•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

താടിയില്‍ കുടുങ്ങിയ അണപ്പല്ല്

ദന്തവിദഗ്ധന്റെ ഡയറിക്കുറിപ്പുകള്‍  1

പ്രമുഖ ദന്തചികിത്സാവിദഗ്ധനായ ഡോ. ജോര്‍ജ് വര്‍ഗീസ് തന്റെ ദീര്‍ഘകാലത്തെ അനുഭവപരിചയത്തില്‍നിന്നു തിരഞ്ഞെടുത്ത ചികിത്സാറിപ്പോര്‍ട്ടുകള്‍. കോട്ടയം ഗവ. ദന്തല്‍കോളജ് പ്രിന്‍സിപ്പലും പുഷ്പഗിരി മെഡിക്കല്‍ കോളജ് ഡന്റല്‍വിഭാഗം മേധാവിയുമായിരുന്ന ഡോ. ജോര്‍ജ് വര്‍ഗീസ് ഇപ്പോള്‍ പുഷ്പഗിരിയില്‍ ഓറല്‍ & മാക്‌സിലോഫേഷ്യല്‍ സര്‍ജനാണ്. 

തൊരു  ഡോക്ടറുടെ ജീവിതത്തിലും അവിസ്മരണീയമായ കേസുകള്‍ ചികിത്സിക്കേണ്ടി വരാറുണ്ട്. ആ അനുഭവങ്ങള്‍   ജീവിതകാലം മുഴുവന്‍ മനസ്സില്‍ തങ്ങിനില്ക്കും. വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകളിലും ഡെന്റല്‍ കോണ്‍ഫെറന്‍സുകളിലും ഇവ ചര്‍ച്ച ചെയ്‌തേക്കാം. അങ്ങനെയുള്ള ചില കേസുകളാണ് ഇവിടെ പറയുന്നത്.
മുഖത്തെ ഉണങ്ങാത്ത മുറിവ്
ഞങ്ങളുടെ സീനിയറായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസി നു പഠിച്ചിരുന്ന (ഞങ്ങള്‍ ഒരേ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്) ഡോ. ബാലകൃഷ്ണന്‍ (പേര് സാങ്കല്പികം) എന്നെ കാണാന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വരുന്നത് 1996 ലാണ്. ഒ.പി.യില്‍ വന്ന അദ്ദേഹം സ്വയം പരിചയപ്പെടുത്തി: ''ജോര്‍ജ് എന്നെ ഓര്‍ക്കുന്നുണ്ടോ. ഞാന്‍ ബാലകൃഷ്ണന്‍. നമ്മള്‍ ഒരേ ഹോസ്റ്റലിലാണു താമസിച്ചിരുന്നത്. ഇപ്പോള്‍ ആലുവ ഗവ. ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ജോര്‍ജിന്റെ വിദഗ്ധാഭിപ്രായം അറിയുവാനാണ് ഞാന്‍ വന്നിരിക്കുന്നത്.''
കൂടെയുള്ള ഭാര്യയെയും പരിചയപ്പെടുത്തി. അവര്‍ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും, മുഖത്തു ചിരി വന്നില്ല. മുഖഭാവത്തില്‍നിന്നു നല്ല മാനസികസംഘര്‍ഷം ഉണ്ടെന്നു പെട്ടെന്നെനിക്കു മനസ്സിലായി. വലത്തേ താടിയെല്ലിന്റെ കീഴെ ഒരു മുറിവ് ഡ്രസ് ചെയ്തിരിക്കുന്നതായി ശ്രദ്ധിച്ചു. 
''എന്താ, ഡോ. ബാലകൃഷ്ണന്‍, ഇത്രദൂരം എന്നെ അന്വേഷിച്ചുവരാന്‍ കാരണം? ബുദ്ധിമുട്ടു വല്ലതുമുണ്ടോ?'' ഞാന്‍ ചോദിച്ചു.
താടിക്കടിയിലെ ഡ്രസിങ് ചൂണ്ടിക്കാണിച്ചുകൊണ്ട് എന്നോടു പറഞ്ഞു:
''ഒന്നരവര്‍ഷത്തോളമായി എന്റെ താടിയുടെ അടിയില്‍നിന്നു പഴുപ്പു വരാന്‍ ആരംഭിച്ചിട്ട്. മരുന്നുകള്‍ കൂടാതെ ചെറുതും വലുതുമായ പത്ത് ഓപ്പറേഷനുകള്‍ വേണ്ടിവന്നു. ഒരു ഫലവുമില്ല. ഓരോന്നു കഴിയുന്തോറും ഒരാഴ്ചത്തേക്ക് പഴുപ്പു നിലയ്ക്കും. പിന്നീട് പുനരാരംഭിക്കും.'' അദ്ദേഹം ഒന്നു നിറുത്തി.
ബാക്കി പറഞ്ഞതു ഭാര്യയാണ്: ''അവസാനത്തെ ഓപ്പറേഷന്‍ ഒരു മാസം മുമ്പായിരുന്നു. സുഹൃത്തായ പ്ലാസ്റ്റിക് സര്‍ജനാണു ചെയ്തത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും പഴുപ്പു വരാന്‍ തുടങ്ങി. അപ്പോഴാണ് സുഹൃത്തായ വേറൊരു ഡോക്ടര്‍ അഭിപ്രായപ്പെട്ടത് ഒരു ഡെന്റിസ്റ്റിനെ കണ്‍സള്‍ട്ടു ചെയ്യാന്‍. അതിനാലാണ് ഞങ്ങള്‍ ആലുവയില്‍നിന്നു വന്നിരിക്കുന്നത്.''
സ്വരം അല്പം താഴ്ത്തി ഭാര്യ പറഞ്ഞു: ''സാറേ, വേറൊന്നും തോന്നരുത്. എയിഡ്‌സോ കാന്‍സറോ മറ്റോ ആണോ എന്ന് ഞങ്ങള്‍ക്കു ഭയമുണ്ട്. അല്ലെങ്കില്‍ ഇത്രയും ചികിത്സകള്‍ എടുത്തിട്ടും അസുഖം മാറാതിരിക്കുമോ?''
എത്രമാത്രം മാനസികസമ്മര്‍ദം ആ കുടുംബം അനുഭവിക്കുന്നുണ്ടെന്ന് അതോടെ എനിക്കു മനസ്സിലായി.
''ഡോ. ബാലകൃഷ്ണന്‍ ചെയറിലിരിക്കൂ, ഞാനൊന്നു പരിശോധിക്കട്ടെ.'' ഞാന്‍ പറഞ്ഞു.
അദ്ദേഹത്തെ പരിശോധിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. 35 കഴിഞ്ഞ അദ്ദേഹത്തിന് 32 പല്ലുകള്‍ക്കു പകരം 31  പല്ലുകളേ മുളച്ചിട്ടുള്ളൂ. കീഴ്താടിയിലെ വലതുവശത്തെ മൂന്നാമത്തെ അണപ്പല്ല് പുറത്തേക്കു വന്നിട്ടില്ല. ഒരു പല്ലും എടുത്തുകളഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  എക്‌സ്‌റേ ഉണ്ടെങ്കില്‍ മാത്രമേ രോഗനിര്‍ണയം  സ്ഥിരീകരിക്കാനാവൂ. അതിന് ഓര്‍ത്തോ പാന്റാമോഗ്രം എക്‌സ്‌റേ (ചുരുക്കപ്പേര് ഒ.പി.ജി.) തന്നെ വേണം. അല്ലെങ്കില്‍ സി.ടി. സ്‌കാന്‍. മെഡിക്കല്‍ കോളജിലോ കോട്ടയം ടൗണിലോ അന്ന് ഒ.പി.ജി. ലഭ്യമല്ല. എറണാകുളത്ത് 'കൃഷ്ണ നഴ്‌സിങ് ഹോമി'ല്‍ മാത്രം. സി.ടി. സ്‌കാന്‍ അന്ന് വളരെ ചെലവേറിയതാണ്. അവസാനം എറണാകുളത്തുനിന്ന് ഒ.പി.ജി. എടുക്കാന്‍ തീരുമാനിച്ചു.
രണ്ടുദിവസം കഴിഞ്ഞ് ഡോ. ബാലകൃഷ്ണന്‍ ഒ.പി.ജി.യുമായി കോട്ടയത്തു വന്നു. അതില്‍ കണ്ടത് ഏവരെയും അദ്ഭുതപ്പെടുത്തി. വായിലേക്ക് മുളച്ചുവരാത്ത ഒരണപ്പല്ല് താടിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. അതിനു ചുറ്റും ഒരു വലിയ സിസ്റ്റും!
എക്‌സ്‌റേ കണ്ടതോടെ രോഗനിര്‍ണയം എളുപ്പമായി. എല്ലാവര്‍ക്കും സമാധാനവും. തൊട്ടടുത്ത ദിവസംതന്നെ ഡോക്ടറെ ഓപ്പറേഷനു വിധേയനാക്കി. താടിയെല്ലിനു  സിസ്റ്റും കൂടി ബാധിച്ചതിനാല്‍ ബോധം കെടുത്തിയാണ് (ജനറല്‍ അനസ്‌തേഷ്യ) ഓപ്പറേഷന്‍ ചെയ്തത്. പുറത്തുവരാതെ താടിയെല്ലിന്റെ ഉള്ളില്‍ക്കിടന്ന പല്ലും അതോടൊപ്പമുള്ള സിസ്റ്റും പൂര്‍ണായി നീക്കം ചെയ്തു. മൂന്നാംപൊക്കം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. 
ഒരാഴ്ച കഴിഞ്ഞ് ഡോ. ബാലകൃഷ്ണന്‍ തുടര്‍പരിശോധനയ്ക്കായി വന്നപ്പോള്‍ അദ്ദേഹം നല്ല ഉന്മേഷവാനായിരുന്നു. ഭാര്യ നല്ല സന്തോഷവതിയും. താടിയുടെ അടിയില്‍ പഴുപ്പു വന്നുകൊണ്ടിരുന്ന മുറിവ് അപ്പോഴേക്കും ഉണങ്ങാന്‍ തുടങ്ങിയിരുന്നു.  ചെറിയൊരു പാടുമാത്രം.
വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോള്‍ നിര്‍ദേശമനുസരിച്ചു ഡോ. ബാലകൃഷ്ണന്‍ ചെക്കപ്പിനായി വന്നു. അപ്പോഴേക്കും താടിയുടെ അടിയിലെ പാട് പൂര്‍ണമായി മാറി. അസ്ഥിയെ ബാധിച്ചിരുന്ന സിസ്റ്റ് ഓപ്പറേഷനുശേഷം 'ബയോപ്‌സി' പരിശോധനയ്ക്കായി  (സൂക്ഷ്മദര്‍ശിനി ഉപയോഗിച്ച് കോശങ്ങളുടെ പരിശോധന) അയച്ചിരുന്നു. അതിന്റെ ഫലവും അപ്പോഴേക്കും ലഭിച്ചു. മുളയ്ക്കാത്ത പല്ലുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന 'ഡെന്റിജെറസ് സിസ്റ്റ്' എന്ന അസുഖമാണെന്ന് സംശയംവിനാ സ്ഥിരീകരിക്കപ്പെട്ടു. ഈ സന്തോഷവാര്‍ത്ത ഞങ്ങള്‍ക്ക് ഏവര്‍ക്കും ആശ്വാസം നല്കി.  

    (തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)