•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

പ്രതീക്ഷയുടെ ഇളങ്കാറ്റില്‍ റബര്‍വിപണി ഉണരുമ്പോള്‍!

കേരളത്തിലെ റബര്‍കര്‍ഷകര്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി നിത്യദുഃഖത്തിലായിരുന്നു. ഒരുവശത്ത് ഉത്പാദനച്ചെലവിന്റെ തുടര്‍ച്ചയായ കയറ്റം; മറുവശത്ത് 2014 ല്‍ സംഭവിച്ച റബറിന്റെ വിലത്തകര്‍ച്ച പത്തുകൊല്ലമായിട്ടും കര കയറാത്ത സ്ഥിതി. മാത്രമല്ല, നല്ല ടാപ്പര്‍മാരെ കാണാനില്ല. ആരെയെങ്കിലും  കിട്ടിയാല്‍, ലഭിക്കുന്ന ഉത്പന്നത്തിന്റെ നേര്‍പകുതി കൂലിയായി ആവശ്യപ്പെടുന്ന സ്ഥിതി! ആസിഡ്, തുരിശ്, വളം മുതലായവയുടെ വിലയും മേല്‌പോട്ടുതന്നെ. ഉയര്‍ന്നത്, കൃഷിച്ചെലവു മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെ മുഴുവന്‍ ബാധിച്ച പണപ്പെരുപ്പവും. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും മറ്റുള്ളവരോടൊപ്പം റബര്‍ കര്‍ഷകനും നേരിടുന്നു. കുടുംബം പുലര്‍ത്താനും, കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ചെലവിനങ്ങള്‍ വഹിക്കാനും അവന്‍ ആശ്രയിക്കുന്നത് റബര്‍വിലയെ മാത്രമാണല്ലോ.
ആഭ്യന്തരവിപണിയില്‍ റബര്‍വില ഇടിയാന്‍ തുടങ്ങിയത് 2014 ല്‍ ആയിരുന്നു. പക്ഷേ, വിലത്തകര്‍ച്ചയ്ക്കു കാരണമായിരുന്ന ഇറക്കുമതിറബറിന്റെ കുത്തൊഴുക്ക് ബിജെപിയുടെ വരവിനുമുമ്പ് കോണ്‍ഗ്രസ്‌നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2012 ല്‍ത്തന്നെ തുടങ്ങിയിരുന്നു. ലോകവാണിജ്യക്കരാറില്‍ ഇന്ത്യ ഒപ്പുവച്ചതോടെയാണ് ഇറക്കുമതിയുടെ അളവു നിയന്ത്രിക്കാനുള്ള അധികാരം നമുക്കു നഷ്ടപ്പെട്ടത്. അതിനുമുമ്പ്, ഈ ലേഖകന്‍ റബര്‍ബോര്‍ഡ് ചെയര്‍മാന്‍പദവി വഹിക്കുന്ന കാലത്ത്, മൂന്നു മാസത്തിലൊരിക്കല്‍ കര്‍ഷകരുടെ റബര്‍റുത്പാദനവും വ്യവസായികളുടെ ആവശ്യവും റബറിന്റെ സ്റ്റോക്ക് നീക്കിയിരിപ്പും എല്ലാം റബര്‍ ബോര്‍ഡുതന്നെ അവലോകനം ചെയ്ത് കമ്മി നികത്താനാവശ്യമായ റബര്‍ മാത്രം ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാരിലേക്കു ശിപാര്‍ശ അയയ്ക്കുന്ന ഒരു സംവിധാനം നിലവിലുണ്ടായിരുന്നു. അക്കാലത്ത് റബര്‍വില ന്യായമായ തലത്തില്‍ നിറുത്തി കര്‍ഷകരെ ഉത്തേജിപ്പിക്കാനും ആവശ്യമായ ഇറക്കുമതി യഥാസമയം ലഭ്യമാക്കി റബര്‍ ഉത്പന്നനിര്‍മാണവ്യവസായങ്ങളുടെ പുരോഗതിയും വളര്‍ച്ചയും ഉറപ്പാക്കാനും നമുക്കു കഴിഞ്ഞിരുന്നു. അങ്ങനെയാണ് 1947 മുതല്‍ റബര്‍ ഉത്പാദനവും  റബര്‍ ഉത്പന്നനിര്‍മാണവ്യവസായവും ഒരുപോലെ വളരുന്നതു കാണാന്‍ നമുക്കു കഴിഞ്ഞത്.
പക്ഷേ, ആഭ്യന്തരറബര്‍വിപണി എക്കാലത്തും ടയര്‍വ്യവസായികളുടെ നിയന്ത്രണത്തിലായിരുന്നു. ആഴ്ചതോറും പ്രമുഖ ടയര്‍കമ്പനികളുടെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്ത് അടുത്തയാഴ്ച തങ്ങള്‍ വാങ്ങുന്ന റബറിന്റെ അളവും വിലയും നിശ്ചയിച്ചിരുന്നു.  അവര്‍ പറയുന്ന വിലയ്ക്ക് കര്‍ഷകന്റെ റബര്‍ വാങ്ങി ഗോഡൗണിലെത്തിച്ചുകൊടുക്കാന്‍ ടയര്‍ കമ്പനികളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യാപാരികള്‍ക്കു കഴിഞ്ഞിരുന്നു. ഒന്നിച്ചു വില നിശ്ചയിച്ച് വിപണിയിലെത്തുന്ന കമ്പനികള്‍ പറയുന്ന വിലയ്ക്കു റബര്‍ വിറ്റ്, അത്യാവശ്യകാര്യങ്ങള്‍ നടത്താന്‍ കാത്തുനില്‍ക്കുന്ന ചെറുകിടറബര്‍കര്‍ഷകന് എങ്ങനെ കഴിയും, വില പേശാന്‍? ചെറുകിടറബര്‍ കര്‍ഷകരെയെല്ലാം ഒരേ കുടക്കീഴില്‍ നിറുത്തി അവരുടെ ഉത്പന്നം മുഴുവന്‍ ന്യായവിലയ്ക്ക് ഏറ്റെടുത്ത് വിപണിയില്‍ നിര്‍ണായകശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള  ഒരു സഹകരണപ്രസ്ഥാനത്തെ ഇവിടെ വളര്‍ത്തിയെടുക്കാന്‍ നമുക്കു കഴിഞ്ഞിരുന്നെങ്കില്‍, ടയര്‍ വ്യവസായികള്‍ക്കു കീഴടങ്ങേണ്ട നില ചെറുകിടകര്‍ഷകര്‍ക്കുണ്ടാകുമായിരുന്നില്ല. ഈ ദിശയിലുള്ള ഒരു പരിശ്രമമായിരുന്നു മൂന്നു പതിറ്റാണ്ടുകള്‍ക്കുമുമ്പ് നമ്മുടെ ഗ്രാമതല റബര്‍ ഉത്പാദകസംഘങ്ങള്‍ സ്ഥാപിച്ച് സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് സംഘങ്ങള്‍ക്കും റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനും ഗ്രാമങ്ങളില്‍ വേരുകളും അടിത്തറയും ഉണ്ടാക്കിക്കൊടുക്കാനായി റബര്‍ ബോര്‍ഡ് നടത്തിയ നീക്കം. ഉദാഹരണമായി മൂവാറ്റുപുഴ, തൊടുപുഴ, പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, തളിപ്പറമ്പ്, കോഴിക്കോട്, നെടുമങ്ങാട് തുടങ്ങിയ പ്രധാനകേന്ദ്രങ്ങളില്‍ മാത്രമായിരുന്നു സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റികള്‍ക്ക് ഓഫീസുകളും ഗോഡൗണുകളും ഉണ്ടായിരുന്നത്. ഗ്രാമങ്ങളില്‍ ജീവിച്ച് അവിടെ റബര്‍ ഉത്പാദിപ്പിച്ചുപോന്ന ചെറുകിടകര്‍ഷകര്‍ക്ക്, അവരുടെ റബര്‍, പ്രധാനകേന്ദ്രങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ച സൊസൈറ്റിയുടെ ഗോഡൗണുകളില്‍ ചുമന്നെത്തിച്ച് വില്പന നടത്തുക എളുപ്പമായിരുന്നില്ല. സ്വന്തഗ്രാമത്തില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്കു റബര്‍ വിറ്റു കാശു വാങ്ങുകയായിരുന്നു, അവര്‍ക്ക് എളുപ്പം. ഓരോ സ്ഥലത്തും റബര്‍വാങ്ങി സംഭരിക്കാനുള്ള സംവിധാനം ഒരുക്കി ജീവനക്കാരെയും സജ്ജമാക്കുക എന്ന ചെലവേറിയ കാര്യം പ്രായോഗികമാക്കാന്‍ സഹകരണറബര്‍ സൊസൈറ്റികള്‍ക്കു  കഴിയില്ലല്ലോ. ചുരുക്കത്തില്‍, റബര്‍വിപണിയുടെ നിയന്ത്രണം ടയര്‍വ്യവസായികളില്‍ത്തന്നെ നിക്ഷിപ്തമാകുന്ന സ്ഥിതി തുടരുകയായിരുന്നു. അന്ന്, മൊത്തം ഉത്പന്നത്തിന്റെ മൂന്നു ശതമാനം മാത്രമായിരുന്നു, സഹകരണറബര്‍ മാര്‍ക്കറ്റിംഗ് സംവിധാനത്തിനു കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത്.
ഈ സന്ദര്‍ഭത്തിലാണ് നമ്മുടെ ഗ്രാമതല ആര്‍.പി.എസുകള്‍ സ്ഥലത്തെ റബര്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ സ്ഥിരശമ്പളം നല്‍കേണ്ട ബാധ്യതയില്ലാതെ, ശേഖരിക്കുന്ന ഉത്പന്നത്തിന്റെ അളവനുസരിച്ചുമാത്രം പ്രതിഫലം നല്‍കേണ്ട കളക്ഷന്‍ ഏജന്റിനെ ഉപയോഗിച്ച് റബര്‍ സംഭരിച്ച് റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിക്കു ലഭ്യമാക്കാം  എന്ന ആശയം അവതരിപ്പിച്ചത്. സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിക്ക് ഒരു ചെലവുമില്ലാതെ ഓരോ ഗ്രാമത്തിലും ഓരോ സ്ഥലത്തും അവര്‍ക്കില്ലാതിരുന്ന വേരുകളും അടിത്തറയും ലഭ്യമാക്കാനുള്ള ഈ നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ സഹകരണമേഖല തയ്യാറായിരുന്നെങ്കില്‍!
ഗ്രാമതലത്തില്‍ സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ശാഖ പോലെ പ്രവര്‍ത്തിക്കുന്ന ആര്‍.പി.എസിനെ തങ്ങളുടെ പ്രൈമറിഅംഗത്വം നല്‍കി അംഗീകരിക്കണം എന്നു മാത്രമായിരുന്നു, അന്നു റബര്‍ബോര്‍ഡും ആര്‍പിഎസുകളും ആവശ്യപ്പെട്ടത്. ആര്‍പിഎസുകള്‍ക്ക് പ്രാഥമികാംഗത്വം കൊടുക്കുന്നതിനുപകരം 'കണ്ടാലറിയാവുന്ന' അയ്യായിരമോ ആറായിരമോ പത്തുരൂപ അംഗങ്ങളെക്കൊണ്ടു തൃപ്തിയടയാനാണ് സഹകരണനേതാക്കള്‍ അന്നു തീരുമാനിച്ചത്. ഈ 'കണ്ടാലറിയാവുന്ന' അംഗങ്ങളുടെ വോട്ടുനേടി നേതാക്കള്‍ സഹകരണസൊസൈറ്റികളുടെ സ്ഥിരം ഭാരവാഹികളായിത്തീരുന്ന പതിവു മാറ്റിയെടുക്കാന്‍ അവര്‍ തയ്യാറായില്ല. പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ പ്രസിഡന്റുസ്ഥാനം വഹിച്ച പ്രഫ. കെ.കെ. അബ്രാഹം മാത്രം ആര്‍പിഎസുകളെ അസോസിയേറ്റ് അംഗങ്ങളാക്കാന്‍ സമ്മതിച്ചു. അങ്ങനെ ആര്‍പിഎസുകള്‍ സംഭരിച്ചുനല്‍കിയ റബര്‍ ഷീറ്റും, കലര്‍പ്പില്ലാത്ത ഒട്ടുപാലുമുപയോഗിച്ച് ആ സഹകരണ സൊസൈറ്റി വന്‍ലാഭം നേടിയതോര്‍ക്കുന്നു. ആര്‍പിഎസുകളുടെ സേവനമുപയോഗിച്ച് കേരളത്തിലെ സഹകരണമേഖലയ്ക്കു വന്‍തോതില്‍ റബര്‍ വിപണനം നടത്തി, വിപണിയിലെ നിര്‍ണായകശക്തിയായി പ്രവര്‍ത്തിക്കാനുള്ള അവസരം എന്നേന്നേക്കുമായി നഷ്ടപ്പെടുകയായിരുന്നു.
ആര്‍പിഎസുകളെ അനാഥരായി ഉപേക്ഷിക്കാന്‍ തയ്യാറില്ലാത്ത റബര്‍ ബോര്‍ഡ് അന്ന്, അന്‍പത് ആര്‍.പി.എസുകളുടെ എപ്പെക്‌സ് സംഘംപോലെ പ്രവര്‍ത്തിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പങ്കാളിത്തം കൂടിയുള്ള കമ്പനികള്‍ സ്ഥാപിക്കുകയാണുണ്ടായത് (കവണാര്‍ ലാറ്റക്‌സ്, അച്ചന്‍കോവില്‍ റബേഴ്‌സ്, മണിമലയാര്‍ റബേഴ്‌സ് തുടങ്ങിയ പത്തുപന്ത്രണ്ടു കമ്പനികള്‍). ദീര്‍ഘവീക്ഷണമുള്ളവരും റബര്‍മേഖലയെ സ്വജീവിതമായിക്കരുതി ആത്മാര്‍ഥതയോടെ, അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരുമായ  കര്‍ഷകരുടെ നേതൃത്വത്തിനു പകരം, നിര്‍ഭാഗ്യവശാല്‍ ഈ കമ്പനികളെല്ലാം കാലക്രമേണ ഉദ്യോഗസ്ഥനേതൃത്വത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി ചുരുങ്ങിപ്പോവുകയാണുണ്ടായത്. എരുമപ്പാലിന്റെ കാര്യത്തില്‍ ഗുജറാത്തില്‍ ഡോ. കുര്യനും, അമുല്‍ ബ്രാന്‍ഡും, നേടിയെടുത്ത മേധാവിത്വവും വന്‍വിജയവും, റബര്‍പ്പാലിന്റെ കാര്യത്തില്‍ നമ്മുടെ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റികള്‍ക്കും ഫെഡറേഷനും സ്വപ്നംകാണാന്‍പോലും കഴിയാതെ പോയതിന്റെ പശ്ചാത്തലം ഇതായിരുന്നു. മുകളില്‍ പറഞ്ഞതുപോലെ കണ്ടാലറിയാവുന്ന കുറെ സാങ്കല്പികവ്യക്തികളെ പത്തു രൂപ അംഗങ്ങളാക്കി സഹകരണറബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റികളുടെ ഭരണം കൈപ്പിടിയിലൊതുക്കുന്നതില്‍ മാത്രം താത്പര്യം കാണിച്ച സഹകരണനേതാക്കള്‍ക്കു ഗ്രാമതലത്തില്‍ യഥാര്‍ഥകര്‍ഷകരുടെ ഉത്പന്നം ശേഖരിച്ചുനല്‍കുന്ന റബര്‍ ഉത്പാദകസംഘങ്ങളെ അംഗങ്ങളാക്കി സംഘത്തിനു ശക്തമായ അടിത്തറയൊരുക്കാന്‍ താത്പര്യം ഉണ്ടായിരിക്കുമെന്നു കരുതിയ ഈയുള്ളവന്‍ വിഡ്ഢിയായിത്തീര്‍ന്നു! ആയിരത്തി അഞ്ഞൂറില്‍പ്പരം ഗ്രാമതല ആര്‍പിഎസുകള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിട്ടും റബര്‍ മേഖലയുടെ വിപണിനിയന്ത്രണം ടയര്‍ കമ്പനികളുടെ കൈകളില്‍ത്തന്നെ ഭദ്രമാക്കിവച്ചിരിക്കുന്ന കാഴ്ച കണ്ടുകൊണ്ട് അന്നു റബര്‍ ബോര്‍ഡിനോടു വിടപറഞ്ഞതോര്‍ക്കുന്നു.
*********************************
അനിയന്ത്രിതമായ റബര്‍ ഇറക്കുമതി സാധ്യമാക്കിക്കൊടുത്ത ലോകവാണിജ്യക്കരാറില്‍ത്തന്നെ  ഇറക്കുമതിയുടെ അതിപ്രസരം കാരണമായി ഉത്പന്നത്തിന്റെ ആഭ്യന്തരോത്പാദനം കുറഞ്ഞുപോയാല്‍ അതു വീണ്ടെടുക്കാനായി ഇറക്കുമതിയിന്മേല്‍ കൂടുതല്‍ ചുങ്കം ചുമത്തി ഇറക്കുമതി നിരുത്സാഹപ്പെടുത്താന്‍ വ്യവസ്ഥയുണ്ടായിരുന്നു - ഈ സംരക്ഷണച്ചുങ്കത്തിനുവേണ്ടി നമ്മള്‍ കേന്ദ്രവാണിജ്യമന്ത്രിയെയും മറ്റും പല തവണ കണ്ടു പരിശ്രമിച്ചെങ്കിലും ഫലമുണ്ടാകാതെപോയി.
2014 ല്‍ ഇറക്കുമതി ചെയ്തത് നാലരലക്ഷം ടണ്‍ റബറായിരുന്നു. അന്നത് സര്‍വകാല റിക്കാര്‍ഡ്. ഇറക്കുമതി റബര്‍ ഗോഡൗണുകളില്‍ എത്തിയതോടെ ടയര്‍ വ്യവസായികള്‍ പ്രാദേശികവിപണിയില്‍നിന്നു വിട്ടുനിന്നു. അങ്ങനെ റബര്‍വിപണി വിലയിടിഞ്ഞു. മറ്റു വരുമാനം ഏതെങ്കിലുമുള്ള ചെറുകിടകര്‍ഷകര്‍, ടാപ്പര്‍ക്കു കൂലി കൊടുത്തു കഴിഞ്ഞ് മിച്ചമൊന്നുമില്ലെന്നു കണ്ടപ്പോള്‍, ടാപ്പിംഗ് നിര്‍ത്തി. റബറിനെമാത്രം ആശ്രയിച്ചുകഴിഞ്ഞവര്‍ വന്‍നഷ്ടം സഹിച്ചു ദുരിതപൂര്‍ണമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായി.
അങ്ങനെ, മുന്‍കൊല്ലത്തില്‍ ഒന്‍പതേമുക്കാല്‍ ലക്ഷം ടണ്‍ ഉത്പാദനം ഉണ്ടായിരുന്നത് 2014-15ല്‍ ആറരലക്ഷം ടണ്ണായും, 2015 ല്‍ അഞ്ചരലക്ഷം ടണ്ണായും കുറഞ്ഞു. ഇറക്കുമതി റബറിന്റെ അളവ് അഞ്ചുലക്ഷം ടണ്‍ കവിഞ്ഞു.
ചെറുകിടകര്‍ഷകരെ സഹായിക്കാനായി 50 ശതമാനം ചുങ്കം (സംരക്ഷണച്ചുങ്കം) അനുവദിക്കാനുള്ള നമ്മുടെ അപേക്ഷ നിരസിച്ച കേന്ദ്രസര്‍ക്കാര്‍, ടയര്‍ വ്യവസായികളെ സഹായിക്കാനായി, ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ടയറിന്റെ ചുങ്കം ഉയര്‍ത്തിക്കൊടുത്തു. കൃത്രിമറബര്‍ ഉത്പാദകരായ വ്യവസായികളെ സഹായിക്കാനായി ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത കൃത്രിമറബറിന്മേല്‍ കൂടുതല്‍ ചുങ്കം ചുമത്തി. ചെറുകിടകര്‍ഷകരുടെമേല്‍ മാത്രം കേന്ദ്രത്തിന്റെ ദയാദൃഷ്ടി പതിഞ്ഞില്ല.
***   ****  ****  ***
കാലം മാറി, കഥ മാറി. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാരിന്റെ സഹായമില്ലാതെ തന്നെ റബര്‍വില ഉയരുന്നു! റബര്‍ വിപണി ഉണരുന്നു! കൂടുതല്‍ റബര്‍ ഉത്പാദനം നടക്കുന്ന തായ്‌ലന്‍ണ്ട്, വിയറ്റ്‌നാം തുടങ്ങിയ പല രാജ്യങ്ങളിലും റബറിന്റെ ഉത്പാദനം ഇക്കൊല്ലം കുറഞ്ഞുപോയിരിക്കുന്നു. 50 ലക്ഷം ടണ്‍ ഉത്പാദനം ഇക്കൊല്ലം പ്രതീക്ഷിച്ചിരുന്നു, തായ്‌ലന്‍ഡില്‍. പക്ഷേ, ഉത്പാദനം കുറഞ്ഞതോടെ റബര്‍ഷീറ്റിന്റെ വില ഉയര്‍ന്നു. ചൈനയും ജപ്പാനുമാണു കൂടുതലായി റബര്‍ഷീറ്റു വാങ്ങുന്നത്. അവിടെ ഡിമാന്‍ഡ് കുറഞ്ഞിട്ടില്ല. അങ്ങനെ ബാങ്കോക്ക്, ടോക്കിയോ തുടങ്ങിയ വിപണികളില്‍ വില ഉയര്‍ന്നു. ഗ്രേഡ്ഷീറ്റിന് 220, 230 നിരക്കിലാണിപ്പോള്‍ വില്പന നടക്കുന്നത്. ഏതായാലും, വരുംദിവസങ്ങളില്‍ കേരളത്തിലും റബര്‍വില ഉയരുമെന്നതില്‍ സംശയമില്ല. അടുത്ത ഒരു കൊല്ലക്കാലത്തേക്കെങ്കിലും നമ്മുടെ വിപണിയില്‍ റബര്‍ഷീറ്റിന്റെ വില ഉയര്‍ന്ന തലത്തില്‍ നില്‍ക്കുമെന്നുവേണം കരുതാന്‍. നമ്മുടെ ചെറുകിട റബര്‍കര്‍ഷകര്‍ക്ക് കഴിഞ്ഞ 10 കൊല്ലക്കാലം ലഭിക്കാതിരുന്ന ഭാഗ്യം ഇപ്പോള്‍ കൈവന്നിരിക്കുന്നു. വിപണിവില 200 രൂപയില്‍ എത്തുന്നതുവരെ ഷീറ്റു വില്‍ക്കാതിരിക്കുക. ഒരുപക്ഷേ, ഇവിടെയും വില 230 തലത്തിലേക്കു താമസിയാതെ ഉയര്‍ന്നേക്കാം.
ഈ വിലക്കയറ്റം തിരഞ്ഞെടുപ്പുകാലത്ത് കര്‍ഷകരുടെ വോട്ടു ലഭിക്കാനായി ബിജെപി സര്‍ക്കാര്‍ എന്തെങ്കിലും കര്‍ഷകസൗഹൃദനയം മാറ്റം നടത്തിയതുകൊണ്ടാണു സംഭവിച്ചിരിക്കുന്നതെന്നു തെറ്റിദ്ധരിക്കാതിരിക്കുക. അധികാരസ്ഥാനങ്ങളില്‍ ഒരു ചലനവും മാറ്റവുമുണ്ടായിട്ടില്ല. നമുക്കു ദൈവത്തിനു മാത്രം നന്ദി പറയാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)