ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായ്ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചുകൊണ്ട്, കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച ഗ്രന്ഥം 2023 ഏപ്രില്‍ 12-ാം തീയതി പ്രസിദ്ധീകൃതമായി.
പുസ്തകപഠനത്തിന്റെ നാലാം ഭാഗം
ദൈവത്തിന്റെ മകനായി സ്വയം മനസ്സിലാക്കിക്കൊണ്ട്, പരിശുദ്ധത്രിത്വത്തിലെ പിതൃ-പുത്രബന്ധത്തെക്കുറിച്ചു വര്‍ഷങ്ങളായി ധ്യാനിച്ചുപോന്ന ബനഡിക്ട് പിതാവ്, മാര്‍പാപ്പാ എന്ന നിലയില്‍ ക്രൈസ്തവലോകത്തിനു മുഴുവനും പിതാവായി വര്‍ത്തിച്ചു.
മാനുഷികപിതൃത്വമല്ല ഇപ്രകാരമുള്ള ആദ്ധ്യാത്മികപിതൃത്വത്തിനു മാനദണ്ഡമാക്കേണ്ടതെന്നും ദൈവികപിതൃത്വം വിശുദ്ധഗ്രന്ഥത്തിലാണു നമ്മള്‍ അന്വേഷിക്കേണ്ടതെന്നും ബനഡിക്ട് പതിനാറാമന്‍ അനുസ്യൂതം പഠിപ്പിച്ചിരുന്നുവെന്നതിന് കര്‍ദിനാള്‍ സറാ വളരെ പ്രാധാന്യം നല്കുന്നുണ്ട്.
''ബൈബിളിലെ 'പിതാവ്' ഈ ലോകത്തിലെ പിതാവിന്റെ ഒരു സ്വര്‍ഗീയപതിപ്പല്ല. അത് അതിലും ഉപരിയാണ്. നവമായ ഉള്‍ക്കാഴ്ച ഉള്‍ക്കൊള്ളുന്ന പിതൃത്വദര്‍ശനമാണ് വിശുദ്ധഗ്രന്ഥത്തിലുള്ളത്. മാനുഷിക പിതൃത്വത്തിന്റെ ദൈവികവിമര്‍ശനമാണത്.'' ജോസഫ് റാറ്റ്‌സിങ്ങര്‍ 1977 ല്‍ പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥത്തില്‍നിന്നാണ് മേലുദ്ധരണി.
2013 ജനുവരി 30-ാം തീയതി നല്കിയ പ്രബോധനത്തില്‍ ഇതേവിഷയം എടുത്തുപറയുന്നത് ഇപ്രകാരമാണ്: ''ലോകത്തിലെ പിതാവുമായുള്ള ബന്ധത്തില്‍ ഉലച്ചിലുകള്‍ സംഭവിക്കാം. ആശയവിനിമയം ദുഷ്‌കരമാകാം. ദൈവത്തെ പിതാവായി വിഭാവനം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ സംജാതമായേക്കാം. ഈ ക്ലേശങ്ങള്‍ തരണം ചെയ്യാന്‍ വിശുദ്ധഗ്രന്ഥത്തിലെ ദൈവവെളിപാടുകള്‍ നമ്മെ സഹായിക്കും. വിശുദ്ധഗ്രന്ഥം, പ്രത്യേകമായി സുവിശേഷങ്ങള്‍ പിതാവായ ദൈവത്തിന്റെ തിരുവദനം വെളിപ്പെടുത്തി നല്കുന്നു; തന്റെ ഏകജാതനെ നമുക്കു നല്കാന്‍വരെ സന്നദ്ധമായ സ്‌നേഹമാണ് ദൈവം പ്രകടിപ്പിച്ചത്.''
ബൈബിള്‍ വെളിവാക്കുന്ന പിതൃത്വമെന്നത് മറ്റൊരാളെ സ്‌നേഹത്താല്‍ പ്രേരിതമായി ബലപ്രയോഗമോ അധീശത്വമോ കൂടാതെ അവന്റെ യഥാര്‍ഥ സത്യത്തിലേക്കും വ്യക്തിത്വത്തിലേക്കും നയിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കലാണെന്ന് ബനഡിക്ട് പിതാവ് വ്യക്തമാക്കുന്നു. ഈ പിതൃസ്‌നേഹം ആരുടെയെങ്കിലുംമേലുള്ള ഉടമസ്ഥാവകാശം സ്ഥാപിക്കലല്ല. അത് അവന്റെ സ്വാതന്ത്ര്യം ഹനിക്കുന്നില്ല.
ബനഡിക്ട് മാര്‍പാപ്പാ എല്ലാവര്‍ക്കും പിതാവായി വര്‍ത്തിക്കാനും അവരെ സത്യത്തിലേക്കു നയിക്കാനും എപ്പോഴും ഉത്സുകനായിരുന്നു. അത് അദ്ദേഹത്തിന്റെ ബലഹീനതയായി വ്യാഖ്യാനിച്ചവരും ഉണ്ടെന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നുണ്ട്.
സ്വര്‍ഗസ്ഥനായ പിതാവിന്റെ സാദൃശ്യം പേറുന്ന പുരോഹിതന്മാരെയാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. പുരോഹിതന്മാര്‍ അവരുടെ മെത്രാനില്‍ ഒരു പിതാവിനെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നു. സഭയില്‍ പിതൃസഹജമായ ഹൃദയങ്ങളുടെ അഭാവത്തില്‍ ദൈവപിതാവിന്റെ സ്‌നേഹകടാക്ഷം സഭാതനയര്‍ക്ക് അനുഭവവേദ്യമാകാതെപോകുമെന്ന് ബനഡിക്ട് പാപ്പായ്ക്ക് അറിയാമായിരുന്നു.
ദൈവികപിതൃത്വത്തിലെ പങ്കാളിത്തം
''ദൈവത്തിന്റെ കൃപാകടാക്ഷമെന്നാല്‍, അവിടുത്തെ അനന്തസ്‌നേഹത്തിലും വാത്സല്യത്തിലും നമ്മെ ചേര്‍ത്തു പിടിക്കുന്ന പിതൃത്വത്തിലുള്ള ഭാഗഭാഗിത്വമാണ്.'' മാര്‍പാപ്പാ എന്ന നിലയില്‍, തന്റെ അവസാനത്തെ പ്രബോധനങ്ങളിലൊന്നില്‍ 2013 ജനുവരി 30-ാം തീയതി ബനഡിക്ട് പതിനാറാമന്‍ പറഞ്ഞ ഈ വാക്യം അദ്ദേഹത്തിന്റെ പത്രോസിനടുത്ത ശുശ്രൂഷയുടെ രത്‌നച്ചുരുക്കമാണന്ന് കര്‍ദിനാള്‍ റോബര്‍ട്ട് സറാ പ്രസ്താവിക്കുന്നു. പാപ്പായുടെ വിനയവും ആര്‍ദ്രതയും ഔചിത്യബോധവുമെല്ലാം അവിടുത്തെ അടുത്തറിയാന്‍ സാധിച്ച എല്ലാവര്‍ക്കും സുവിദിതമാണെന്നും കര്‍ദിനാള്‍ നിരീക്ഷിക്കുന്നുണ്ട്.
2007 ല്‍ തന്റെ 80-ാം ജന്മദിനത്തില്‍ പരിശുദ്ധപിതാവ് ബനഡിക്ട് പതിനാറാമന്‍ തന്റെ ആന്തരികാനുഭവം പങ്കുവയ്ക്കുകയുണ്ടായി. ദൈവത്തെ 'പിതാവേ' എന്ന് അഭിസംബോധന ചെയ്യുമ്പോള്‍ അവിടുത്തെ പിതൃത്വം അനുഭവിച്ചറിയാന്‍ സാധിക്കുന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു എന്നാണ് തദവസരത്തില്‍ അദ്ദേഹം പറഞ്ഞത്. ദൈവിക പിതൃത്വത്തിന്റെ ദിവ്യാനുഭൂതിയാണ് പാപ്പായുടെ വ്യക്തിത്വത്തിനു രൂപവും ഭാവവും നല്കിയത്. സ്വര്‍ഗസ്ഥനായ നിത്യപിതാവിന്റെ ഈ ലോകത്തിലെ പ്രതിഫലനമായിരുന്നു ബനഡിക്ട് പതിനാറാമന്‍പാപ്പാ എന്നാണ് കര്‍ദിനാള്‍ സറാ ഹൃദ്യമായ ഭാഷയില്‍ പറഞ്ഞുവയ്ക്കുന്നത്.
സത്യത്തിന്റെ പോഷണം
പാപ്പാസ്ഥാനം ഏറ്റെടുത്തുകൊണ്ട് ബനഡിക്ട് പതിനാറാമന്‍പാപ്പാ ചെയ്ത പ്രസംഗത്തില്‍ ഒരിടയന്റെ സവിശേഷതകള്‍ എടുത്തുപറയുകയുണ്ടായി. ഒരിടയന്‍ തനിക്കേല്പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തെ സ്‌നേഹിക്കണം. ആ സ്‌നേഹം മിശിഹായുടെ സ്‌നേഹത്തിനു സദൃശമായിരിക്കണം. ഇടയനായിരിക്കുക എന്നാല്‍ സ്‌നേഹിക്കുക എന്നാണര്‍ഥം. സഹിക്കാന്‍ ഒരുക്കമുള്ള സ്‌നേഹം. അജഗണത്തിന് ദൈവത്തിന്റെ വചനവും ദൈവമെന്ന സത്യവും പോഷണമായി നല്കാന്‍ ഈ സ്‌നേഹം ഇടയനു പ്രേരണയാകുന്നു. സത്യത്തെ സംബന്ധിച്ച കരുതല്‍ ബനഡിക്ട് പതിനാറാമന്റെ പൈതൃകസ്‌നേഹത്തിന്റെ മുഖമുദ്രയാണ് എന്ന് കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നുണ്ട്.
സഭയില്‍, ധ്യാനാത്മകജീവിതത്തിനു വലിയ പ്രാധാന്യം നല്കിയിരുന്ന ബനഡിക്ട് പാപ്പായുടെ കാലത്ത് മൊണാസ്റ്ററികളില്‍ ധ്യാനാത്മകജീവിതം നയിക്കുന്നതിനുള്ള ദൈവവിളികള്‍ വര്‍ധിച്ചുവന്നിരുന്നു. ദൈവത്തിനു പ്രഥമസ്ഥാനം എന്ന വിശുദ്ധ ബനഡിക്ടിന്റെ വാക്കുകള്‍ പരിശുദ്ധ പിതാവ് പലപ്പോഴും ഉദ്ധരിച്ചിരുന്നു.
വൈദികരുടെ പിതാവ്
ആനന്ദാശ്രുക്കള്‍ നിറഞ്ഞ കണ്ണുകളോടെ വൈദികരെ അഭിസംബോധന ചെയ്യുന്ന ബനഡിക്ട് പിതാവിനെക്കുറിച്ചുള്ള സാക്ഷ്യമാണ് തുടര്‍ന്ന് കര്‍ദിനാള്‍ സറാ നല്കുന്നത്.
2010 ജൂണ്‍ പത്താംതീയതി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയ പതിനായിരത്തിലധികം പുരോഹിതന്മാരുടെ പുത്രസഹജമായ സ്‌നേഹത്തിനു മുമ്പില്‍ നിറകണ്ണുകളോടെ പരിശുദ്ധപിതാവ് തനിക്കും അവര്‍ക്കും പൊതുവായുള്ള പൗരോഹിത്യത്തിന്റെ ആനന്ദം പങ്കുവയ്ക്കുകയും ദൈവത്തിനു നന്ദി അര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ''എനിക്കു നിങ്ങളോട് ഒരു കാര്യമേ ആവശ്യപ്പെടാനുള്ളൂ. മിശിഹായോടുള്ള തീക്ഷ്ണതയാല്‍ നിറയുവിന്‍, സുവിശേഷത്തിന്റെ ആനന്ദത്താല്‍ പൂരിതരാകുവിന്‍.'' സ്വരമാധുര്യം കൈവിടാതെ, ഉറച്ചസ്വരത്തില്‍ അവരെ ഉപദേശിച്ചു: ''നിങ്ങളുടെ ആത്മാവിന്റെ കാര്യം അവഗണിക്കരുത്! പ്രാര്‍ഥന ഐച്ഛികമല്ല, അതു പൗരോഹിത്യത്തിന്റെ ഹൃദയമാണ്. പ്രാര്‍ഥിക്കാത്തവരുടെ പേരിലും പ്രാര്‍ഥിക്കുക എന്നത് വൈദികന്റെ കടമയാണ്.'' സുസ്‌മേരവദനനായി ബനഡിക്ട് പാപ്പാ കൂട്ടിച്ചേര്‍ത്തു: ''വിശ്രമം എടുക്കാനുള്ള വിനയം ഉള്ളവരാകുവിന്‍. അതും നിങ്ങളുടെ ജോലിയുടെ ഭാഗമാണ്!''
തന്റെ ദൈവശാസ്ത്രപഠനകാലത്തു പ്രചരിച്ചിരുന്ന പല ആശയങ്ങളും സത്യവിശ്വാസത്തിനു നിരക്കാത്തതാണെന്നു കാലം തെളിയിച്ചു! അതുകൊണ്ട് പുതുമോടിക്കു പിന്നാലെ പോകാതെ സഭാപാരമ്പര്യത്തോടു വിശ്വസ്തരായിക്കാനുള്ള ധൈര്യവും എളിമയും ഉള്ളവരാകുവിന്‍. 'കത്തോലിക്കാസഭയുടെ മതബോധനം' ഉറപ്പുള്ള ഒരവലംബമാണ്.
പരിശുദ്ധപിതാവ് തുടര്‍ന്നു: ''മിശിഹാ നിങ്ങളില്‍ രൂപംകൊള്ളാന്‍ അനുവദിക്കുവിന്‍. അപ്പോള്‍ പൗരോഹിത്യബ്രഹ്‌മചര്യം അര്‍ഥവത്താകും. ആധുനികലോകത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം, വരാനിരിക്കുന്ന നിത്യതയെക്കുറിച്ചു ചിന്തിക്കുന്നതേയില്ല എന്നുള്ളതാണ്. പൗരോഹിത്യബ്രഹ്‌മചര്യം മൗനത്തിന്റെ ഈ ഭിത്തിയില്‍ നിത്യതയിലേക്കുള്ള ഒരു വാതില്‍ തുറക്കുന്നു!'' എന്നിട്ട് സ്വരമുയര്‍ത്തി ബനഡിക്ട് പതിനാറാമന്‍ പറഞ്ഞു: ''ബ്രഹ്‌മചര്യം ലോകത്തിന് എപ്പോഴും ഒരു വെല്ലുവിളിയാണ്. ലോകം ബ്രഹ്‌മചര്യത്തെ വിമര്‍ശിക്കുന്നു. കാരണം, കര്‍ത്താവിനെ ലോകത്തില്‍നിന്ന് അപ്രത്യക്ഷമാക്കാന്‍ ലോകം ആഗ്രഹിക്കുന്നു.''
ഈ വാക്കുകള്‍ ശ്രവിച്ച പതിനായിരത്തിലധികം വൈദികര്‍ ദീര്‍ഘനേരം ശക്തമായ കരഘോഷം മുഴക്കിയെന്നതിന് കര്‍ദിനാള്‍ സറാ സാക്ഷിയായിരുന്നു. അദ്ദേഹം പറയുന്നു: ഇപ്പോള്‍ സന്തോഷാശ്രുക്കള്‍ പൊഴിക്കാനുള്ള ഊഴം ഈ വൈദികരുടേതായിരുന്നു. അവരെ അറിയുന്ന, അവരെ ആദരിക്കുന്ന ഒരപ്പന്റെ വാക്കുകളാണ് അവര്‍ ശ്രവിച്ചത്.
വൈദികമേധാവിത്വത്തിനുള്ള പ്രതിവിധിയും ബനഡിക്ട് പതിനാറാമന്‍ തുടര്‍ന്നു നിര്‍ദേശിച്ചു: ''വിശുദ്ധ കുര്‍ബാനയുടെ ദിവ്യരഹസ്യം ആഴത്തില്‍ ജീവിക്കുക. അപ്പോള്‍ നിങ്ങള്‍ നിങ്ങളിലേക്കുതന്നെ ഒതുങ്ങാതെ മറ്റുള്ളവരുടെ നേര്‍ക്കു തുറവുള്ളവരായി മാറും.''
തിരുപ്പട്ടമെന്നത് നിത്യപുരോഹിതന്റെ മായാത്ത മുദ്രപതിക്കുന്ന ദിവ്യകൂദാശയാണെന്നും അതിനനുസൃതമായി ജീവിക്കാനുള്ള ആഗ്രഹമുണ്ടോയെന്നു യുവജനങ്ങളോടു ചോദിക്കാനുള്ള ധൈര്യം വൈദികര്‍ കാണിച്ചാലേ ദൈവവിളികള്‍ ഉണ്ടാവുകയുള്ളൂ എന്നും ബനഡിക്ട് പിതാവ് അന്നു പറയുകയുണ്ടായി.