ഇസ്രയേലില്‍നിന്നു തൊടുത്തുവിടുന്ന ആയിരക്കണക്കിനു മിസൈലുകള്‍ ഗാസയില്‍ തീമഴപോലെ വീഴുന്ന ദൃശ്യങ്ങള്‍ ഹൃദയവ്യഥയോടെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഏറ്റവും ശക്തിയേറിയ ഒരു ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നഗരംപോലെ ഗാസയെന്ന പ്രദേശം മുഴുവന്‍ നിലംപരിശായിരിക്കുന്നു.
നൂറുകണക്കായ കെട്ടിടങ്ങള്‍ക്കടിയില്‍ എത്രയോ ജീവനുകള്‍ അവശേഷിക്കുന്നുണ്ടാകും! നിരപരാധരായ കുട്ടികളുടെയും അമ്മമാരുടെയും വയോധികരുടെയും ദീനരോദനങ്ങളാണ് എവിടെയും.
''കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും നിലവിളികളും കരച്ചിലും കേള്‍ക്കുന്നുണ്ടെങ്കിലും അടുത്തെത്താന്‍ കഴിയാത്തത് ഞങ്ങളുടെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.'' അബു ഐഷു എന്ന രക്ഷാപ്രവര്‍ത്തകന്റെ വാക്കുകളാണിവ. മണ്‍വെട്ടിയും കമ്പിപ്പാരയുമുപയോഗിച്ച് ഏറെ നേരം പണിപ്പെട്ട് അടുത്തെത്തുമ്പോഴേക്കും അവിടെനിന്നും ഉയര്‍ന്നുവന്നിരുന്ന നിലവിളികളെല്ലാം നിലച്ചിരുന്നുവെന്നും അബു പറയുന്നു. എങ്കിലും, അബുവും സംഘവും കോണ്‍ക്രീറ്റുകൂമ്പാരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൂന്നു വയസ്സുള്ള ഒരു പിഞ്ചുകുഞ്ഞിനെ രക്ഷിക്കാനായതിന്റെ ആശ്വാസവും അബു മാധ്യമങ്ങളുമായി പങ്കുവച്ചു. കൈക്കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് മരണത്തിനു കീഴടങ്ങിയ ഒരമ്മയെ കാണാനിടയായ ഹൃദയഭേദകമായ അനുഭവവും അദ്ദേഹം ഓര്‍ത്തെടുത്തു.
യുദ്ധം ഭീകരതയ്‌ക്കെതിരേ
സാബത്തുദിവസമായ ഒക്‌ടോബര്‍ 7-ാം തീയതി ശനിയാഴ്ച രാവിലെ അതിര്‍ത്തിവേലികള്‍ ഭേദിച്ച് ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നടത്തിയ നരഹത്യ സമാനതകളില്ലാത്തതാണ്.
കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള നിരായുധരായ 1,400 ഇസ്രയേലികളെയാണ് 24 മണിക്കൂറിനുള്ളില്‍ അവര്‍ കൊലപ്പെടുത്തിയത്. പലരും ഉറക്കത്തില്‍നിന്ന് ഉണര്‍ന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. നാല്പതോളം കുട്ടികളുടെ മൃതശരീരങ്ങള്‍ തല അറുത്തെടുത്ത നിലയിലായിരുന്നുവെന്ന വാര്‍ത്ത ലോകമനഃസാക്ഷിയെ ഞെട്ടിച്ചു. ഏതാനും കുടുംബങ്ങളിലെ മുഴുവനാളുകളെയും വെടിവച്ചും തല വെട്ടിയും കൊന്നുവെന്നു കണ്ടെത്തിയതായി സൈനികര്‍ തന്നോടു പറഞ്ഞിരുന്നുവെന്ന് 24 ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ നിക്കോള്‍ സെഡെറ്റി വെളിപ്പെടുത്തി. കൈകള്‍ പിറകോട്ടുകെട്ടിയ നിലയില്‍ കാണാന്‍ കഴിഞ്ഞ പല മൃതദേഹങ്ങളിലും ശരീരമാസകലം വെടിയുണ്ടകളേറ്റിരുന്നതായും, ഏതാനും ചിലത് ശിരസ്സറ്റ നിലയിലായിരുന്നുവെന്നുമാണ് സി എന്‍ എന്നിന്റെ നിക് റോബര്‍ട്‌സന്റെ റിപ്പോര്‍ട്ട്. അതിര്‍ത്തിപ്പട്ടണമായ റെയിമില്‍ നടന്നുവന്ന 'സൂപ്പര്‍നോവ' സംഗീതനിശയില്‍ ഇരച്ചുകയറിയ ഹമാസ് ഭീകരര്‍ 260 നിരപരാധികളെയാണ് നിമിഷനേരത്തിനുള്ളില്‍ കാലപുരിക്കയച്ചത്. മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്ന 4,000 പേരും 30 വയസ്സില്‍ താഴെ പ്രായമുള്ള ചെറുപ്പക്കാരായിരുന്നു. എ. കെ. 47 തോക്കുകളും തോളില്‍ വഹിക്കാവുന്ന സ്റ്റിംഗര്‍ മിസൈലുകളും ഉപയോഗിച്ചായിരുന്നു മിന്നലാക്രമണം. പരിപാടികള്‍ സംഘടിപ്പിച്ച ഹാളിനുപുറത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന സൈനികരില്‍ ഏതാനുംപേരെ വധിക്കുകയും ചിലരെ ബന്ദികളാക്കി ഗാസയിലേക്കു കൊണ്ടുപോവുകയും ചെയ്തു. സൈനികരും സാധാരണക്കാരുമടക്കം 229 പേരെയാണ് ഭീകരര്‍ ബന്ദികളാക്കിയതെന്നാണ് ഏകദേശകണക്ക്.
കിരാതമായ ആക്രമണവാര്‍ത്ത അറിഞ്ഞയുടന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസ്ഭീകരര്‍ക്കെതിരേ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപക്ഷത്തെക്കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ചുകൊണ്ടായിരുന്നു പിന്നീടുള്ള നടപടികള്‍. പ്രത്യാക്രമണത്തിനു മുന്നോടിയായി അതിര്‍ത്തിപ്പട്ടണങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും മൂന്നു ലക്ഷം സൈനികരെ കരയുദ്ധത്തിനു നിയോഗിക്കുകയും ചെയ്തു. 2001 സെപ്റ്റംബര്‍ 11 ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ഭീകരാക്രമണത്തിനു പിന്നാലെ അമേരിക്ക തുടങ്ങിവച്ച 'ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ട'ത്തിനു നടത്തിയ തയ്യാറെടുപ്പിനു തുല്യമാണിത്.
ഗാസയ്ക്കടിയില്‍ തുരങ്കനഗരം
365 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഒരു ചെറിയ ഭൂപ്രദേശത്തിനു കീഴെ 500 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ചിട്ടുള്ള തുരങ്കശൃംഖലയാണ് ഹമാസിന്റെ തുറുപ്പുചീട്ട്. എട്ടുകാലിവലയ്ക്കു സമാനമായ തുരങ്കവഴികള്‍ ആയുധക്കടത്തിനും പോരാട്ടത്തിനുമാണ് ഭീകരര്‍ ഉപയോഗിച്ചുവരുന്നത്. തങ്ങളെ തേടിവരുന്ന ശത്രുവിനായി സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചുവച്ച കെണികളാണ് ഓരോ തുരങ്കവും. ഈ തുരങ്കങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന ബന്ദികളുടെ സുരക്ഷ ഉറപ്പാക്കിയുള്ള ഇസ്രയേലിന്റെ പോരാട്ടം വിജയിക്കുക എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. തുരങ്കങ്ങള്‍ കേടുകൂടാതെ ഇരിക്കുന്നിടത്തോളം കാലം ഹമാസ്‌നേതൃത്വത്തെ തൊടാനാകില്ലെന്ന് ഇസ്രയേല്‍ സൈനികനേതൃത്വവും മനസ്സിലാക്കിയിട്ടുള്ളതാണ്. ഭീകരര്‍ മോചിപ്പിച്ച നാലു ബന്ദികളെയും ഭൂഗര്‍ഭതുരങ്കങ്ങളിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഇത്തരം ടണലുകള്‍ മുഴുവന്‍ തകര്‍ത്താലേ ഹമാസിന്റെ അടിവേരുകള്‍വരെ നശിപ്പിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് കരയാക്രമണം അനിവാര്യമാക്കിയത്. തുരങ്കത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങള്‍ നശിപ്പിക്കാനും ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താനും ബന്ദികളെ മോചിപ്പിക്കാനും മറ്റൊരു മാര്‍ഗവുമില്ലായിരുന്നു.
ആയുധപരിശീലനം ലഭിച്ച 40,000 പേര്‍ ഗാസയിലുണ്ടാകുമെന്നാണു കണക്കാക്കിയിട്ടുള്ളത്. മൂന്നു ലക്ഷത്തിലധികമുള്ള ഇസ്രയേല്‍ സൈന്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ സംഖ്യയായി തോന്നാമെങ്കിലും ഗാസയുടെ മുക്കും മൂലയും അറിയാവുന്ന ഹമാസ്ഭീകരരുടെ ഗൊറില്ലാ യുദ്ധമുറകള്‍ ഇസ്രയേല്‍ സൈന്യത്തിനു വെല്ലുവിളിയാണ്. തെരുവുമൂലകളിലും കെട്ടിടങ്ങളിലും ഒളിച്ചിരിക്കുന്ന ഭീകരരുടെ കൈവശം ഇറാന്‍നിര്‍മിത ഫതഹ് 110 മിസൈലുകളും ടാങ്കുവേധമിസൈലുകളുമുണ്ട്. മെഷീന്‍ഗണ്ണുകളും റോക്കറ്റുകളും മോര്‍ട്ടാറുകളും ചെറുപീരങ്കികളും അവരുടെ ആയുധശേഖരത്തില്‍പ്പെടും. തന്നെയുമല്ല, നഗരത്തെരുവുകളില്‍ കുഴിച്ചിട്ടിരിക്കാന്‍ സാധ്യതയുള്ള കുഴിബോംബുകളെയും ഭയക്കണം.
ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ...
കരയുദ്ധം തുടങ്ങുന്നതിനുള്ള പ്രാരംഭനടപടിയായി വടക്കന്‍ ഗാസയില്‍നിന്ന് അടിയന്തരമായി ഒഴിയണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം ജനങ്ങള്‍ക്ക് ഇരട്ടപ്രഹരമായി. ഏറ്റുമുട്ടല്‍ തുടങ്ങിയതുമുതല്‍ മുനമ്പിലേക്കുള്ള കുടിവെള്ളം നല്കാതിരിക്കുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇന്റര്‍നെറ്റുബന്ധം വിച്ഛേദിച്ചതിനാല്‍ ഉറ്റവരെവിടെയെന്നു തിരക്കാനോ പുറംലോകവുമായി ബന്ധപ്പെടാനോ യാതൊരു വഴിയുമില്ലാതെയായി. കൈയില്‍കിട്ടിയതുമെടുത്തു കൂട്ടത്തോടെ പലായനം ചെയ്യുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. കാറുകളിലും ട്രക്കുകളിലുമായിരുന്നു മിക്കവരും വീടൊഴിഞ്ഞുപോയത്. വീട്ടുസാധനങ്ങള്‍ കഴുതപ്പുറത്തു കെട്ടിവച്ചു നടന്നുപോയവരുമുണ്ട്. എന്നാല്‍, ഒഴിഞ്ഞുപോയവര്‍ക്കു നേരേയും മിസൈല്‍ ആക്രമണം തുടര്‍ന്നത് ഭീതി വിതച്ചിരുന്നു. ഗാസാനഗരത്തിലെ ആശുപത്രിക്കു നേരേ നടന്ന റോക്കറ്റാക്രമണങ്ങളില്‍ 28 ആരോഗ്യപ്രവര്‍ത്തകരാണു കൊല്ലപ്പെട്ടത്. നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയില്‍ മിസൈല്‍ പതിച്ചു നൂറുകണക്കിനാളുകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. പലായനം ചെയ്തവരില്‍ അനേകംപേര്‍ അഭയംതേടിയിരുന്ന ഗാസാ സിറ്റിയിലെ വിശുദ്ധ പോര്‍ഫീറിയൂസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും റോക്കറ്റാക്രമണമുണ്ടായി. എ ഡി 1150 നും 1160 നും ഇടയില്‍ നിര്‍മിക്കപ്പെട്ട പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. വടക്കന്‍ ഗാസയില്‍നിന്നു പലായനം ചെയ്ത് തെക്കന്‍ ഗാസയുടെ ഈജിപ്ഷ്യന്‍ അതിര്‍ത്തിയിലെ റഫാ കവാടത്തിലെത്തിയ 10 ലക്ഷത്തിലധികം വരുന്ന നിരാലംബരായ പലസ്തീനികള്‍ വെള്ളത്തിനും ഭക്ഷണത്തിനുമായി കാത്തുനില്ക്കുന്നു. 23 ലക്ഷമാണ് ഗാസയിലെ ആകെ ജനസംഖ്യ.
ഇതിനിടെ, കെയ്‌റോയില്‍ വിളിച്ചുചേര്‍ത്ത സമാധാന ഉച്ചകോടി ഇരുപക്ഷവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു സമാധാനചര്‍ച്ചകള്‍ക്കു തയ്യാറാകണമെന്ന അഭ്യര്‍ഥന നടത്തി. ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് ഇപ്രകാരം പറഞ്ഞു: ''റഫായിലേത് ഹൃദയഭേദകമായ കാഴ്ചയാണ്. നിറയെ ഭക്ഷണവും വെള്ളവും നിറച്ച ട്രക്കുകള്‍ ഒരു വശത്ത്, ഒഴിഞ്ഞ വയറുകള്‍ മറുവശത്ത്. ഇസ്രയേല്‍ജനതയുടെ നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ല. പക്ഷേ, ഇതിനു മറുപടിയായി പലസ്തീന്‍ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്നതിനും ന്യായീകരണമില്ല.
''വെടിനിറുത്തല്‍ അനിവാര്യമാണ്. മേഖലയില്‍ സമാധാനത്തിനും സുസ്ഥിതിക്കുമുള്ള ഏക പോംവഴി ദ്വിരാഷ്ട്രഫോര്‍മുലയാണ്. ഇസ്രയേല്‍ജനതയ്ക്ക് സുരക്ഷ ഉറപ്പാക്കണം, പലസ്തീന്‍ ജനതയ്ക്ക് സ്വതന്ത്രരാജ്യവും. രണ്ടു രാജ്യങ്ങളിലെയും കുഞ്ഞുങ്ങള്‍ സ്വപ്നം കാണുന്ന ഭാവി യാഥാര്‍ഥ്യമാക്കാനുള്ള ഇടപെടലിനുള്ള സമയമാണിത്.''
ലേഖനം
പിടയുന്ന പ്രാണന്‍... കരയുന്ന ഭൂമി... ഈ യുദ്ധത്തിന് അറുതിയില്ലേ?
