ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട്, കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച ഗ്രന്ഥം 2023 ഏപ്രില്‍ 12-ാം തീയതി പാരീസില്‍ പ്രസിദ്ധീകൃതമായി. 'അദ്ദേഹം നമുക്ക് വളരെയേറെ നല്കി' എന്നര്‍ഥം വരുന്ന ശീര്‍ഷകമാണ് ആകര്‍ഷകമായ ഈ ഗ്രന്ഥത്തിനു നല്കിയിരിക്കുന്നത്. ഫ്രാന്‍സീസ് പാപ്പായ്ക്കാണ് ഈ ഗ്രന്ഥം ബഹുമാനപുരസ്സരം സമര്‍പ്പിച്ചിരിക്കുന്നത്.
ഗ്രന്ഥകര്‍ത്താവ് ആമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ ഈ പുസ്തകം നമുക്കു പരിചയപ്പെടാന്‍ ഉതകുന്നവയാണ്.
എന്തിന് ഒരു പുസ്തകംകൂടി?
ഈ ഗ്രന്ഥരചനയുടെ ഉദ്ദേശ്യം ഏതെങ്കിലും വിധത്തിലുള്ള കണക്കുതീര്‍ക്കലോ ഇത്ര സമുന്നതമായ ഒരു ജീവിതത്തെക്കുറിച്ചുള്ള നിലവാരം കുറഞ്ഞ വ്യാജവെളിപ്പെടുത്തലുകളോ അല്ല എന്ന് കര്‍ദിനാള്‍ സറാ ആദ്യമേ പ്രസ്താവിക്കുന്നുണ്ട്.
ബനഡിക്ട് പാപ്പായുടെ വിശാലമായ ദൈവശാസ്ത്രപഠനങ്ങളുടെയും പ്രബോധനങ്ങളുടെയും സംക്ഷിപ്തപ്രതിപാദനം തന്നില്‍നിന്നു പ്രതീക്ഷിക്കരുതെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിക്കുന്നു. അതൊക്കെ ഭാവിയില്‍ ആരെങ്കിലും ഏറ്റെടുത്തു ചെയ്യുമെന്നതു തീര്‍ച്ചയാണ്. പ്രധാനപ്പെട്ട പ്രഭാഷണങ്ങളൊന്നും ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടില്ലെന്നും കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നുണ്ട്.
ആധ്യാത്മികഗുരു
ബനഡിക്ട് പതിനാറാമന്‍ എന്ന ആധ്യാത്മികഗുരുവിന്റെ ഉദ്‌ബോധനങ്ങളുടെ ദിവ്യശക്തി വെളിപ്പെടുത്താനാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അഗാധമായ ദൈവശാസ്ത്രദര്‍ശനങ്ങള്‍ക്ക് ആധാരമായിരിക്കുന്നത് ആത്മീയവും അതീന്ദ്രിയവുമായ ദൈവാനുഭവമാണെന്നും അതിനാല്‍, നിങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ജോസഫ് റാറ്റ്‌സിങ്ങറുടെ ഒരാത്മാംശം കണ്ടെത്തുമെന്നുമാണ് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നത്. പരിശുദ്ധ പിതാവിന്റെ ഹൃദയരഹസ്യങ്ങള്‍ താന്‍ ഗ്രഹിച്ച പ്രകാരം പ്രകടമാക്കുകയാണെന്നും അവയെല്ലാം ദൈവത്തിങ്കലേക്കു നയിക്കുന്ന മൗലികത്വമുള്ള മാര്‍ഗങ്ങളാണെന്നും ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കുന്നു.
ഒരു വിശുദ്ധന്‍
ഈ പുസ്തകത്താളുകള്‍ ഒരു വിശുദ്ധന്റെ രേഖാചിത്രമാണു വരച്ചുകാണിക്കുന്നത്. ആ ജീവിതം പിന്‍ചെല്ലാന്‍ വായനക്കാരെ അതു പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജോസഫ് റാറ്റ്‌സിങ്ങറുടെ അറിയപ്പെടാത്തതും വിസ്മരിക്കപ്പെട്ടതുമായ പല പ്രസംഗങ്ങളും സന്ദേശങ്ങളും ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നുണ്ട്. ബനഡിക്ട് പതിനാറാമന്‍ പാപ്പായെപ്പറ്റി കാര്‍ഡിനല്‍ സറാ പലപ്പോഴായി കുറിച്ചുവച്ചിരുന്ന നിരീക്ഷണങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബനഡിക്ട് പിതാവ് പിന്‍തലമുറയ്ക്കു നല്കിയിട്ടുപോകുന്ന സമൃദ്ധവും സുചിന്തിതവുമായ വിജ്ഞാനനിക്ഷേപം, പര്യവേക്ഷണം ചെയ്യപ്പെടാത്ത ഭൂഖണ്ഡംപോലെ വിശാലമാണെന്ന് ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നുണ്ട്. ദീര്‍ഘകാലം സഭയ്ക്ക് ഈ നിധിയില്‍നിന്ന് ആത്മീയപോഷണം കണ്ടെത്താനാവും.
ദൈവംമാത്രം
ബനഡിക്ട് പിതാവിന്റെ ജീവിതത്തിന്റെയും ദൈവശാസ്ത്രവീക്ഷണങ്ങളുടെയും യുക്തിഭദ്രത ഗ്രഹിക്കണമെങ്കില്‍ ആ നല്ലയിടയന്റെ പ്രഥമവും പ്രധാനവുമായ ചിന്താവിഷയം ദൈവംമാത്രമായിരുന്നു എന്നു നമ്മള്‍ തിരിച്ചറിയിക്കണം.
ദൈവത്തെ മറന്നാല്‍ മനുഷ്യന്‍ ധാര്‍മികവും രാഷ്ട്രീയവും സാമൂഹികവുമായ മഹാദുരന്തത്തില്‍ നിപതിക്കുമെന്ന് ജോസഫ് റാറ്റ്‌സിങ്ങര്‍ നിരന്തരം ഓര്‍മിപ്പിച്ചിരുന്നു. വിശ്വാസത്തിനേ ബുദ്ധിയെ സംരക്ഷിക്കാനാകൂ. ദൈവത്തെ നിഷേധിക്കുമ്പോള്‍, വ്യക്തിസ്വാതന്ത്ര്യവും മറ്റ് അടിസ്ഥാനമൂല്യങ്ങളും അപകടത്തിലാകുമെന്ന് ഹിറ്റ്‌ലറുടെ നാസി പ്രത്യയശാസ്ത്രം കാഴ്ചവച്ച ഭീകരഭരണം നന്നേ ചെറുപ്പത്തിലേ റാറ്റ്‌സിങ്ങറിനെ ബോധ്യപ്പെടുത്തുകയുണ്ടായെന്ന് കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നുണ്ട്.
'ദൈവം ആരാകുന്നു?' എന്ന നിര്‍ണായകചോദ്യത്തിനു കൃത്യവും വിജ്ഞാനപ്രദവുമായ ഉത്തരം നല്‌കേണ്ടത് തന്റെ പ്രേഷിത ഉത്തരവാദിത്വമാണെന്ന നിരന്തരവ്യഗ്രതയാണ് ബനഡിക്ട് പാപ്പായുടെ പിതൃഹൃദയത്തെ ഉത്തേജിപ്പിച്ചിരുന്നത്. പ്രധാനവിഷയങ്ങള്‍ പലതുണ്ട്. എന്നാല്‍, ഏറ്റവും പ്രധാനവിഷയം ദൈവത്തിലുള്ള വിശ്വാസമാണെന്നു ബനഡിക്ട് പാപ്പാ പതിവായി പറഞ്ഞിരുന്നു. ഈ കേന്ദ്രബിന്ദുവിനു ചുറ്റുമാണ് പാപ്പായുടെ സഭാശുശ്രൂഷ നിര്‍വഹിക്കപ്പെട്ടത്.
Francois Varillon (1905-1978) എന്ന ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഈശോസഭാവൈദികന്റെ Humility God എന്ന പ്രശസ്തഗ്രന്ഥം ഇത്തരുണത്തില്‍ കര്‍ദിനാള്‍ സറാ ഉദ്ധരിക്കുന്നുണ്ട്.
ദൈവത്തെപ്പറ്റി ഗൗരവതരമായ സംഭാഷണം അത്ര എളുപ്പമല്ലെന്നാണ് ഫ്രന്‍സ്വാവ്‌രിയോണ്‍ പറയുന്നത്. എന്നാലും പുരോഹിതന്‍ എന്ന നിലയില്‍ ദൈവത്തെപ്പറ്റി താന്‍ സംസാരിക്കണം. ഭൗതികകാര്യങ്ങളായ സാമൂഹികപരിവര്‍ത്തനങ്ങളോ അനീതക്കെതിരേയുള്ള പോരാട്ടങ്ങളോ ഒന്നുമല്ല ഒരു പുരോഹിതന്റെ സംഭാഷണത്തിന്റെ വിഷയമാകേണ്ടത്. അദ്ദേഹം ദൈവത്തെപ്പറ്റി തന്നോടുതന്നെ സംസാരിക്കണം. ദൈവത്തോടു സംഭാഷണം നടത്തിയെങ്കില്‍ മാത്രമേ, മറ്റുള്ളവരോടു ദൈവത്തെപ്പറ്റി അര്‍ഥവത്തായി സംസാരിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നും ഫാദര്‍ ഫ്രന്‍സ്വാവ്‌റിയോന്‍ പ്രസ്താവിക്കുന്നു.
ഈശോമിശിഹാ സുവിശേഷത്തില്‍ വെളിപ്പെടുത്തുന്ന സ്‌നേഹംമാത്രമായ ദൈവത്തെയാണ് നാം പ്രഘോഷിക്കേണ്ടതെന്ന് അദ്ദേഹം തുടര്‍ന്നെഴുതുന്നുണ്ട്: 'മറ്റുള്ളവരോട് ദൈവത്തെപ്പറ്റി പറയാതിരിക്കാന്‍ ഞാന്‍ പ്രലോഭിതനാവുകയാണെങ്കില്‍, അതു മിക്കവാറും ഞാന്‍ എന്നോടുതന്നെ ദൈവത്തെക്കുറിച്ചു മൗനം പാലിക്കുന്നതുകൊണ്ടായിരിക്കും' എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.
ദൈവത്തെക്കുറിച്ചു മൗനം പാലിക്കപ്പെടുന്ന ഒരു സംസ്‌കാരത്തിലാണു ജോസഫ് റാറ്റ്‌സി ങ്ങര്‍ തന്റെ പരിചിന്തനങ്ങളെല്ലാം ദൈവകേന്ദ്രീകൃതമാക്കിയത്. അദ്ദേഹത്തിന്റെ മറ്റെല്ലാ പ്രബോധനങ്ങളും ഈ വെളിച്ചത്തിലാണ് മനസ്സിലാക്കേണ്ടത്. ദൈവത്തെ അനുഭവിക്കാനുള്ള സവിശേഷ ഇടമായ ലിറ്റര്‍ജിക്ക് ബനഡിക്ട് പതിനാറാമന്‍ നല്കുന്ന സമുന്നതസ്ഥാനം ഈ പശ്ചാത്തലത്തിലാണു വിലയിരുത്തേണ്ടതെന്നും കര്‍ദിനാള്‍ സറാ വ്യക്തമാക്കുന്നു.
ആരാധനക്രമനവീകരണം
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കഴിഞ്ഞ് അധികം കഴിയുന്നതിനുമുമ്പുതന്നെ ജോസഫ് റാറ്റ്‌സിങ്ങര്‍, റോമന്‍ റീത്തില്‍ അരങ്ങേറിയ ആരാധനക്രമനവീകരണസംരംഭങ്ങളെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ പ്രകടിപ്പിക്കുകയുണ്ടായി. ദൈവാരാധനയെ സംബന്ധിച്ച് കൗണ്‍സില്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങളില്‍നിന്നു പുരോഹിതരും വിശ്വാസികളും വ്യതിചലിക്കുമ്പോള്‍ സഭ വലിയ പ്രതിസന്ധിയിലാകുമെന്ന അപായസൂചന അദ്ദേഹം നല്കിക്കൊണ്ടിരുന്നു. മോണ്‍സിഞ്ഞോര്‍ ക്ലൗസ് ഗാമ്പര്‍ (Klaus Gamber) എന്ന ആരാധനക്രമ പണ്ഡിതന്റെ The Liturgical Reform in Question എന്ന ഗ്രന്ഥത്തില്‍ കര്‍ദിനാള്‍ റാറ്റ്‌സിങ്ങര്‍ 1989 ല്‍ പരലോകപ്രാപ്തനായ ക്ലൗസ് ഗാമ്പറെ അനുസ്മരിച്ചുകൊണ്ട് എഴുതിയ ഒരു ലേഖനം ചേര്‍ത്തിട്ടുണ്ട്. നിര്‍ഭയനായ സത്യാന്വേഷകന്‍ എന്ന് ക്ലൗസ് ഗാമ്പറെ വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ ഉറച്ച അഭിപ്രായങ്ങളെ ശ്ലാഘിക്കുകയും ചെയ്തുകൊണ്ട് കര്‍ദിനാള്‍ റാറ്റ്‌സിങ്ങര്‍ എഴുതി: ലിറ്റര്‍ജി തോന്നിയപോലെ തട്ടിക്കൂട്ടാനുള്ള ഒരു കാര്യമല്ല. അതൊരു ഷോ ആയി അധഃപതിക്കരുത്. മതവിശ്വാസത്തെ ആകര്‍ഷകമാക്കാനെന്ന പേരില്‍ ചില വൈദികര്‍ കാട്ടിക്കൂട്ടുന്ന വിഡ്ഢിത്തങ്ങളെ കര്‍ദിനാള്‍ റാറ്റ്‌സിങ്ങര്‍ അപലപിക്കുന്നുണ്ട്. കുര്‍ബാന കാര്‍മികന്റെ ഷോ ആയി മാറിയാല്‍ ദൈവത്തെ എങ്ങനെ കണ്ടുമുട്ടുമെന്ന പ്രസക്തമായ ചോദ്യവും ഈ ലേഖനത്തില്‍ അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
(തുടരും)