വസുധൈവ കുടുംബകം അഥവാ ലോകം ഒരു കുടുംബം എന്ന ആശയത്തെ അടിസ്ഥാനമാക്കി ഡല്‍ഹിയില്‍ സെപ്റ്റംബര്‍ ഒമ്പത്, പത്ത് തീയതികളില്‍ സംഘടിപ്പിച്ച ജി 20 ഉച്ചകോടി പുതിയ ലോകക്രമത്തിനു തുടക്കം കുറിച്ചു.യുഎന്‍ അടക്കമുള്ള അന്താരാഷ്ട്രസംഘടനകളുടെ പരിഷ്‌കരണത്തിനു തുടക്കമിടാനും ഇന്ത്യ ഉള്‍പ്പെടുന്ന ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളിലേക്കു ലോകശ്രദ്ധ എത്തിക്കാനും സമ്മേളനത്തിനായി. യുക്രെയ്ന്‍യുദ്ധംമൂലം പാശ്ചാത്യലോകം റഷ്യയെ ഒറ്റപ്പെടുത്തുന്ന സാഹചര്യത്തിലും ഡല്‍ഹിപ്രഖ്യാപനത്തില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞത് ഇന്ത്യയുടെ വിജയമാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപപ്പെട്ട നിലവിലെ ലോകക്രമം പൊളിച്ചെഴുതണമെന്നും യുഎന്‍ രക്ഷാസമിതിയിലടക്കം കാലാനുസൃതമായ മാറ്റം വേണമെന്നും ജി 20 അധ്യക്ഷപദം അലങ്കരിച്ച ഇന്ത്യയും ബാക്കി അംഗരാജ്യങ്ങളും ആവശ്യപ്പെട്ടു.
മനുഷ്യകേന്ദ്രീകൃതവികസനം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കല്‍, ജൈവ ഇന്ധനത്തിനായുള്ള ആഗോളസഖ്യം, അടിസ്ഥാനസൗകര്യവികസനം, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് കോറിഡോര്‍ തുടങ്ങിയ സുപ്രധാനതീരുമാനങ്ങള്‍ ഉച്ചകോടിയിലുണ്ടായി. അന്താരാഷ്ട്രസംഘടനകളുടെ പരിഷ്‌കരണമാണ് അടുത്ത ലക്ഷ്യമെന്നു വ്യക്തമാക്കിയാണ് ജി 20 ഉച്ചകോടി
സമാപിച്ചത്. ലോകബാങ്കിലും രാജ്യാന്തര നാണ്യനിധിയിലും (ഐഎംഎഫ്) വികസ്വരരാജ്യങ്ങള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന്
അടുത്ത സമ്മേളനത്തിന്റെ അധ്യക്ഷപദം ഏറ്റുവാങ്ങിയ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ പറഞ്ഞു.
ഡല്‍ഹിപ്രഖ്യാപനം
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ഉച്ചകോടിയില്‍നിന്നു വിട്ടുനിന്നെങ്കിലും ജി 20 ഉച്ചകോടി വിജയമായി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഉച്ചകോടിക്കെത്തി. ആഫ്രിക്കന്‍ യൂണിയനെ ജി 20 ലെ പുതിയ അംഗമാക്കി. ഗ്ലോബല്‍ സൗത്ത് എന്നു വിശേഷിപ്പിക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കു ലോകം കേന്ദ്രീകരിക്കാനും ആഫ്രി
ക്കന്‍രാജ്യങ്ങളിലെ വിപണി ലക്ഷ്യമാക്കി ഉത്പാദനം കൂട്ടാനുമാണ് അംഗരാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര നീതിന്യായക്കോടതി അറസ്റ്റ് വാറന്റുള്ളതിനാലാണ് പുടിന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാതിരുന്നത്. റഷ്യയുടെ തന്ത്രപ്രധാനപങ്കാളിയായ ഇന്ത്യ, റഷ്യയുടെ പേരു പറയാതെ യുക്രെയ്ന്‍ യുദ്ധത്തെ അപലപിച്ചു. കോവിഡ് മഹാമാരിക്കുശേഷം യുദ്ധകാലത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും യുക്രെയ്ന്‍യുദ്ധം അവസാനിപ്പിക്കണമെന്നും അക്രമത്തിന്റെയും അധിനിവേശത്തിന്റെയും കാലഘട്ടമല്ലിതെന്നും ലോകത്തെ ഓര്‍മിപ്പിക്കുന്നതുമായിരുന്നു ഡല്‍ഹിപ്രഖ്യാപനം.
രാഷ്ട്രനേതാക്കളുമായുള്ള വ്യക്തിബന്ധം, നയതന്ത്ര ഇടപെടല്‍ തുടങ്ങി വിവിധ തലത്തില്‍ നടത്തിയ ചര്‍ച്ചയാണ് സംയുക്തപ്രസ്താവന സാധ്യമാക്കിയത്. യുക്രെയ്ന്‍ വിഷയത്തില്‍ യുഎന്‍ ചാര്‍ട്ടര്‍പ്രകാരം പരിഹാരമുണ്ടാക്കണമെന്ന നിര്‍ദേശം അങ്ങനെയാണ് ഉരുത്തിരിയുന്നത്.
യുക്രെയ്ന്‍ വിഷയത്തില്‍ അംഗരാജ്യങ്ങള്‍ക്ക് പല നിലപാടായതിനാല്‍ ഒരു സംയുക്തപ്രസ്താവന അംഗീകരിക്കാന്‍ കഴിയുമോ എന്ന സംശയം അവസാനനിമിഷംവരെയും നിലനിന്നിരുന്നു. 200 മണിക്കൂര്‍ നീണ്ട സംവാദങ്ങള്‍ക്കും 300 ഓളം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുംശേഷമാണ് ഡല്‍ഹിപ്രഖ്യാപനത്തില്‍ അംഗരാജ്യങ്ങള്‍ സമവായത്തിലെത്തിയത്. 15 കരടുറിപ്പോര്‍ട്ടുകളാണ് ഇന്ത്യയുടെ ജി 20 ഷെര്‍പ അമിതാഭ് കാന്തും സംഘവും തയ്യാറാക്കിയത്. ഇന്ത്യയുടെ ഏറ്റവും വലിയ നയതന്ത്രവിജയമായി ഡല്‍ഹിപ്രഖ്യാപനം മാറി. ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തെത്തുടര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉച്ചകോടിക്ക് എത്തിയില്ല. ചൈനയുടെ താത്പര്യത്തിനനുസരിച്ച് സമ്മേളനം മാറാതിരിക്കാന്‍ ജി 20 സംയുക്തപ്രഖ്യാപനത്തില്‍ അംഗരാജ്യങ്ങള്‍ സമവായത്തില്‍ എത്തി.
കഴിഞ്ഞവര്‍ഷം ബാലി ജി 20 യില്‍ റഷ്യയെ എതിര്‍സ്ഥാനത്തു നിര്‍ത്തിത്തന്നെ യുക്രെയ്ന്‍ അധിനിവേശത്തെ അംഗരാജ്യങ്ങള്‍ ശക്തമായി അപലപിച്ചിരുന്നു. യുക്രെയ്‌നില്‍ റഷ്യ നടത്തിയ അധിനിവേശത്തെ അപലപിക്കുമ്പോള്‍ത്തന്നെ, രാജ്യത്തിന്റെ പേരു പരാമര്‍ശിക്കാതെ അതു സാധ്യമാക്കാമെന്ന ഇന്ത്യയുടെ നിര്‍ദേശം പാശ്ചാത്യരാജ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. മാത്രമല്ല, ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ലെന്ന പരാമര്‍ശത്തിലും റഷ്യ എന്ന രാജ്യത്തിന്റെ പേര് ചൂണ്ടിക്കാട്ടിയില്ല.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 യില്‍ സമവായമുണ്ടാക്കാനാകാതെ പോയാല്‍ അത് ചൈനീസ്താത്പര്യത്തിന് അനുസൃതമായി അന്താരാഷ്ട്ര അധികാരഘടന രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നതില്‍ നിര്‍ണായകമാകും. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന തിരിച്ചറിവാണ് ശക്തമായൊരു ഇടപെടലിലേക്ക് ഇന്ത്യയെ നയിച്ചത്. ഇതേ ആശങ്ക പാശ്ചാത്യരാജ്യങ്ങള്‍ക്കും ഉണ്ടായിരുന്നു. ഇന്ധനകയറ്റുമതിയിലുള്‍പ്പെടെ റഷ്യയെ വിമര്‍ശിക്കുന്നതു തിരിച്ചടിയാകുമെന്ന പാശ്ചാത്യരാജ്യങ്ങളുടെ ഭയവും സംയുക്തപ്രസ്താവന സാധ്യമാക്കുന്നതില്‍ നിര്‍ണായകമായി. ജി 20 ക്കുമുമ്പ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ ഇടപെടലും സമവായത്തിലെത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യ -മിഡില്‍ ഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി
ഇന്ത്യ - മിഡില്‍ ഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉച്ചകോടിയില്‍ പ്രഖ്യാപിച്ചതും ആതിഥേയരാജ്യത്തിന്റെ നേട്ടമായി വിലയിരുത്തുന്നുണ്ട്. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്ക് ബദലാണിത്. പശ്ചിമേഷ്യന്‍രാജ്യങ്ങളെ റെയില്‍വഴിയും ഈ രാജ്യങ്ങളെ തുറമുഖംവഴിയും ഇന്ത്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്നതാണു പദ്ധതി. ജൈവ ഇന്ധനങ്ങള്‍ക്കായുള്ള ആഗോളസഖ്യം, അടിസ്ഥാനസൗകര്യവികസനത്തിനും നിക്ഷേപത്തിനുംവേണ്ടിയുള്ള ആഗോളപങ്കാളിത്തം, റെയില്‍വേ, തുറമുഖപദ്ധതിയിലൂടെ ഗള്‍ഫ്‌രാജ്യങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നതിനുള്ള മിഡില്‍ ഈസ്റ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ പങ്കാളിത്തപദ്ധതി എന്നിവയ്ക്കും തുടക്കം കുറിച്ചു.
റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയടക്കം പരീക്ഷണഘട്ടത്തിലുള്ള ധനകാര്യമേഖലയിലെ പുതിയ സാങ്കേതികവിദ്യകള്‍ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചു. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്ട്ര ത്തലവന്‍മാരുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കു മുമ്പ് യു എസ് പ്രസിഡന്റ് ജോ ബൈഡനുമായും പ്രധാനമന്ത്രിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ തന്ത്രപ്രധാനമേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു ധാരണയിലെത്തി. ഉച്ചകോടിക്കു പിറ്റേന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി മോദി കൂടിക്കാഴ്ച നടത്തി വിവിധ കരാറുകളില്‍ ഒപ്പുവച്ചു.
ആഫ്രിക്കന്‍ യൂണിയന് അംഗത്വം
ക്ഷണിതാക്കളടക്കം 40 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ദ്വിദിന ഉച്ചകോടിയില്‍ ചേര്‍ന്നു. ആഫ്രിക്കന്‍ യൂണിയന്‍ 21-ാം അംഗരാജ്യമായി ജി 20 ല്‍ ചേര്‍ന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിപണിയിലും പ്രകൃതിസ്രോതസ്സുകളിലുമാണ് ലോകരാജ്യങ്ങളുടെ കണ്ണ്. യൂറോപ്പ് ലക്ഷ്യമാക്കിയുള്ള ചൈനീസ് കയറ്റുമതിക്ക് ബദല്‍മാര്‍ഗമാണ് ആഫ്രിക്കന്‍ യൂണിയന്റെ ജി 20 പ്രവേശനത്തിലൂടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.