കൊവിഡിന്റെ ഒന്നാംതരംഗം വീശിയടിച്ചുകൊണ്ടിരുന്ന സമയത്താണ് ഒരു എണ്‍പത്തഞ്ചുകാരന്‍ ഒ.പി.യില്‍ പരിശോധനയ്ക്കായി എത്തിയത്! കൂടെ രണ്ട് ആണ്‍മക്കളുമുണ്ടായിരുന്നു. വീല്‍ചെയറിലാണ് രോഗിയുടെ ഇരിപ്പ്. മക്കള്‍ രണ്ടു വശത്തും താങ്ങായി നില്‍ക്കുന്നു. എന്തു പറ്റി? ഞാന്‍ ചോദിച്ചു. ''ഉപ്പ കുറച്ചുദിവസമായി ഒന്നും മിണ്ടുന്നില്ല. എന്തു ചോദിച്ചാലും മറുപടി ആംഗ്യംമാത്രം. ഭക്ഷണം കഴിക്കാം എന്നു പറയുമ്പോള്‍ ചിലപ്പോള്‍ കണ്ണടച്ചു കാണിക്കും, ഒന്നും പറയില്ല. തൊണ്ടയിലെ പ്രശ്‌നമാണോ എന്നറിയാന്‍ കൊച്ചുമകന്‍ പറഞ്ഞിട്ട് കഴുത്തിന്റെ ഡോക്ടറെ ആദ്യം കാണിച്ചുനോക്കി. കൊച്ചുമകന്‍ ഇപ്പോള്‍ മെഡിസിനു പഠിക്കുന്നുണ്ട്, മെഡിക്കല്‍ കോളേജില്‍. കഴുത്തിലും വായിലും കുഴപ്പമില്ലാത്തതുകൊണ്ട് അവന്‍ പറഞ്ഞിട്ട് തലയുടെ സ്‌കാന്‍ ഒന്നു നോക്കിയിരുന്നു. അപ്പോഴാണ് ഈ മുഴ കണ്ടത്.'' അവര്‍ പറഞ്ഞുനിര്‍ത്തി. ഞാന്‍ സ്‌കാന്‍ റിപ്പോര്‍ട്ടിലൂടെ ഒന്നു കണ്ണോടിച്ചു: ശരിയാണ്, തലച്ചോറിനുള്ളില്‍ ഒരു മുഴ വളര്‍ന്നിരിക്കുന്നു. ഇടതുഭാഗത്തെ തലച്ചോറിനെ മുക്കാല്‍ഭാഗത്തോളം ഞെരുക്കുന്ന ഒരു വലിയ മുഴ! കൂടെയുള്ളവര്‍ തുടര്‍ന്നു: ''ഹൃദയത്തിലുണ്ടായിരുന്ന ബ്ലോക്കുകള്‍ മാറ്റാന്‍ ബൈപ്പാസ് സര്‍ജറി കഴിഞ്ഞിട്ട് ആറു വര്‍ഷമായി. ഒരു കുഴപ്പവുംകൂടാതെ സ്വന്തം കാര്യങ്ങള്‍ നോക്കിനടക്കുന്ന ആളായിരുന്നു. ഇപ്പോള്‍ ഇങ്ങനെയായപ്പോള്‍ എല്ലാവര്‍ക്കും ഒരു വിഷമം. എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ ഡോക്ടറേ?'' മകന്‍ വിഷമത്തോടെ ചോദിച്ചു. ''നോക്കട്ടെ.'' ഞാന്‍ പറഞ്ഞു. വിശദമായ പരിശോധനയ്ക്കായി എംആര്‍ഐ സ്‌കാനിനു നിര്‍ദേശിച്ചു.
എംആര്‍ഐ റിപ്പോര്‍ട്ടില്‍ തലച്ചോറിന്റെ സ്തരമായ ഡ്യൂറയെ ബാധിക്കുന്ന മെനിന്‍ജിയോമ എന്ന തരം മുഴയാണ് എന്നു മനസ്സിലായി. പ്രായം 85 ആയിരിക്കുന്നു. കൊവിഡ് അതിന്റെ എല്ലാ ശക്തിയിലും ആളുകളെ കീഴടക്കുന്ന സമയവും. അത്യാവശ്യ ഓപ്പറേഷനുകള്‍ മതി എന്ന നിര്‍ദേശവും മുന്നിലുണ്ട്. എന്തു ചെയ്യും? ആ മുഴയ്ക്കുള്ളിലേക്ക് എപ്പോഴെങ്കിലും കുറച്ചു രക്തസ്രാവം വന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അബോധാവസ്ഥയും മരണവുമുണ്ടാകും എന്നുറപ്പായിരുന്നു. എന്തായാലും ശസ്ത്രക്രിയ ചെയ്ത് ആ മുഴ നീക്കം ചെയ്യാന്‍തന്നെ ഞാന്‍ തീരുമാനിച്ചു!
നാലു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ ആ മുഴ നീക്കം ചെയ്തു. പതിയെ അദ്ദേഹം തന്റെ പഴയ ജീവിതചര്യകളിലേക്കു തിരിച്ചെത്തി. ആഴ്ചകള്‍ക്കുശേഷം വീണ്ടും അദ്ദേഹം തിരിച്ച് ഒ.പി.യില്‍ വന്നു. മറന്നുപോയ തന്റെ സംസാരം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കഥകള്‍ പറഞ്ഞു ചിരിച്ചു! ശരിയായ സമയത്തെ ശരിയായ ചികിത്സയിലൂടെ ബ്രെയിന്‍ ട്യൂമറുകളെ നമുക്കു പ്രതിരോധിക്കാന്‍ സാധിക്കും എന്നുള്ളതിന്റെ തെളിവായി ആ മനുഷ്യന്‍ പതുക്കെ നടന്നുപോയി.
തലച്ചോറിനെ ബാധിക്കുന്ന ഗുരുതരരോഗങ്ങളില്‍ ഒന്നാണ് ബ്രെയിന്‍ ട്യൂമറുകള്‍. ഒട്ടേറെ തെറ്റുധാരണകള്‍ അതിനെക്കുറിച്ചു സമൂഹത്തില്‍ നിലവിലുണ്ട്. എന്താണു സത്യം?
1. നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുള്ള കഥകളിലും സിനിമകളിലും നായകനോ നായികയോ മരിക്കാറുള്ളത് ബ്രെയിന്‍ട്യൂമര്‍ വന്നിട്ടായിരിക്കും. ബ്രെയിന്‍ട്യൂമര്‍ വന്നാല്‍ മരിച്ചുപോകുമെന്ന ധാരണ ഉണ്ടാക്കിയത് സത്യത്തില്‍ ഈ സിനിമകളാണ്. മുപ്പതു ശതമാനം ബ്രെയിന്‍ട്യൂമറുകളേ കാന്‍സറായി മാറുകയുള്ളൂ. ഭൂരിപക്ഷം മുഴകളെയും നമുക്കു കൃത്യമായി ചികിത്സിച്ചുമാറ്റാന്‍ സാധിക്കും. അതില്‍ത്തന്നെ മെനിന്‍ജിയോമ എന്നു വിളിക്കുന്ന തലച്ചോറിന്റെ സ്തരമായ ഡ്യൂറയില്‍നിന്നു വളരുന്ന മുഴകളും പിറ്റിയൂട്ടറിഗ്രന്ഥിയില്‍നിന്നു വളരുന്ന മുഴകളുമൊന്നും സാധാരണ കാന്‍സറായി കാണാറില്ല.
2. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലും സിടി /എംആര്‍ഐ സ്‌കാന്‍ എടുത്താലും ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാകുമെന്നൊരു ധാരണ സമൂഹത്തിലുണ്ട്. എന്താണ് അതിലെ സത്യം? തുടര്‍ച്ചയായ മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് ഒരു പഠനവും ഇതുവരെയും തെളിയിച്ചിട്ടില്ല. പക്ഷേ, തുടര്‍ച്ചയായി മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ എന്തൊക്കെ സംഭവിക്കാം എന്നറിയാമോ? തലവേദന, ടെന്‍ഷന്‍, ഉറക്കക്കുറവ്, കാഴ്ചക്കുറവ് എന്നിവ തുടര്‍ച്ചയായി മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ കൂടുതലാണ്. കുട്ടികളിലാണെങ്കില്‍ സ്വഭാവവൈകല്യങ്ങളും പ്രത്യക്ഷപ്പെടാം. ഒരു ദിവസം രണ്ടു മണിക്കൂറില്‍ കൂടുതല്‍ സ്‌ക്രീന്‍ ടൈം എടുക്കരുതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുപോലെതന്നെ, ന്യൂറോസര്‍ജറിയില്‍ നമുക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് സിടി സ്‌കാനുകള്‍. സിടി സ്‌കാനും എംആര്‍ഐയും എടുത്താല്‍ ബ്രെയിന്‍ ട്യൂമര്‍ വരുമോ എന്നും ആളുകള്‍ക്കു സംശയമുണ്ട്. സത്യത്തില്‍ ഒരു പഠനവും അതു തെളിയിച്ചിട്ടില്ല. പക്ഷേ, തുടര്‍ച്ചയായ റേഡിയേഷനുകള്‍ അതു സിടി സ്‌കാനിന്റെ ആണെങ്കില്‍പോലും നല്ലതല്ല എന്നതാണ് സത്യം. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളില്‍ സ്‌കാനുകള്‍ എടുക്കുകതന്നെ വേണം. അനാവശ്യമായ സിടി സ്‌കാനുകള്‍ ഒഴിവാക്കുകയും വേണം. റേഡിയേഷന്‍ നോക്കുകയാണെങ്കില്‍ എംആര്‍ഐ ആണ് കുറച്ചുകൂടി സുരക്ഷിതം. പക്ഷേ, തലച്ചോറിലെ രക്തസ്രാവംപോലുള്ള കാര്യങ്ങള്‍ സിടി സ്‌കാനിങ്ങിലാണ് കുറച്ചുകൂടി വ്യക്തമാകുന്നത്.
3. ഇപ്പോള്‍ എല്ലാവരും ഡയറ്റ് നോക്കുന്നവരാണല്ലോ. ലോ കാര്‍ബ് ഹൈ പ്രോട്ടീന്‍ ഡയറ്റ് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാക്കില്ല എന്ന് ആളുകള്‍ ഇപ്പോള്‍ പറയുന്നുണ്ട്. സത്യത്തില്‍ മണ്ടത്തരമാണീ കാര്യം. ഭക്ഷണത്തിനു ബ്രെയിന്‍ട്യൂമര്‍ ഉണ്ടാക്കുന്നതില്‍ ഒരു റോളും ഇല്ല എന്നതാണു സത്യം.
4. ബ്രെയിന്‍ ട്യൂമറുകള്‍ക്കെല്ലാം ഒരേ ലക്ഷണങ്ങള്‍ ആയിരിക്കുമല്ലോ, അതുപോലെ ചികിത്സയും ഒരുപോലെയല്ലേ? എന്നു പലരും വിചാരിക്കാറുണ്ട്. വലുപ്പം, സ്ഥാനം, ഗ്രേഡ് എന്നിവ യനുസരിച്ചു ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. ചികിത്സയും അതുപോലെ വ്യത്യസ്തമായിരിക്കും എന്നതാണു സത്യം. ചിലര്‍ക്കു തലവേദനയാണെങ്കില്‍ മറ്റു ചിലര്‍ക്ക് അപസ്മാരമായിരിക്കും ഉണ്ടാവുക. ചിലപ്പോള്‍ തുടര്‍ച്ചയായ ഛര്‍ദില്‍ ഉണ്ടാവും അല്ലെങ്കില്‍ ഒരു വശത്തിനു തളര്‍ച്ചയോ കേള്‍വിക്കുറവോ കാഴ്ചക്കുറവോ പ്രത്യക്ഷപ്പെടാം.
5. എപ്പോഴുമുള്ള തലവേദനയും കാഴ്ചക്കുറവും ബ്രെയിന്‍ട്യൂമര്‍ തന്നെ ആയിരിക്കുമല്ലോ? അല്ലേ അല്ല. തലവേദനയ്ക്കു നൂറു കാരണങ്ങള്‍ കാണും. മൈഗ്രേയ്ന്‍ അഥവാ വാസ്‌ക്കുലാര്‍ ഹെഡ്ഏക്കാണ് സാധാരണ തലവേദനയുടെ കാരണം. പക്ഷേ, എല്ലാ തലവേദനയും മൈഗ്രേയ്ന്‍ ആണെന്നു കരുതാന്‍ പാടില്ല. കൃത്യമായ പരിശോധനയിലൂടെമാത്രമേ എന്താണെന്നു തിരിച്ചറിയാനാകൂ.
6. ബ്രെയിന്‍ ട്യൂമറുകളെല്ലാം തലച്ചോറില്‍ത്തന്നെ ഉണ്ടാകുന്നതാണ് എന്നൊരു ധാരണയുണ്ട്. ഇതു തെറ്റാണ്. മറ്റു ശരീരഭാഗങ്ങളിലുണ്ടാകുന്ന മുഴകളും തലച്ചോറിലേക്കു വ്യാപിക്കാറുണ്ട്. അതിനു മെറ്റസ്റ്റേസിസ് എന്നാണു പറയുന്നത്. പല മുഴകള്‍ തലച്ചോറില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് മെറ്റസ്റ്റേസിസ് ആകാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ളവര്‍ക്ക് മറ്റു ശരീരഭാഗങ്ങളും പരിശോധിച്ചു നോക്കേണ്ടിവരും.
7. പാരമ്പര്യമായിട്ടാണ് ബ്രെയിന്‍ട്യൂമര്‍ ഉണ്ടാകുന്നത് എന്നും പറയുന്നവരുണ്ട്. അപൂര്‍വമായിമാത്രമേ അങ്ങനെ ഉണ്ടാകാറുള്ളൂ. ബ്രെയിന്‍ ട്യൂമറുകള്‍ മറ്റുള്ളവരിലേക്കു പകരുന്ന ഒരു പകര്‍ച്ചവ്യാധിയല്ല എന്നും മനസ്സിലാക്കണം. തെറ്റുധാരണകളില്‍ വീണുപോകാതെ കൃത്യമായ രോഗനിര്‍ണയവും ചികിത്സയും നടത്തിയാല്‍ ബ്രെയിന്‍ ട്യൂമറുകളില്‍നിന്നു ജീവിതത്തിലേക്കു തിരിച്ചുനടക്കാന്‍ നമുക്കു സാധിക്കും.
( ലേഖകന്‍, പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ന്യൂറോ സര്‍ജറി ആന്‍ഡ് സ്‌പൈന്‍ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റാണ് )