''വിശുദ്ധനാട്ടില്‍ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണം'' മധ്യസ്ഥനാകാന്‍ തയ്യാറെന്ന് മാര്‍പാപ്പ
''ഗാസയിലെ രക്തച്ചൊരിച്ചില്‍ എത്രയുംവേഗം അവസാനിപ്പിക്കണം. വിശുദ്ധഭൂമി ചോരക്കളമാകാന്‍ അനുവദിച്ചുകൂടാ. കുട്ടികളുടെയും സ്ത്രീകളുടെയും രോഗികളുടെയും ജീവനെടുക്കുന്നത് മഹാ അപരാധമാണ്. പലായനം ചെയ്യുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ബന്ദികളെ മോചിപ്പിക്കുകയും വേണം. സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥതയ്ക്കും ഞാന്‍ തയ്യാറാണ്.'' വത്തിക്കാനില്‍നിന്നുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമാണിത്. രണ്ടു കൂട്ടരും സംയമനം പാലിക്കണമെന്നും യുദ്ധം മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്നും ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാര്‍ ഇസ്രായേലിനോടും ഹമാസിനോടും അഭ്യര്‍ഥിക്കുന്നതിനിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം വേറിട്ടതായി.
ഹമാസ്:ഉദ്ഭവവും വളര്‍ച്ചയും
1973 ല്‍ ഒരു പരോപകാരസംഘടനയായി ഷെയ്ക് അഹമ്മദ് യാസിന്‍ രൂപംകൊടുത്ത 'അല്‍ മുജമ്മ അല്‍ ഇസ്‌ലാം' എങ്ങനെയാണ് 'ഹമാസ്' എന്ന സംഘടനയായി രൂപാന്തരപ്പെട്ടത്? യഥേഷ്ടം പണം സ്വരൂപിച്ച് മസ്ജിദുകള്‍ പണിയാനും ആശുപത്രികള്‍ സ്ഥാപിക്കാനും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു തുടക്കം കുറിക്കാനുമുള്ള അംഗീകാരം ഇസ്രായേല്‍ നല്കിയിരുന്നു. ഇപ്രകാരം പണിതുയര്‍ത്തിയ നിരവധി പള്ളികള്‍ക്കും ആശുപത്രികള്‍ക്കുംപുറമേ ഗാസയിലെ ഇസ്‌ലാമിക യൂണിവേഴ്‌സിറ്റിയും ഉള്‍പ്പെടും.
എന്നാല്‍, 1979 ല്‍ നടന്ന ഇറാനിലെ ഇസ്‌ലാമികവിപ്ലവം കാര്യങ്ങളെല്ലാം തകിടംമറിച്ചു. അവിടത്തെ പ്രബലരായ മുല്ലാമാരുടെ (മതപുരോഹിതര്‍) നേതൃത്വത്തില്‍ നടന്ന വിപ്ലവം പശ്ചിമേഷ്യയിലെ രാഷ്ട്രീയസമവാക്യങ്ങള്‍ തിരുത്തിയെഴുതി. ഇസ്‌ലാമികവിപ്ലവത്തിന്റെ വിജയമാണു ലോകമെമ്പാടുമുള്ള മുസ്‌ലീം സംഘടനകളുടെ ശേഷി വര്‍ധിപ്പിക്കാനും അധികാരഭ്രാന്തിലേക്ക് അവയെ കൊണ്ടെത്തിക്കാനും പ്രേരകമായത്. 1987-93 കാലത്തെ ആദ്യ 'ഇന്‍തിഫാദ'യിലേക്കു നയിച്ചത് ഈ ചിന്തയാണ്. 'ഇന്‍തിഫാദ' എന്നാല്‍ 'സ്വാതന്ത്ര്യപോരാട്ടം' എന്നോ 'പിടിച്ചുകുലുക്കല്‍' എന്നോ അര്‍ഥമുണ്ട്. 1967 ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ ഈജിപ്തില്‍നിന്ന് ഇസ്രായേല്‍ പിടിച്ചെടുത്ത ഗാസയിലുണ്ടായ ആദ്യ ഇന്‍തിഫാദയിലാണ് അഹമ്മദ് യാസിന്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരേ പോരാടാനുള്ള ആഹ്വാനം നല്കിയത്. 1988 ജനുവരിയില്‍ 'അല്‍ മുജമ്മ അല്‍ ഇസ്‌ലാം' എന്ന പേര് പരിഷ്‌കരിച്ച് 'ഹരാക്കത് അല്‍ മുഖവമ്മ അല്‍ ഇസ്‌ലാമിയ' അഥവാ 'ഹമാസ്' എന്ന പേരില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 'ഹമാസ്' എന്നാല്‍ 'തീക്ഷ്ണത' എന്ന് അറബിയില്‍ അര്‍ഥമുണ്ട്. വരുംതലമുറകള്‍ക്കുവേണ്ടി 'അന്ത്യവിധിദിവസംവരെ' കാത്തുപരിപാലിക്കപ്പെടേണ്ട വിശുദ്ധസ്ഥലമാണ് പലസ്തീന്‍ എന്ന് ഹമാസിന്റെ മാര്‍ഗരേഖയിലുണ്ട്. ചര്‍ച്ചകള്‍ക്കുവേണ്ടി വൃഥാ സമയംകളയാതെ നോക്കണമെന്നും 'ജിഹാദ്' മാത്രമേ പരിഹാരമായി കാണുന്നുള്ളൂവെന്നും മാര്‍ഗരേഖയില്‍ സൂചിപ്പിച്ചിരിക്കുന്നു. 1989 ല്‍ രണ്ട് ഇസ്രായേല്‍ സൈനികരെ തട്ടിക്കൊണ്ടുപോവുകയും പിന്നീടു വധിക്കുകയും ചെയ്തുകൊണ്ട് ഹമാസിന്റെ ആക്രമണപരമ്പരയ്ക്കു തുടക്കമിട്ടു.
1990 മുതലുള്ള പത്തുവര്‍ഷക്കാലം ഹമാസ് അഴിച്ചുവിട്ട തുടര്‍ച്ചയായ ചാവേര്‍ ആക്രമണങ്ങളില്‍ പൊറുതിമുട്ടിയ ഇസ്രായേല്‍ ഭരണനേതൃത്വം ഹമാസിനെ തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് രഹസ്യാന്വേഷണവിഭാഗമായ മൊസാദിനെ രംഗത്തിറക്കി. ഹമാസ് നേതാക്കളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവന്ന രഹസ്യാന്വേഷകര്‍ ഷെയ്ക്ക് യാസിനെ 2004 മാര്‍ച്ചിലും അധികം വൈകാതെ യാസിന്റെ പിന്‍ഗാമിയായ അബ്ദുള്‍ അസീസ് അല്‍ റന്റിസിയെയും വകവരുത്തി. ഇത്രയുമൊക്കെ തിരിച്ചടികള്‍ നേരിട്ടിട്ടും പോരാട്ടവീര്യം ചോരാത്ത ഹമാസ് പോരാളികള്‍ സൈന്യത്തിനുനേരേയും യൂദകുടിയേറ്റത്തിനെതിരേയുമുള്ള ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 2000 ല്‍ തുടക്കമിട്ട രണ്ടാം 'ഇന്‍തിഫാദ'ക്കൊടുവില്‍ 2005 ല്‍ ഗാസയില്‍നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങി. ഇതിനുപിന്നാലെ 2006 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 132 ല്‍ 74 സീറ്റു നേടി ഹമാസ് അധികാരത്തിലെത്തുകയും ചെയ്തു. വെസ്റ്റ് ബാങ്കില്‍ ഭരണത്തിലിരിക്കുന്ന പി എല്‍ ഒ യുടെ (പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍) ഉപവിഭാഗമായ ഫത്താ പാര്‍ട്ടിക്ക് 45 സീറ്റുകളിലേ ജയിക്കാനായുള്ളൂ. ഇസ്രായേലിനെ നശിപ്പിക്കുമെന്ന പ്രഖ്യാപിതലക്ഷ്യവുമായി അധികാരത്തിലേറിയ ഹമാസ് നേതൃത്വം ഫത്താ പാര്‍ട്ടിയെ ഗാസയില്‍നിന്നു തുരത്തി. വെസ്റ്റ്ബാങ്കിലുണ്ടായിരുന്ന ഹമാസ് അനുകൂലികള്‍ ഗാസയിലേക്കു നീങ്ങിയതോടെ 2007 മുതല്‍ ഗാസാമുനമ്പ് പൂര്‍ണമായും ഹമാസിന്റെ നിയന്ത്രണത്തിലായി. 1967 ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍നിന്നു പിന്മാറണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട ഹമാസ് നേതൃത്വം പിന്നീട്, പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടല്‍മുതല്‍ കിഴക്ക് ജോര്‍ദാന്‍നദി വരെയുള്ള മുഴുവന്‍ പലസ്തീന്‍പ്രദേശങ്ങളും തങ്ങള്‍ വിമോചിപ്പിക്കുമെന്ന പ്രഖ്യാപനവും നടത്തി. 1964 ല്‍ യാസര്‍ അരാഫത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പി എല്‍ ഒ ഇസ്രായേലുമായി ചേര്‍ന്ന് ഒപ്പിട്ട 1993 സെപ്റ്റംബര്‍ 13-ലെ 'ഓസ്‌ലോ ഉടമ്പടി'യില്‍ ധാരണയിലെത്തിയ ദ്വിരാഷ്ട്ര ഫോര്‍മുലയെയും ഹമാസ് നിരാകരിച്ചു. യാതൊരു കാരണവശാലും ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന ഏറ്റവും ആപത്കരമായ നിലപാടും ഹമാസെടുത്തു. ജിഹാദിനുള്ള സമയം ഇനിയും ആയിട്ടില്ലെന്ന് അനുയായികളെ ഉദ്‌ബോധിപ്പിച്ചിരുന്ന മിതവാദിയായിരുന്ന ഈജിപ്തുകാരന്‍ ഹസന്‍ അല്‍ ബണ്ണ 1928 ല്‍ സ്ഥാപിച്ച 'മുസ്‌ലീം ബ്രദര്‍ഹുഡ്' എന്ന സംഘടനയുടെ തലപ്പത്ത് ഷെയ്ക്ക് യാസിന്‍ എത്തിയതോടെയാണ് ലോകത്തെ അപകടകാരിയായ ഒരു സംഘടനയായി ഹമാസ് വളര്‍ന്നത്. പലസ്തീന്‍ മുഴുവനും ബ്രിട്ടന്റെ അധീനതയിലായിരുന്ന 1930 കളിലായിരുന്നു 'മുസ്‌ലീം ബ്രദര്‍ഹുഡ്' അവിടെ വേരുറപ്പിച്ചത്. ഭിന്നിച്ചുനില്ക്കുന്ന ഇസ്‌ലാം മതവിശ്വാസികളെ ഒന്നിച്ചുനിര്‍ത്തുകയെന്ന സദുദ്ദേശ്യംമാത്രമേ ബണ്ണയുടെ മനസ്സിലുണ്ടായിരുന്നുള്ളൂ എന്നാണ് വിശ്വാസം.
മൂന്നാം ഇന്‍തിഫാദ
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം മൂന്നാം ഇന്‍തിഫാദയിലേക്കു നീങ്ങുന്നതിന്റെ എല്ലാ ലക്ഷണങ്ങളും രണ്ടു വര്‍ഷംമുമ്പേ കണ്ടുതുടങ്ങിയിരുന്നുവെന്നു പറയപ്പെടുന്നുണ്ട്. 2014 ലെ പരസ്പരമുള്ള റോക്കറ്റാക്രമണങ്ങള്‍ക്കുശേഷമുള്ള മൂന്നു വര്‍ഷങ്ങളില്‍ വലിയ ഏറ്റുമുട്ടലുകള്‍ നടക്കാതിരുന്നത് പലസ്തീന്‍ പ്രശ്‌നത്തിനു പരിഹാരമുണ്ടായേക്കുമെന്ന തോന്നല്‍ ജനിപ്പിക്കുകയും ചെയ്തതാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 'ഇസ്‌ലാമിക് ജിഹാദ്' എന്ന തീവ്രവാദസംഘടനയുടെ താവളങ്ങളില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബുകളിട്ടപ്പോഴും ഹമാസ് നേതൃത്വം നിശ്ശബ്ദത പാലിച്ചു കണ്ടുനിന്നതേയുള്ളൂ. ഇസ്രായേലിന്റെ മുഖ്യശത്രു ഹമാസല്ല, ഇറാന്റെ പിന്തുണയുള്ള ലബനന്‍ താവളമാക്കിയ ഹിസ്ബുള്ളയാണെന്ന് ഇസ്രായേലിലെ ഉന്നത സൈനിക ഓഫീസര്‍മാര്‍പോലും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
അല്‍ അഖ്‌സ മസ്ജിദ് നില്ക്കുന്ന പഴയ ജറുസലെമിലെ ടെമ്പിള്‍ മൗണ്ടില്‍ 2021 മേയില്‍ നടന്ന 11 ദിവസത്തെ ഏറ്റുമുട്ടലിനുശേഷം അവിടത്തെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതുമുതലാണ് സ്ഥിതിഗതികള്‍ വഷളായത്. ഇസ്രായേലിലെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെയുള്ള ജൂതമതവിശ്വാസികള്‍ ടെമ്പിള്‍ മൗണ്ടു സന്ദര്‍ശിച്ചുതുടങ്ങിയത് ഹമാസ്‌നേതൃത്വം സംശയദൃഷ്ടിയോടെയാണു വീക്ഷിച്ചിരുന്നത്. സുരക്ഷാമന്ത്രിയായ ബെന്‍ ഗിര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മൂന്നു തവണയാണ് ടെമ്പിള്‍ മൗണ്ടിലെത്തിയത്. പുതുതായി രൂപംകൊണ്ട ലയണ്‍സ് ഡെന്‍, ജെനിന്‍ ബ്രിഗേഡ് തുടങ്ങിയ സംഘടനകളിലേക്കു ഹമാസില്‍നിന്ന് യുവാക്കള്‍ ചോര്‍ന്നുപോകുന്നതു തടയാനും ഉദ്ദേശിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ചയിലെ അതിസാഹസത്തിനു ഹമാസ്‌നേതൃത്വം മുതിര്‍ന്നതെന്നു നിരീക്ഷിക്കുന്നവരുമുണ്ട്. പലസ്തീന്‍ ജനതയുടെ ഏകരക്ഷകര്‍ തങ്ങള്‍മാത്രമാണെന്നു വരുത്തിത്തീര്‍ക്കാനായിരിക്കാം അവര്‍ ശ്രമിക്കുന്നത്.