍ക്കൊള്ളണം;  തിന്മയെ അകറ്റിനിറുത്തണം; നിന്ദ്യമായ പ്രവൃത്തികള്‍ ഉപേക്ഷിക്കണം.
കുലീനത പ്രത്യക്ഷമാക്കാം 
ഭാരതത്തിലും  ലോകത്തിന്റെ പല രാജ്യങ്ങളിലും ഒരു ആംബുലന്‍സ് ചീറിപ്പാഞ്ഞുപോകുന്ന രംഗം കാണുമ്പോള്‍ ചിലരെങ്കിലും കുരിശുവരയ്ക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതു  കണ്ടിട്ടുണ്ട്. അപരിചിതരായ ആര്‍ക്കോ എന്തോ അത്യാഹിതം സംഭവിച്ചിരുന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍  ഒരു ജീവന്‍ പെന്‍ഡുലമാടുന്നു. നമുക്കപ്പോള്‍ ആകെ ചെയ്യാവുന്നതു പ്രാര്‍ഥിക്കുക എന്നതു മാത്രമല്ലേ? സത്യംപറഞ്ഞാല്‍ എത്രയോ വര്‍ഷങ്ങള്‍ ഞാന്‍ ഇതൊന്നും ചെയ്യാന്‍ മെനക്കെടാതെ കടന്നുപോയി. എന്നാല്‍, ഇന്നിപ്പോള്‍ ഞാന്‍  ഉറപ്പായും  ഒരു നിമിഷമെങ്കിലും  കണ്ണടച്ചു പ്രാര്‍ഥിക്കും. 
മദര്‍ തെരേസ കാണിച്ചുതന്ന കാരുണ്യത്തിന്റെ പാഠങ്ങള്‍  ഉള്‍ക്കൊണ്ട് നാം കഴിവുപോലെ അനാഥാലയങ്ങളെ  തുണയ്ക്കണം. 
ദരിദ്രകുടുംബങ്ങള്‍ക്ക്, പ്രത്യേകിച്ചു കുട്ടികളെ വളര്‍ത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്കുമുമ്പില്‍ സഹായ ഹസ്തം നീട്ടണം. കുട്ടികള്‍ക്ക് വസ്ത്രവും പുസ്തകങ്ങളും കളിപ്പാട്ടങ്ങളും എത്തിച്ചുകൊടുക്കണം. 
രോഗികളെ  മരുന്നുവാങ്ങാന്‍ സഹായിക്കണം.
ഒരു  ക്യൂവില്‍  നില്‍ക്കുമ്പോള്‍ പ്രായം ചെന്നവരെ  മുമ്പോട്ടുപോകാന്‍ അനുവദിക്കുക. 
എപ്പോഴും വിനയാന്വിതനായി  പെരുമാറാന്‍ പഠിക്കുക. ലിഫ്റ്റിലും മറ്റും വികലാംഗരെ സഹായിക്കാന്‍ ശ്രദ്ധിക്കുക. 
വാഹനം ഓടിക്കുമ്പോള്‍ 'ഞാന്‍ ആദ്യം ഞാന്‍ ആദ്യം' എന്നു ചിന്തിക്കാതെ അത്യാവശ്യമെങ്കില്‍ മാത്രം ശ്രദ്ധയോടെ ഓവര്‍ ടേക്ക്  ചെയ്യുക. കാല്‍നടക്കാര്‍ റോഡു മുറിച്ചുകടക്കുമ്പോള്‍ ഒരിക്കലും സ്പീഡ് കൂട്ടരുത്.
ഒരു ഭവനം സന്ദര്‍ശിക്കുമ്പോള്‍ അല്ലെങ്കില്‍ നാം ആരെയെങ്കിലും കണ്ടുമുട്ടുമ്പോള്‍ കാണുന്ന നല്ല കാര്യങ്ങള്‍ക്ക് അവരെ അഭിനന്ദിക്കുക. പരീക്ഷകള്‍ പാസ്സാകുന്ന കുട്ടികളെ അഭിനന്ദിക്കുക. സാധ്യമായാല്‍ എന്തെങ്കിലും പാരിതോഷികങ്ങള്‍  നല്‍കുന്നതും  ഉചിതമാണ്. അതവര്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കും
ബര്‍ത്ത്‌ഡേയ്ക്കും മറ്റും ചിലപ്പോള്‍ ആവശ്യത്തിലേറെ  ഗിഫ്റ്റുകള്‍ ലഭിച്ചേക്കാം. അവയൊക്കെ നമുക്ക് ഷെല്‍ട്ടര്‍ഹോമുകളിലും മറ്റുമായി കൊടുക്കാം.
എന്താണ് നാം കുറേപ്പേരെ മാത്രം  ഓര്‍ത്തിരിക്കുന്നത്?
അമേരിക്കയില്‍ എത്രയോ പ്രസിഡന്റുമാര്‍  വന്നുപോയി. അവരില്‍ ഒരു ജോണ്‍ എഫ് കെന്നഡി  യെ മാത്രം നാം സദാ ഓര്‍മിക്കുന്നു. കാരണം, അദ്ദേഹത്തിന്റെ സത്യസന്ധതയോടെയുള്ള സമീപനങ്ങളാണ്, കുലീനത്വമാണ്, സ്വഭാവവൈശിഷ്ട്യമാണ്.
നാം ചെയ്യുന്ന നല്ല കാര്യങ്ങള്‍  ചില നല്ല അടയാ ളങ്ങള്‍ സൃഷ്ടിക്കുന്നു;  ചെയ്യുന്ന പ്രവൃത്തികളിലെല്ലാം തന്റേതായ ഒരു കയ്യൊപ്പു നാം സൃഷ്ടിക്കുന്നു. നമ്മുടെ ഒരു നോട്ടത്തിനും അംഗവിക്ഷേപത്തിനുമൊക്കെത്തന്നെ വലിയ അര്‍ഥങ്ങളുണ്ട് - അവയാണ് നമ്മെ നാമാക്കുന്നത്; നമ്മുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നത്.
ചുറ്റിലും നോക്കുക 
ധാരാളം മനുഷ്യര്‍ നമ്മുടെ  ഒരു സഹായത്തിനു വേണ്ടി കാത്തിരിക്കുന്നുണ്ട്. ബൈബിളില്‍ പറയുംപോലെ, വലതുകരം ചെയ്യുന്നത് ഇടതുകരം അറിയാതിരിക്കട്ടെ. നിങ്ങളെ ഞാന്‍ സഹായിച്ചതാണ് എന്നു പറഞ്ഞു അവരെ ഒരിക്കലും  തലകുനിപ്പിക്കരുത്. നിങ്ങള്‍ ചെലവാക്കിയ സമയത്തെക്കുറിച്ചോ  പണത്തെക്കുറിച്ചോ സംസാരിച്ച് അവരെ  മോശക്കാരാക്കരുത്.
കുലീനനായ വ്യക്തി മറ്റുള്ളവര്‍ക്കു പ്രചോദനം പകരുന്നു. അവര്‍ എപ്പോഴും ശ്രദ്ധിക്കുക മൂല്യങ്ങളിലാണ്, ഏതൊരു  സാഹചര്യത്തിലാണ് മറ്റുള്ളവര്‍ക്കു തുണയാകാനാവുക എന്നതിലാണ്.  മനുഷ്യത്വപരമായ നല്ലകാര്യങ്ങളില്‍, കാരുണ്യപ്രവൃത്തികളില്‍ അവര്‍ വ്യാപൃതരാകാന്‍ ശ്രമിക്കും. 
നമുക്കു കിട്ടും - ബോണസ് 
സത്കര്‍മങ്ങള്‍ ചെയ്യുന്നതുവഴി  ധാരാളം ജീവിതാനന്ദം നാം പോലുമറിയാതെ നമുക്കു ലഭിക്കാന്‍ തുടങ്ങും. ഈ സത്പ്രവൃത്തികളിലൂടെ നമുക്ക് നിരന്തരമായി, അഭംഗമായി ആനന്ദം ലഭിക്കും. നമ്മുടെ മാനുഷികമൂല്യങ്ങള്‍ക്ക് അതു മാറ്റുകൂട്ടും; ആന്തരികമായ സൗഭാഗ്യം നാം അനുഭവിക്കും. ചിലപ്പോള്‍ നമുക്കു  തോന്നിയേക്കാം  നാം ചെയ്യുന്നതിനൊന്നും  യാതൊരു വിലയും ആരും കല്പിക്കുന്നില്ല എന്ന്. നിങ്ങള്‍ നിരുത്സാഹപ്പെടരുതേ, ഈ ലോകത്തിലുള്ളവരെല്ലാം അന്ധന്മാരല്ല. ആരെങ്കിലുമൊക്കെ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രകീര്‍ത്തിക്കാന്‍ കാണും. നിങ്ങള്‍ എത്രകണ്ടു സന്തോഷം മറ്റുള്ളവരിലേക്കു പകര്‍ന്നുവോ അത്രകണ്ട്  അതു  നിങ്ങളിലേക്കു തിരിച്ചൊഴുകും എന്നുള്ളതാണ് പ്രപഞ്ചസത്യം.
മഹത്തായ ചിന്തകള്‍  ഉണ്ടാവട്ടെ.
പ്രചോദനചിന്തകളുടെ ഉത്സാഹവതിയായ ലേഖിക ഗിഫ്റ്റി അകിറ്റാ വളരെ മനോഹരങ്ങളായ  ചില ചിന്തകളിലൂടെ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാനുതകുന്ന കാര്യങ്ങള്‍ പറയുന്നുണ്ട്. നമ്മുടെ ജീവിതം, നമ്മുടെ പ്രവൃത്തികള്‍ ഇതെല്ലം മറ്റുള്ളവര്‍ വായിക്കും. സത്പ്രവൃത്തികളാല്‍ നമുക്കൊരു സുന്ദരലോകം പടുത്തുയര്‍ത്താം. ഒരു മരത്തിന്റെ സവിശേഷത നാം അറിയുന്നത് അതിന്റെ ഫലങ്ങള്‍ നോക്കിയാണ്; മനുഷ്യന്റെ പ്രവൃത്തികളാലാണ് അവന്‍ അറിയപ്പെടുക. സ്‌നേഹമില്ലാതെ അധികം നല്‍കുന്നതിനെക്കാള്‍ മെച്ചമാണ് സ്‌നേഹത്തോടെയുള്ള കൊച്ചുസമ്മാനങ്ങള്‍. ദൈവകൃപയാലാണ് നമുക്ക് നന്മകള്‍ ചെയ്യാനാവുന്നത്. പറച്ചിലില്‍ കാര്യമില്ല. കാരുണ്യം പ്രവര്‍ത്തിക്കാനുള്ളതാണ്. നാം മറ്റുള്ളവരെ സദാ പ്രോത്സാഹിപ്പിക്കണം, പരസ്പരം ബലപ്പെടുത്തണം. അവസരങ്ങള്‍ കിട്ടുമ്പോഴെല്ലാം അതു പാഴാക്കാതെ സത്പ്രവൃത്തികള്‍ ചെയ്യണം. മനസ്സിനുള്ളില്‍ ഒരു കാന്തവലയമുണ്ട്; അത് നല്ല ചിന്തകളെ ആകര്‍ഷിക്കുമ്പോള്‍ നാം സത്പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങും.
നീതിബോധം 
ഒരു സത്‌സ്വഭാവിയുടെ മറ്റൊരു അടയാളമാണ് സന്തുലിതമായ ഒരു നീതി ബോധം. അയാള്‍ എപ്പോഴും ന്യായത്തിന്റെയും നീതിയുടെയും പക്ഷത്തായിരിക്കും നിലകൊള്ളുക. അവര്‍ ഒരിക്കലും സങ്കുചിതനിലപാടു സ്വീകരിച്ചുകൊണ്ട് സ്വന്തക്കാരുടെയോ ചാര്‍ച്ചക്കാരുടെയോ സൈഡ് പിടിക്കില്ല.
മറ്റു ചില  ഗുണവിശേഷങ്ങള്‍കൂടി ഇത്തരം ആളുകളില്‍ കാണാം. തികഞ്ഞ ആത്മവിശ്വാസത്തോടെ, മാന്യതയോടെ, ദൃഢതയോടെ  അവര്‍ കാര്യങ്ങളില്‍ ഇടപെടും. പലപ്പോഴും ഫലിതബുദ്ധിയോടെ കാര്യങ്ങളെ ലളിതമായിക്കണ്ട് എല്ലാവരോടും സ്‌നേഹപൂര്‍വം പെരുമാറുന്നവരാണവര്‍. കൃത്യസമയത്തുവേണ്ടത് പറയാനും  പ്രവര്‍ത്തിക്കാനും അവര്‍ക്കറിയാം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നവരാണവര്‍. അവരുടെ സ്‌നേഹത്തിനുമുമ്പില്‍ എതിരാളികള്‍പോലും കൊമ്പുകുത്തും.
ഇന്നത്തെ സ്വാര്‍ഥലോകത്തില്‍ നമുക്കെല്ലാം  സഹചരരോടുള്ള കാരുണ്യം നഷ്ടമായിരിക്കുന്നു.  സ്വഭാവത്തില്‍ നാം കൊണ്ടുവരേണ്ട നല്ല ഗുണവിശേഷങ്ങള്‍ ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. സ്വഭാവവൈശിഷ്ട്യവും കുലീനതയുമൊക്കെ ഒരിക്കല്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. ഇതൊക്കെ നഷ്ടപ്പെടാതെ നോക്കേണ്ടത് അടുത്ത തലമുറയാണ്. കില്‍റോയ് ഓള്‍ഡ്സ്റ്റര്‍ പറയുന്നു: ''നാം ജീവിച്ചുതീര്‍ക്കുന്ന ജീവിതത്തിന്റെ കണക്കുകള്‍ പരിശോധിക്കണം. മരണശയ്യയില്‍ ഒഴിച്ചുകൂടാത്ത ഒരു ചോദ്യം സ്വയം ചോദിക്കും - എന്റെ  ജീവിതത്തിന്റെ  ലക്ഷ്യം എന്തായിരുന്നു? എന്താണ് ഞാന്‍ നേടിയത്? എന്താണ് എനിക്കു നേടാനാവാതെപോയത്?'' 
നല്ല സ്വഭാവസവിശേഷതകളും കുലീനതയും   ജീവിതത്തിലേക്കു കൊണ്ടുവരാന്‍ നമുക്കും ആത്മാര്‍ഥമായി ശ്രമിക്കാം. നമുക്കും പൊന്‍തൂവല്‍  പക്ഷികളാകാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)