തന്റെ മാതാപിതാക്കളെ പിരിഞ്ഞിരിക്കാന്‍ വിമുഖത കാണിക്കുന്ന ഡാര്‍വിന്‍ എന്ന പന്ത്രണ്ടുവയസ്സുകാരന്‍ കരഞ്ഞുപറഞ്ഞത് ''എനിക്കു സ്‌കൂളില്‍ പോകേണ്ട'' എന്നാണ്. സ്‌കൂളില്‍ പോകാതിരിക്കാന്‍ അവന്‍ വയറുവേദന അഭിനയിക്കുന്നു. മാതാപിതാക്കളുടെ പ്രധാന ആക്ഷേപം അതാണ്. വയറുവേദനയുടെ കാരണമന്വേഷിച്ചലഞ്ഞ ആശുപത്രികള്‍ അനവധിയാണുതാനും. ഈ കുടുംബത്തോടു സംസാരിച്ചപ്പോള്‍ മനസ്സിലായ കാര്യം ഡാര്‍വിന്‍ ഈ പ്രശ്‌നം ആദ്യമായി പറയുന്നത്, അവന്റെ വല്യമ്മ മരിച്ചതിനുശേഷമാണ്. വല്യമ്മച്ചിയെ അവന് ഒത്തിരി ഇഷ്ടമായിരുന്നു. അവരുടെ മരണം അപ്രതീക്ഷിതമായിരുന്നുതാനും. അതുള്‍ക്കൊള്ളാന്‍ അവനായില്ല. മരണാനന്തരച്ചടങ്ങുകള്‍ക്കുശേഷം സ്‌കൂളില്‍ പോകാന്‍ ഡാര്‍വിന്‍ മടി കാണിച്ചുതുടങ്ങി. നിര്‍ബന്ധിച്ചു സ്‌കൂളില്‍ വിടാന്‍ അപ്പനും അമ്മയും ശ്രമിച്ചപ്പോള്‍ വയറുവേദനയാണ് എന്ന് അവന്‍ പറഞ്ഞു.
വല്യമ്മച്ചിയുടെ മരണശേഷം മൂന്നു മാസം കഴിഞ്ഞാണ് ഡാര്‍വിനും അവന്റെ കുടുംബാംഗങ്ങളും എന്റെയടുക്കല്‍ എത്തുന്നത്. ഈ കുട്ടി അഭിമുഖീകരിച്ച പ്രശ്‌നം 'സെപ്പറേഷന്‍ ആങ്‌സൈറ്റി' (ടലുമൃമശേീി അിഃശല്യേ) എന്ന ഉത്കണ്ഠാവസ്ഥയാണ്. അമേരിക്കന്‍ ഗായികയായ ബില്ലി ഐലിഷ്, അവര്‍ ചെറുപ്പകാലത്ത് അനുഭവിച്ച സെപ്പറേഷന്‍ ആങ്‌സൈറ്റിയെക്കുറിച്ചു പറഞ്ഞത് ഓര്‍മവരുന്നു. മാതാപിതാക്കള്‍ അടുത്തില്ലാതെ ഉറങ്ങാന്‍ കഴിയാതിരുന്ന അവരുടെ ചെറുപ്പകാലത്തെ അവസ്ഥ ദയനീയമായിരുന്നു. ഈ മാനസികപ്രശ്‌നം തുടക്കത്തില്‍ത്തന്നെ ശരിയായ കൗണ്‍സലിങ്ങിലൂടെ മാറ്റിയില്ലായെങ്കില്‍ സങ്കീര്‍ണമായ അവസ്ഥയിലേക്കു മാറാം. ഈ ഉത്കണ്ഠ രോഗാവസ്ഥയിലേക്കു മാറിയാല്‍ പാനിക് അറ്റാക്, ഡിപ്രഷന്‍, ഒ.സി.ഡി. തുടങ്ങിയ മാനസികരോഗങ്ങളും വ്യക്തിയില്‍ പ്രത്യക്ഷപ്പെടാം.
എന്താണ് വേര്‍പിരിയല്‍ ഉത്കണ്ഠ?
തനിക്കു വൈകാരിക അടുപ്പമുള്ള വ്യക്തികളില്‍നിന്നു വേര്‍പിരിയേണ്ടിവരുമോ എന്ന ഉത്കണ്ഠയാണിത്. സാധാരണമായി കുട്ടികളില്‍ കണ്ടുവരുന്ന ഈ പ്രശ്‌നം മുതിര്‍ന്നവരിലും പ്രായം ചെന്നവരിലും കാണാറുണ്ട്. ഈയൊരു മാനസികപ്രശ്‌നത്തിന്റെ പൊതുവായ ലക്ഷണങ്ങള്‍ താഴെ സൂചിപ്പിക്കുന്നു:
- മാതാപിതാക്കളില്‍നിന്നും താന്‍ സ്‌നേഹിക്കുന്ന വ്യക്തികളില്‍നിന്നും അകന്നുനില്‍ക്കാന്‍ പറ്റാതെ വരുന്നു.
- ഇത്തരം വ്യക്തികളില്‍നിന്ന് അകന്നുനില്‍ക്കുമ്പോള്‍ ശാരീരികാസ്വസ്ഥത അനുഭവപ്പെടുന്നു.
- ഇങ്ങനെ അകന്നു നില്‍ക്കേണ്ടിവരുമ്പോഴോ അത്തരം ചിന്തകള്‍ ഉണ്ടാകുമ്പോഴോ ഉറങ്ങാന്‍ കഴിയാതെ വരുക.
- ഉറ്റവര്‍ക്ക് അപകടമോ ആപത്തോ ഉണ്ടാകുമെന്ന ചിന്തയും ഈ ചിന്തമൂലം അസ്വസ്ഥതയും ഉടലെടുക്കാം.
- സ്‌കൂള്‍, ഓഫീസ് തുടങ്ങി അനുദിനജീവിതത്തില്‍ എത്തേണ്ട സ്ഥലങ്ങളിലേക്കു പോകാന്‍ കഴിയാതെവരിക.
- ഉറ്റവരില്‍നിന്നകന്നുനില്‍ക്കാതിരിക്കാന്‍ പല ശാരീരികരോഗങ്ങളും ഉള്ളതായി പറയുകയും അതിനു ചികിത്സ വേണമെന്നാവശ്യപ്പെടുകയും ചെയ്യുക.
- ഉറ്റവര്‍ യാത്രപോകുന്ന സമയങ്ങളില്‍ ആ യാത്ര തന്ത്രപരമായി മുടക്കാന്‍ ശ്രമിക്കുക.
- അമിതമായ മാനസികപിരിമുറുക്കം അനുഭവിക്കുക. ചില സന്ദര്‍ങ്ങളില്‍ ഇത്തരക്കാര്‍ ഡിപ്രഷന്റെ ലക്ഷണങ്ങളും കാണിക്കാം.
- ഉറ്റവര്‍ അകന്നുനില്‍ക്കുമ്പോള്‍ തുടര്‍ച്ചയായി ഫോണ്‍വിളിക്കുക, മെസേജുകള്‍ അയയ്ക്കുക തുടങ്ങിയ പ്രവണതകള്‍ കാണിക്കുക.
മേല്‍സൂചിപ്പിച്ച ലക്ഷണങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും സെപ്പറേഷന്‍ ആങ്‌സൈറ്റി മൂലമുണ്ടാകുന്ന പൊതുലക്ഷണങ്ങളാണ്. ഇതു ദീര്‍ഘകാലം നീണ്ടുനിന്നാല്‍ (നാലാഴ്ചയിലധികം) 'സെപ്പറേഷന്‍ ആങ്‌സൈറ്റി ഡിസോര്‍ഡര്‍ (എസ്.എ.ഡി.) എന്ന അവസ്ഥയിലേക്കെത്താം.
കൊച്ചുകുട്ടികളില്‍ കാണുന്ന സെപ്പറേഷന്‍ ആങ്‌സൈറ്റിയെ വളര്‍ച്ചാഘട്ടത്തിന്റെ ഭാഗമായി എടുത്താല്‍മതിയെന്നതാണ് വിദഗ്ധാഭിപ്രായം. ചില കുട്ടികളില്‍ ഇത് ഒന്‍പതാംമാസംമുതല്‍ അനുഭവപ്പെട്ട് മൂന്നു വയസ്സോടുകൂടി അപ്രത്യക്ഷമാവാം. മറ്റു ചില സാഹചര്യങ്ങളില്‍ പ്രീ സ്‌കൂളില്‍ കുട്ടികള്‍ പോയിത്തുടങ്ങുമ്പോഴാവാം ഈ പ്രശ്‌നം ഉടലെടുക്കുക. ഇതും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രസ്തുത അവസ്ഥയുടെ തീവ്രത നോക്കി രോഗനിര്‍ണയം നടത്തുന്നതായിരിക്കും അഭികാമ്യം.
സെപ്പറേഷന്‍ ആങ്‌സൈറ്റിയും ചില കാരണങ്ങളും
മുകളില്‍ സൂചിപ്പിച്ച ഡാര്‍വിന്‍ സെപ്പറേഷന്‍ ആങ്‌സൈറ്റിയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയത്, അവന്റെ വല്യമ്മച്ചിയുടെ മരണത്തോെടയാണ്. ഇത്തരത്തിലുള്ള അപ്രതീക്ഷിതസംഭവങ്ങള്‍ വ്യക്തികളില്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ വ്യത്യസ്ത അളവിലുള്ള ഉത്പാദനത്തിനിടയാക്കുകയും അത് സെപ്പറേഷന്‍ ആങ്‌സൈറ്റിയിലേക്കു നയിക്കുകയും ചെയ്യാം. ഇതായിരുന്നു ഡാര്‍വിനില്‍ സംഭവിച്ചതും. തന്റെ വല്യമ്മച്ചിയുടെ മരണവുമായി ബന്ധപ്പെട്ട ചിന്തകളും ഓര്‍മകളും കൗണ്‍സലിങ്ങിലൂടെ മാറ്റപ്പെട്ടപ്പോള്‍ ഡാര്‍വിനിലെ ഉത്കണ്ഠ ഇല്ലാതാവുകയും സെപ്പറേഷന്‍ ആങ്‌സൈറ്റിയില്‍നിന്നു പുറത്തുകടക്കുകയും ചെയ്തു.
പൊതുവായി, കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാകാവുന്ന സെപ്പറേഷന്‍ ആങ്‌സൈറ്റിയുടെ കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
- വേണ്ടപ്പെട്ടവരുടെ വേര്‍പാട്.
- മാതാപിതാക്കളുടെ വിവാഹമോചനം.
- പെട്ടെന്നുണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍.
- മാതാപിതാക്കള്‍, വേണ്ടപ്പെട്ടവര്‍ നേരിടുന്ന ഭീഷണികള്‍.
- കുടിയേറ്റം.
- വളര്‍ച്ചാകാലഘട്ടത്തിലെ സവിശേഷകള്‍.
- ജനിതകഘടകങ്ങള്‍.
- ലൈംഗികചൂഷണം
- മറ്റു ചില മാനസികരോഗങ്ങള്‍.
സെപ്പറേഷന്‍ ആങ്‌സൈറ്റിയെ എങ്ങനെ മറികടക്കാം?
ഈ പ്രശ്‌നത്തില്‍നിന്നു കുട്ടികളെ രക്ഷിക്കുന്നതിന് താഴെക്കൊടുക്കുന്ന രീതി അവലംബിക്കാം:
- മാതാപിതാക്കള്‍ കുട്ടികളുടെ ഒരു നിശ്ചിതപ്രായം വരെ അവര്‍ക്കൊപ്പമുണ്ടാകുമെന്നുറപ്പുനല്‍കുക.
- മരണമടഞ്ഞവര്‍ സ്വര്‍ഗത്തില്‍നിന്ന് അവരെ സംരക്ഷിക്കുമെന്നു ബോധ്യപ്പെടുത്തുക.
- മാതാപിതാക്കള്‍ക്കു തുല്യരായ മറ്റു നല്ല വ്യക്തികളെ അവര്‍ക്കു പരിചയപ്പെടുത്തുകയും അവരുമായിക്കൂടി അടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.
- കുട്ടികളെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കൂട്ടുകാരുടെകൂടെ കളിക്കാന്‍ പ്രേരിപ്പിക്കുകയും അവര്‍ കളിക്കുന്ന സമയത്ത് മാതാപിതാക്കള്‍ മാറിനില്‍ക്കുകയും ചെയ്യുക.
- ഒരു കൗണ്‍സലറുടെ സഹായത്താല്‍ അവര്‍ക്കു ബോധ്യങ്ങളും തെറാപ്പികളും നല്‍കുക.
മുതിര്‍ന്നവരുടെ കാര്യത്തില്‍ ഏറ്റവും ഉചിതമായി കാണുന്നത് സൈക്കോതെറാപ്പികള്‍തന്നെയാണ്. ഒപ്പം വ്യക്തിയുടെ അവസ്ഥ എസ്.എ.ഡി.യിലേക്ക് എത്തിയിട്ടുണ്ടെങ്കില്‍ സൈക്യാട്രിസ്റ്റുമായി ആലോചിച്ച് മരുന്നു നല്‍കുന്നതിനൊപ്പം കൗണ്‍സലിങ്ങും നിര്‍ബന്ധമായി നല്‍കണം.