•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

തീക്കാറ്റില്‍ തിളച്ചുമറിഞ്ഞ് കേരളം

വേനല്‍ച്ചൂടില്‍ വെന്തുരുകുകയാണ് കേരളം.  മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തത്ര കൊടിയ ചൂടാണ് ഇത്തവണ വേനലിന്റെ ആരംഭംമുതല്‍ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. രാവിലെ പതിനൊന്നിനും ഉച്ചകഴിഞ്ഞ് മൂന്നിനുമിടയില്‍ പുറത്തിറങ്ങാന്‍ പറ്റാത്തത്ര   പൊള്ളുന്ന ചൂട്. ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവരുടെ ദേഹത്തേക്കടിക്കുന്നത് തീക്കാറ്റാണ്.
കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പലയിടത്തും 40 ഡിഗ്രിക്കു മുകളിലാണ് ചൂട്.  എറണാകുളം, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രിക്കു മുകളില്‍. അടുത്ത അഞ്ചു ദിവസം  ഇതേനിലയില്‍  കൊടുംചൂട് തുടരുമെന്നാണ് മാര്‍ച്ച് അഞ്ചിന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പ്.   
കേരളത്തിന്റെ കാലാവസ്ഥ തകിടം മറിഞ്ഞു എന്നതിന്റെ സൂചനയാണ് ഫെബ്രുവരി മധ്യംമുതലുള്ള  ഈ കൊടുംചൂട് എന്നാണ് പരിസ്ഥിതിശാസ്ത്രജ്ഞരുടെ നിരീക്ഷണം.
സംസ്ഥാനത്ത് ഇത്തവണ പതിവില്‍ക്കൂടുതല്‍ ചൂട് ഉയരില്ലെന്നായിരുന്നു നേരത്തേ കേന്ദ്രകാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചത്. എന്നാല്‍, പ്രവചനം തെറ്റിച്ചു പലയിടത്തും ചൂട് ഒറ്റയടിക്കു കൂടിയത് നാലു ഡിഗ്രി വരെ. മുമ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ അനുഭവപ്പെട്ടിരുന്ന ചൂടാണ്  ഇത്തവണ മാര്‍ച്ച്
ആദ്യവാരമെത്തിയത്. 37 ഡിഗ്രിക്കു മുകളില്‍ ചൂട്ഏറെ ദിവസം തുടര്‍ന്നാല്‍ ഉഷ്ണതരംഗത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ദുരന്തനിവാരണ അതോറിറ്റി നല്‍കിക്കഴിഞ്ഞു. വേനല്‍മഴ വൈകിയാല്‍ ജലക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.അന്തരീക്ഷതാപനില ഉയരാന്‍ കാരണമായ എല്‍ നിനോ എന്ന പ്രതിഭാസം മടങ്ങിവരുന്നതായി വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു. ചൂടു കൂടുന്നതിനു പുറമേ, മഴ കുറയാനും എല്‍നിനോ കാരണമായേക്കും. 
ലോകത്താകമാനമുള്ള കണക്കു പ്രകാരം ഏറ്റവും ചൂടു കൂടുതലുള്ള കാലമായിരുന്നു കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍. 2025 ആകുന്നതോടെ  ചൂട് അഞ്ചു ഡിഗ്രി സെല്‍ഷ്യസ്‌വരെ വര്‍ദ്ധിക്കുമെന്നും ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ഒമ്പതു ഡിഗ്രി വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍  സൂചന  നല്‍കുന്നു.
വാഹനങ്ങളുടെ പെരുപ്പത്തില്‍ അന്തരീക്ഷത്തിലേക്കൊഴുകുന്ന കാര്‍ബണ്‍ മൂലകങ്ങള്‍  പതിന്മടങ്ങായി വര്‍ധിച്ചതും ചൂടുകൂടാന്‍ ഒരു  കാരണമായി.   കൂണുപോലെ ഉയര്‍ന്നുനില്‍ക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളും, കെട്ടിടങ്ങളുടെ മേല്‍ക്കൂരയിലെ  ലോഹഷീറ്റുകളും ചൂട് സംഭരിച്ചു  പുറത്തേക്ക് ഒഴുക്കി.
ചൂടു  കൂടുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശവും നല്‍കിക്കഴിഞ്ഞു. പകല്‍  പതിനൊന്നിനും  മൂന്നിനും  ഇടയില്‍  നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് മുഖ്യനിര്‍ദേശം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗങ്ങള്‍ ഉള്ളവര്‍ ഉറപ്പായും 11  മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ ശ്രദ്ധിക്കണം. നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം  കുടിക്കുക,  മദ്യം, കാപ്പി, ചായ  കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക,  പുറത്തേക്കിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍.
ചൂടു  കടുത്തതോടെ കര്‍ഷകരും കണ്ണീരിലായി.  കൃഷികള്‍ വാടിക്കരിഞ്ഞുതുടങ്ങി. തെങ്ങിന്റെ ഓലകള്‍ ഒടിഞ്ഞുതൂങ്ങി. കുലയൊടിഞ്ഞു മച്ചിങ്ങ തുരുതുരെ പൊഴിയുകയാണിപ്പോള്‍.
വാഴകള്‍ കുലച്ച്  മൂപ്പെത്തുംമുമ്പേ തണ്ടൊടിഞ്ഞു കിടക്കുന്ന  ദൃശ്യം പലയിടത്തും കാണാം.  മറതീര്‍ത്തും കരിയിലകള്‍ പുതപ്പിച്ചും  വേനല്‍ച്ചൂടില്‍നിന്നു വിളകളെ  രക്ഷിക്കാന്‍ നെട്ടോട്ടമോടുകയാണ് കര്‍ഷകര്‍.  
ആറും തോടും കര കവിഞ്ഞൊഴുകിയിരുന്ന, വര്‍ഷത്തില്‍ ഏഴുമാസം സുലഭമായി മഴ കിട്ടിയിരുന്ന  മലയാളനാടിനെ ഈ കൊടുംചൂടിലെത്തിച്ചത് ഒരു പരിധിവരെ നമ്മള്‍തന്നെയല്ലേ? അന്തരീക്ഷതാപത്തെ  കുറയ്ക്കാനുള്ള പ്രകൃതിദത്തസംവിധാനങ്ങള്‍ മിക്കതും നാം  ഇല്ലാതാക്കി. വയല്‍നികത്തലിനും മലയിടിക്കലിനും  ഭരണകൂടം കൂട്ടുനിന്നപ്പോള്‍ നഷ്ടമായത്  കേരളത്തിന്റെ പച്ചപ്പും  സുഖശീതളിമയുമാണ്.
ശരാശരി മുന്നൂറ് സെന്റീമീറ്റര്‍  മഴ  നമുക്കു കിട്ടുന്നുണ്ട് എന്നാണ് സ്ഥിതിവിവരക്കണക്ക്. എന്നാല്‍, കിട്ടുന്ന മഴയുടെ നാല്പതു ശതമാനം മാത്രമേ നാം പ്രയോജനപ്പെടുത്തുന്നുള്ളു.  പറമ്പില്‍ മഴക്കുഴികള്‍ തീര്‍ത്തും പാടത്തു വരമ്പുകള്‍ കെട്ടിയും കിണറിനുചുറ്റും ചാലുകള്‍  കീറിയും മുറ്റത്ത് മഴവെള്ളസംഭരണി ഉണ്ടാക്കിയുമൊക്കെ ഈ ജലം സംരക്ഷിക്കാന്‍ നമുക്കു കഴിയുമെങ്കിലും നാമൊന്നും അതിനു ശ്രമിക്കാറില്ല. മറിച്ച്,  ഉള്ള കുളങ്ങളും കുഴികളും വയലുകളും മണ്ണിട്ടു നികത്തി അവിടെ കെട്ടിടം പണിയുന്നു. മുറ്റത്തു ടൈലുകള്‍ വിരിച്ചു വെള്ളം താഴുന്നതു തടയുന്നു. പെയ്യുന്ന മഴയാകട്ടെ, നേരേ ഒഴുകി അറബിക്കടലില്‍ ചേരുന്നു. ഇവിടെ പെയ്യുന്ന മഴവെള്ളം അതതിടത്ത് കെട്ടിനിര്‍ത്തുന്നു എന്നു സങ്കല്പിച്ചാല്‍ കേരളം മൂന്നുമീറ്റര്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കും എന്നാണ് പരിസ്ഥിതിഗവേഷകര്‍ പറഞ്ഞത്.  
വീട്ടിലെ മാലിന്യങ്ങള്‍  പ്ലാസ്റ്റിക് കൂടുകളിലാക്കി  നമ്മള്‍ വലിച്ചെറിയുന്നത് കനാലുകളിലേക്കും  പുഴകളിലേക്കും റോഡുവക്കിലേക്കും. അത് കറങ്ങിത്തിരിഞ്ഞ് എത്തിച്ചേരുന്നതോ, നമ്മുടെ തോടുകളിലും കുളങ്ങളിലും. കായലുകള്‍, തടാകങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, പുഴകള്‍,  തോടുകള്‍, അരുവികള്‍, കുളങ്ങള്‍, കനാലുകള്‍ - എല്ലാം ധാരാളമായി ഉള്ള നമ്മുടെ നാടിനെ സംരക്ഷിക്കാനും വൃത്തിയായി സൂക്ഷിക്കാനും നമുക്കു കഴിയാതെപോകുന്നതെന്തേ?
സുഖശീതളമായ കാലാവസ്ഥയുടെ  കാര്യത്തില്‍  പണ്ടുമുതലേ ടൂറിസ്റ്റുമാപ്പില്‍ ഒരിടമുണ്ടായിരുന്നു  കേരളത്തിന്.  മലയാളമണ്ണിനെ സുഖവാസസ്ഥലമായി കണ്ടു വിദേശികള്‍ അവധിക്കാലം ആഘോഷിക്കാന്‍ ഇങ്ങോട്ട് ഓടിയെത്തിയതും അതുകൊണ്ടുതന്നെ. പ്രകൃതിസൗന്ദര്യംകൊണ്ടും കാലാവസ്ഥാമേന്മകൊണ്ടും ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെട്ടിരുന്ന കേരളം ഇപ്പോള്‍ ഉഷ്ണത്തിന്റെ സ്വന്തം നാട് ആയെങ്കില്‍ അതിന്റെ കാരണക്കാര്‍ നമ്മള്‍ തന്നെ. പ്രകൃതിയോടും  മണ്ണിനോടും നാം ക്രൂരത കാട്ടിയപ്പോള്‍ നമുക്കു നഷ്ടമായത് നമ്മുടെ നദികളുടെ കളകളാരവവും  മഴത്തുള്ളികളുടെ കിലുകിലുക്കവുമാണ്.
മരങ്ങള്‍ വെട്ടിക്കളഞ്ഞാല്‍ മഴയുണ്ടാകില്ലെന്നു പറഞ്ഞപ്പോള്‍ നമ്മുടെ ഒരു എംഎല്‍എ  പണ്ടൊരിക്കല്‍   നിയമസഭയില്‍ ചോദിച്ചത് കടലില്‍ മരങ്ങള്‍ ഉണ്ടായിട്ടാണോ അവിടെ മഴ പെയ്യുന്നത് എന്നാണ്. അതാണ് നമ്മുടെ നാട്ടിലെ ഭരണാധികാരികളുടെ പാരിസ്ഥിതികാവബോധം. പിന്നെങ്ങനെ ഈ നാടു നന്നാവും?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)