ഏതു രംഗത്തായാലും സ്ത്രീവിരുദ്ധതയുടെ പുറന്തോടു മാത്രമേ പലരും കണ്ടിട്ടുള്ളൂ, ചര്‍ച്ച ചെയ്തിട്ടുള്ളൂ. സ്ത്രീകളെ പിറകിലേക്കു വലിക്കുന്നതെന്തും സ്ത്രീവിരുദ്ധതയാണെങ്കിലും ആന്റി വിമന്‍ ഇന്‍ മൈന്‍ഡ്, ആന്റി വിമന്‍ ഇന്‍ പ്രാക്ടീസ്, ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. തലമുറകളായി ചെയ്തുപോകുന്ന ചില കാര്യങ്ങള്‍ തങ്ങളുടെ അജ്ഞതകൊണ്ടു തുടരുന്നതിനെക്കാള്‍ സ്ത്രീവിരുദ്ധമാണ് പുതിയ കാലത്തേക്ക് അഡാപ്റ്റഡ് ആവാന്‍ തയ്യാറാകാത്ത മനുഷ്യരുടെ മനസ്സുകള്‍.
ആയിരത്തിത്തൊള്ളായിരം ആണ്ടുകളുടെ ആരംഭത്തോടെ സംസാരിക്കുകയും എഴുതുകയും സമൂഹമധ്യേ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിരവധി സ്ത്രീകള്‍ ഉണ്ടായിവന്നു. തീര്‍ച്ചയായും അതിനുമുമ്പും എഴുതാന്‍ കഴിവുള്ള സ്ത്രീകള്‍ ധാരാളമുണ്ടായിരുന്നിരിക്കണം. അവരെല്ലാം ചരിത്രത്തില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ടത് അവര്‍ സ്ത്രീകളായിരുന്നു എന്ന ഒറ്റക്കാരണത്താലാണ്.
1909 ല്‍ ജനിച്ച ആദ്യകാല എഴുത്തുകാരിയായ ലളിതാംബിക അന്തര്‍ജനം, സ്ത്രീയും സവര്‍ണയുമാണെന്ന ഒറ്റക്കാരണത്താല്‍, സമൂഹത്തില്‍നിന്നും സമുദായത്തില്‍നിന്നും ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നവളാണ്. തന്റെ പേര് ഒളിച്ചുവച്ചാണ് അവര്‍ ആദ്യം എഴുതിയത്. വായനയിലൂടെയും എഴുത്തിലൂടെയും നേടിയെടുത്ത ധൈര്യവും ഊര്‍ജവുംകൊണ്ട് പിന്നീട് അവര്‍ എല്ലാ അധികാരമേല്‍ക്കോയ്മയെയും നേരിടാന്‍ പ്രാപ്തയായി.
എഴുത്തുകാരി എന്ന ഒരു പദവിയിലേക്ക് ആദ്യമായി എത്തുന്നത് ലളിതാംബിക അന്തര്‍ജനമാണെന്നു ചരിത്രം പരിശോധിച്ചാല്‍ നമുക്കു മനസ്സിലാവും. ലളിതാംബിക അന്തര്‍ജനത്തിനു മുമ്പും എഴുത്തുകാരികള്‍ ഉണ്ടെങ്കിലും അവര്‍ അവരുടെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ കുറച്ചുനാള്‍ എഴുതുകയാണു ചെയ്തിട്ടുള്ളത്. അപ്പോഴേക്കും അവരെ സമൂഹം എഴുത്തില്‍നിന്ന് അടിച്ചോടിച്ചിട്ടുണ്ടാവും. ഒരു കാവ്യമോ ഒന്നോ രണ്ടോ കൃതികളോ രചിച്ചുകഴിയുമ്പോഴേക്കും പലതരം വിലക്കുകളും വിലങ്ങുകളും, സ്വന്തം കുറ്റബോധവും കാരണം, അവര്‍, പതിയെപ്പതിയെ, ഒന്നും എഴുതാതെയായി, കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കും
ലളിതാംബിക അന്തര്‍ജനമാകട്ടെ വളരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍മുതല്‍ എഴുതിത്തുടങ്ങുകയും, പതിമ്മൂന്നാമത്തെ വയസ്സില്‍ ആദ്യരചന പ്രസിദ്ധീകരിക്കുകയും ചെയ്തു. കവിത, ലേഖനം, കുറിപ്പ്, കഥ, അനുഭവം, പഠനം, നാടകം, ബാലസാഹിത്യം, നോവല്‍, സിനിമാതിരക്കഥ ഇങ്ങനെ എഴുത്തിന്റെ സര്‍വമണ്ഡലങ്ങളിലും ലളിതാംബിക അന്തര്‍ജനം നിരന്തരമായി ഇടപെട്ടുകൊണ്ടിരുന്നു. അന്തര്‍ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ലാത്ത അന്നത്തെ കാലത്ത് ധൈര്യപൂര്‍വം അകലെയുള്ള സ്ഥലങ്ങളിലേക്കും സമ്മേളനങ്ങളിലേക്കും സഞ്ചരിച്ച് ആവേശകരമായി നീതിക്കും ലിംഗസമത്വത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുംവേണ്ടി പ്രസംഗിച്ചു. പ്രസംഗങ്ങള്‍ കഴിഞ്ഞു തിരിച്ചുവീട്ടിലെത്തുമ്പോള്‍ പല ബന്ധുക്കളുടെയും ശകാരവും പുറത്താക്കലും നേരിടേണ്ടി വന്നു.
കൂടാതെ, പല ഔദ്യോഗിക പദവികളും ലളിതാംബിക അന്തര്‍ജനം ഏറ്റെടുത്തു. കേരള സാഹിത്യ അക്കാദമിയുടെ ഉയര്‍ന്ന പദവിയില്‍ എത്രയോ വര്‍ഷം ലളിതാംബിക അന്തര്‍ജനം പ്രവര്‍ത്തിച്ചു. മറ്റു പല സാഹിത്യസംഘടനക
ളിലും കമ്മിറ്റികളിലും പ്രവര്‍
ത്തിച്ചു. അന്നുണ്ടായിരുന്ന എല്ലാ എഴുത്തുകാരോടും പ്രസാധകരോടും ലിംഗവ്യത്യാസം ഇല്ലാതെ ഇടപെട്ടു. അവരോടൊക്കെ വളരെ ഊഷ്മളമായ ബന്ധം നിലനിര്‍ത്തി.
അവര്‍ ഒരു അമ്മയും മകളും സഹോദരിയും മുത്തശ്ശിയും സ്‌നേഹിതയും ഒക്കെയായിരുന്നെങ്കിലും അവരുടെ ചുറ്റുമുണ്ടായിരുന്ന ഊര്‍ജം ഒരു എഴുത്തുകാരിയുടേതുമാത്രമായിരുന്നു. അവര്‍ സ്വയം അടയാളപ്പെടുത്തിയത് ഒരു എഴുത്തുകാരിയായിട്ടാണ്. കുടുംബപരമായ, സാമൂഹികപരമായ ഉത്തരവാദപ്പെട്ട, റോളുകളൊക്കെ വളരെ ഭംഗിയായി ചെയ്യുമ്പോഴും അവര്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു, മറ്റൊന്നുമല്ല ഒരു എഴുത്തുകാരിയാണ് താന്‍ എന്ന്.
ലളിതാംബിക അന്തര്‍ജനത്തിനു പത്തുവര്‍ഷം ഇളയതായിരുന്നു കെ സരസ്വതിയമ്മ. ഉള്ളില്‍ ഒരു വലിയ തീക്കുണ്ഡവുമായി എഴുത്തുലോകത്തെത്തിയ സ്ത്രീയാണവര്‍. ചങ്ങമ്പുഴ രമണന്‍ എഴുതിയ കാലത്ത്, 'പ്രേമത്തില്‍ സ്ത്രീകളാണോ ചതിക്കുന്നത്? പുരുഷന്മാരല്ലേ?' എന്നു ചോദിച്ചു കവിയെ, വഴിതടഞ്ഞ്, വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ട സ്ത്രീയാണവര്‍.
'രമണന്‍ കാവ്യത്തെ മുന്‍നിര്‍ത്തി എന്നോടൊരു ചര്‍ച്ചയ്ക്കു തയ്യാറുണ്ടെങ്കില്‍ എന്റെ വീട്ടിലേക്കു വാ' എന്ന് ആള്‍ക്കൂട്ടത്തിനു നടുവില്‍, നടുറോഡില്‍ അവര്‍ ചങ്ങമ്പുഴയെ വെല്ലുവിളിച്ചു. ചന്ദ്രികയെ മോശക്കാരിയാക്കിയതിന് അത്രയ്ക്കു ദേഷ്യമായിരുന്നു സരസ്വതിയമ്മയ്ക്ക്. കലിയടങ്ങാതെ, അവര്‍ 'രമണി'എന്ന, നേരേ വിപരീതമായ ഒരു കഥ എഴുതുകയുണ്ടായി. അവര്‍ എഴുതിയ കഥകളിലെല്ലാം സ്ത്രീയുടെ ആത്മാഭിമാനം തിളങ്ങിനിന്നു.
എന്നാല്‍, കുറച്ചുകഴിഞ്ഞപ്പോള്‍ എഴുത്തുലോകത്തുനിന്ന് അവര്‍ അപ്രത്യക്ഷയായി. ചുറ്റുമുള്ള ലോകം അവരെ അങ്ങനെയാക്കി.
ചെറുപ്പക്കാരിയായിരുന്ന സമയത്ത് കെ. സരസ്വതിയമ്മ ലളിതാംബിക അന്തര്‍ജനത്തെ കണ്ടപ്പോള്‍ ചോദിച്ചത്, 'ഇങ്ങനെ കഥകള്‍മാത്രം എഴുതിയാല്‍ മതിയോ? സ്ത്രീകളെ അപമാനിക്കുന്ന എന്തെല്ലാം കഥകള്‍ ഈ പുരുഷന്മാര്‍ എഴുതുന്നു. അവയ്‌ക്കൊക്കെ മറുപടി പറയണ്ടേ?' എന്നാണ്.
കെ. സരസ്വതിയമ്മ വര്‍ഷങ്ങളോളം എഴുതാതെ ഇരുളില്‍ മറഞ്ഞപ്പോള്‍ ലളിതാംബിക അന്തര്‍ജനം അവരെ തേടിച്ചെന്നു. അടച്ചിട്ട ഒരു വീടിന്റെ ഇരുളടഞ്ഞ മുറിയില്‍ സരസ്വതിയമ്മ ഉണ്ടായിരുന്നു. ലളിതാംബിക അന്തര്‍ജനം ചോദിച്ചു: ''എന്താണ് ഇപ്പോള്‍ ഒന്നും എഴുതാത്തത്?'' അവര്‍ പറഞ്ഞ ഉത്തരം, 'എന്തിന്? ആ സമയം സുഖമായി ഉറങ്ങാമല്ലോ' എന്നാണ്.
ബുദ്ധികൊണ്ടും മനസ്സുകൊണ്ടും വീര്യംകൊണ്ടും ഉത്സാഹംകൊണ്ടും ഊര്‍ജംകൊണ്ടും ഭാഷകൊണ്ടും എഴുത്തുകൊണ്ടും ആശയംകൊണ്ടും അത്യുജ്ജ്വലമായി കത്തിനിന്നിരുന്ന ഒരു സ്ത്രീയാണ് ആ ഉത്തരം പറഞ്ഞത് എന്നു നമ്മള്‍ ആലോചിക്കണം.
ഇന്നത്തെ കാലത്ത് പല കൂട്ടുസമ്പ്രദായങ്ങളും ഉള്ളതുകൊണ്ട് എഴുത്തുകാരി
കള്‍ക്ക് ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചില ആശ്വാസമൊക്കെ കിട്ടുന്നുണ്ടെങ്കിലും എഴുത്തുകാരികളുടെ മൊത്തത്തിലുള്ള അവസ്ഥയ്ക്ക് ഒരു മാറ്റവും ഇന്നും സംഭവിച്ചിട്ടില്ല.
രാജലക്ഷ്മി എന്ന എഴുത്തുകാരിയെക്കു
റിച്ച് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. തന്റെ പ്രാഗല്ഭ്യം വളരെ ചെറുപ്പത്തിലേ തെളിയിച്ച ഒരു എഴുത്തുകാരിയാണ് രാജലക്ഷ്മി. ബിരുദാനന്തരബിരുദവും നല്ല ജോലിയും ഉണ്ടായിരുന്ന പുരോഗമനവാദിയായ ഒരു സ്ത്രീ.
കഥകളും കവിതകളും കൂടാതെ കുറച്ചു നോവലുകളും അവര്‍ എഴുതി. 'ഞാന്‍ എന്ന ഭാവം, ഒരു വഴിയും കുറെ നിഴലുകളും, ഉച്ചവെയിലും ഇളം നിലാവും' ഒക്കെ വളരെയേറെ ശ്രദ്ധിക്കപ്പെട്ട കൃതികളാണ്. നോവല്‍രചനയുടെ പകുതിഘട്ടത്തില്‍, തന്റെ മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍, പ്രശസ്തിയുടെ കൊടുമുടിയില്‍, അവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു.
ഒരു മരണക്കുറിപ്പ്എഴുതിയിട്ടുണ്ടായിരുന്നു:
''ജീവിച്ചിരുന്നാല്‍ എഴുതിപ്പോകും. എഴുതിയാല്‍ പലര്‍ക്കുമതു ബുദ്ധിമുട്ടാണ്. എന്നാല്‍, എഴുതാതെ ജീവിച്ചിരിക്കാനും വയ്യ.''
ഒരു എഴുത്തുകാരിയുടെ യഥാര്‍ത്ഥമനസ്സ് ഈ വാക്കുകളിലുണ്ട്. ശരിക്കും പറഞ്ഞാല്‍ ഈ ലോകത്തെ എല്ലാ എഴുത്തുകാരികളെയും ഈ വാക്കുകളില്‍ കാണാം.
മനുഷ്യലോകത്തെ പകുതിയില്‍ കൂടുതല്‍ അനുഭവസമ്പത്തിന് അര്‍ഹര്‍ സ്ത്രീകളാണ്. ആ സ്ത്രീകളെയാണ്, അവരുടെ അനുഭവങ്ങളെയാണ്, നൂറ്റാണ്ടുകളായി മനുഷ്യര്‍ കാണാന്‍ മുതിരാതിരുന്നത്, അടയാളപ്പെടുത്താന്‍ അനുവദിക്കാതിരുന്നത്.
ഏറ്റവും ആധുനികമായ ഇന്നത്തെ കാലത്തും സ്ത്രീവിരുദ്ധതയ്ക്ക് ഒട്ടും കുറവില്ല. തലമുറതലമുറകളായി, സ്ത്രീകളുടെ ബുദ്ധിയിലും മനസ്സിലും രക്തത്തിലും മാംസത്തിലും അലിഞ്ഞുചേര്‍ന്ന അബദ്ധധാരണകളും വിശ്വാസങ്ങളും അവരെ പിറകോട്ടുവലിക്കുന്നു.
തന്റേടികള്‍ എന്ന 'ചീത്തപ്പേര്' കേള്‍പ്പിക്കുന്ന, പുതിയ തലമുറയിലെ കുറച്ചു ചെറുപ്പക്കാരികളാണ് എഴുത്തുകാരികളുടെ ലോകത്തും മാറ്റം കൊണ്ടുവരുന്നത്. ഇനിയുള്ള കാലം അവര്‍ക്കുള്ളതാണ്.
അന്ന് കെ. സരസ്വതിയമ്മമാരും രാജലക്ഷ്മിമാരും എഴുത്തുലോകത്തുനിന്ന് ഓടിപ്പോവുകയില്ല. അവരുടെ നേരേ നീളുന്ന വടികളെ അവര്‍ പുച്ഛിച്ചുതള്ളും.