•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ബ്രഹ്‌മപുരത്തെ തീയും പുകയും

ബ്രഹ്‌മപുരം മാലിന്യസംസ്‌കരണപ്ലാന്റിനോട് അഡ്വ. ജോണ്‍സണ്‍ മനയാനിക്കും എനിക്കും വൈകാരികമായ ഒരു അടുപ്പമുണ്ട്. 2006 ല്‍ ഇടപ്പള്ളിയില്‍ 
താമസിക്കുന്ന അവസരത്തില്‍ മൂക്കുപൊത്തി നടക്കുന്ന വഴിയാത്രക്കാരെ പല ജങ്ഷനുകളിലും കാണാറുണ്ടായിരുന്നു. ഇത്തരക്കാരുടെ ചിത്രങ്ങള്‍ പത്രത്താളുകളിലും ഇടംപിടിച്ചിരുന്നു. കാരണം അന്വേഷിച്ചപ്പോള്‍ നേവിയുടെ ഭൂമിയില്‍ കൊച്ചിന്‍ കോര്‍പറേഷന്‍ മാലിന്യം തള്ളുന്നതിനു വിലക്കുവന്നു. കാരണമായിപ്പറഞ്ഞത് 
മാലിന്യത്തില്‍നിന്നുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കാനെത്തുന്ന പക്ഷികള്‍ പരിശീലനപ്പറക്കലില്‍ പങ്കെടുക്കുന്ന ഹെലികോപ്ടറുകളില്‍ ചെന്നിടിച്ച് കോപ്ടറുകള്‍ക്കു നാശനഷ്ടം വരുത്തുന്നു എന്നാണ്. കൊച്ചി, ആലപ്പുഴ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി ബാധിതര്‍ ആശുപത്രികളില്‍  അഭയംതേടുന്ന സമയമായിരുന്നു അന്ന്. കോര്‍പറേഷന്‍ അധികാരികളോട് മാലിന്യം മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലം കാണാതെവന്നപ്പോള്‍ അഡ്വ. ജോണ്‍സണ്‍ മനയാനി മുഖേന കേരള ഹൈക്കോടതിയില്‍ ഞാന്‍ ഒരു ഹര്‍ജി നല്‍കി. പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കാന്‍ കാരണമായേക്കാവുന്ന മാലിന്യനിര്‍മാര്‍ജനത്തിന്  ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നായിരുന്നു പ്രധാന ആവശ്യം. 
wp (c)  26304/2006 ആയി നമ്പര്‍ ചെയ്ത കേസ് ചീഫ് ജസ്റ്റീസ് വി.കെ. ബാലിയുടെയും ജസ്റ്റീസ് പി.ആര്‍. രാമന്റെയും ബഞ്ചാണ് പരിഗണിച്ചത്. ഹൈക്കോടതി അഡ്വ. സഹസ്രനാമത്തെ കമ്മീഷനായി നിയമിച്ചു. ഹൈക്കോടതി നിയമിച്ച കമ്മീഷന്റെ തെളിവെടുപ്പുസമയത്ത് പാലാക്കാരനായ ഡിജോ കാപ്പന് എന്താണ് കൊച്ചിയിലെ മാലിന്യക്കാര്യത്തിലെ പൊതുതാത്പര്യം എന്നായിരുന്നു അന്നു കൊച്ചിയിലെ മാലിന്യനീക്കം നടത്തുന്നവരുടെ എതിര്‍വാദം. അക്കാലത്ത് കൊച്ചിയിലെ മാലിന്യക്കാര്യം കൊച്ചിക്കാര്‍ മാത്രമാണ് ചര്‍ച്ച ചെയ്തിരുന്നതെങ്കില്‍ ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ചാനലില്‍ വരുന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ബ്രഹ്‌മപുരം പ്ലാന്റിലെ തീപ്പിടുത്തത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നുവെന്നാണ്.
നിയമങ്ങളനുസരിച്ചും പരിസരവാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതെയും ബ്രഹ്‌മപുരത്ത് മാലിന്യം നിക്ഷേപിക്കാന്‍ അനുവദിച്ചുകൊണ്ട് 2007 ജനുവരി 22 ന് ഹൈക്കോടതി അനുമതി നല്‍കി. തുടര്‍ന്നു കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് 2007 ജൂലൈ 16 ന് എത്തിയപ്പോള്‍ അന്നത്തെ കോര്‍പറേഷന്‍ സെക്രട്ടറിയായിരുന്ന മിനി ആന്റണി ഐഎഎസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഖരമാലിന്യനിര്‍മാര്‍ജനചട്ടങ്ങള്‍ പാലിച്ചാണ് ബ്രഹ്‌മപുരത്ത് മാലിന്യം നിക്ഷേപിക്കുന്നതെന്നും ജെസിബി ഉപയോഗിച്ചു നിരത്തിയശേഷം കുമ്മായമിട്ട് മാലിന്യങ്ങള്‍ക്കു മുകളില്‍ പത്തു സെന്റീമീറ്റര്‍ കനത്തില്‍  മണ്ണു വിരിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.
പതിനേഴു വര്‍ഷങ്ങള്‍ക്കുശേഷം ബ്രഹ്‌മപുരംവിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കേ പ്ലാന്റിലെ തീ കാരണമുള്ള പുക എത്രനാള്‍ ജനങ്ങള്‍ സഹിക്കണമെന്ന് കൊച്ചിന്‍ കോര്‍പറേഷന്‍ സെക്രട്ടറിയോടു കോടതി ചോദിച്ചു. കൊച്ചിനഗരത്തിലും സമീപപ്രദേശങ്ങളിലും മാലിന്യനിര്‍മാര്‍ജനത്തിനു വഴിയില്ലാതായതോടെ പ്രദേശവാസികള്‍ വലിയ പ്രതിസന്ധിയിലാണ്. മാലിന്യം വീടുകളിലും ഫ്‌ളാറ്റുകളിലുംതന്നെ സൂക്ഷിക്കേണ്ട അവസ്ഥ. എന്നിട്ടും പൗരപ്രമുഖരോ സാംസ്‌കാരികസാഹിത്യനായകരോ പ്രതികരണത്തിനോ പ്രതിഷേധത്തിനോ തുനിഞ്ഞുകണ്ടില്ല. 
വായു, ജലം, മണ്ണ് എന്നിവ മലിനീകരിക്കപ്പെട്ട് ജനങ്ങള്‍ ദുരിതത്തിലായി. കൊച്ചിക്കുചുറ്റും കിലോമീറ്ററുകളോളം പുക പടര്‍ന്ന് കൊച്ചിക്കാരുടെ കുടിവെള്ളസ്രോതസ്സായ കടബ്രയാറും ചിത്രപ്പുഴയാറും നശിപ്പിക്കപ്പെട്ടു. കൊച്ചിയെ ഗ്യാസ് ചേംബറിനോടാണ് ഹൈക്കോടതി താരതമ്യം ചെയ്തത്. പ്ലാന്റിനു തീ പിടിച്ചപ്പോള്‍ കാന്‍സറിനു സാധ്യതയുള്ള  വായുമാലിന്യങ്ങളാണ് കൊച്ചിക്കു ചുറ്റും വ്യാപിച്ചത്. വിവിധ ഡൈ ഓക്‌സിനുകള്‍, ഘനലോഹബാഷ്പങ്ങള്‍, പോളി ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍, നൈട്രജന്‍ ഡൈ  ഓക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്നിവയൊക്കെ കൊച്ചിക്കാര്‍ക്കു ശ്വസിക്കേണ്ടിവന്നിട്ടുണ്ട്. ഇതുമൂലം ഭാവിയില്‍ ഏതെല്ലാം തരത്തിലുള്ള രോഗത്തിനു ചികിത്സതേടേണ്ടിവരും? എന്തായാലും വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
43,37,718.6 ടണ്‍ മാലിന്യം കേരളത്തില്‍ ഒരു വര്‍ഷം ഉണ്ടാകുന്നുണ്ടെന്നാണ്  ശുചിത്വമിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഇതില്‍ 18 ശതമാനം പ്ലാസ്റ്റിക്കാണ്. ബാക്കി 33 ലക്ഷം ടണ്‍ ജൈവമാലിന്യമാണ്. സംസ്ഥാനത്തെ 1,07,11,989 വീടുകളില്‍ ഉറവിട ജൈവമാലിന്യസംസ്‌കരണസംവിധാനമുള്ളത് 23,79,841 എണ്ണത്തിനു മാത്രമാണ്. 10,17,358 സ്ഥാപനങ്ങളില്‍ 56378 നും കമ്യൂണിറ്റി കംമ്പോസ്റ്റിങ് സംവിധാനത്തിലൂടെ 767.3 ടണ്‍ ജൈവമാലിന്യം സംസ്‌കരിക്കുന്നു. വീടുകളിലും ഫ്‌ളാറ്റുകളിലും സ്ഥാപനങ്ങളിലും ഉറവിടസംസ്‌കരണത്തിലൂടെ ഇല്ലാതാക്കുന്ന മാലിന്യത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. ക്ലീന്‍ കേരള കമ്പനി ഒരു മാസം ശേഖരിക്കുന്ന ആകെ മാലിന്യം 2135.07 ടണ്‍.
കരയിലെ മാലിന്യപ്രശ്‌നം പോലെതന്നെ രൂക്ഷമാണ് കടലിലെത്തിച്ചേരുന്ന മാലിന്യവും. 2040 ഓടെ കടലിലെ പ്ലാസ്റ്റിക് മാലിന്യം മൂന്നിരട്ടിയായി ഉയരുമെന്നാണ് പഠനങ്ങള്‍  വെളിപ്പെടുത്തുന്നത്. അമേരിക്കന്‍ സംഘടനയായ 5 Gyres Institute  ന്റെ കണക്കുപ്രകാരം 2019 ല്‍ സമുദ്രങ്ങളിലാകെ ഏകദേശം 171 ട്രില്യണ്‍ പ്ലാസ്റ്റിക് ഉണ്ടായിരുന്നതായാണ് കണക്കാക്കിയിട്ടുള്ളത്.
മാലിന്യക്കൂമ്പാരത്തിന്റെ അടിയില്‍ നടക്കുന്നത് ഓക്‌സിജന്റെ അഭാവത്തിലുള്ള രാസപ്രവര്‍ത്തനമാണ്. ഇതില്‍നിന്നു ബഹിര്‍ഗമിക്കുന്ന വാതകങ്ങളില്‍ ജ്വലനസ്വഭാവമുള്ള മീഥേന്‍ഗ്യാസ്  ഉണ്ടാവാമെന്നതുകൊണ്ടാണ്  തീയണയ്ക്കാന്‍ പ്രയാസപ്പെടുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മീഥേന്‍ വാതകങ്ങള്‍ കത്തുമ്പോള്‍ ഉണ്ടാവുന്ന ഉയര്‍ന്ന താപത്തില്‍ ജീവികളുടെ ആരോഗ്യത്തെ അതിഭീകരമായ വിധത്തില്‍ ബാധിക്കാനിടയുള്ള  അനേകം മാരകമായ രാസസംയുക്തങ്ങള്‍  ഉണ്ടാവുമെന്നതുകൊണ്ട് ഇത് ഒരു സ്‌ളോ ബോംബാണെന്നാണ് കുറവിലങ്ങാട് ദേവമാതാ കോളജിലെ എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രിയിലെ റിട്ടയേര്‍ഡ് പ്രഫസര്‍ പ്രസാദ് പോള്‍ സാക്ഷ്യപ്പെടുത്തുന്നത്. അണുബോംബുകള്‍ പൊട്ടുമ്പോഴുണ്ടാകുന്ന നാശം നേരിട്ട് അപ്പോള്‍ത്തന്നെ ജീവജാലങ്ങളെ ബാധിക്കുമെങ്കില്‍ ഇതങ്ങനെയല്ല, അനേകകാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറയുന്നു. കാന്‍സര്‍, ജനിതകവൈകല്യങ്ങള്‍, ഞരമ്പുകള്‍, തലച്ചോര്‍ എന്നിവയെ മാരകമായി ബാധിക്കുന്ന രോഗങ്ങള്‍, വന്ധ്യത ശ്വാസംമുട്ടല്‍, ത്വഗ്രോഗങ്ങള്‍ തുടങ്ങി നമ്മിലേക്കു പ്രവേശിക്കുന്ന അവയുടെ  അളവും കാലവുമനുസരിച്ച് ഒരിക്കലും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളാണ് സകല ജീവജാലങ്ങള്‍ക്കും അതുണ്ടാക്കുന്നതെന്നും പ്രസാദ് പോള്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്.
ഖരമാലിന്യസംസ്‌കരണം നടത്തുന്നതിനുവേണ്ട ചട്ടങ്ങള്‍ ബ്രഹ്‌മപുരത്തു പാലിച്ചിട്ടില്ലെന്നാണ് കേന്ദ്രമലിനീകരണനിയന്ത്രണബോര്‍ഡിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. പ്ലാന്റിന് സംസ്ഥാന മലിനീകരണനിയന്ത്രണബോര്‍ഡിന്റെ അനുമതിയും ലഭിച്ചിട്ടില്ല.
പ്ലാന്റിലെ മാലിന്യനിര്‍മാര്‍ജനത്തിനു കരാര്‍ ലഭിച്ച സോന്‍ട്ര ഇന്‍ഫാടെക്കിന് 55 കോടിക്കു കരാര്‍ കൊടുത്തിട്ട് 14 കോടി കൈമാറിയെങ്കിലും മാലിന്യസംസ്‌കരണം കാര്യമായി നടന്നില്ല. തീപിടിച്ച് മാലിന്യം കത്തിത്തീര്‍ന്നാല്‍ പിന്നെ സംസ്‌കരിക്കാന്‍ ഒന്നുമില്ലല്ലോ. നാലുപാടുനിന്നും തീ ഒരുമിച്ചാണ് പടര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സത്യസന്ധമായ അന്വേഷണത്തിലൂടെ മാത്രമേ തീ സ്വമേധയാ ഉണ്ടായതാണോ അതോ ആരെങ്കിലും കത്തിച്ചതാണോ എന്നു കണ്ടെത്താന്‍ കഴിയൂ. പ്ലാന്റിന് തീപ്പിടുത്തമുണ്ടാകുന്നതിനുമുമ്പുതന്നെ ബയോ മൈനിങ് കരാറെടുത്ത കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നിട്ടും കമ്പനി ഇത് അവഗണിക്കുകയായിരുന്നുവെന്ന് കോര്‍പറേഷന്‍ പറയുന്നു. എന്നാല്‍, ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പും തനിക്കു ലഭിച്ചിട്ടില്ലെന്നും കമ്പനിയെ ബലിയാടാക്കാന്‍ കോര്‍പറേഷന്‍ രണ്ട് വ്യാജക്കത്തുകള്‍ നിര്‍മിച്ചുവെന്നുമുള്ള ആരോപണമാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജ്കുമാര്‍ ചെല്ലപ്പന്‍പിള്ള ഉന്നയിക്കുന്നത്.
ബ്രഹ്‌മപുരത്ത് വേനല്‍ക്കാലത്തു ചെയ്യേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന് കൊച്ചിമേയറെ അറിയിച്ചിരുന്നതായി അഗ്നിരക്ഷാസേനാവിഭാഗം ഡിജിപി ബി. സന്ധ്യ അറിയിച്ചു. പ്ലാന്റിലെ സ്ഥിതിഗതികള്‍ ഞെട്ടിക്കുന്നതാണെന്നും മുപ്പതുവര്‍ഷം മുമ്പ് ഉപേക്ഷിച്ച ഏതോ ഫാക്ടറിപോലെയാണ് പ്ലാന്റിലെ നിലവിലെ സ്ഥിതിയെന്നുമാണ് ഏറ്റവും ഒടുവിലായി ഹൈക്കോടതിയുടെ നിരീക്ഷണം ഉണ്ടായിരിക്കുന്നത്. തൃശൂര്‍, എറണാകുളം ഫോറന്‍സിക് സയന്‍സ്  ലാബുകളില്‍നിന്നുള്ള എട്ടംഗസംഘം സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്റെ നേതൃതത്തില്‍ കത്തിയ മാലിന്യത്തിന്റെ സാംപിളുകള്‍ ശേഖരിച്ച് വിദഗ്ധപരിശോധന ആരംഭിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ എണ്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗം തലവന്‍ പ്രഫ. ഇ.വി. രാമസ്വാമിയുടെ നേതൃത്വത്തില്‍ വായുവിന്റെ ഗുണനിലവാരം അളക്കുന്ന ആംബിയന്റ് എയര്‍ക്വാളിറ്റി മോണിറ്ററിങ് വാന്‍ കാക്കനാട്ട് സിവില്‍സ്റ്റേഷനിലെത്തി പരിശോധന തുടങ്ങി.
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ജില്ലാതലത്തില്‍ 23 എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ ഉണ്ടെന്നാണ് കണക്ക്. മാലിന്യം വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരേ ഫൈന്‍ ഉള്‍പ്പെടെയുള്ള നടപടികളാണാണ്ടാവുക. സര്‍ക്കാര്‍ അനുവാദമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകള്‍ക്കെതിരേയും സ്‌ക്വാഡുകള്‍ നടപടിയെടുക്കുമെന്നാണ് അറിയിപ്പ്.
കൊച്ചിക്കാരുടെ മാത്രം പ്രശ്‌നമാണ് പ്ലാന്റിലെ തീയും പുകയും എന്നു ധരിച്ചുവയ്ക്കുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ. പരസ്പരം പഴിചാരി പ്രശ്‌നത്തില്‍നിന്ന് ഒളിച്ചോടിയാല്‍ നമ്മുടെ ശവപ്പെട്ടിക്കുള്ള  ആണിയാണ് ഓരോരുത്തരായി അടിക്കുന്നതെന്ന് ഓര്‍മിക്കുന്നതു നന്ന്. ആമസോണ്‍ കാട് കത്തിയപ്പോള്‍ ബ്രസീല്‍ എംബസിക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചവര്‍ നമ്മുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നതറിയുന്നില്ല. ബ്രഹ്‌മപുരത്തെ പുക സ്വന്തം ജീവനു ഭീഷണിയാണെന്ന ചെറിയ സംശയം ഉണ്ടായാല്‍ മതി,  24 മണിക്കൂര്‍ പ്രവര്‍ത്തക്ഷമമായ  ഇന്‍ഫോപാര്‍ക്കിലെ  ആയിരവും രണ്ടായിരവും പേര്‍ ജോലി ചെയ്യുന്ന ഷിഫ്റ്റില്‍ പണിയെടുക്കുന്ന പ്രഫഷണലുകള്‍ കൂട്ടത്തോടെ കൊച്ചി വിടും. ഇവിടെനിന്നു ഖജനാവിലേക്ക് പബ് ചെയ്യപ്പെടുന്ന വരുമാനം നിശ്ചലമാകും. അതുണ്ടാവാതിരിക്കാന്‍ നല്ല മോഡലുകള്‍ കണ്ടെത്തി കൊച്ചിയെ മനോഹരമാക്കണം.
വൈറ്റില - കുണ്ടന്നൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്റ്റീജ് കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിന്റെ ഓഫീസ് കോംപ്ലക്‌സില്‍ ഉച്ചയ്ക്കു ഭക്ഷണം കഴിക്കുന്ന ആയിരത്തോളം പേരുടെ ഭക്ഷണവേസ്റ്റ് അവിടെ വച്ചിരിക്കുന്ന ചെറിയ ഒരു മെഷിന്‍ അരമണിക്കൂര്‍കൊണ്ട് ജൈവവളമാക്കി മാറ്റുന്നു. മറ്റു ഖരമാലിന്യം ഇഷ്ടികരൂപത്തിലും അവിടെനിന്നു ലഭ്യമാണ്. ഒരു വ്യക്തിക്കു ചെയ്യാന്‍ കഴിയുന്ന മാലിന്യനിര്‍മാര്‍ജനം ആ വ്യക്തിയും കുടുംബത്തിനു ചെയ്യാവുന്നത് കുടുംബവും സ്ഥാപനത്തിനു കഴിയുന്നത് അവരും നിര്‍വഹിച്ചാല്‍ സമൂഹത്തില്‍ വലിയ മാറ്റം പ്രകടമാകും.
നല്ല വീട് നല്ല നഗരം എന്ന മുദ്രാവാക്യവുമായി കുന്നംകുളംകാര്‍ വാര്‍ഡുകള്‍ നിരവധി ക്ലസ്റ്ററുകളായി തിരിച്ചുനടത്തിയ മുന്നേറ്റം അദ്ഭുതകരമായ മാറ്റമാണ് അവിടെ ഉണ്ടാക്കിയത്. ജനജീവിതത്തിന് ഏറ്റവും ഭീഷണിയുയര്‍ത്തുന്ന വിഷയമായി മാലിന്യപ്രശ്‌നം മാറിയിരിക്കുന്നു. ജൈവ-പ്ലാസ്റ്റിക്-ഖരമാലിന്യങ്ങള്‍ മൂന്നായി തിരിച്ച് ഉറവിടങ്ങളില്‍നിന്നു ശേഖരിച്ച് വികേന്ദ്രീകൃതസംസ്‌കരണപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പാക്കിയാല്‍ സുന്ദരകേരളം രൂപപ്പെടുത്താന്‍ കഴിയും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)