ശാസ്ത്രം അദ്ഭുതാവഹമായ നേട്ടങ്ങളുടെ വഴിയിലാണിന്ന്! അവയവമാറ്റശസ്ത്രക്രിയകള്‍ സാധാരണമാകുന്ന കാലം! പക്ഷേ, ജീവനും ജീവിതവും സുരക്ഷിതമാക്കാന്‍ നമുക്കാവുന്നതെല്ലാം ചെയ്യുമ്പോഴും നമ്മെയെല്ലാം ഞെട്ടിക്കുന്ന തരത്തില്‍ ആത്മഹത്യകളും പരഹത്യകളും വര്‍ധിക്കുന്നു. ജാതിയോ മതമോ സമ്പത്തോ പാണ്ഡിത്യമോ തൊഴിലോ പ്രായമോ ഒന്നും ആത്മഹത്യയ്ക്കില്ലെന്നതും ഞെട്ടിക്കുന്നതുതന്നെ! നമ്മുടെ അവയവങ്ങള്‍ മാറ്റിവച്ച് ആയുസ്സിനെ ദീര്‍ഘിപ്പിക്കുമ്പോഴും മാറ്റിവയ്ക്കാനാകാത്തതും എവിടെയാണെന്നു കണ്ടെത്താനാകാത്തതുമായ ഒരദ്ഭുത ഇടമാണ് മനസ്സ്.
സത്യത്തിലും ധര്‍മത്തിലും ഉറയ്ക്കുകയും ദൈവത്തില്‍ വിശ്രമിക്കുകയും ചെയ്യേണ്ടതാണ് നമ്മുടെ മനസ്സ്. അതുകൊണ്ടുതന്നെ, മനുഷ്യമനസ്സ് ജീവന്റെ കാവലാണ്. മനസ്സിന്റെ 'വീക്ഷണം' പിഴച്ചാല്‍ അപകടം തീര്‍ച്ച! ജീവന്‍ നഷ്ടപ്പെടുത്തിയവരിലെല്ലാം ഒരു പ്രത്യേക മനോനില അഥവാ മാനസികവ്യാപാരം ദൃശ്യമാണ്. ട്രാക്കുവിട്ടുള്ള ഒരോട്ടം. എല്ലാമുണ്ടെങ്കിലും അസമാധാനം നമ്മെ വേട്ടയാടുന്നു! സംതൃപ്തിയെന്നതു കൈമോശം വന്നിരിക്കുന്നു.
ഒരു മനുഷ്യന്റെ വില അവന്റെ പാണ്ഡിത്യത്തെയല്ല, അവന്റെ മനഃസ്ഥിതിയെയാണ് ആശ്രയിച്ചിരിക്കുന്നത്. പ്രശ്‌നങ്ങളുണ്ടാക്കുന്നതും പരിഹരിക്കുന്നതും മനസ്സാണെന്നു പറയാം! സ്വപ്നങ്ങളേറുമ്പോള്‍ തകര്‍ച്ചകളും ഏറുന്നു. ജീവിതമെന്ന 'ജീവന്മരണപോരാട്ട'ത്തില്‍ മനസ്സുതകര്‍ന്നാല്‍ പോരാട്ടത്തില്‍ തോറ്റുവെന്നു സാരം! ഈ മനസ്സിനെ എത്രമാത്രം ദൈവാഭിമുഖ്യത്തില്‍ തിരിച്ചുവയ്ക്കുന്നുവോ അത്രമാത്രം നാം പരാജയപ്പെടാതിരിക്കും.
ഊതിക്കാച്ചിയ പൊന്ന്
ജയിക്കാന്‍ ശ്രമിക്കുന്നതു മാത്രമല്ല, തോല്‍ക്കാതിരിക്കുന്നതുമാണ് ജീവിതം. പണ്ടൊക്കെ സമൂഹത്തിന്റെ ഒരു ചെറിയ പരിച്ഛേദം ക്ലാസ്മുറികളിലുണ്ടായിരുന്നു. ബുദ്ധിയിലും കഴിവിലും, കഴിവിന്റെ വൈവിധ്യത്തിലും കേമന്മാരായവര്‍; ഒപ്പം 'മണ്ടനെന്നു' വിളിപ്പേരു വീണവര്‍; പക്ഷേ, കലയിലും സാഹിത്യത്തിലും കായികമേഖലയിലും തീക്ഷ്ണതയുള്ളവര്‍! പഠനം കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ ഒരു 'പരിസരബോധം' നമുക്കുണ്ടായിരുന്നു. ഞാന്‍ മാത്രമല്ല, എന്റെ കഴിവുമാത്രമല്ല, സമ്പത്തും സാമൂഹികമാനങ്ങളുംമാത്രമല്ല; അതിനപ്പുറം ജീവിതമുണ്ടെന്നു നമുക്കു മനസ്സിലാകുമായിരുന്നു. ജാതിക്കും മതത്തിനും വര്‍ണവൈജാത്യങ്ങള്‍ക്കുമപ്പുറം മനുഷ്യത്വവും സാഹോദര്യവും മക്കളില്‍ വിളങ്ങിയിരുന്നു; അഥവാ വളര്‍ന്നിരുന്നു. 'ഒറ്റയാള്‍ പട്ടാളവും' 'അവനവന്‍തുരുത്തുകളും' ശക്തിപ്പെടാതെ ജീവിക്കാന്‍ പഠിച്ചിരുന്ന കാലം.
മാര്‍ക്കു കുറഞ്ഞാലും, പരീക്ഷയില്‍ തോറ്റാലും, അധ്യാപകരും രക്ഷിതാക്കളും ശിക്ഷണമുറകള്‍ എടുത്താലും തളരാത്ത തലമുറയുണ്ടായിരുന്നു. അഗ്നിയില്‍ അമരാതെ അഗ്നിയില്‍നിന്നു ജ്വലിച്ചുയര്‍ന്ന തലമുറ. പാഠപുസ്തകങ്ങളിലൂടെയുള്ള ഓട്ടത്തില്‍ പിഴച്ചാലും പ്രായോഗികജീവിതവഴിയില്‍ വിജയങ്ങള്‍ കൊയ്തിരുന്ന പഴയ തലമുറ. തോളോടു തോള്‍ ചേര്‍ന്നു പഠിച്ച്, സമൂഹത്തിന്റെ നാനാതുറകളില്‍ ശോഭിച്ചിരുന്ന തലമുറ. കഷ്ടതകളായിരുന്നു ജീവിതത്തിന്റെ അടിസ്ഥാനം. മാതാപിതാക്കളോടൊപ്പം വിയര്‍ത്തു പണിയെടുത്ത് 'പള്ളിക്കൂടപാഠങ്ങള്‍' പഠിച്ചിരുന്ന തലമുറ. തോറ്റാലും തോല്‍ക്കാത്ത മനുഷ്യരുടെ കാലം! ആയുസ്സിന്റെ മൂല്യം തിരിച്ചറിഞ്ഞ തലമുറ! എത്ര പാടുപീഡകളുടെ നടുവിലും പിടിച്ചുനിന്നു ജീവിച്ച തലമുറ!
ക്യൂ.ആര്‍. കോഡ്
ഇതു വേഗത്തിന്റെ കാലം. പെട്ടെന്നുള്ള പ്രതികരണത്തിന്റെ ആവശ്യകതയില്‍ ഇമവെട്ടാതെ കാത്തുനില്‍ക്കുന്ന 'ക്ഷമയില്ലായ്മ'യുടെ കാലം. ഒന്നിനും കാത്തുനില്‍ക്കാതെ വഴിമാറിയോടുന്ന ദ്രുതചിന്തകളുടെ കാലം. എല്ലാം പെട്ടെന്നുവേണം; എന്തിനും 'ആപ്പു'കള്‍ ഒന്നിനു പിറകേ ഒന്നായെത്തുന്നു. വിരലൊന്നമര്‍ത്തിയാല്‍ 'ലോകം' പടിവാതില്‍ക്കല്‍ കാത്തുകെട്ടി നില്‍ക്കുന്ന വല്ലാത്തൊരു കാലം! പരിസരബോധത്തേക്കാളും സ്വയാവബോധത്തേക്കാളും സ്വാര്‍ഥത നിറഞ്ഞ തലമുറ!
കഷ്ടപ്പെടാതെയും ആരെയും ആശ്രയിക്കാതെയും സ്വന്തം ആഡംബരലോകം കെട്ടിയുയര്‍ത്താന്‍ തത്രപ്പെടുന്ന ഒരു തലമുറയാണിന്നുള്ളത്. അയലത്തുള്ളവര്‍ മരണപ്പെട്ടാലും അറിയാറില്ല. ദാരിദ്ര്യവും പട്ടിണിയും പണ്ഡിതപാമരവ്യത്യാസങ്ങളും കാണാത്തവിധമുള്ള പരക്കംപാച്ചില്‍! മനസ്സു ചിന്താഭാരത്താല്‍ ആകെയൊരഗ്നിപര്‍വതമാകുമ്പോഴും നമ്മുടെ മുഖം കംപ്യൂട്ടര്‍ചിരിയില്‍ മുങ്ങിയിരിക്കും! ഒരുനാള്‍ അഗ്നിപര്‍വതം പൊട്ടി, തന്നെയും ചുറ്റുമുള്ളവരെയും ദഹിപ്പിക്കുമ്പോള്‍ ജനം ഞെട്ടുന്നു. കേട്ടവര്‍ മൂക്കത്തു വിരല്‍വച്ചുപറയും: ''ഒരിക്കലും കണ്ടാല്‍ തോന്നില്ലത്രേ! നല്ല പെരുമാറ്റം; ജീവിതമാണെങ്കില്‍ അടിപൊളിയും!'' കണ്ടെത്തിയ മൊബൈലിലെ മെസേജുകളുടെ ആഴങ്ങളിലേക്കിറങ്ങുമ്പോഴാണ് സംഗതികളുടെ ഗൗരവം നാമറിയുക!
എങ്ങോട്ടാണ് നാം ഇത്ര വേഗത്തിലോടുന്നത്! ഇരുവശവും ശ്രദ്ധിക്കാതെയുള്ള ഓട്ടം. 'ഒഴുക്കുള്ള വെള്ളത്തില്‍ അഴുക്കില്ലെന്നു' പഴമക്കാര്‍ പറയാറുണ്ട്. നമ്മുടെ മനസ്സിന്റെ 'ഒഴുക്ക്' ഇന്നു തടസ്സപ്പെട്ടിരിക്കുകയല്ലേ? നമുക്കാരെയെങ്കിലും അറിയാമോ? അവരുടെ ക്ഷേമം അന്വേഷിക്കാറുണ്ടോ? അവരുടെ ഉള്ളിന്റെ വിങ്ങലും തേങ്ങലും നാം തിരയാറുണ്ടോ? കൂനിക്കൂടിയിരുന്ന് മൊബൈല്‍ഫോണില്‍ തോണ്ടുന്നതാണോ ജീവിതം? തൊട്ടരികില്‍ 'ബോംബ്' പുകയുന്നതു തിരിച്ചറിയാത്തവിധം മനസ്സാന്നിധ്യമില്ലാതെ എന്തിനീ ജീവിതം? വടക്കുനോക്കിയന്ത്രം കണക്കേ സ്വന്തം ഇഷ്ടത്തിലേക്കു തിരിച്ചുവച്ചിരിക്കുന്ന മനസ്സു പുതുക്കിപ്പണിയണം. നമുക്കും നമ്മുടെ ചുറ്റുമുള്ള ലോകത്തിനും ഇനിയും വേഗംകൂടിയേക്കാം; ചന്ദ്രനില്‍ ശാസ്ത്രം സ്ഥലം വാങ്ങിയേക്കാം. അപ്പോഴും മനുഷ്യന്റെ വാസയിടം ഭൂമിതന്നെയെന്നറിയുന്നതു നന്ന്. മനുഷ്യന്‍ മനുഷ്യനെ അറിയാത്തപ്പോള്‍ സകല ശാസ്ത്രവും വൃഥാവിലാകുന്നു. ചുറ്റും നോക്കുക. വാര്‍ത്തകളില്‍ കണ്ണോടിക്കുക. എവിടെയാണ് നമുക്കു തെറ്റിയത്?
സൗഹൃദവും സംഭാഷണവും
നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹികജീവിതത്തിലും സംഭാഷണം പ്രധാനമാണ്. എന്നാല്‍, സൗഹൃദം രൂപപ്പെടുത്തുന്നതില്‍ തെല്ലും താത്പര്യമില്ലാത്ത തലമുറയാണു വളര്‍ന്നുവരുന്നത്. ഒന്നിച്ചുനടക്കുന്ന അപരിചിതരായി മാറിയിരിക്കുന്നു നാമെല്ലാം. സുഹൃത്തേ, വീടെവിടെ? നാടെവിടെ? എന്തെടുക്കുന്നു? വീട്ടില്‍ ആരെല്ലാമുണ്ട്? തുടങ്ങിയവയൊന്നും ഇന്ന് ആര്‍ക്കും അറിയേണ്ടതില്ല. 'തന്‍കാര്യം പൊന്‍കാര്യം.' അത്രതന്നെ! കളികള്‍ കുറയുന്നു; കളിയിടങ്ങളും ഒത്തുചേരലുകളും കുറയുന്നു; കായികാധ്വാനം ഇല്ലെന്നായിരിക്കുന്നു; അപ്പോഴും നാമെല്ലാം സാക്ഷരരാണ്, പണ്ഡിതരാണ്, പണക്കാരാണ്, സകല ജീവിതസൗകര്യങ്ങളും സ്വന്തമായുള്ളവരുമാണ്. പക്ഷേ, ഒരു കാര്യത്തിലും 'ഷെയറിങ്' ഇല്ലത്രേ! മനസ്സിനകത്തെ 'കാര്‍മേഘങ്ങള്‍' പെയ്‌തൊഴിയാത്തത് ഇന്നിന്റെ 'രോഗ'മാണ്. സംവദിക്കാനാളില്ലാത്തവിധം കുടുംബങ്ങള്‍ വേരറ്റുപോകുന്നു; അയല്‍ക്കാര്‍ വിറ്റൊഴിയുന്നു, അപരിചിതര്‍ വന്നുചേരുന്നു. കുടുംബത്തില്‍ കൂടാനാളില്ല; ഉണ്ടെങ്കിലും ആധുനികതയുടെ 'ദ്രുതതാളമേള'ത്തിനൊത്തു നില്‍ക്കുന്നവരെയേ താത്പര്യമുള്ളൂ. മനസ്സിന്റെ 'ചേരിചേരാനയം' പല സന്തോഷങ്ങളും ഇല്ലാതാക്കുന്നു; ബാഹ്യമായതെല്ലാമുള്ളപ്പോഴും ആന്തരികമുറിവുകള്‍ പെരുകുന്ന കാലമാണിന്ന്.
ട്രെന്‍ഡ്
ചുറ്റുവട്ടത്തേക്കു നോക്കിയുള്ള നമ്മുടെ ജീവിതനടത്തിപ്പുകള്‍ക്കു മാറ്റമില്ല. ഉള്ളതും ഇല്ലാത്തതും നോക്കാതുള്ള നമ്മുടെ 'ഒപ്പംനില്‍ക്കല്‍' എല്ലാക്കാര്യത്തിലുമുണ്ട്. വേഷത്തിലും ഭക്ഷണത്തിലും വീടുവയ്ക്കുന്നതിലും വാഹനം വാങ്ങുന്നതിലും തുടങ്ങി സകലതിലും നാം ട്രെന്‍ഡിനനുസൃതമായി നീങ്ങും. ഒപ്പമെത്താനുള്ള ത്വരയില്‍ ജീവിതം ചോരുന്നതറിയുന്നില്ല. കടമെടുപ്പ് ഇന്ന് സര്‍വസാധാരണമാണ്. വരുമാനമില്ലെങ്കിലും മറ്റുള്ളവരുടെ ഒപ്പമെത്താന്‍ 'മേടിച്ചുകൂട്ടുന്നു.' പൊങ്ങിയ വെള്ളത്തിനൊപ്പം 'തോണിയിറക്കി' അവസാനം തോണി മുങ്ങുമ്പോഴാണ് ചുറ്റുമുള്ളവര്‍ അന്തംവിടുന്നത്. ഒപ്പം 'ഇതെന്തുപറ്റീ'യെന്നൊരു ചോദ്യവും. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാത്ത മനോനില ഇന്നിന്റെ ദുര്യോഗമാണ്. ഇതൊക്കെയാണെങ്കിലും ഇവിടെനിന്നാല്‍ രക്ഷയില്ലെന്നു വിലപിക്കുന്ന യുവത വിദേശത്തെത്തിയാല്‍ ട്രെന്‍ഡുകളും സ്വപ്നങ്ങളും മാറ്റിവയ്ക്കാന്‍ തയ്യാറാണുതാനും.
സിംഗിള്‍ ട്രാക്ക് എഡ്യുക്കേഷന്‍
നമ്മുടെ നിലവിലുള്ള വിദ്യാഭ്യാസസമ്പ്രദായത്തില്‍ ഓരോ വ്യക്തിയുടെയും സ്വത്വത്തെ കണ്ടെത്തുന്നുണ്ടോ? പ്ലേസ്‌കൂള്‍, എല്‍കെജി, യുകെജി, ഒന്ന്, രണ്ട്, മൂന്ന്... ഇങ്ങനെ എല്ലാവരും പ്ലസ്ടുവരെ എത്തുന്നു. പിന്നീട് മുമ്പും പിമ്പും നോക്കാതെ പഠിച്ചതെല്ലാം വൃഥാവിലാക്കി കടവും കടത്തിന്റെമേല്‍ കടവുമായി വിദേശപഠനം, ജോലി, പി.ആര്‍.... സിറ്റിസണ്‍ഷിപ്പ്; അല്ലെങ്കില്‍ പ്ലസ്ടു കഴിഞ്ഞ് സിവില്‍ സര്‍വീസ്, എന്‍ജിനീയറിങ്, മെഡിസിന്‍. നിവൃത്തിയില്ലെങ്കില്‍ ഒരു സര്‍ക്കാര്‍ ജോലിക്കായി പിഎസ്‌സി കോച്ചിങ്ങും! നമ്മുടെ മക്കളുടെ പാഠ്യേതരകഴിവുകളൊക്കെ എവിടെപ്പോയി? പാട്ടുകാരനും തയ്യല്‍ക്കാരനും, മരപ്പണിക്കാരനും ഇരുമ്പുപണിക്കാരനും നല്ല കര്‍ഷകരുമൊക്കെ ഇന്ന് എവിടെപ്പോയി? കാര്‍ഷികബന്ധിയായ കേരളക്കരയുടെ സംസ്‌കാരമെവിടെ? പൈതൃകമെവിടെ? ലോകോത്തര എഴുത്തുകാരെവിടെ? വിയര്‍ക്കാതുള്ള ജോലിയെന്ന സ്വപ്നവും, ജോലി കിട്ടിയിട്ട് ലീവെടുക്കാമെന്ന അലസതയുമൊക്കെ നമ്മുടെ ഭാവിയെ അപകടത്തിലാക്കുന്നു. തണുപ്പുരാജ്യത്ത് പണിയെടുക്കുന്നവര്‍ വിയര്‍ക്കാത്തത് രാജ്യത്തിന്റെ ആസൂത്രണമികവല്ലല്ലോ? പഠനവും ജോലിയും ഇഴചേര്‍ത്ത് നാടും വീടും വ്യക്തിയും ജീവിതസുരക്ഷയിലേക്കെത്തുന്നതിലേക്ക് നമ്മുടെ ആസൂത്രണങ്ങളും വികസനചിന്തകളും പാഠ്യപദ്ധതികളും വളരണം.
ചുരുക്കത്തില്‍, നമ്മുടെ മനോനില ക്രമീകരിക്കുന്ന പദ്ധതികളുണ്ടാകണം. ജീവിക്കാനും ജീവന്റെ വില പഠിപ്പിക്കാനും പാഠങ്ങളുണ്ടാകണം. മനസ്സുകളെ ബോധവത്കരിക്കണം. വിശ്രമവും ഉപവാസവുമൊക്കെ മനസ്സിനുള്ള മരുന്നുകളാണെന്നറിയുമ്പോഴും ആധുനികമനുഷ്യന്‍ 'സമയം തികയാത്ത' ഓട്ടത്തിലാണ്. ആശ്വാസവാക്കോ പരിഹാരമാര്‍ഗങ്ങളോ ഒരിടത്തുനിന്നും എത്താത്തവിധം സാഹോദര്യം നമുക്കു കൈമോശം വന്നിരിക്കുന്നു; ഒറ്റപ്പെടലുകള്‍ പെരുകുന്നു... പിരിമുറുക്കങ്ങളും രോഗങ്ങളും തലമുറകളെ അലട്ടുന്നു.
സ്‌നേഹം സകലതിനും ഔഷധമാണ്. ദൈവംതന്നെയാണു സ്‌നേഹം. സ്‌നേഹം നിറയുന്നിടത്ത് ദൈവം പരിഹാരങ്ങളും എത്തിക്കും. ജീവന്റെ അമൂല്യതയും മഹനീയതയും സ്‌നേഹം വെളിവാക്കിത്തരും. ഒപ്പമുള്ളവരെ ഒന്നു ശ്രദ്ധിക്കാന്‍ മനസ്സുണ്ടാവണം. മറ്റുള്ളവരുടെ നന്മ കാംക്ഷിക്കണം.
നമ്മുടെ മനസ്സിലാണ് നല്ലതും ചീത്തയും, സുഖവും ദുഃഖവും, സമ്പത്തും ദാരിദ്ര്യവുമൊക്കെ മുളപൊട്ടുന്നത്. നന്മയ്ക്കു വളമിട്ടാല്‍ ഫലം നൂറുമേനിയാണ്.