ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായെക്കുറിച്ച് കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച പുതിയ പുസ്തകത്തെക്കുറിച്ചുള്ള പഠനം.
പതിമ്മൂന്നാം ഭാഗം
2012 ജൂണ്‍ ഏഴാം തീയതി വിശുദ്ധകുര്‍ബാനയുടെ തിരുനാള്‍ ദിവസം, പരിശുദ്ധപിതാവ് ബനഡിക്ട് പതിനാറാമന്‍ നല്കിയ വചനസന്ദേശം:
''പ്രിയ സഹോദരീസഹോദരന്മാരേ,
ഈ സായാഹ്നത്തില്‍ ദിവ്യകാരുണ്യരഹസ്യത്തിന്റെ പരസ്പരബന്ധിതമായ രണ്ടു വശങ്ങളെക്കുറിച്ച് നിങ്ങളോടൊപ്പം ധ്യാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വി. കുര്‍ബാനയുടെ ദിവ്യാരാധനയും പരിപാവനസ്വഭാവവുമാണ് ഈ രണ്ടുവശങ്ങള്‍.'' ഈ വാക്കുകളോടെയാണ് ബനഡിക്ട് പിതാവ് തന്റെ പരിചിന്തനങ്ങള്‍ ആരംഭിക്കുന്നത്.
സമീപകാലത്തുണ്ടായ അപൂര്‍ണവും ഭാഗികവുമായ വീക്ഷണങ്ങളില്‍നിന്ന് ഈ ദിവ്യരഹസ്യത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പരിശുദ്ധപിതാവ് തന്റെ സന്ദേശം തുടരുന്നത്.
പരിശുദ്ധപിതാവ് ആദ്യംതന്നെ ദിവ്യകാരുണ്യാരാധനയുടെ പ്രാധാന്യം വിശദമാക്കുന്നു. ലാറ്ററന്‍ ബസിലിക്കയിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടത്താന്‍ പോകുന്ന ആരാധനയും ദിവ്യകാരുണ്യപ്രദക്ഷിണവും അതില്‍ പങ്കെടുക്കുന്നവര്‍ക്കു വിശിഷ്ടമായ അനുഭവമായിരിക്കുമെന്നതു തീര്‍ച്ചയാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ഏകപക്ഷീയമായ ചില വ്യാഖ്യാനങ്ങള്‍ ഈ ആരാധനാനുഭവം വിശുദ്ധകുര്‍ബാനയുടെ അര്‍പ്പണസമയത്തേക്കുമാത്രമായി പരിമിതപ്പെടുത്തുന്നവിധമായിരുന്നു. അങ്ങനെ വി. കുര്‍ബാനയ്ക്കുപുറമേയുള്ള ദിവ്യകാരുണ്യാരാധന ചിലയിടങ്ങളില്‍ പാടേ ഉപേക്ഷിക്കുവാനിടയായി.
തീര്‍ച്ചയായും, വിശുദ്ധബലിയര്‍പ്പണത്തിന് കേന്ദ്രസ്ഥാനം നല്‌കേണ്ടതിന്റെ പ്രാധാന്യം ഏവരും അംഗീകരിക്കേണ്ടതാണ്. വിശുദ്ധകുര്‍ബാന യര്‍പ്പണത്തിലാണ് കര്‍ത്താവ് തന്റെ ജനത്തെ ക്ഷണിച്ച് വചനത്തിന്റെയും ജീവന്റെ അപ്പത്തിന്റെയും ഇരുമേശയ്ക്കലുമായി ഒന്നിച്ചുകൂട്ടുന്നത്.
വചനത്താല്‍ പരിപോഷിക്കപ്പെടുന്നതും ജീവന്റെ അപ്പംവഴി കര്‍ത്താവിനോട് ഏകീഭവിക്കുന്നതും വിശുദ്ധകുര്‍ബാനയുടെ അര്‍പ്പണത്തിലൂടെയാണ്. ഇക്കാര്യത്തിന് ഊന്നല്‍ നല്കുന്നതും കുര്‍ബാനയ്ക്കായി ഒത്തുചേരുന്ന ആരാധനാസമൂഹത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതും വളരെ പ്രസക്തമായ കാര്യമാണ്. എന്നാലത് ശരിയായ സന്തുലിതാവസ്ഥ പാലിച്ചുകൊണ്ടായിരിക്കണമെന്ന് ബനഡിക്ട് പാപ്പാ നിരീക്ഷിക്കുന്നു. അദ്ദേഹം പറയുന്നു: ''മിക്കപ്പോഴും ഒരു വശത്തിനു പ്രാധാന്യം നല്കുമ്പോള്‍ മറ്റൊരു വശം അവഗണിക്കപ്പെടുന്നു. ഇവിടെ വിശുദ്ധകുര്‍ബാനയര്‍പ്പണത്തിനു പ്രാധാന്യം നല്കിയപ്പോള്‍ ദിവ്യകാരുണ്യാരാധന അവഗണിക്കപ്പെട്ടു. കര്‍ത്താവിന്റെ സാന്നിധ്യം ജീവിതത്തെ മുഴുവന്‍ സമയവും സ്വാധീനിക്കാന്‍ ഇടയാകത്തക്കവിധം വിശുദ്ധകുര്‍ബാനയിലുള്ള ദിവ്യസാന്നിധ്യം തിരുസക്രാരിയില്‍ തുടരുന്നു.
വിശുദ്ധ കുര്‍ബാനയര്‍പ്പണവും ദിവ്യകാരുണ്യാരാധനയും വ്യത്യസ്തമല്ല; പരസ്പരപൂരകങ്ങളാണ്. ആരാധനയെ അര്‍പ്പണത്തിനുള്ള ഒരുക്കമായും തുടര്‍ച്ചയായും പരിഗണിക്കേണ്ടതാണ്. ദിവ്യകാരുണ്യസന്നിധിയിലുള്ള നിശ്ശബ്ദമായ പ്രാര്‍ഥനയില്‍ വിശുദ്ധകുര്‍ബാനസ്വീകരണത്തിലെ ഐക്യം തുടര്‍ന്നും അനുഭവവേദ്യമാവുകയാണ്. ദൈവസ്‌നേഹത്തിന്റെ ഈ കൂദാശയിലെ തിരുസാന്നിധ്യത്തിനുമുമ്പില്‍ മുട്ടുകുത്തിനില്ക്കുന്ന പുരോഹിതനും ദൈവജനവും ശുശ്രൂഷാപൗരോഹിത്യവും ദൈവജനത്തിന്റെ പൊതുപൗരോഹിത്യവും ഒരേസമയം പ്രകടമാക്കുന്നുവെന്ന് ബനഡിക്ട് പിതാവ് അഭിപ്രായപ്പെടുന്നു. ലോകയുവജനസമ്മേളനങ്ങളില്‍, ദീര്‍ഘസമയം നിശ്ശബ്ദരായി ദിവ്യകാരുണ്യസന്നിധിയില്‍, ജാഗരണത്തില്‍ ചെലവഴിച്ചശേഷം അര്‍പ്പിക്കപ്പെടുന്ന വി. കുര്‍ബാന യുവജനങ്ങള്‍ക്ക് വലിയ ആത്മീയാനുഭവമാണ്.
ദിവ്യകാരുണ്യത്തിന്റെ പരിപാവനത
1960 കളിലും എഴുപതുകളിലും പാശ്ചാത്യലോകത്ത് പ്രചാരത്തില്‍ വന്ന ലൗകികമാത്ര ചിന്താഗതി ദിവ്യാരാധനയെയും സ്വാധീനിച്ചു. പഴയനിയമകാലത്തെ ചട്ടങ്ങളും വിലക്കുകളും കര്‍ത്താവിന്റെ മനുഷ്യാവതാരത്തോടെ അപ്രസക്തമായി എന്ന മനോഭാവം ആരാധനയുടെ പരിപാവനതയെ ദുര്‍ബലമാക്കി. യഥാര്‍ഥത്തില്‍, കര്‍ത്താവു വന്നത് ദിവ്യമായതിനെ പൂര്‍ണമാക്കുന്നതിനാണ്. ലോകത്തിലായിരിക്കുന്നിടത്തോളംകാലം മനുഷ്യന് അടയാളങ്ങളിലൂടെമാത്രമേ ദിവ്യമായതിനെ പ്രകടിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. പ്രതീകങ്ങള്‍ക്കും ബാഹ്യാചാരങ്ങള്‍ക്കും പ്രബോധനപരമായ ഒരു വശമുണ്ടെന്നും ബനഡിക്ട് പിതാവ് പ്രസ്താവിക്കുന്നു. പൊതുജീവിതത്തില്‍നിന്നു ദൈവികതയെ അകറ്റിനിറുത്തുന്ന പ്രവണത നഗരത്തിന്റെയും ഗ്രാമത്തിന്റെയും വീഥികളിലൂടെയുള്ള ദിവ്യകാരുണ്യപ്രദക്ഷിണം നിര്‍ത്തലാക്കാന്‍ പ്രേരകമായി. ഭക്ത്യാദരപൂര്‍വം നടത്തുന്ന ഒരു ദിവ്യകാരുണ്യപ്രദക്ഷിണം വളര്‍ന്നുവരുന്ന തലമുറയ്ക്ക് സുപ്രധാനമായ പ്രബോധനമാണു പകര്‍ന്നുനല്കുന്നത്.
റോമാനഗരത്തിന്റെ വീഥിയിലൂടെ നടത്തുന്ന ദിവ്യകാരുണ്യപ്രദക്ഷിണം നഗരത്തിന്റെ ആധ്യാത്മികസമൃദ്ധി വിളിച്ചോതുന്നു. അതിന്റെ അഭാവത്തില്‍ നഗരവീഥികളില്‍ മറ്റു പ്രകടനങ്ങള്‍ക്കും ജാഥകള്‍ക്കും പ്രാധാന്യമേറിവരും. സത്യദൈവത്തിനുപകരം വിഗ്രഹങ്ങളെ ആരാധിക്കുന്ന സ്ഥിതി സംജാതമാകും.
വചനസന്ദേശത്തിന്റെ സമാപനമായി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ ദിവ്യരഹസ്യങ്ങളുടെ സംക്ഷിപ്തമായ ഒരു വിശദീകരണംതന്നെ നല്കുന്നുണ്ട്:
''നമ്മുടെ പിതാവായ ദൈവം മനുഷ്യകുലത്തെ വിഗ്രഹങ്ങള്‍ക്കു വിട്ടുകൊടുത്തില്ല. അവിടുന്ന് തന്റെ തിരുസുതനെ ലോകത്തിലേക്കയച്ചു. അതു ദൈവികവും പരിപാവനവുമായതിനെ നിരാകരിക്കാനല്ല; അതിനെ പൂര്‍ത്തിയാക്കാനാണ്. ദൈവപുത്രന്റെ ഈ ദൗത്യം അതിന്റെ പരമകാഷ്ഠയിലെത്തുന്നത് അവിടുത്തെ അന്ത്യത്താഴവേളയിലാണ്. അവിടുത്തെ പെസഹായാഗത്തിന്റെ ഓര്‍മയ്ക്കായി കര്‍ത്താവിന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും കൂദാശ സ്ഥാപിച്ചു. അപ്രകാരം ചെയ്യുകവഴി പഴയനിയമത്തിലെ പെസഹാക്കുഞ്ഞാടിനു പകരമായി തന്നെത്തന്നെ ബലിയായി അര്‍പ്പിച്ചു. ഈശോ ഇതു ചെയ്തത് പെസഹാ ആചരണത്തിന്റെ ഭാഗമായിട്ടാണ്. ഇത് എക്കാലവും തുടരാന്‍ ശ്ലീഹന്മാരോടു കല്പിക്കുകയും ചെയ്തു. ദൈവികതയുടെ പരിപൂര്‍ണത മിശിഹായിലാണു നിറവേറുന്നത്. ഈ വിശ്വാസത്തോടെയാണ് സഭ എല്ലാ ദിവസവും ദിവ്യരഹസ്യങ്ങള്‍ പരികര്‍മം ചെയ്യുന്നതും ദിവ്യകാരുണ്യത്തെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവും പ്രപഞ്ചത്തിന്റെ ഹൃദയവുമായി ആരാധിക്കുന്നതും.''
വിശ്വാസം ഏറ്റുപറയുമ്പോള്‍ ആരാധനക്രമത്തില്‍ പ്രഘോഷിക്കുന്ന അര്‍ഥസമ്പുഷ്ടമായ 'ആമ്മേന്‍' എന്ന വാക്ക് ഉച്ചരിച്ചുകൊണ്ടാണ് പരിശുദ്ധപിതാവ് തന്റെ ധ്യാനാത്മകമായ വിചിന്തനം സമാപിപ്പിക്കുന്നത്.