•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ഗുരുത്വമഹത്ത്വം കളങ്കിതമാകുന്നുവോ?

"ഗു" ശബ്ദമന്ധകാരംതാന്‍, "രു" ശബ്ദം തന്നിരോധകം, എന്നാണു ചൊല്ല്. അന്ധകാരം അകറ്റുന്നവന്‍ ഗുരു എന്നര്‍ത്ഥം. അന്ധകാരം അജ്ഞതയെയാണു സൂചിപ്പിക്കുന്നത്. അപ്പോള്‍, അജ്ഞതയകറ്റുന്നവനാണു ഗുരു. ''ജ്ഞാനം പകരുന്നവന്‍ ഗുരു'' എന്നും ചൊല്ലുണ്ട്. സര്‍വ്വജ്ഞാനവും ദൈവത്തില്‍നിന്നു വരുന്നു എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത് (പ്രഭാഷകന്‍ 1/1). ജ്ഞാനത്തെ സൃഷ്ടിച്ചത് ദൈവമാണെന്നും ബൈബിള്‍ പറയുന്നു. (പ്രഭാഷകന്‍ 1/9).

എന്താണു ജ്ഞാനം? നന്മതിന്മ തിരിച്ചറിയുകയും തിന്മയെ ത്യജിക്കുകയും നന്മയെ സ്വീകരിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ ജ്ഞാനം. ഉത്പത്തിപ്പുസ്തകത്തില്‍ ഇതിന്റെ സൂചനയുണ്ട്: ''തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്മതിന്മയെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം തിന്നരുത്'' (ഉത്പ: 16-17). ഇത് ദൈവത്തിന്റെ വാക്കുകളാണ്. അതുകൊണ്ട്, ആദിഗുരു ദൈവംതന്നെ. ദൈവം പറഞ്ഞതാകട്ടെ, ആദിമമനുഷ്യനായ ആദത്തോട്. അതുകൊണ്ട് ആദ്യശിഷ്യന്‍ ആദവും. ദൈവം ആദത്തോടു പറഞ്ഞ വാക്കുകളാണ് ഒന്നാം പാഠം. എല്ലാ അറിവിന്റെയും മൂലരൂപം ഇതിലുള്ളതുകൊണ്ട്, ഇതിനെ പാഠങ്ങളുടെ പാഠം എന്നു വിശേഷിപ്പിക്കാമെന്നു തോന്നുന്നു.
ഈ പാഠത്തിന്റെ തുടര്‍പാഠങ്ങളും അവയെ പഠിപ്പിക്കുന്ന ഗുരുശ്രേഷ്ഠരെയും ബൈബിളിലുടനീളം കാണാന്‍ കഴിയും. അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നീ പിതൃത്രയം; മോശ, അഹറോന്‍, ജോഷ്വാ, എന്നീ നേതൃത്രയം; ന്യായാധിപന്മാര്‍, രാജാക്കന്മാര്‍, പ്രവാചകന്മാര്‍ എന്നിവരെല്ലാം ആചാര്യപരമ്പരയില്‍പെട്ടവരാണ്. ഈ പരമ്പര അവസാനിക്കുന്നതാകട്ടെ, ദൈവപുത്രനായ യേശുക്രിസ്തുവിലും. യേശുവിന്റെ കാലത്ത് ഗുരുസ്ഥാനീയരെ വിശേഷിപ്പിച്ചിരുന്നത് "റബ്ബി" എന്നായിരുന്നു. അതുകൊണ്ടാണ് യേശുവിനെ പലപ്പോഴും "റബ്ബിഎന്ന് അഭിസംബോധന ചെയ്തുകാണുന്നത്.
യേശുവിനു സ്വന്തമായ ഒരു അദ്ധ്യയനശൈലിയുണ്ടായിരുന്നു. ഉപമകള്‍ അതിനുദാഹരണമാണ്. ഉപമകള്‍ ലോകസാഹിത്യത്തില്‍ത്തന്നെ വേറിട്ടുനില്‍ക്കുന്ന സാഹിത്യശാഖയാണ്. ശിഷ്യന്മാരെ കൂടെവസിപ്പിക്കുന്ന ഒരു സമ്പ്രദായമായിരുന്നു യേശു സ്വീകരിച്ചിരുന്നത്. ശിഷ്യന്മാരുടെ സാന്നിദ്ധ്യമില്ലാതെ ആകപ്പാടെ യേശുവിനെ കാണുന്നത് പ്രാര്‍ത്ഥിക്കാനായി ഏകാന്തതയില്‍ പോകുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. ഗുരു-ശിഷ്യബന്ധം സുദൃഢവും സുശക്തവും സുതാര്യവുമാണ്. ഇവിടെ പഠനം കേവലം അറിവിന്റെ തലത്തില്‍നിന്ന് അനുഭവമായി മാറുന്നു. അങ്ങനെ, ഗുരുത്വത്തിനും ഗുരു-ശിഷ്യബന്ധത്തിനും ഇവിടെ ഒരു പുതിയ മാനം കൈവരുന്നു. യേശുവിന്റെ "ഗുരുത്വത്തിന്റെ പൂര്‍ണ്ണതയും സമഗ്രതയും പരിശുദ്ധിയും വ്യക്തമാക്കുന്ന ഒരു ചോദ്യം അവിടുന്നു ചോദിക്കുന്നുണ്ട്: ''നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും?'' (യോഹ. 8/46). ലോകചരിത്രത്തില്‍ ഇതിനു മുമ്പോ ഇതിനുശേഷമോ ആര്‍ക്കും അവകാശപ്പെടാനാവാത്ത ആധികാരികതയും വിശ്വാസ്യതയും ഇവിടെയുണ്ട്. കൂടെ വസിച്ച ശിഷ്യന്മാര്‍ക്കെന്നല്ല, ശത്രുക്കള്‍ക്കുപോലും കണ്ടുപിടിക്കാന്‍ കഴിയാത്ത ജീവിതപാഠം. ഈ ഗുരുത്വമഹത്ത്വത്തിന്റെ നേര്‍സാക്ഷ്യം യേശുവിന്റെ ഇഷ്ടശിഷ്യന്‍ യോഹന്നാന്‍ നല്‍കുന്നുണ്ട്: ''ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു'' (യോഹ. 1/1).
യേശുവിന്റെ ഗുരു-ശിഷ്യ സഹവാസത്തിന്റെയും ഗുരു-ശിഷ്യ ബന്ധത്തിന്റെയുമൊക്കെ സമാനതകളും സവിശേഷതകളും ഇന്ത്യന്‍ ഗുരുകുലത്തില്‍ കാണുവാന്‍ സാധിക്കും. ബി.സി. 5000 ത്തോടടുത്താണ് ഈ സമ്പ്രദായത്തിന്റെ ആരംഭം എന്നാണ് ചരിത്രം പറയുന്നത്! ലോകപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ള നളന്ദ, തക്ഷശില മുതലായ വിദ്യാകേന്ദ്രങ്ങളുടെ അടിത്തറ ഗുരുകുലമാണ്. വിദേശാധിപത്യകാലംവരെ ഗുരുകുലസമ്പ്രദായം നിലവിലിരുന്നു. ഹിന്ദു-ബുദ്ധ-ജൈന-സിക്കുമതങ്ങളുടെയെല്ലാം പഠനകേന്ദ്രം ഗുരുകുലംതന്നെ. ഗുരുകുലത്തില്‍ ശിഷ്യന്മാര്‍ ഗുരുമുഖത്തുനിന്നാര്‍ജ്ജിക്കുന്ന അറിവ് സഹവാസത്തിലൂടെ പ്രാവര്‍ത്തികമാക്കിയിരുന്നു. ആത്മീയ-ധാര്‍മ്മിക-സാമൂഹിക-വ്യക്തിഗതമൂല്യങ്ങള്‍ ഗുരു പകര്‍ന്നു നല്‍കിയിരുന്നു. സാമ്പത്തികവും സാംസ്‌കാരികവും ശാസ്ത്രീയവുമായ വിഷയങ്ങളും പഠിപ്പിച്ചിരുന്നു. ഭാഷ, സാഹിത്യം, സംഗീതം, കലാകായികാഭ്യാസം എന്നിവയെല്ലാം ഇവിടെ പഠനവിഷയങ്ങളായിരുന്നു. ചുരുക്കത്തില്‍, ഗുരുകുലപഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ പൂര്‍ണ്ണത കൈവരിച്ചവരായിട്ടാണു കണക്കാക്കപ്പെട്ടിരുന്നത്.
ഗുരു എല്ലാ മന്ത്രങ്ങളും തന്ത്രങ്ങളും അറിഞ്ഞിരിക്കണമെന്നും ശിഷ്യന്റെ അറിവിനിണങ്ങുന്ന നവംനവങ്ങളായ കാര്യങ്ങള്‍ വിശദമായും ആകര്‍ഷകമായും നല്‍കാന്‍ കഴിവുള്ളവനുമായിരിക്കണമെന്നാണ് അനുശാസനം. ഗുരു ശിഷ്യന് എന്നും"റോള്‍മോഡല്‍ആയിരിക്കണം. ശിഷ്യനു ഗുരു പിതാവും സഹോദരനും സുഹൃത്തും നേതാവുമായിരിക്കണം.
ഗുരുകുലത്തിനു സവിശേഷമായ ഒരു പഠനരീതിയാണുണ്ടായിരുന്നത്. പഠനപ്രക്രിയയ്ക്ക് അഞ്ചുഘട്ടങ്ങള്‍ ഉണ്ട്. (1)അദ്ധ്യയനം" : ഗുരു മൊഴിയുന്ന മൊഴികളും അവയുടെ ശ്രവണവുമാണത്. (2) "ശബ്ദ: കേട്ട മൊഴികളുടെ ഗ്രഹണമാണിവിടെ നടക്കേണ്ടത്. (3) "ഊഹ: കേട്ടുഗ്രഹിച്ച കാര്യങ്ങളുടെ കാര്യകാരണവിശകലനമാണിത്. (4) "സുഹൃത്പ്രാപ്തി: സതീര്‍ത്ഥ്യരുടെയോ ഗുരുവിന്റെയോ അംഗീകാരമാണിത്. (5) "ദാന": പഠിച്ച പാഠങ്ങളുടെ പ്രയോഗമാണിവിടെ നടക്കുന്നത്. ഈ അഞ്ചു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ ശിഷ്യന്‍ പൂര്‍ണ്ണനാക്കപ്പെടുന്നു.
ഗുരുകുലത്തില്‍ പ്രവേശനം ലഭിക്കുന്നതിന് ആറുതരം ശുദ്ധികര്‍മ്മങ്ങള്‍ക്കു വിധേയമാകേണ്ടിയിരിക്കുന്നു. (1) പരിസരശുദ്ധി (2) ശരീരശുദ്ധി (3) അന്നശുദ്ധി (4) ചിത്തശുദ്ധി (5) സുഹൃത്ശുദ്ധി (6) ഉദ്ദേശ്യശുദ്ധി. ഇത്തരത്തിലുള്ള ശുദ്ധീകരണപ്രക്രിയയിലൂടെ ഒരുവന്‍ ജ്ഞാനസമ്പാദനത്തിനു സജ്ജനാകുന്നു. ഇങ്ങനെ സുസജ്ജനാകുന്നവനെ"ഉപനയനം"എന്ന കര്‍മ്മത്തിലൂടെ ഗുരു സ്വീകരിക്കുന്നു. ഒരു ഉദരത്തിലെന്നപോലെ ഗുരു ശിഷ്യനെ ചേര്‍ത്തുപിടിച്ചാശ്ലേഷിച്ച്, തന്റെ ചൈതന്യം അവനില്‍ സന്നിവേശിപ്പിച്ച്, അവനെ പ്രതീകാത്മകമായി ഗര്‍ഭം ധരിച്ച്, പുനര്‍ജന്മം നല്‍കുന്നു എന്നാണ് ഈ ക്രിയയുടെ സന്ദേശം. അതോടെ ഗുരു ശിഷ്യനു പിതൃസമനാകുന്നു.
യേശുവും ശിഷ്യന്മാരും തമ്മിലുള്ള ബന്ധത്തിലും ഗുരുകുലത്തിലെ ഗുരുവും ശിഷ്യന്മാരും തമ്മിലുള്ള ബന്ധത്തിലും കാണുന്ന ഏറ്റവും വലിയ സവിശേഷത, സ്‌നേഹമാണ് ഈ ബന്ധത്തെ ഉറപ്പിക്കുന്നത് എന്നതാണ്. ഗുരുകുലത്തില്‍ ഗുരുവിനോടുള്ള സ്‌നേഹം, ആദരം, നന്ദി, കടപ്പാട്, എന്നിവയെല്ലാമായിരുന്നു പ്രധാനം. "സാമ്പത്തികം" എന്ന വാക്കുതന്നെ അന്ന് അപ്രസക്തമായിരുന്നു; ഗുരുവിനു നല്‍കുന്ന പ്രതിഫലം "ദക്ഷിണ"യാണ്. ശമ്പളമല്ല, ഉപഹാരമാണ്. ഉത്തമരായ ശിഷ്യന്മാര്‍ തങ്ങള്‍ പഠിച്ചിറങ്ങുന്ന ഗുരുകുലത്തിനോ തങ്ങളെ പഠിപ്പിച്ച ഗുരുവിനോ ഒന്നിനും ഒരു കുറവും വരാന്‍ പാടില്ല എന്നു നിഷ്ഠ വച്ചിരുന്നു. യേശുവിന്റെ ഗുരുകുലത്തിലും ഇതുതന്നെയാണു കാണുന്നത്. എല്ലാറ്റിന്റെയും നിറവായിരുന്ന യേശു, തന്റെ ശിഷ്യന്മാര്‍ക്ക് ഒരു കുറവും വരാതെ നോക്കിയിരുന്നു. ശിഷ്യന്മാരാകട്ടെ, പ്രതിഫലമായി നല്‍കിയത് പ്രതിസ്‌നേഹമാണ്. അവിടെയും സാമ്പത്തികം കടന്നുവന്നിരുന്നില്ല. ശാപഗ്രസ്തനായ യൂദാസ് ഒഴികെ ആരും സാമ്പത്തിക ലാഭനഷ്ടങ്ങള്‍ നോക്കുന്നതായി കാണുന്നില്ല. 
ഇന്നത്തെ ഗുരു-ശിഷ്യബന്ധം ഉറപ്പിക്കപ്പെട്ടിരിക്കുന്നതു പണത്തിലാണ്. ശമ്പളത്തിനല്ലാതെ കുട്ടികളോടുള്ള സ്‌നേഹംമൂലം അദ്ധ്യാപകരായി ജോലിയില്‍ പ്രവേശിക്കുന്ന ആരെങ്കിലും ഉണ്ടാകുമോ എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. വിലപേശല്‍ ഒരു പ്രധാന ഘടകമാണിന്ന്, ഗുരു-ശിഷ്യബന്ധത്തില്‍. അന്ന്, ഗുരു ഫലത്തെപ്പറ്റി ചിന്തിച്ചു. ഇന്ന്, പ്രതിഫലത്തെപ്പറ്റിയാണ് ഗുരുവിന്റെ ചിന്ത. അന്ന്, ഗുരുത്വം തപസ്യയായിരുന്നു. ഇന്നത് തൊഴിലായി തരംതാഴുന്നു. അന്ന്, എന്തു കൊടുക്കാമെന്നു ചിന്തിച്ചു. ഇന്ന്, എന്തെടുക്കാമെന്നാണു ചിന്ത. അന്ന് "ദക്ഷിണ", ഇന്ന് "ശമ്പളം". അന്ന്, ഗുരുവില്‍നിന്നു ലഭിച്ചത് അറിവു മാത്രമായിരുന്നില്ല, അനുഭവവുമായിരുന്നു. സ്വാമി വിവേകാനന്ദനായിത്തീര്‍ന്ന നരേന്ദ്രന്റെ ചോദ്യവും ഗുരുശ്രേഷ്ഠനായ ശ്രീരാമകൃഷ്ണപരമഹംസരുടെ ഉത്തരവും പ്രസിദ്ധമാണല്ലോ. ''അങ്ങ് ദൈവത്തെ കണ്ടിട്ടുണേ്ടാ?'' നരേന്ദ്രന്റെ ചോദ്യം. ''നിന്റെ കണ്ണുകളില്‍ ഞാന്‍ ദൈവത്തെ ദര്‍ശിക്കുന്നു'' ഗുരുവിന്റെ മറുപടി. സ്വാമിയുടെ ജീവിതസാക്ഷ്യവും പ്രസിദ്ധമാണ്: ''എനിക്കെന്തെല്ലാമുണേ്ടാ അതെല്ലാം എന്റെ ഗുരുവില്‍നിന്നാണ്.'' മഹാത്മജിയുടെ സബര്‍മതി ആശ്രമവും രവീന്ദ്രനാഥ് ടാഗോറിന്റെ ശാന്തിനികേതനും ഗുരുകുലത്തിന്റെ പുതിയ പതിപ്പുകളാണ്. ലോകഗുരുവായി ആദരിക്കപ്പെടുന്ന മഹാത്മജിയുടെ വാക്കുകള്‍ '"My life is my messag '' ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതാണ്. ഗുരുത്വമഹത്ത്വമാണിവിടെയെല്ലാം കാണുന്നത്.
യേശുവിന്റെ ഗുരുകുലത്തില്‍ ദൈവിക സാന്നിദ്ധ്യമുണ്ടായിരുന്നു. കാരണം, അവിടുന്നു ദൈവപുത്രനായതുകൊണ്ടുതന്നെ. ഇന്ത്യന്‍ ഗുരുകുലത്തില്‍ ദൈവികസാന്നിദ്ധ്യമില്ലെങ്കിലും ദൈവികചൈതന്യം ത്രസിച്ചുനിന്നിരുന്നു. ജ്ഞാനം ദൈവത്തില്‍നിന്നാണെന്നും ഗുരു ദൈവികചൈതന്യത്തില്‍ നിറഞ്ഞുനിന്നുകൊണ്ട് ആ നിറവില്‍നിന്നാണു ജ്ഞാനം പ്രദാനം ചെയ്യുന്നതെന്നും ശിഷ്യഗണം തിരിച്ചറിഞ്ഞിരുന്നു. 
ഇന്നത്തെ വിദ്യാലയങ്ങളില്‍നിന്ന്, നിര്‍ഭാഗ്യമെന്നു പറയട്ടെ, ദൈവത്തെയും ദൈവികചിന്തകളെത്തന്നെയും കുടിയിറക്കിയിരിക്കുന്നു. സത്യം, നീതി, സ്‌നേഹം, സേവനം, ത്യാഗം എന്നിങ്ങനെയുള്ള സനാതനമൂല്യങ്ങളൊക്കെ നഷ്ടമായിരിക്കുന്നു. ഗുരുക്കന്മാരുടെ "ഇന്റഗ്രിറ്റി" വല്ലാതെ ചോദ്യം ചെയ്യപ്പെടുന്നു. ഗുരുക്കന്മാര്‍ അറിവു വിറ്റു പണം വാങ്ങുന്നു, ശിഷ്യന്മാര്‍ പണം കൊടുത്ത് അറിവു വാങ്ങുന്നു.
ഗുരുത്വമഹത്ത്വം കാത്തുസൂക്ഷിക്കുന്ന ബഹുഭൂരിപക്ഷം ഗുരുജനങ്ങളെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. പക്ഷേ, ഒരു ന്യൂനപക്ഷത്തിന്റേതാണെങ്കിലും, അവരുടെ പാപഫലം ഒരു തലമുറയാണ് അനുഭവിക്കേണ്ടിവരുന്നത്. ഗുരുത്വമഹത്ത്വം കാത്തുസൂക്ഷിക്കുന്ന ഗുരുശ്രേഷ്ഠര്‍ക്കു മുമ്പില്‍ പ്രണാമം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)