ബാഡ്മിന്റനില്‍ ലക്ഷ്യസെന്‍, അത്‌ലറ്റിക്‌സില്‍ ഷൈലി സിങ്, സ്‌ക്വാഷില്‍ അനഹത് സിങ്, ഷൂട്ടിങ്ങില്‍ റിതം സാങ്‌വാന്‍ തുടങ്ങി വിവിധ കായിക ഇനങ്ങളില്‍ ഒട്ടേറെ കൗമാര, യുവതാരങ്ങള്‍ ഇന്ത്യയുടെ ഭാവിപ്രതീക്ഷയായി ഉയര്‍ന്നുവരുന്നു. എന്നാല്‍, ഇതിലൊരു മലയാളി താരമില്ല. ഇതിനകം മികവു തെളിയിച്ച ഏതാനും യുവതാരങ്ങള്‍ പ്രതീക്ഷ നിലനിര്‍ത്തുന്നു എന്നതുമാത്രമാണ് കേരളത്തിന് ആശ്വാസം.
ഇത്തവണ സംസ്ഥാനത്തെ മികച്ച കായികതാരങ്ങള്‍ക്കുള്ള ജി.വി. രാജാ അവാര്‍ഡ് നേടിയത് അത്‌ലറ്റ് എം. ശ്രീശങ്കറും ബാഡ്മിന്റന്‍ താരം അപര്‍ണ ബാലനുമാണ്. ശ്രീശങ്കര്‍ കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ് ജമ്പില്‍ വെള്ളി നേടി. ഇപ്പോഴും രാജ്യാന്തരമെഡല്‍ സാധ്യത നിലനിര്‍ത്തുന്നു. അപര്‍ണ ബാലനു സമീപകാലത്തൊന്നും എടുത്തുപറയത്തക്ക നേട്ടം ഇല്ല. മുന്‍കാലപ്രകടനമാണു വിലയിരുത്തിയതെന്നു പറയാം. അപ്പോള്‍ ഒരു കാര്യം സമ്മതിക്കണം. ഇപ്പോഴും സജീവമായൊരു വനിതാതാരം എതിരാളിയായി വന്നിട്ടില്ല. കായികകേരളം പിന്നാക്കം പോകുന്നോയെന്നു സംശയിക്കണം.
ബാഡ്മിന്റനില്‍ എച്ച്.എസ്.പ്രണോയ് ലോകറാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഉണ്ട്. ട്രീസാ ജോളി ഡബിള്‍സില്‍ ഗായത്രി ഗോപീചന്ദുമൊത്ത് മികവു കാട്ടുന്നു. ക്രിക്കറ്റില്‍ സഞ്ജു സാംസന് വര്‍ഷങ്ങള്‍ ബാക്കിയുണ്ട്. ഹോക്കിയില്‍ ശ്രീജേഷിന് ഏതാനും വര്‍ഷംകൂടി ഫോം നിലനിര്‍ത്താന്‍ സാധിച്ചാല്‍ ഭാഗ്യം. അത്‌ലറ്റിക്‌സില്‍ സ്ഥിരതയില്ലാത്ത അവസ്ഥയാണ്. പുരുഷവിഭാഗത്തില്‍ കുറച്ചുകാലംകൂടി ഇപ്പോഴത്തെ ഒന്നാംനിരതാരങ്ങള്‍ സജീവമായുണ്ടാകുമെന്ന് ആശ്വസിക്കാം. ഒരു കാലത്ത് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ അക്ഷയഖനിയായിരുന്നു കേരളം എന്നോര്‍ക്കണം.
ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ തുടങ്ങിയ ഇനങ്ങളില്‍ മലയാളിതാരങ്ങള്‍ ഇന്ത്യന്‍ടീമില്‍ സ്ഥിരം സാന്നിധ്യമാണ്. പക്ഷേ, രാജ്യാന്തരതലത്തില്‍ ഈ ഇനങ്ങളില്‍ ഇന്ത്യയ്ക്കു സാധ്യതയില്ല. റോള്‍മോഡലുകളുടെ അസാന്നിധ്യം ഏറെക്കാലമായി കേരളത്തിലെ കായികരംഗത്തു പ്രകടമാണ്. ഇതിഹാസതാരങ്ങള്‍ പോകട്ടെ, അടുത്ത തലമുറയെ പ്രചോദിപ്പിക്കാന്‍ പോന്ന താരങ്ങളുടെ എണ്ണവും കുറയുന്നു.
കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിലും കേരളാ ഒളിമ്പിക് അസോസിയേഷനിലും രാഷ്ട്രീയം പിടിമുറുക്കിക്കഴിഞ്ഞു. കൗണ്‍സിലിന്റെ തലപ്പത്ത് കായികതാരങ്ങള്‍ എന്നു കൊട്ടിഘോഷിക്കാം. പക്ഷേ, തീരുമാനങ്ങളില്‍ രാഷ്ട്രീയസ്വാധീനം ഒഴിവാക്കാന്‍ കഴിയില്ല. പല കായികസംഘടനകളുടെയും കാര്യം പറയാതിരിക്കുകയാണു ഭേദം. സമാന്തരസംഘടനകള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു. വോളിബോളിലും സൈക്കിള്‍ പോളോയിലും ടേബിള്‍ ടെന്നീസിലുമൊക്കെ സംഘടനാതലത്തിലെ പ്രശ്‌നങ്ങള്‍ താരങ്ങളെ ബാധിക്കുന്നു. ഏത് അസോസിയേഷന്‍ പറയുന്നതു കേള്‍ക്കണം എന്നറിയാതെ താരങ്ങള്‍ വിഷമിക്കുന്നു. ദേശീയസംഘടനയുടെ അംഗീകാരമുള്ള സംസ്ഥാനസംഘടനയ്ക്ക് കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ഉണ്ടായെന്നു വരില്ല. ഫലം; താരങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും.
കേണല്‍ ഗോദവര്‍മരാജാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ഒളിമ്പിക് അസോസിയേഷനുമൊക്കെ രൂപീകരിച്ചപ്പോള്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 1970 കള്‍ വരെ ആ നില തുടര്‍ന്നു. 1980 കളിലും 90 കളിലും മാത്രമല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍പോലും പഴയ പാരമ്പര്യത്തിന്റെ തുടര്‍ച്ച കായികരംഗത്തു പ്രകടമായിരുന്നു. എന്നാല്‍, ഇപ്പോള്‍ എല്ലാം കൈവിട്ട സ്ഥിതിയാണ്.
റോള്‍മോഡലിലേക്കു മടങ്ങിവരാം. കഴിഞ്ഞ അരനൂറ്റാണ്ടിലെ കാര്യമെടുക്കാം. അതിനും പിന്നോട്ടുപോകേണ്ട കാര്യമില്ല. 1970 കളില്‍ അത്‌ലറ്റിക്‌സില്‍ ടി.സി. യോഹന്നാനും സുരേഷ് ബാബുവൂം രാജ്യാന്തരനേട്ടങ്ങള്‍ കൈവരിച്ചു. വോളിബോളില്‍ ജിമ്മി ജോര്‍ജും ജോസ് ജോര്‍ജും കുട്ടിക്കൃഷ്ണനും എസ്. ഗോപിനാഥുമൊക്കെ നാട്ടിലെങ്ങും മുഴങ്ങിക്കേട്ട പേരുകളായിരുന്നു. 1973 ല്‍ പ്രഥമ സന്തോഷ് ട്രോഫി വിജയമൊരുക്കിയ ക്യാപ്റ്റന്‍ മണിയും കൂട്ടരും ഓരോ വീട്ടിലും ചര്‍ച്ച ചെയ്യപ്പെട്ട പേരുകളായിരുന്നു.
1980 കളില്‍ തുടങ്ങി 90 കളുടെ അവസാനംവരെ പി.ടി.ഉഷയും ഷൈനി വില്‍സണും എം.ഡി. വത്സമ്മയും മേഴ്‌സി കുട്ടനുമൊക്കെ കായികകേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി. 1984 ലെ ലൊസാഞ്ചലസ് ഒളിമ്പിക്‌സിലെയും 86 ലെ സോള്‍ ഏഷ്യന്‍ ഗെയിംസിലെയും മികവാര്‍ന്ന പ്രകടനത്തിലൂടെ പി.ടി. ഉഷ ഉയര്‍ത്തിവിട്ട ആവേശം വലിയൊരു തരംഗമായി മാറി. പിന്നീട് കെ.എം. ബീനാമോളും അഞ്ജു ബോബി ജോര്‍ജും എത്തി. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമായി അഞ്ജു മാറി.
ഫുട്‌ബോളില്‍ ഇന്ത്യ എങ്ങുമെത്തിയില്ലെങ്കിലും ഐ.എം. വിജയനും സി.വി. പാപ്പച്ചനും ജോപോള്‍ അഞ്ചേരിയും ഷെറഫലിയുമൊക്കെ യുവകേരളത്തിന്റെ ഹരമായി. ബാസ്‌കറ്റ് ബോളില്‍ ഗീതു അന്ന ജോസ് റോള്‍ മോഡലായി. ബാഡ്മിന്റനില്‍ യു. വിമല്‍കുമാര്‍ തുടക്കമിട്ടത് മാറ്റത്തിന്റെ സൂചനമാത്രമായിരുന്നു. എത്രയെത്ര പേര്‍ വിമലിനു പിന്നാലെ വന്നു.
ബോക്‌സിങ്ങില്‍ കെ.സി. ലേഖയിലൂടെ ലോക ചാമ്പ്യന്‍ പിറന്നു. അശ്വതിമോള്‍ വെള്ളി നേടി. അതൊക്കെ ഏതാനും വര്‍ഷംമുമ്പ്. ചെസില്‍ മൂന്നു ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ കേരളത്തില്‍നിന്നു വളര്‍ന്നുവന്നു. ചെസില്‍ പ്രായം അതിര്‍വരമ്പിടാത്തതിനാല്‍ എത്രയോ വര്‍ഷങ്ങള്‍ ഗോപാലിനും നാരായണനും നിഹാലിനും ഇനിയും തുടരാം.
ഇതിഹാസതാരങ്ങള്‍ സ്ഥാപിക്കുന്ന റെക്കോര്‍ഡ് എപ്പോഴും ഏറെ അകലെയായിരിക്കും. വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും അതു തകര്‍ക്കപ്പെടുക. ലോങ്ജംമ്പില്‍ ടി.സി. യോഹന്നാന്റെ 8.07 മീറ്റര്‍ നേട്ടവും അഞ്ജു ബോബി ജോര്‍ജിന്റെ 6.83 മീറ്ററും ഉദാഹരണം. യോഹന്നാന്റെ റെക്കോര്‍ഡ് തിരുത്തപ്പെട്ടു. അഞ്ജുവിന്റെ റെക്കോര്‍ഡിന് അടുത്തേക്ക് അഞ്ജുവിന്റെതന്നെ ശിഷ്യ ഷൈലിസിങ് എത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെതന്നെ ഒരു യുവതാരനിര പിന്നാലെയുണ്ട്, ആന്‍സി സോജനും നയന ജെയിംസുമൊക്കെ.
എന്തുകൊണ്ടാണ് യോഹന്നാനെയോ സുരേഷ് ബാബുവിനെയോ അല്ലെങ്കില്‍ ഉഷയെയോപോലെ ഒരു തരംഗം സൃഷ്ടിക്കാന്‍ ഇപ്പോഴത്തെ താരങ്ങള്‍ക്കു കഴിയാത്തത് എന്ന ചോദ്യം ഏറെ പ്രസക്തമാണ്. യോഹന്നാനും സുരേഷ് ബാബുവിനും സാധ്യമായ നേട്ടം ഏതാണ്ടൊക്കെ ശ്രീശങ്കറും എല്‍ദോസ്‌പോളും ജില്‍സണ്‍ ജോണ്‍സനും (ചാട്ടവും ഓട്ടവും വേര്‍തിരിക്കുന്നില്ല.) ഒക്കെ കൈവരിച്ചു. എന്നാല്‍, ലോകനിലവാരം ഏറെ മുന്നിലാണ്. മാത്രമല്ല, നീരജ് ചോപ്രയെയും അഭിനവ് ബിന്ദ്രയെയുമൊക്കെ റോള്‍ മോഡല്‍ ആക്കിയ യുവതലമുറയാണ് ഇപ്പോഴത്തേത്.
ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും ഏഷ്യന്‍ ഗെയിംസും ഈ വര്‍ഷം നടക്കേണ്ടതുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജുവിനും നീരജിനും ശേഷം ഒരു മെഡല്‍നേട്ടം ആര്‍ക്കെങ്കിലും സാധ്യമാകുമോ? തീര്‍ച്ചയായും അവര്‍ ഒന്നോ രണ്ടോ തലമുറയ്ക്കു പ്രചോദനമാകും. ഏഷ്യന്‍ തലത്തിലെ സുവര്‍ണനേട്ടങ്ങള്‍ക്ക് അത്തരമൊരു ലേബല്‍ നല്‍കാന്‍ കഴിയില്ല. അതായത്, അനിതരസാധാരണമായ പ്രകടനമാണ് ഇതിഹാസങ്ങളെ സൃഷ്ടിക്കുക. അതത്ര എളുപ്പമല്ല. അങ്ങനെ സാധ്യതയുള്ളൊരു താരത്തെ കേരളത്തില്‍നിന്ന് ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്നില്ല. അതാണു പ്രശ്‌നം.