ഭൂവിസ്തൃതിയില്‍ ലോകത്തു രണ്ടാം സ്ഥാനത്തുള്ള കാനഡയും ഏഴാംസ്ഥാനത്തുള്ള ഇന്ത്യയും നിരോധിതതീവ്രവാദസംഘടനയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെ ടി എഫ്) കാനഡയിലെ തലവനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൊമ്പുകോര്‍ത്തിരിക്കുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 18-ാം തീയതിയാണ് കനേഡിയന്‍ പൗരത്വമുള്ള നാല്പത്തഞ്ചുകാരനായ നിജ്ജാര്‍ യു എസ് - കാനഡ അതിര്‍ത്തിസംസ്ഥാനമായ ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവര്‍ നഗരപ്രാന്തത്തിലുള്ള സര്‍റേ പട്ടണത്തിലെ ഗുരുദ്വാരയ്ക്കുപുറത്ത് വാഹനത്തിലിരിക്കുമ്പോള്‍ മാസ്‌ക് ധരിച്ചെത്തിയ അജ്ഞാതരായ രണ്ടുപേരുടെ വെടിയേറ്റു മരിച്ചത്. സര്‍റേയിലെ ഗുരുദ്വാരയുടെ മാനേജിങ് കമ്മിറ്റി പ്രസിഡന്റുകൂടിയായിരുന്നു നിജ്ജാര്‍. സിഖ് ജനതയ്ക്കുവേണ്ടി ഒരു സ്വതന്ത്രരാജ്യം രൂപീകരിക്കണമെന്നു വാദിക്കുന്നവരുടെ നേതാവായിരുന്ന അയാള്‍ 2007 ലാണ് കനേഡിയന്‍ പൗരത്വം സ്വീകരിച്ചത്. പഞ്ചാബിലെ ജലന്തറില്‍ ജനിച്ചുവളര്‍ന്ന് പ്‌ളംബറായി ജോലി ചെയ്തുവരവേ 1997 ല്‍ കാനഡയിലേക്കു കുടിയേറിയ വ്യക്തിയാണ്. 2007 ല്‍ പഞ്ചാബിലെ ഒരു സിനിമാതിയേറ്ററിലുണ്ടായ ബോംബാക്രമണക്കേസില്‍ കുറ്റാരോപിതനായതോടെയാണ് ഒരു തീവ്രവാദിയായി നിജ്ജാര്‍ മുദ്ര കുത്തപ്പെട്ടത്. തിയേറ്ററിലെ ബോംബ് സ്‌ഫോടനത്തില്‍ ആറുപേര്‍ക്കു ജീവന്‍ നഷ്ടമാകുകയും 40 പേര്‍ക്കു സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിജ്ജാര്‍ ആസൂത്രണം ചെയ്ത രണ്ടാമത്തെ ആക്രമണം 2009 ലായിരുന്നു. 2021ല്‍ ജലന്തറിലെ ഒരു ഹിന്ദുപുരോഹിതന്‍ കൊല്ലപ്പെട്ട സംഭവത്തിനുപിന്നില്‍ നിജ്ജാര്‍ നേതൃത്വം കൊടുക്കുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സാണെന്നു തെളിഞ്ഞതോടെയാണു സംഘടനയെ ഇന്ത്യയില്‍ നിരോധിക്കുകയും നിജ്ജാറിന്റെ തലയ്ക്കു പത്തുലക്ഷം രൂപ വിലയിടുകയും ചെയ്തത്. പാക്കിസ്ഥാനില്‍ സ്‌ഫോടകവസ്തുപരിശീലനം നേടിയിട്ടുള്ള നിജ്ജാര്‍, കാനഡയില്‍ തീവ്രവാദസംഘം വളര്‍ത്തി പഞ്ചാബിലും ഹരിയാനയിലും ഭീകരാക്രമണങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നതായും കാനഡയിലുള്ള ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു.
നിജ്ജാറിന്റെ കൊലപാതകത്തിനുപിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണമാണ് രണ്ടു രാജ്യങ്ങളുടെയും ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയത്. ട്രൂഡോയുടെ ആരോപണത്തിനുപിന്നാലെ രണ്ടു രാജ്യങ്ങളിലെയും നയതന്ത്രപ്രതിനിധികളെ പരസ്പരം പുറത്താക്കിയതിനുപുറമേ, ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) കാനഡയിലെ ഉന്നതോദ്യോഗസ്ഥനായ പവന്‍കുമാര്‍ മിശ്രയെക്കൂടി രാജ്യത്തുനിന്നു പറഞ്ഞുവിട്ടതും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. നിജ്ജാറിന്റെ മരണം നടന്ന് മൂന്നു മാസങ്ങള്‍ക്കുശേഷം ഇന്ത്യയ്‌ക്കെതിരേ ആരോപണമുയര്‍ത്തിയ ട്രൂഡോയുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്നു കരുതുന്ന രാഷ്ട്രീയനിരീക്ഷകരുമുണ്ട്. മോശമായിക്കൊണ്ടിരിക്കുന്ന തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഒരവസരമായി ആ സംഭവത്തെ മാറ്റിയെടുക്കാനുള്ള തന്ത്രമാണ് ട്രൂഡോയുടേതെന്നാണ് അവരുടെ വാദം. എന്നാല്‍, കാനഡയും യു എസ്, യു കെ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവയും ചേര്‍ന്നുള്ള 'അഞ്ചു കണ്ണുകള്‍' എന്ന രഹസ്യാന്വേഷണസഖ്യവുമായി ചര്‍ച്ചകള്‍ നടത്തിയശേഷമുള്ള കനേഡിയന്‍ പാര്‍ലമെന്റിലെ ട്രൂഡോയുടെ പരാമര്‍ശം ഗൗരവമേറിയതാണ്. ട്രൂഡോയുടെ വിവാദപരാമര്‍ശത്തിനു പിന്നാലെ ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാരക്കരാറിന്റെ അന്തിമചര്‍ച്ചകളില്‍നിന്നു കാനഡ പിന്മാറി. ജി 7 കൂട്ടായ്മയിലെ പ്രമുഖ രാജ്യമായ കാനഡയുടെ പത്താമത്തെ സാമ്പത്തിക/വ്യാപാരപങ്കാളിയായിരുന്ന ഇന്ത്യയുടെ 2022-23 സാമ്പത്തികവര്‍ഷത്തിലെ ഉഭയകക്ഷിവ്യാപാരം 816 കോടി ഡോളറിന്റേതായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ 4,500 കോടി ഡോളറിന്റെ കാനഡയുടെ ഇന്ത്യയിലെ നിക്ഷേപം ലോകത്ത് നാലാം സ്ഥാനത്ത് ഇന്ത്യയെ എത്തിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നത് വ്യാപാര/നിക്ഷേപകരാറുകളെ മാത്രമല്ല, വിദ്യാര്‍ഥികളെയും തൊഴില്‍തേടിയെത്തുന്നവരെയും കുടിയേറ്റക്കാരെയുമെല്ലാം ദോഷകരമായി ബാധിക്കും. കാനഡയിലെ മലയാളികളുള്‍പ്പെടെയുള്ള പതിനായിരക്കണക്കായ ആളുകളോട് അതീവജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശത്തോടൊപ്പം കാനഡയിലേക്കുള്ള വിസാ സേവനങ്ങളും ഇന്ത്യ നിറുത്തിവച്ചു. കാനഡയിലുള്ള 14 ലക്ഷം ഇന്ത്യക്കാരില്‍ പകുതിയിലധികവും കേരളത്തില്‍നിന്നുള്ളവരാണ്. ആകെയുള്ള 3.88 കോടി ജനസംഖ്യയില്‍ 7.71 ലക്ഷം സിഖ് വംശജരാണ്.
അതിനിടെ, കാനഡയിലുള്ള ഹിന്ദുമതവിശ്വാസികളായ ഇന്ത്യക്കാര്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട കുപ്രസിദ്ധനായ ഖലിസ്ഥാന്‍ ഭീകരനും 'സിഖ്‌സ് ഫോര്‍ ജസ്റ്റീസി'ന്റെ സ്ഥാപകനും നിയമോപദേഷ്ടാവും വക്താവുമായ ഗുര്‍ പട്‌വന്ത്‌സിങ് പന്നുവിന്റെ പഞ്ചാബിലുള്ള 5.70 ഏക്കര്‍ സ്ഥലവും കുടുംബവീട്ടിലെ അവകാശങ്ങളും എന്‍ ഐ എ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) കണ്ടുകെട്ടിയതായി വാര്‍ത്ത പരക്കുന്നുണ്ട്. ഒരു ഹിന്ദുനേതാവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായിരുന്ന പന്നു 2007 ല്‍ കാനഡയിലേക്കു രക്ഷപ്പെടുകയായിരുന്നു. 2020 ലാണ് അയാളെ ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ചത്. ഹിന്ദുക്കള്‍ ഒക്‌ടോബര്‍ 29 നകം കാനഡയില്‍നിന്നു പുറത്തുപോയില്ലെങ്കില്‍ അവരുടെ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും തങ്ങള്‍ ലക്ഷ്യമിടുമെന്നും പഞ്ചാബില്‍ ഇരുപതിലധികം ക്രിമിനല്‍ കേസുകളുള്ള പന്നു ഭീഷണി മുഴക്കി. ഇത്തരം നടപടികള്‍ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളോടുള്ള അനാദരവാണെന്നും രാജ്യത്ത് വിദ്വേഷത്തിനിടമില്ലെന്നും പരസ്പരം ബഹുമാനിക്കണമെന്നും പബ്ലിക് സേഫ്റ്റി മന്ത്രാലയവക്താവ് 'എക്‌സി'ല്‍ പോസ്റ്റിട്ടു.
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ ഇലക്‌ട്രോണിക് തെളിവുകള്‍ കാനഡയുടെ പക്കലുണ്ടെന്ന് അവിടത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കാനഡകൂടി ഉള്‍പ്പെട്ട 'അഞ്ചു കണ്ണുകള്‍' എന്ന രഹസ്യാന്വേഷണസഖ്യത്തിലെ മറ്റൊരു രാജ്യമാണ് ഇതു സംബന്ധിച്ച രഹസ്യവിവരങ്ങള്‍ കൈമാറിയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ജി 20 ഉച്ചകോടിക്കായി ന്യൂഡല്‍ഹിയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും യു എസ് പ്രസിഡന്റ് ജോ ബൈഡനും യു കെ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ തലവന്മാരും നിജ്ജാര്‍ വധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച ചെയ്തിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരേ കാനഡ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അതീവഗൗരവത്തോടെയാണു തങ്ങള്‍ കാണുന്നതെന്നും, യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനു കാനഡ നടത്തുന്ന അന്വേഷണങ്ങളോട് ഇന്ത്യ സഹകരിച്ചാല്‍ പ്രശ്‌നപരിഹാരം സാധ്യമാകുമെന്നും യു എസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ അഭിപ്രായപ്പെട്ടു. ഇത്തരം വിഷയങ്ങളില്‍ ഇന്ത്യയ്ക്കു മാത്രമായി പ്രത്യേകം ഇളവ് അനുവദിക്കാനാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരുത്തുന്ന വിഘടനവാദം ഇന്ത്യ അനുവദിക്കില്ലെന്ന് കാനഡയും, വ്യക്തികളുടെയും സംഘടനകളുടെയും ആവിഷ്‌കാകാരസ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് പാശ്ചാത്യരാജ്യങ്ങളുടെ ഭരണഘടനകള്‍ക്കെതിരാണെന്ന് ഇന്ത്യയും തിരിച്ചറിയണമെന്നും സള്ളിവന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും കാനഡയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ്, ലഷ്‌കര്‍ ഇ തോയ്ബ, അല്‍ ക്വയ്ദ തുടങ്ങിയ തീവ്രവാദസംഘടനകള്‍ മറ്റു രാജ്യങ്ങളില്‍ തമ്പടിച്ച് ഇന്ത്യയിലെ ഭരണകൂടങ്ങളെ വെല്ലുവിളിക്കുമ്പോള്‍ കാനഡയെപ്പോലുള്ള രാജ്യങ്ങള്‍ കാഴ്ചക്കാരായി മാറിനില്ക്കുന്നതാണ് തങ്ങളെ അലോസരപ്പെടുത്തുന്നതെന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അഭിപ്രായപ്പെട്ടു. കാനഡയിലെ സിക്ക് സമൂഹം ഖലിസ്ഥാനുവേണ്ടി സംഘടിക്കുകയും കോണ്‍സലേറ്റുകളിലെയും ഹൈക്കമ്മീഷനുകളിലെയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും നയതന്ത്രബന്ധങ്ങള്‍ തകരുംവിധമുള്ള വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോഴും കാനഡയിലെ ഭരണനേതൃത്വം നിഷ്‌ക്രിയത്വം തുടരുന്നത് അനുവദിക്കാനാവില്ലെന്ന ഇന്ത്യന്‍ നിലപാടും ജയശങ്കര്‍ വ്യക്തമാക്കി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കേ 1984 ല്‍ ഖലിസ്ഥാന്‍ നേതാവായിരുന്ന ജര്‍ണയില്‍സിങ് ഭിന്ദ്രന്‍ വാലയെയും ആയുധധാരികളായ തീവ്രവാദികളെയും അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തില്‍നിന്നു തുരത്തിയോടിച്ച ധീരമായ നടപടിയും അദ്ദേഹം ഓര്‍മപ്പെടുത്തി. ഇന്ദിരാഗാന്ധിയുടെ ജീവന്‍ കവര്‍ന്നെടുത്ത അവരുടെ അംഗരക്ഷകരായിരുന്ന ബിയാന്ത് സിംഗും സത്‌വന്ത്‌സിംഗും ഖാലിസ്ഥാന്‍ അനുകൂലികളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തിനുപിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗത്തിന്റെ പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം നിരാശാജനകവും തെളിവില്ലാത്തതുമാണെന്ന് പേരു വെളിപ്പെടുത്താത്ത ഒരു മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. ട്രൂഡോയുടെ ആരോപണം അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാടിന് അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പത്തു ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന ഒരു കൊടുംകുറ്റവാളിക്കുവേണ്ടി വാദിക്കാന്‍ ട്രൂഡോയെ പ്രേരിപ്പിച്ചതിനുപിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹൗസ് ഓഫ് കോമണ്‍സ് എന്നറിയപ്പെടുന്ന 338 അംഗ കനേഡിയന്‍ പാര്‍ലമെന്റില്‍ സിക്ക്‌വംശജരായ 18 പേരുണ്ട്. ഇവരുടെ എട്ടു സീറ്റുകളിലെങ്കിലും സിഖുകാര്‍ക്ക് നിര്‍ണായകസ്വാധീനമുണ്ട്. 18 പേരില്‍ നാലു പേര്‍ ട്രൂഡോ മന്ത്രിസഭയില്‍ അംഗങ്ങളുമാണ്.
ഹര്‍ദീപ്‌സിങ് നിജ്ജാറിന്റെ വധത്തിനു പിന്നാലെ മറ്റൊരു ഖലിസ്ഥാന്‍ അനുകൂല നേതാവുകൂടി കാനഡയില്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ട്. ഇന്ത്യ കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുള്ള സുഖ്ദുല്‍ സിങ് ദുനേകയാണ് വിന്നിപ്പെഗില്‍ കൊല്ലപ്പെട്ടത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദേവീന്ദര്‍ ബാം ബീഹ സംഘത്തില്‍പ്പെട്ട ദുനേക, ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് വധിക്കപ്പെട്ടതെന്നാണ് സൂചന.
ലോകത്തെ ഏറ്റവും സുരക്ഷിതരാഷ്ട്രങ്ങളിലൊന്നായി കരുതപ്പെട്ടിരുന്ന കാനഡ അധോലോകസംഘടനകളുടെയും തീവ്രവാദഗ്രൂപ്പുകളുടെയും താവളമായി മാറിയത് സമാധാനപ്രിയരായ ലോകനേതാക്കളില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങള്‍ നയതന്ത്രതലത്തില്‍ നടന്നുവരുന്നത് ആശ്വാസകരമാണ്.