•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

തലമുറകള്‍ക്കു താളം പിഴയ്ക്കുമ്പോള്‍

''പാറിനടക്കും പക്ഷികളൊന്നും വേളികഴിക്കാറില്ലല്ലോ! കൂടെയുറങ്ങാന്‍ മാര്യേജ്  ആക്ടും താലിയുമൊന്നും വേണ്ട! ഒത്തുകഴിഞ്ഞു മടുത്താല്‍ പിന്നെ ഗുഡ് ബൈ ചൊല്ലി പിരിയാം'' ഇത്തരത്തിലുള്ള ''ന്യൂജെന്‍'' മുദ്രാവാക്യങ്ങള്‍ കുടുംബബന്ധങ്ങളുടെ പുത്തന്‍ നിര്‍വചനങ്ങളും സമവാക്യങ്ങളും നിര്‍മിച്ചെടുക്കുന്നത് വലിയ ആശങ്കയോടെയേ കാണാനാവൂ.

കുട്ടികളും യുവാക്കളും മുതിര്‍ന്നവരും ഒരുമിച്ചിരുന്നു സംസാരിച്ചും ആശയവിനിമയങ്ങള്‍ നടത്തിയും പൊതുക്കാര്യങ്ങള്‍ ചര്‍ച്ചചെയ്തും ജീവിച്ചിരുന്ന ഒരു കൂട്ടുകുടുംബവ്യവസ്ഥ അടുത്തകാലംവരെ നിലനിന്നിരുന്നു. ഇവര്‍ ദിവസത്തില്‍ ഒരുനേരമെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനും പ്രാര്‍ഥിക്കാനും സമയം കണ്ടെത്തിയിരുന്നു. കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാനും കഥകള്‍ പറഞ്ഞുകൊടുത്ത് ഉറക്കാനും ഓരോ വീട്ടിലും പ്രായംചെന്നവര്‍ ഉണ്ടായിരുന്നു. ഇതിലൂടെ അവര്‍ പുതുതലമുറയ്ക്കു കൈമാറിയിരുന്നത് ആ കുടുംബത്തിന്റെ തനതായ സംസ്‌കാരമായിരുന്നു, കുടുംബത്തിലെ ചിട്ടകളായിരുന്നു. ഓരോ തലമുറയ്ക്കും അവര്‍ക്കുമുമ്പേ കടന്നുപോയവര്‍ വേണ്ടുന്ന ദിശാബോധം നല്‍കിയിരുന്നു. നമ്മുടെ  തനതായ ഭാഷയും സംസ്‌കാരവും അവരെ പഠിപ്പിക്കുന്നതില്‍ അവര്‍ നിഷ്‌കര്‍ഷ പാലിച്ചിരുന്നു.  
എന്നാല്‍, ഇന്ന് കൂട്ടുകുടുംബം അണുകുടുംബത്തിലേക്കു ചേക്കേറിയതോടെ കുടുംബാന്തരീക്ഷത്തില്‍ സാരമായ മാറ്റങ്ങളുണ്ടായി. ഉദ്യോഗസ്ഥരായ യുവദമ്പതികള്‍ക്കു യാന്ത്രികമായ ജീവിതത്തിനിടയില്‍ പരസ്പരം സംസാരിക്കാനുള്ള സമയമില്ലാതായി. വീണ്ടുവിചാരവും വിവേകവും കുറയുമെങ്കിലും ഊര്‍ജസ്വലതയും കര്‍മോത്സുകതയും ധീരതയുംകൊണ്ടു സമ്പന്നരാണ് യുവാക്കള്‍. ഭവിഷ്യത്തുക്കളെക്കുറിച്ചു ബോധവാന്മാരാകാതെ ഇന്ദ്രിയസുഖങ്ങള്‍ക്കു പിറകേപോകാനുള്ള വ്യഗ്രത ചെറുപ്പക്കാരില്‍ പ്രകടമാണ്. കൂടുതല്‍ ഭൗതിക സുഖസൗകര്യങ്ങളുടെയും ആഡംബരങ്ങളുടെയും പിറകേ പായുമ്പോള്‍ കുടുംബബന്ധങ്ങള്‍ക്കു പ്രാധാന്യം ഇല്ലാകുന്നു. ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാല്‍ എന്താണു ഫലമെന്ന ബൈബിള്‍ വചനം ഇന്നത്തെ തലമുറയെക്കുറിച്ച് ആലോചിക്കുമ്പോള്‍  തീര്‍ത്തും ശരിയാണ്.   
കുടുംബം എന്ന സങ്കല്പത്തിന്റെ പ്രധാന കണ്ണികളാണ് ദമ്പതിമാര്‍. കുട്ടികള്‍ക്കു മുന്നിലുള്ള അവരുടെ പെരുമാറ്റം, സംസാരം, പരസ്പരബഹുമാനം തുടങ്ങിയവ നല്ല രീതിയിലാകുന്നുവെങ്കില്‍മാത്രമേ ആ പാരമ്പര്യം വരുംതലമുറയിലേക്കും പകരാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ഇന്നത്തെ അണുകുടുംബങ്ങളില്‍ പലപ്പോഴും കാണാറുള്ളത് പരസ്പര കിടമത്സരങ്ങളാണ്. ഞാന്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങണമെന്നു ഭാര്യ ചിന്തിക്കുമ്പോള്‍, ശരിയോ തെറ്റോ എന്നില്ലാതെ  പുരുഷന്‍ ഞാന്‍ പറയുന്നതായിരിക്കണം ഈ കുടുംബത്തില്‍ നടപ്പാക്കേണ്ടതെന്നു ശഠിക്കുന്നു. ഇവയ്ക്കു സാക്ഷിയാകുന്ന കുരുന്നുമനസ്സുകളില്‍ (വരുംതലമുറയില്‍) മുളച്ചുവരുന്ന കുടുംബസങ്കല്പങ്ങളും അതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. 
ഇന്നത്തെ യുവതലമുറയ്ക്ക് കുടുംബത്തെക്കുറിച്ചു വ്യക്തമായ ഒരു സങ്കല്പമോ കാഴ്ചപ്പാടോ ഇല്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. അതിനാല്‍, വളരെ ചെറിയ വിഷയങ്ങള്‍പോലും വിവാഹമോചനത്തിനും കുടുംബത്തകര്‍ച്ചയ്ക്കും ഇടവരുത്തുന്നു. വളരെ നിസ്സാരമായ കാര്യങ്ങള്‍ക്കുപോലുമുള്ള പിടിവാശിയും കടുംപിടിത്തവും കുടുംബബന്ധങ്ങള്‍ ശിഥിലപ്പെടുത്തുന്നു. ഓരോ വീട്ടിലും ഒരു കുട്ടി, അല്ലെങ്കില്‍ രണ്ടു കുട്ടികള്‍ - ഇതാണ് ഇന്നത്തെ കുടുംബം. ഈയൊരു സാഹചര്യത്തില്‍ മാതാപിതാക്കളുടെ മുഴുവന്‍ ശ്രദ്ധയും ലാളനയും ലഭിച്ചു വളര്‍ന്ന കുട്ടികള്‍ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകില്ല. മാത്രമല്ല, ഇവരുടെ വിവാഹം കഴിഞ്ഞാലും മാതാപിതാക്കള്‍ അവരുടെ ഓരോ കാര്യങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കും. പല സന്ദര്‍ഭങ്ങളിലും ഈ കാരണവും വിവാഹമോചനങ്ങളില്‍ കൊണ്ടെത്തിക്കാറുണ്ട്.        
ഓരോ മതവും വിവാഹബന്ധങ്ങള്‍ക്കും കുടുംബസങ്കല്പങ്ങള്‍ക്കും അതിന്റേതായ ചില നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്നുണ്ട്. ഇതില്‍ ആത്മീയത ഉള്‍ക്കൊണ്ടിരിക്കുന്നു. ഭാരതത്തിനു തനതായ ഒരു സംസ്‌കാരം ഉണ്ടായിരുന്നു. എന്നാല്‍, ഇന്ന് പാശ്ചാത്യസംസ്‌കാരങ്ങളെ ജനങ്ങള്‍ അനുകരിക്കാന്‍ ഇഷ്ടപ്പെട്ടുതുടങ്ങിയപ്പോള്‍ ആര്‍ഷഭാരതത്തിന്റെ തനതായ സംസ്‌കാരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു. പാശ്ചാത്യസംസ്‌കാരങ്ങള്‍ മോശപ്പെട്ടവയാണെന്നു  പറയുന്നില്ല. എന്നാല്‍, സൗകര്യപ്രദമായ പാശ്ചാത്യസംസ്‌കാരത്തിന്റെ കടന്നുകയറ്റത്തില്‍  നമ്മുടെ സംസ്‌കാരത്തിനു മൂല്യച്യുതി സംഭവിച്ചു. അതിന്റെ സ്വാധീനം വിവാഹബന്ധത്തിലും, കുടുംബരൂപീകരണത്തിലും നമുക്കു കാണാന്‍ കഴിയും. വിവാഹത്തിനുമുമ്പ് സിനിമാശൈലിയിലുള്ള 'സേവ് ദി ഡേറ്റ്' ഫോട്ടോഷൂട്ട് നടത്തുന്ന കാലഘട്ടമാണിത്. അതുപോലെതന്നെ 'ലിവിങ് ടുഗെതര്‍', 'ഡേറ്റിങ്' തുടങ്ങിയ പല തലങ്ങളിലേക്കും സ്ത്രീപുരുഷബന്ധങ്ങള്‍ വഴിമാറിത്തുടങ്ങി. ഇതോടെ ആത്മാര്‍ഥമായ ഒരു കുടുംബബന്ധത്തിനു സ്ഥാനമില്ലാതായി.  തമ്മില്‍ മനസ്സിലാക്കി നല്ലൊരു ജീവിതം നയിക്കുന്നതിനല്ല; മറിച്ച്, ശാരീരികാഭിനിവേശങ്ങളെ തൃപ്തിപ്പെടുത്തുന്നതിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. ഇത്തരത്തിലുള്ള ബന്ധങ്ങളില്‍ വിവാഹമെന്നത് എന്തോ ഒരു ആകാംക്ഷയും അതിഭാവുകത്വവുംമാത്രമാണ്. അതിനപ്പുറം ആത്മാര്‍ഥമായ ഒരു ബന്ധത്തിലേക്കോ കുടുംബജീവിതത്തിലേക്കോ ഇത് യുവാക്കളെ നയിക്കുന്നില്ല. 
കുടുംബസങ്കല്പങ്ങളെ താറുമാറാക്കുന്ന ഒന്നാണ് സോഷ്യല്‍ മീഡിയകള്‍. അച്ഛനും അമ്മയും കുട്ടികളും ഉള്‍പ്പെടുന്ന ഒരു കുടുംബം കാറില്‍ സഞ്ചരിക്കുകയാണെന്നു കരുതുക. എല്ലാവരും പരസ്പരം ഒന്നും ഉരിയാടാതെ തങ്ങളുടെ മൊബൈല്‍ഫോണില്‍ തങ്ങളുടേതായ ലോകത്തായിരിക്കും. ഒരേസമയം സോഷ്യല്‍ മീഡിയയിലൂടെ പലര്‍ക്കും സന്ദേശങ്ങള്‍ അയയ്ക്കുകയും അവരെല്ലാവരുമായി ബന്ധംവയ്ക്കുകയും  ചെയ്യുന്നവര്‍ നിരവധിയുണ്ട്. ഈ കൂട്ടുകെട്ടുകളില്‍ ഒട്ടും കാര്യഗൗരവം കാണാറില്ല. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും ശാരീരികസുഖം തേടി ഒളിച്ചോടിപ്പോകുന്നത് ഒരു സാധാരണ വാര്‍ത്തയായി മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള വിവാഹേതരബന്ധങ്ങളും ഇന്ന് സര്‍വ്വസാധാരണമായിരിക്കുകയാണ്. നല്ലൊരു കുടുംബം കെട്ടിപ്പടുക്കുകയെന്ന സങ്കല്പം ഉള്ളവര്‍ക്ക് ഇത്തരത്തിലുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടാനാകില്ല. ഇത് വിവാഹമോചനങ്ങളിലേക്കും ആത്മഹത്യകളിലേക്കും കൊലപാതങ്ങളിലേക്കും വഴിയൊരുക്കുന്നു.    
വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളുടെ കണക്കുകള്‍തന്നെ ഇന്നത്തെ തലമുറയുടെ ബലഹീനമായ കുടുംബസങ്കല്പങ്ങള്‍ക്കു തെളിവു നല്കുന്നതാണ്. പരസ്പരം മനസ്സിലാക്കണമെന്നോ നല്ലൊരു കുടുംബജീവിതം മുന്നോട്ടുനയിക്കണമെന്നോ ഗൗരവമായി പുതുതലമുറ ചിന്തിക്കാറില്ല. അവരുടെ വാശിയും ആഗ്രഹങ്ങളും സാധിക്കാതെ വരുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും കുടഞ്ഞുകളയാവുന്ന ഒന്നായിട്ടേ അവര്‍ കുടുംബത്തെ കണ്ടിട്ടുള്ളൂ എന്നുതന്നെവേണം പറയാന്‍. 
നല്ല കുടുംബപരിസ്ഥിതിക്ക് അത്യാവശ്യമായ ഒന്നാണ് അംഗങ്ങള്‍ തമ്മില്‍ പരസ്പരം വ്യക്തമായ ആശയവിനിമയം നടത്തുകയെന്നത്. ഉദ്യോഗസ്ഥരായ ഭാര്യാഭര്‍ത്താക്കന്മാര്‍ ആഡംബരങ്ങള്‍ക്കും സുഖസൗകര്യങ്ങള്‍ക്കും പണത്തിനും പിറകേ ഓടിത്തളര്‍ന്നു വീടുകളിലെത്തുമ്പോള്‍ പരസ്പരം സംസാരിക്കാന്‍ സമയം കണ്ടെത്താറില്ല. പങ്കാളിക്കൊപ്പം ദിവസത്തില്‍ കുറച്ചുസമയം ചെലവഴിക്കുക എന്നത് പരസ്പരധാരണയ്ക്കും ആശയവിനിമയത്തിനും ഏറെ ആവശ്യമാണ്. എന്തും പരസ്പരം തുറന്നുസംസാരിക്കുന്നതിലൂടെ തെറ്റുധാരണകളും അവിശ്വാസങ്ങളും ഇല്ലാതാകുന്നു. മാതാപിതാക്കള്‍ കുട്ടികള്‍ക്കൊപ്പം ഇരുന്ന് ഓരോ ദിവസത്തെയും കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ കുട്ടികളില്‍ ജീവിതത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിക്കുന്നു. അവരിലും നല്ല ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വളരുന്നു. എന്നാല്‍, ഇന്ന് സാങ്കേതികവിദ്യകള്‍ വളര്‍ന്നുവന്നപ്പോള്‍ പരസ്പരം ഉരിയാടുന്ന വാക്കുകള്‍ക്കു ക്ഷാമംവന്നു. സംസാരിക്കാനോ ഒരല്പസമയം പങ്കാളിക്കൊപ്പം ചെലവഴിക്കാനോ മറന്നുപോകുന്നു. എന്തെങ്കിലും ആശയവിനിമയം നടത്തണെമങ്കില്‍ അതിനായി സോഷ്യല്‍ മീഡിയകളെ ആശ്രയിക്കുന്നു. ഇത്തരം വീടുകളിലെ കുട്ടികളും സോഷ്യല്‍ മീഡിയകളില്‍ തളയ്ക്കപ്പെടുന്നു. ഇതിനുത്തരവാദി മാതാപിതാക്കള്‍തന്നെയാണ്. കാരണം, കുട്ടികള്‍ക്കൊപ്പം സന്തോഷമായി  ചെലവിടാന്‍ അവരും സമയം കണ്ടെത്താറില്ല. പഠനവും കോച്ചിങ് ക്ലാസുകളും കഴിഞ്ഞു വീട്ടിലെത്തുന്ന കുട്ടിയെ ശാസിക്കാനാണ് പല മാതാപിതാക്കളും സമയം കണ്ടെത്താറുള്ളത്. ജോലിസ്ഥലത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു ബലിയാടാകേണ്ടിവരുന്നതും കുട്ടികളായിരിക്കും. 
ഇന്നു കാണുന്ന അണുകുടുംബങ്ങളിലെ അംഗങ്ങള്‍ കെട്ടുറപ്പുള്ള ബന്ധങ്ങള്‍ സംരക്ഷിക്കുന്നതിലും പരാജയപ്പെടുന്നു. സഹോദരീസഹോദരങ്ങളുമായോ മറ്റു കുടുംബാംഗങ്ങളുമായോ ബന്ധം പുലര്‍ത്തുന്നതില്‍ ഇവര്‍ തത്പരരല്ല. മാതാപിതാക്കളും ഒന്നോ രണ്ടോ കുട്ടികളും മാത്രമടങ്ങുന്ന ഒരു കുടുംബം ചുറ്റും താമസിക്കുന്നവരുമായോ ബന്ധുക്കളുമായോ ബന്ധം കാത്തുസൂക്ഷിക്കാറില്ല. അതുകൊണ്ടുതന്നെ, എന്തെങ്കിലും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ ആത്മാര്‍ഥമായി അഭിപ്രായം ചോദിക്കാനോ, തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കാനോ ആരും ഉണ്ടാകുന്നില്ല. ആയതിനാല്‍, അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ മിക്കവാറും അപക്വമാകാന്‍ ഇടയുണ്ട്.
യുവതലമുറയെ കെട്ടുറപ്പില്ലാത്ത കുടുംബബന്ധങ്ങളിലേക്കു നയിക്കുന്ന മറ്റൊരു ഘടകമാണ് ലഹരിയും മയക്കുമരുന്നും. ലഹരിയുടെ മായാപ്രപഞ്ചത്തില്‍ അപ്പൂപ്പന്‍താടികളായി പറന്നുനടക്കുമ്പോള്‍ അവരില്‍ ശക്തമായ ഒരു കുടുംബത്തെക്കുറിച്ചോ, ഭാവിതലമുറകളെക്കുറിച്ചോ ഒന്നും ചിന്തയുണ്ടാകാറില്ല. താത്കാലികമായ മാനസികസന്തോഷങ്ങള്‍മാത്രമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. ഈ സന്തോഷങ്ങളില്‍ അവര്‍ക്ക് കുടുംബം, തൊഴില്‍, സ്വാഭിമാനം എന്നിവയെല്ലാം നഷ്ടമാകുന്നു.  എന്തും ചെയ്യാന്‍ മടിക്കാത്ത പൈശാചികസമൂഹത്തെ വാര്‍ത്തെടുക്കാന്‍മാത്രമേ ലഹരിക്കു കഴിയുകയുള്ളൂ.
പരസ്പരവിശ്വാസവും തുറന്നുള്ള ആശയവിനിമയവും ഒരു നല്ല കുടുംബത്തെ പടുത്തുയര്‍ത്തുന്നതില്‍ പ്രധാനപ്പെട്ടവയാണ്. ഇവയുടെ ആവശ്യകതയെക്കുറിച്ച് പുതുതലമുറയെ ബോധ്യപ്പെടുത്താന്‍ കഴിയുമെങ്കില്‍ ഇന്നത്തെ യുവതലമുറയുടെ കുടുംബസങ്കല്പങ്ങളും ശക്തമാകും. ഇതിലൂടെ വിവാഹമോചനങ്ങളുടെ നിരക്കുകള്‍ നിയന്ത്രിക്കാം. യുവതലമുറയ്ക്ക് സന്തുഷ്ടകുടുംബം വാഗ്ദാനം ചെയ്യാം. വ്യക്തമായ കുടുംബസങ്കല്പമാണ് കുടുംബബന്ധങ്ങളുടെ ശക്തമായ അടിത്തറ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)