•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

അണ്ണാക്കിലെ മുഴ

ദന്തവിദഗ്ധന്റെ ഡയറിക്കുറിപ്പുകള്‍  5

1998 കാലഘട്ടം. ഞാനന്ന് കോട്ടയം മെഡിക്കല്‍കോളജ് ദന്തവിഭാഗത്തില്‍ ജോലി ചെയ്യുകയാണ്.
ഒരു ദിവസം തൊടുപുഴയിലെ എന്റെ സുഹൃത്ത് ഡോ. ബിജുവിന്റെ (സ്ഥലവും പേരും സാങ്കല്പികം)  ഫോണ്‍കോള്‍ എനിക്കു വന്നു. കുശലാന്വേഷണങ്ങള്‍ക്കുശേഷം അദ്ദേഹം വിഷയം അവതരിപ്പിച്ചു:
''സാറേ, ഇതൊരു വി.ഐ.പി. കേസാണ്. ഇവിടുത്തെ പ്രധാന ആശുപത്രിയിലെ ഫിസിഷ്യന്റെ ഭാര്യയാണ് രോഗി. അവരും ഡോക്ടറാണ്. അതേ ആശുപത്രിയില്‍ത്തന്നെ ജോലി ചെയ്യുന്നു. അവരുടെ അണ്ണാക്കില്‍ ഒരു മുഴ കാണാന്‍ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ആന്റിബയോട്ടിക്കുകള്‍ മാറി മാറി കഴിച്ചിട്ടും ഒരു മാറ്റവുമില്ല. വേദനയും ഇല്ല. പരിശോധനയില്‍ പല്ലുകള്‍ക്കൊന്നും കേടുപാടുകളുമില്ല. അവര്‍ വളരെ വിഷമിച്ചിരിക്കുകയാണ്. കാന്‍സറാണെന്നാണു ഭയം.  രോഗിയെ പരിശോധിച്ചിട്ടു വേണ്ടതു ചെയ്യണം. അവര്‍ നാളെത്തന്നെ മെഡിക്കല്‍ കോളജില്‍ വരാന്‍ തയ്യാറാണ്.''
രോഗലക്ഷണം കേട്ടിട്ട് അല്പം പ്രശ്‌നമുള്ളതായി തോന്നിയെങ്കിലും ഞാന്‍ സമ്മതം മൂളി.
പിറ്റേദിവസം രാവിലെ അല്പം നേരത്തെതന്നെ ഞാന്‍ ഒ.പി.യിലെത്തി. എന്നെ പ്രതീക്ഷിച്ചു ഡോക്ടറും ഭാര്യയും ഒ.പിയുടെ മുമ്പിലുണ്ടായിരുന്നു.
രോഗവിവരങ്ങള്‍ ഒന്നുകൂടി സ്ഥിരീകരിച്ചശേഷം ഞാന്‍ രോഗിയെ പരിശോധിച്ചു. അണ്ണാക്കിലെ മുഴയ്ക്ക് രണ്ടിഞ്ചു വ്യാസമുണ്ട്. മുകള്‍നിരയിലെ പല്ലുകള്‍ക്കൊന്നും കേടില്ല. മുഴയില്‍ തൊട്ടുനോക്കിയപ്പോള്‍ മാര്‍ദവമുള്ളതായി മനസ്സിലായി. അത്ര കട്ടിയില്ല. മുഴയില്‍ ചെറുതായി ഒന്നു ഞെക്കിനോക്കി. വേദനയില്ല. സമീപത്തെ പല്ലുകള്‍ക്കും വേദനയില്ല.
പല്ലില്‍നിന്നുള്ള അണുബാധകൊണ്ട് അണ്ണാക്കില്‍ മുഴ വന്നേക്കാം. അങ്ങനെയെങ്കില്‍ മോണരോഗമോ കേടുള്ള പല്ലോ കുറ്റിപ്പല്ലോ കാണണം. കൂടാതെ, മുഴയില്‍ തൊട്ടാല്‍ വേദനയും ഉണ്ടാകണം. ഇതൊന്നുമില്ല. ഈ കണ്ടെത്തലുകള്‍ എന്നെ വല്ലാതെ കുഴപ്പിച്ചു.
അസുഖത്തെക്കുറിച്ചു കൂടുതലായി അറിയണമെങ്കില്‍ അടുത്ത പരിശോധന സൂചിയും സിറിഞ്ചും ഉപയോഗിച്ച് ആസ്പിരേറ്റ് ചെയ്യുകയാണ്.
കുത്തിവച്ചു മരപ്പിച്ചതിനുശേഷം ഞാന്‍  ആസ്പിരേറ്റു ചെയ്തു. ദ്രാവകം സിറിഞ്ചില്‍ വന്നതോടെ അണ്ണാക്കിലെ മുഴയുടെ വലുപ്പം കുറഞ്ഞു. വെള്ളംപോലുള്ള ഒരു ദ്രാവകം. കൊഴുപ്പ് ഒട്ടുമില്ല. നേരിയ മഞ്ഞനിറം.
ദ്രാവകത്തിന്റെ പ്രകൃതി കണ്ടതോടെ രോഗം ട്യൂമര്‍ അല്ലെന്നു മനസ്സിലായി. ട്യൂമറില്‍ സാധാരണയായി ദ്രാവകം കാണില്ല. കൂടാതെ, പല്ലിന്റെ കേടുമൂലം ഉണ്ടാകുന്ന പഴുപ്പല്ലെന്നും മനസ്സിലായി. പഴുപ്പാണെങ്കില്‍ നല്ല കൊഴുപ്പു കാണുമെന്നുമാത്രമല്ല, മഞ്ഞയോ പച്ചയോ നിറമായിരിക്കും. ഇതെല്ലാംകൂടി കണക്കിലെടുക്കുമ്പോള്‍ അണ്ണാക്കിലെ മുഴ സിസ്റ്റ് ആകാനാണു സാധ്യതയെന്ന പ്രാഥമികനിഗമനത്തില്‍ ഞാനെത്തി. ഞാന്‍ ചെയ്തിരുന്ന പ്രവൃത്തികളെല്ലാം അല്പം അകലെനിന്നു സാകൂതം നിരീക്ഷിച്ചുകൊണ്ടിരുന്ന ഭര്‍ത്താവുഡോക്ടറിനോടായി ഞാന്‍ പറഞ്ഞു:
''ആസ്പിരേഷനില്‍നിന്നു ലഭിച്ച വിവരമനുസരിച്ച്, സിസ്റ്റ് ആകാനാണു സാധ്യത. സ്ഥിരീകരണത്തിനായി, ഒരു എക്‌സ്‌റേ എടുക്കണം.'' ഞാന്‍ പറഞ്ഞു.
ഡോക്ടര്‍ മറുപടിയൊന്നും പറയാതെ അദ്ദേഹത്തിന്റെ കൈയിലിരുന്ന സി.ടി. സ്‌കാന്‍ റിപ്പോര്‍ട്ട് എന്റെ നേര്‍ക്കു നീട്ടി. അതെന്നെ വളരെ അദ്ഭുതപ്പെടുത്തി. അവര്‍ എത്രമാത്രം ഒരുങ്ങിയാണു വന്നതെന്ന് എനിക്കു മനസ്സിലായി. കാരണം, ആ കാലങ്ങളില്‍ സി.ടി. സ്‌കാനിന്റെ ലഭ്യത വളരെ കുറവാണ്. അദ്ദേഹം തന്ന സ്‌കാനും റിപ്പോര്‍ട്ടും ഞാന്‍ വിശദമായി വിശകലനം നടത്തി. നേരത്തേ ഞാന്‍ രോഗിയെ പരിശോധിച്ചപ്പോള്‍ കണ്ടതുപോലെതന്നെ രണ്ടിഞ്ചു വ്യാസമുള്ള മുഴ അണ്ണാക്കിനെ ബാധിച്ചിരിക്കുന്നു. എന്നാല്‍, അണ്ണാക്കുഭാഗത്തെ അസ്ഥിയെ രോഗം ബാധിച്ചിട്ടില്ല. (അസുഖം അസ്ഥിയെ ബാധിക്കാത്തത് നല്ല ലക്ഷണമാണ്.) റിപ്പോര്‍ട്ടിലെ അന്തിമവാക്യങ്ങള്‍ ഇപ്രകാരം: ജീശൈയശഹശ്യേ ീള ൗോീൗൃ/ ര്യേെ ുമഹമലേ. ചലലറ െരഹശിശരമഹ രീൃൃലഹമശേീി. (അണ്ണാക്കിലെ ട്യൂമര്‍/ സിസ്റ്റിനു സാധ്യത. ക്ലിനിക്കല്‍ കോറിലേഷന്‍ ആവശ്യമാണ്.)
ഞാന്‍ ഡോക്ടര്‍ദമ്പതികളോടായി പറഞ്ഞു: ''പേടിക്കാനൊന്നുമില്ല. സിസ്റ്റ് ആകാനാണു കൂടുതല്‍ സാധ്യത. ഓപ്പറേഷന്‍ വേണ്ടിവരും. കുത്തിവച്ചു മരവിപ്പിച്ച് ഓപ്പറേഷന്‍ ചെയ്താല്‍ അസുഖം പൂര്‍ണമായി നീക്കാന്‍ സാധിക്കുകയില്ല. അതിനായി ബോധം മയക്കിത്തന്നെ ചെയ്യേണ്ടി വരും. എങ്കില്‍മാത്രമേ ഓപ്പറേഷന്‍ വിജയിക്കുകയുള്ളൂ.''
അടുത്തദിവസംതന്നെ ബോധം കെടുത്തി ഓപ്പറേഷന്‍ ചെയ്തു. ഓപ്പറേഷന്‍ ചെയ്‌തെടുത്ത സിസ്റ്റിന്റെ ആവരണം ബയോപ്‌സി പരിശോധനയ്ക്കായി അപ്പോള്‍ത്തന്നെ കൊടുത്തയയ്ക്കുകയും ചെയ്തു. തീയേറ്ററിനു പുറത്ത് ഉത്കണ്ഠാകുലനായി കാത്തിരുന്ന രോഗിയുടെ ഭര്‍ത്താവുഡോക്ടറോട് ഞാന്‍തന്നെ പോയി ഓപ്പറേഷന്റെ വിവരങ്ങള്‍ വിശദമായി ധരിപ്പിച്ചു. ബയോപ്‌സിക്കുവിട്ട കാര്യവും പറഞ്ഞു.
എന്റെ കൈപിടിച്ചു കുലുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''ഈ സന്തോഷവാര്‍ത്തയ്ക്കു വളരെ നന്ദി. ഈ സഹായം ഞങ്ങള്‍ ഒരിക്കലും മറക്കുകയില്ല. കഴിഞ്ഞ ഒരു മാസമായി ഞങ്ങള്‍ തീ തിന്നുകയായിരുന്നു.''
പിറ്റേദിവസംതന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു.
ഒരാഴ്ച കഴിഞ്ഞ് ചെക്കപ്പിനായി രോഗി വന്നു. അപ്പോഴേക്കും ബയോപ്‌സി റിപ്പോര്‍ട്ടു ലഭിച്ചു. ലഭിച്ച ബയോപ്‌സി റിപ്പോര്‍ട്ടില്‍ അസുഖം സിസ്റ്റ് ആണെന്നു സ്ഥിരീകരിക്കുകയും ചെയ്തു.
അതോടെ, രോഗിക്കും ബന്ധുക്കള്‍ക്കും സമാധാനമായി. വീണ്ടും പരിശോധനയ്ക്കായി ഒരു മാസം കഴിഞ്ഞുവന്നപ്പോള്‍ അസുഖം പൂര്‍ണമായി മാറിയിരുന്നു. ചെക്കപ്പിനായി ആറുമാസം കൂടി കഴിഞ്ഞുവന്നപ്പോള്‍ അണ്ണാക്കില്‍ ഓപ്പറേഷന്‍ ചെയ്തതിന്റെ ഒരു പാടുപോലും ഇല്ലായിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)