ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഹാസ്യനടന്‍ ചാര്‍ളി ചാപ്ലിനാണ്. അദ്ദേഹത്തിന്റെ മനസ്സില്‍ ഘനീഭവിച്ച ദുഃഖമാണ് ഹാസ്യമായി അനേകരെ ചിരിപ്പിക്കുന്നത്. ചാരത്തിനടിയില്‍ കനല്‍ ഉറങ്ങിക്കിടക്കുന്നതുപോലെ ഹാസ്യത്തിനടിയില്‍ ഉറങ്ങിക്കിടക്കുന്ന ദുഃഖമുണ്ട്. വചനം പറയുന്നു: ''എല്ലാ ദുഃഖവും സന്തോഷപ്രദമല്ല. മരണകാരണമായ ദുഃഖമുണ്ട്. ജീവദായകമായ ദുഃഖമുണ്ട്. ദുഃഖത്തെ ദൈവകരങ്ങളില്‍നിന്നു സ്വീകരിക്കുമ്പോള്‍ സന്തോഷം ജനിക്കുന്നു, അനേകരുടെ നന്മയ്ക്കായി പരിണമിക്കുന്നു. സീറോ മലബാര്‍സഭയുടെ തലവനും പിതാവുമായ മാര്‍ റാഫേല്‍ തട്ടില്‍ ദുഃഖത്തെ ജീവദായകമായ അനുഗ്രഹമാക്കി മാറ്റിയ വ്യക്തിയാണ്.
തൃശൂര്‍ തട്ടില്‍ ഔസേപ്പിന്റെയും ത്രേസ്യായുടെയും പത്താമത്തെ മകനായി 1956 ല്‍ തൃശൂര്‍ ലൂര്‍ദ് കത്തീദ്രല്‍ ഇടവകയിലാണ് പിതാവ് ജനിച്ചത്. പിന്നീട് വ്യാകുലമാതാവിന്റെ ബസിലിക്ക ഇടവകയായി മാറിയപ്പോള്‍, ബസിലിക്കാ ഇടവകാംഗമായി മാറി.
റാഫേലിന്റെ ജനനത്തോടെ അപ്പന്‍ അന്തരിച്ചു. അപ്പന്‍ നഷ്ടപ്പെട്ട കുടുംബത്തെ ധീരയായ മാതാവാണു മുന്നോട്ടു നയിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോല്‍ ഫീസ് കൊടുക്കാനില്ലാതെ ക്ലാസിനു പുറത്തുനില്‍ക്കേണ്ടിവന്നതിന്റെ ദുഃഖം വിദ്വേഷമായിട്ടല്ല, കരുണയായിട്ടാണു മാറിയത്. ചിലര്‍ക്കു ദുഃഖം വിദ്വേഷമായി മാറുന്നു. ദൈവപരിപാലനയില്‍ ആശ്രയിക്കുന്നവര്‍ക്കു ദുഃഖം കരുണയായി മാറുന്നു. തൃശൂര്‍ അരിയങ്ങാടിയില്‍ കളിച്ചും ചിരിച്ചും കരഞ്ഞും ബസിലിക്കാ ദൈവാലയത്തില്‍ അള്‍ത്താരബാലനായി ശുശ്രൂഷ ചെയ്തും, അമ്മയെയും സഹോദരന്മാരെയും സഹായിച്ചും വളര്‍ന്നുവന്ന നാടന്‍ തൃശൂര്‍ക്കാരനാണ് മാര്‍ റാഫേല്‍ തട്ടില്‍. വൈദികനായപ്പോഴും, വൈദികവൃത്തിയില്‍ മേല്‍പ്പട്ടക്കാരനായി അഭിഷേകം ചെയ്യപ്പെട്ടപ്പോഴും തന്റെ കൂട്ടുകാരെയും നാട്ടുകാരെയും ഒപ്പം പ്രവര്‍ത്തിച്ചവരെയും സഹായിച്ചവരെയും പേരു ചൊല്ലി വിളിക്കാനും അഭിവാദനം ചെയ്യാനും മടികാട്ടാത്ത വ്യക്തിയാണ് മാര്‍ റാഫേല്‍ തട്ടില്‍.
ആരെ കണ്ടാലും ചിരിച്ചുകൊണ്ടാണ് പിതാവ് സംഭാഷണം തുടങ്ങുന്നത്. ഈ ചിരി പിതാവിന്റെ ഹൃദയത്തിന്റെ അടിസ്ഥാനഭാവമാണ്. ഇതു കാപട്യമല്ല ഹൃദയനൈര്‍മല്യമാണെന്നു തിരിച്ചറിയുന്നത് അദ്ദേഹവുമായി അടുത്തിടപഴകുകയും നിലപാടുകള്‍ മനസ്സിലാകുകയും ചെയ്യുമ്പോഴാണ്. 1988 ല്‍ തൃശൂര്‍ അതിരൂപതയില്‍ വൈസ്ചാന്‍സലറായും പിന്നീട് അഭിവന്ദ്യ കുണ്ടുകുളം പിതാവിന്റെ സെക്രട്ടറിയായും രൂപത വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടറായും മേരി മാതാ മേജര്‍ സെമിനാരി റെക്ടറായും തൃശൂര്‍ സെന്റ് തോമസ് കോളജ് മാനേജരായും നേതൃത്വം വഹിച്ചപ്പോഴൊക്കെയും പിതാവിനോടൊത്തു പ്രവര്‍ത്തിക്കാന്‍ ലേഖകന് അവസരം ലഭിച്ചിട്ടുണ്ട്.
ദൈവശാസ്ത്രപരമായി മാത്രമല്ല, തൃശൂര്‍ അതിരൂപതയോടും സെന്റ് തോമസ് കോളജിനോടും സെമിനാരിയോടും ബന്ധപ്പെട്ട ഭൗതികതീരുമാനമെടുക്കുമ്പോള്‍ ധനവാനോടും ദരിദ്രനോടും തുല്യപരിഗണന നല്‍കാന്‍ പിതാവ് ശ്രമിക്കാറുണ്ട്. ഇത്തരം തീരുമാനങ്ങളില്‍ ദരിദ്രരോടു പക്ഷംചേരുന്ന മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ ശൈലി തട്ടില്‍ പിതാവിനു സ്വന്തമായിരുന്നു.
തികഞ്ഞ പൗരസ്ത്യന്‍
തട്ടില്‍ പിതാവിന്റെ ബിരുദാനന്തരപഠനവും ഡോക്ടറല്‍ വിഷയവും കാനന്‍ലോ ആയിരുന്നെങ്കിലും, ഓറിയന്റല്‍പാരമ്പര്യം സീറോ മലബാര്‍ സഭ തിരികെക്കൊണ്ടുവരണമെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യം പൂര്‍ണമായും ഉള്‍ക്കൊണ്ട വ്യക്തിയാണ് മാര്‍ റാഫേല്‍ തട്ടില്‍. ആരാധനക്രമം സംബന്ധിച്ച വിഷയങ്ങളില്‍ നിഷ്പക്ഷത പാലിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. 1992 ല്‍ അന്തരിച്ച ഫാദര്‍ ഡോക്ടര്‍ ലൂയിസ് എടക്കളത്തൂരാണ് ഓറിയന്റല്‍ ആരാധനക്രമം പുനരുദ്ധരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത്. എങ്കിലും, ഞാന്‍ വ്യക്തിപരമായി നിഷ്പക്ഷനായിരുന്നു. എന്നാല്‍, ഒരു ദിവസം തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ കുര്‍ബാനയ്ക്കുശേഷം ഒരു സൗഹൃദസംഭാഷണത്തില്‍ ഓറിയന്റല്‍ പാരമ്പര്യം സീറോ മലബാര്‍സഭ തിരികെക്കൊണ്ടുവരാന്‍ വത്തിക്കാന്‍ ശഠിക്കുന്നതിന്റെ സഭൈക്യപരമായ കാരണങ്ങള്‍ വിശദീകരിച്ചിരുന്നു. അന്നുമുതലാണ് ഓറിയന്റല്‍ ആരാധനക്രമം തിരികെക്കൊണ്ടുവരണമെന്ന പക്ഷപാതിത്വപരമായ നിലപാട് ഞാന്‍ സ്വീകരിച്ചത്.
സീറോ മലബാര്‍ സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ സഭാപാരമ്പര്യങ്ങളുടെ കാവല്‍ക്കാരനായി പ്രവര്‍ത്തിക്കാന്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവും മാര്‍ ജോര്‍ജ് ആലഞ്ചേരിപ്പിതാവും നല്‍കിയ മാതൃക പിന്‍തുടരാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനു കഴിയട്ടെ. സഭയിലെ ആന്തരികമായ പ്രശ്‌നങ്ങള്‍ അനുരഞ്ജിതമാക്കാനും സഭയുടെ മുഖം സന്തോഷപ്രദമായി മറ്റുള്ളവരുടെ മുമ്പില്‍ പ്രകാശിപ്പിക്കാനും പിതാവിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.