•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

അരയന്നങ്ങളുടെ നാട്

മ്മ കുഴച്ചുവച്ച അരിമാവില്‍നിന്ന് ഇത്തിരിയെടുത്ത് ആ ഏഴാം ക്ലാസുകാരി ഒരു അരയന്നത്തെ ഉണ്ടാക്കി. ഇതു കണ്ട അമ്മ അരിശത്തോടെ ''ഇലയടയുണ്ടാക്കാന്‍ വച്ച അരിമാവെടുത്താണോ കളിക്കുന്നത്'' എന്നു ചോദിച്ച്, യാതൊരു ദാക്ഷിണ്യവുമില്ലാതെ അരയന്നത്തിന്റെ ചിറകും കാലുമൊക്കെ ഉടച്ച് ഒരു ഉരുളയാക്കി മാറ്റിവച്ചു. അട ഉണ്ടാക്കാന്‍ വേഗം ഇലകളൊക്കെ തുടച്ചു വയ്ക്ക് എന്ന പണിയും കിട്ടി. ഒരു കിലോ മീറ്റര്‍ മാത്രം ദൂരമുള്ള മഠംവക സ്‌കൂളില്‍നിന്നു നല്ല മാര്‍ക്കോടെയാണ് പെണ്‍കുട്ടി പത്താംതരം  പാസ്സായത്. അധ്യാപകരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി വീട്ടിലെത്തി അപ്പനെയും അമ്മയെയും എസ്.എസ്.എല്‍.സി. ബുക്ക് കാണിച്ചപ്പോള്‍ വലിയ തെളിച്ചമൊന്നും അവരുടെ മുഖത്തു കണ്ടില്ല. അത്താഴം കഴിക്കുന്നതിനിടെ അമ്മ അപ്പനോടു ചോദിക്കുന്നതു കേട്ടു: പെണ്ണിന്റെ കാര്യം ഇനി എങ്ങനാ? ''ഒരു വര്‍ഷം വീട്ടില്‍ നില്ക്കട്ടെ, പതിനേഴാകുമ്പോഴേക്കും കെട്ടിച്ചുവിടാം. ഇളയവന്‍ എട്ടാം ക്ലാസിലല്ലേ. അവനെ കോളജില്‍ ചേര്‍ത്തുപഠിക്കണം. പെണ്ണിനെ പഠിപ്പിച്ചിട്ടെന്താ കാര്യം?'' തന്റെ സ്വപ്‌നങ്ങളുടെ ചിറകൊടിയുന്നതു പെണ്‍കുട്ടി മനസ്സിലാക്കി. 1980 കളിലെ ഒരു പെണ്ണിനു മറുത്തു പറയാനുള്ള അവകാശമോ കെല്‌പോ ഉണ്ടായിരുന്നില്ല.
കാലമധികം കഴിഞ്ഞില്ല, വിവാഹദല്ലാള്‍ എന്ന പേരില്‍ മിക്കവാറും ഒരാള്‍ വീട്ടില്‍ വരുന്നതു കണ്ടു. തന്നെ തൂക്കി വില്ക്കുന്നതിന്റെ അളവുകോല്‍ മിക്കവാറും കേട്ടുകൊണ്ടിരുന്നു. ഒരു ദിവസം പെണ്ണുകാണല്‍ എന്ന ചടങ്ങിനുവേണ്ടി ഏതാനും പേര്‍ വീട്ടിലെത്തി. ഇതില്‍ ആരാണ് തന്നെ കല്യാണം കഴിക്കാന്‍ പോകുന്നതെന്നുപോലും മനസ്സിലായില്ല. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു: ചെറുക്കന് ഇത്തിരി കഷണ്ടി ഉണ്ടെന്നേയുള്ളൂ; നല്ല ആരോഗ്യവാനാണ്. കുടുംബമൊക്കെ ചേരും. കല്യാണച്ചെക്കന്റെ വീടു കണ്ടുവന്ന അമ്മാവന്മാരും ഇളയമ്മയുമൊക്കെ നല്ല അഭിപ്രായം പറഞ്ഞു; തൊഴുത്തില്‍ മൂന്നു പശുക്കള്‍. മുറ്റം നിറയെ ഓടിനടക്കുന്ന കോഴികള്‍, വിറകുപുരയാണെങ്കില്‍ ഒരു ചെറിയ വീടിന്റെ വലുപ്പം വരും. ചെലവിനുള്ള നെല്ല്. നാളികേരം വില്ക്കാനുണ്ട്. കുറച്ചു റബറും. പിന്നെ എന്താ കുഴപ്പം? പയ്യന്‍ ഒമ്പതാംക്ലാസുവരെ പഠിച്ചിട്ടുണ്ടത്രേ. അല്ലെങ്കില്‍ത്തന്നെ പഠിച്ചിട്ടെന്താ കാര്യം! ജീവിക്കാന്‍ വകയുണ്ടല്ലോ. 
പുതിയ വീട്ടില്‍ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാന്‍ പെണ്‍കുട്ടി പരിശ്രമിച്ചു. ഭര്‍ത്തൃമാതാവിന്റെ നിര്‍ദേശമനുസരിച്ചുള്ള ജോലികള്‍, അടുക്കളപ്പണിക്കു പുറമേ സമ്പത്തിന്റെ ആധാരമായി കണ്ടിരുന്ന മൂന്നു പശുക്കളെ കുളിപ്പിക്കല്‍, തൊഴുത്തു വൃത്തിയാക്കല്‍, കോഴികളുടെ എണ്ണം തിട്ടപ്പെടുത്തി കോഴിക്കൂട് അടയ്ക്കല്‍, വിശാലമായ മുറ്റമടിക്കല്‍, ഉച്ചയൂണിനുശേഷം എല്ലാവരുമൊന്നു മയങ്ങുന്ന നേരത്ത് വിറകുപുരയില്‍ വിറകു ശേഖരിച്ചുവയ്ക്കല്‍, ഇതെല്ലാം അവളുടെ ജോലിതന്നെ. എങ്കിലും, ഇത്തിരി നേരം കിട്ടിയാല്‍ വീട്ടില്‍ വരുത്തിയിരുന്ന പത്രം വായിക്കാന്‍, വല്ലപ്പോഴും കിട്ടിയിരുന്ന മാസികകള്‍ വായിക്കാന്‍ അവള്‍ ഉത്സാഹം കാട്ടിയിരുന്നു. ഇതിനിടയില്‍ ഗര്‍ഭവതിയായി. ഒരു ഗര്‍ഭിണി അനുഭവിക്കുന്ന വേദനയോ യാതനയോ ഒന്നും ആരും കണ്ടില്ല. ആദ്യത്തെ കണ്‍മണി പെണ്ണാണെന്നറിഞ്ഞ
പ്പോള്‍ ഭര്‍ത്തൃമാതാവിനും എന്തിന് ഭര്‍ത്താവിനുപോലും മുഖത്തു സന്തോഷം കണ്ടില്ല. രണ്ടാമത്തെ കുഞ്ഞ് ആണാണെന്നറിഞ്ഞപ്പോള്‍ അവരുടെ മുഖം സന്തോഷംകൊണ്ടു വിളങ്ങി. പാരമ്പര്യം നിലനിര്‍ത്താന്‍ മകനുണ്ടായിരിക്കുന്നു. മൂന്നാമത്തെ കുട്ടിയും പെണ്‍കുട്ടിയായപ്പോള്‍  രണ്ടാമതുണ്ടായത് മകനാണല്ലോ എന്നോര്‍ത്ത് അവര്‍ ആശ്വസിച്ചു.
തന്റെ മകള്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ചപ്പാത്തി ഉണ്ടാക്കാന്‍ കുഴച്ചുവച്ചിരുന്ന ഗോതമ്പുമാവില്‍നിന്നു കുറച്ചെടുത്ത് അവള്‍ പല്ലിയെയും പാറ്റയെയുമൊക്കെ ഉണ്ടാക്കി കളിച്ചത്. താന്‍ അരയന്നത്തെ ഉണ്ടാക്കിക്കളിച്ചതും അമ്മ അതിന്റെ ചിറകരിഞ്ഞതും ഒക്കെ പെട്ടെന്ന് ഓര്‍മയിലേക്കു വന്നു. തനിയാവര്‍ത്തനം പാടില്ല. തന്റെ സ്വപ്നങ്ങളുടെ ചിറകൊടിച്ചതുപോലെ തന്റെ മകള്‍ക്കു സംഭവിക്കാന്‍ പാടില്ല. മകളുണ്ടാക്കിയ പല്ലിയെക്കണ്ട് എത്ര നന്നായിരിക്കുന്നു; മോള്‍ മിടുക്കിയാണ് എന്നു പറഞ്ഞ് അവളെ അഭിനന്ദിച്ചു. അഭിനന്ദനം ആസ്വദിച്ചുകൊണ്ട് അടുത്ത ജീവിയെ ഉണ്ടാക്കാന്‍ തുടങ്ങുമ്പോഴാണ് അമ്മ അവളെ ഓര്‍മിപ്പിച്ചത്; മോളെന്തിനാണ് നിലത്തൂടെ ഇഴയുന്ന പല്ലിയെയും പാറ്റയെയുമൊക്കെ ഉണ്ടാക്കുന്നത്; വൃത്തിയും വെടിപ്പുമുള്ള വളരെ ദൂരെ പറക്കാന്‍ കഴിവുള്ള അരയന്നങ്ങളെ ഉണ്ടാക്കിക്കൂടെ എന്ന്. ഉടനെ അവള്‍ ചെറിയ ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ കണ്ടിരുന്ന അരയന്നത്തിന്റെ ചിത്രം ഓര്‍മയിലേക്കു വിളിച്ചുവരുത്തി ഭംഗിയുള്ള ഒരു അരയന്നത്തിനു ഗോതമ്പുമാവുകൊണ്ടു രൂപംകൊടുത്തു. അതുകണ്ട അമ്മയുടെ കണ്ണുനിറയുകയും സ്‌നേഹത്തോടെ അവളെ ആശ്ലേഷിക്കുകയും ചെയ്തു.
അമ്മ എന്തിനാണു കരയുന്നത് എന്നു ചോദിച്ചപ്പോള്‍ പഴയകാലത്തെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചും നടക്കാതെപോയ സ്വപ്നങ്ങളെക്കുറിച്ചുമൊക്കെ വിവരിച്ചുകൊടുത്തു. ഇന്ന് എത്രമാത്രം മാറ്റം വന്നിരിക്കുന്നു. ഒരു സ്ത്രീ സമൂഹത്തിന്റെയും കുടുംബത്തിന്റെയുമൊക്കെ ഭാഗമായതെങ്ങനെ എന്നു മനസ്സിലാക്കിക്കൊടുക്കാന്‍ എവിടെയോ വായിച്ച  ഒരു കഥ അമ്മ പറഞ്ഞുകൊടുത്തു. ഒരു കഴുതയുടെയും യജമാനന്റെയും കഥ. കഴുതയ്‌ക്കൊ ന്നുമറിയില്ലായിരുന്നു; യജമാനന്റെ ഭാണ്ഡം ചുമന്നുകൊണ്ടു നടക്കുക. എന്നും രാവിലെ  ഭാണ്ഡക്കെട്ടു പുറത്തുവയ്ക്കും; പട്ടണത്തിലേക്കു കൊടുംവെയിലത്തുള്ള യാത്ര: സന്ധ്യയ്ക്കു തിരിച്ചുവരും. തിന്നാനെന്തെങ്കിലും തരും. പിറ്റേന്നും ഇങ്ങനെതന്നെ. വര്‍ഷങ്ങള്‍ കടന്നുപോയി. കഴുതയ്ക്കു പ്രായമായി. പണിയാന്‍ കഴിയാത്ത കഴുതയെ എങ്ങനെ ഒഴിവാക്കും. യജമാനന്‍ ഭൃത്യരോടായി പറഞ്ഞു നമ്മുടെ പറമ്പിന്റെ കിഴക്കായി ഒരു പൊട്ടക്കിണറുണ്ട്; കഴുതയെ അതിലേക്കു തള്ളിയിട്ട് മണ്ണുകൊണ്ടു മൂടിയേക്കുക. പൊട്ടക്കിണറ്റില്‍ വീണ കഴുത ഉറക്കെ ഉറക്കെ
ക്കരഞ്ഞു. ആരു കേള്‍ക്കാന്‍? എന്നാല്‍, തനിക്കു മീതേ വീഴുന്ന മണ്‍കൂമ്പാരങ്ങള്‍ ചവിട്ടുപടികളാക്കി കഴുത മുകളിലേക്ക് ഉയര്‍ന്നുയര്‍ന്നു വന്നു. അവസാനം, മണ്‍കൂന കരയ്‌ക്കൊപ്പമെത്തിയപ്പോള്‍ കഴുത അതില്‍ കയറി കരയിലേക്കെടുത്തു ചാടി. സ്ത്രീകളുടെ കാര്യവും ഇങ്ങനെതന്നെ. ഒരുപാടു കഷ്ടപ്പാടും പ്രതിസന്ധികളുമൊക്കെ ചവിട്ടുപടികളാക്കി ഉയര്‍ന്നുവന്നവര്‍.
അമ്മ പറഞ്ഞ കഥ തെല്ലൊന്നുമല്ല കുട്ടിയെ സ്വാധീനിച്ചത്, അമ്മേ ഞാന്‍ മിടുക്കിയായി പഠിച്ചുയരും. അറിവും വിജ്ഞാനവുമാണ് യഥാര്‍ഥശക്തി; അവള്‍ക്കേ സ്വയംപര്യാപതത കണ്ടെത്താനാവൂ; അവളുടെ വാക്കിനേ വിലയുണ്ടാവൂ, തീരുമാനങ്ങളെടുക്കാനുള്ള ശക്തിയുണ്ടാവൂ.
കരയുന്ന പെണ്ണ് എന്നതിനെക്കാള്‍ വിവേകമുള്ളവളായി, അന്തര്‍മുഖിയെക്കാള്‍ പ്രതികരണശേഷിയുള്ളവളായി, സൗന്ദര്യത്തെക്കാളുപരി സ്മാര്‍ട്ടായി, ശാലീനതയെക്കാള്‍ ശക്തിയുള്ളവളായി, പാവം എന്നതിനെക്കാള്‍ മിടുക്കിയായി, സീരിയലും നീണ്ട കഥയുമൊക്കെ വായിച്ചും കണ്ടും സമയം കളയാതെ, വാര്‍ത്തകളും സംവാദങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളുമൊക്കെ വായിക്കുന്നവളായി ഒരു പെണ്ണ് ഉയരുമ്പോഴാണവള്‍ ബഹുമാനിക്കപ്പെടുന്നത്. ഭൂമിയില്‍ പിറന്ന ഏതൊരാളെയുംപോലെ വിലയുള്ള ഒരു കൈയൊപ്പിടാനാണ് ഏതൊരു സ്ത്രീയും പിറന്നിരിക്കുന്നത്. അവള്‍ക്കും ദൈവം നല്കിയിട്ടുണ്ട് മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഒരു പെരുവിരലടയാളം. സ്ത്രീയുടെ സ്വപ്നങ്ങള്‍ക്കു ചിറകു മുളപ്പിക്കേണ്ടത് അവള്‍ തന്നെയാണ്.
എങ്കിലും, ഒന്നോര്‍ക്കുക; സ്ത്രീയാണ് കുടുംബത്തിന്റെ വിളക്ക്. അമ്മ എന്ന സ്ത്രീക്കു ചുറ്റുമാണ് കുടുംബത്തിന്റെ ചക്രങ്ങള്‍ ഉരുളുക. പാദസരങ്ങളിട്ട പെണ്‍കുട്ടിയുടെ കിളിക്കൊഞ്ചലാണ് ഒരു കുടുംബത്തിന്റെ സൗന്ദര്യം. ഡിഗ്രിയെടുത്ത്, ജോലി കിട്ടി. ശമ്പളമൊക്കെയാവുമ്പോള്‍ ഇതെല്ലാം മറന്നുപോകുന്ന സ്ത്രീജനങ്ങള്‍ (കുറച്ചുപേരേ ഉള്ളൂവെങ്കിലും) സ്ത്രീ സമൂഹത്തിനുതന്നെ അപമാനമാണ്. തനിക്കു കിട്ടിയ വിദ്യാഭ്യാസവും ജോലിയും സമ്പത്തുമൊക്കെ ഭര്‍ത്താവിനോടൊപ്പംനിന്ന് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉന്നതിക്കായി ഉപയോഗിക്കുമ്പോഴാണ് ഒരു സ്ത്രീയുടെ ജീവിതം ധന്യമാവുക. താഴേക്കു നോക്കി കൃമികളെയും കീടങ്ങളെയും ഞണ്ടിനെയും ഞവളിക്കയെയും ഒക്കെ അകത്താക്കുന്ന വെറും കൊക്കുകളല്ല തങ്ങളെന്നും, ശുദ്ധിയും വൃത്തിയും വെടിപ്പുമുള്ളവയെ മാത്രം ഭക്ഷിച്ച് തളരാതെ വളരെ ദൂരത്തില്‍ പറക്കാന്‍ കഴിയുന്ന സ്‌നേഹത്തിന്റെ ഹംസങ്ങളാണ് തങ്ങളെന്ന് കുടുംബവും സമൂഹവും രാജ്യവും അംഗീകരിക്കുമ്പോഴാണ് സ്ത്രീ യഥാര്‍ഥത്തില്‍ ശക്തീകരിക്കപ്പെട്ടവളാകുന്നത്.   
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)