•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ഇരുള്‍വഴിയിലെ കനല്‍

2020 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിനര്‍ഹയായ ലൂയിസ് ഗ്ലിക്കിന്റെ സാഹിത്യലോകത്തിലേക്ക് ഒരു എത്തിനോട്ടം


കാമനകളുടെ കവനമാണ് കവിത. നിഷിദ്ധമോ നിഷേധിക്കപ്പെട്ടതോ ആയ അഭീപ്‌സകളെ ഉദാത്തീകരിക്കുന്ന മനോവൃത്തിയുടെ സൃഷ്ടിയാണത്. നിവര്‍ത്തിതമാകാതെ മൃതിയെ പുല്‍കുന്ന തൃഷ്ണകളുടെ പുനര്‍ജനി സംഭവിക്കുന്ന വാക്കിന്റെ മറുകരയിലാണതിന്റെ സ്ഥാനം. മനുഷ്യചോദനകള്‍ക്കു നിതാന്തമായ നിലനില്പാണ് കവിത നല്കുന്നത്. ജീവിതം ഏല്പിക്കുന്ന ആഘാതങ്ങളും അവയുടെ സംഭീതസ്മരണകളും മര്‍ത്ത്യഗാത്രത്തില്‍നിന്നു ഭാഷാന്തരീകൃതമായി അനശ്വരതയെ പ്രാപിക്കുന്ന അയുക്തികതയാണ് കവിതയുടെ യുക്തി. രതിയുടെ ഇരുട്ടില്‍, മൃതിയുടെ തണുപ്പില്‍, കനല്‍വെട്ടമായി മാറിയ മൊഴി ചിതറിയ പൊരികളാണ് 2020 ലെ സാഹിത്യനോബേല്‍ ജേത്രി ലൂയിസ് ഗ്ലിക്കിന്റെ പണിയാല തൂവിയത്.
1943 ല്‍ ന്യൂയോര്‍ക്കിലാണ് ഗ്ലിക്ക് ജനിച്ചത്. ബാല്യകൗമാരങ്ങള്‍ ചെലവഴിച്ചത് ലോങ് ഐലന്റിലും. വിദ്യാര്‍ത്ഥിയായിരിക്കേ അനോറെക്‌സിയ നെര്‍വോസ എന്ന മനോനിലയ്ക്ക് അടിപ്പെട്ടു ഗ്ലിക്ക്. അമേദസ്‌ക ശരീരം കൈവരിക്കാനുള്ള അമിതാഗ്രഹംമൂലം ഭക്ഷണത്തോട് തീവ്രവിരക്തി പ്രകടിപ്പിക്കുന്ന അവസ്ഥയാണിത്. മൃതിഹേതുകംപോലുമായി ഇതു മാറാം. വിദഗ്ധചികിത്സ ഇതില്‍നിന്ന് ഗ്ലിക്കിന് വിടുതല്‍ നേടിക്കൊടുത്തുവെങ്കിലും ബിരുദപഠനം പൂര്‍ത്തിയാക്കാതെ സര്‍വ്വകലാശാല വിടേണ്ടിവന്നു.  ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന അമ്മയോടും സ്വന്തം ശരീരത്തോടുമുള്ള തീവ്രകലഹത്തില്‍നിന്നാണ് ഗ്ലിക്കിലെ കവി പിറന്നത്. തികച്ചും പെണ്ണുടലുമായി ബന്ധപ്പെട്ട ഒരു രോഗമാണ് അനോറെക്‌സിയ. സ്ത്രീശരീരത്തിന്റെ ജൈവവാസനകളും അവയുടെ ഭ്രംശപഥങ്ങളുമാണ് പിന്നീട് ഗ്ലിക്കിന്റെ കവിതകളുടെ അടിസ്ഥാനപ്രമേയമായത്. 1901 ല്‍ തുടങ്ങിയ സാഹിത്യനൊബേല്‍ പുരസ്‌കാരം നേടിയവരില്‍ ഇതുവരെ 16 സ്ത്രീകള്‍ മാത്രമാണുള്ളത്. അതില്‍ നാലുപേര്‍ ഇക്കഴിഞ്ഞ ഒരു ദശകത്തിനുള്ളിലായിരുന്നു എന്നതറിയുമ്പോഴാണ് നൊബേല്‍ നല്‍കുന്ന സ്വീഡിഷ് അക്കാദമിയുടെ വീക്ഷണം ഏതളവോളം ലിംഗനീതിക്കനുഗുണമായി മാറിക്കഴിഞ്ഞു എന്നു നാം അറിയുന്നത്. ആത്മഘനം നിറഞ്ഞ പെണ്ണറിവുകളും പെണ്ണനുഭവങ്ങളും കൊച്ചുകവിതകളിലൂടെ, പുരാണങ്ങളുടെ പുനരാഖ്യാനത്തിലൂടെ, ഭഗ്നബന്ധങ്ങള്‍, മരണം തുടങ്ങിയ അടിസ്ഥാന അസ്തിത്വനോവുകളിലൂടെ പകര്‍ത്തിയ, അമേരിക്കയ്ക്കു പുറത്ത് പൊതുവെ അപരിചിതയായിരുന്ന, സ്വന്തം കവിതകള്‍ ഏറെ ഭാഷകളിലേക്കൊന്നും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ലാത്ത, നൊബേല്‍ പ്രതീക്ഷിക്കപ്പെട്ട പേരുകളിലൊന്നും ഉള്‍പ്പെടാതിരുന്ന ലൂയിസ് ഗ്ലിക്കിന് അവാര്‍ഡു ലഭിച്ചപ്പോള്‍ ലോകം അമ്പരക്കാതിരുന്നതും ഈ രാഷ്ട്രീയപരിസരം കാരണമാണ്.
ആത്മനിഷ്ഠവും ഭാവസാന്ദ്രവുമാണ് ഗ്ലിക്കിയന്‍ രചനകള്‍. വിഷാദം, ഏകാന്തത തുടങ്ങിയ ചിരന്തനമാനവികവിഷയങ്ങളാണ് സ്‌ത്രൈണപ്രജ്ഞയുടെ മാസ്മരികതയോടെ ഗ്ലിക്ക് കവനവിഷയമാക്കുന്നത്. ഗ്രീക്ക്, ലാറ്റിന്‍ പുരാണങ്ങളെയും ബൈബിള്‍ പഴയനിയമത്തെയുമൊക്കെ കൂട്ടുപിടിച്ചാണ് തികച്ചും വ്യക്തിനിഷ്ഠമായ പ്രശ്‌നങ്ങളെ അങ്ങേയറ്റം അവൈയക്തികവും സാര്‍വ്വത്രികവുമാക്കി കവി മാറ്റുന്നത്. റഷ്യയില്‍നിന്നും ഹംഗറിയില്‍നിന്നുമായി അമേരിക്കയിലേക്കു കുടിയേറിയ യഹൂദകുടുംബങ്ങളില്‍ പിറന്നവരാണ് ഗ്ലിക്കിന്റെ മാതാപിതാക്കള്‍. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഗ്ലിക്ക് ഇന്ന് ലോകപ്രശസ്ത സര്‍വ്വകലാശാലയായ യെയ്‌ലില്‍ ഇംഗ്ലീഷ് കവിതയുടെ പ്രൊഫസറാണ് എന്നത് ചരിത്രത്തിന്റെ വിരോധാഭാസം. രണ്ടു വിവാഹമോചനങ്ങള്‍ അവരുടെ മനസ്സിലേല്പിച്ച മുറിപ്പാടുകള്‍ ഒട്ടനവധി കവിതകളില്‍ നമുക്കു വായിച്ചെടുക്കാനാവും. തന്റെ പിതാവിന്റെ മരണം ഏല്പിച്ച ആഘാതം കവിതയായി തുളുമ്പിയപ്പോള്‍ ജനിച്ച കവിതാസമാഹാരമാണ് 'അറാറത്ത്'.  ഉത്പത്തിപ്പുസ്തകത്തില്‍ പ്രളയാഖ്യാനം ഉപജീവിച്ച് വിരചിതമായ ആ ഗ്രന്ഥം വിശേഷിപ്പിക്കപ്പെട്ടത് അമേരിക്കന്‍ കവിത കാല്‍നൂറ്റാണ്ടിനിടെ കണ്ട ഏറ്റവും വന്യവും വിഷാദഭരിതവുമായ കവിതകള്‍ എന്നാണ്. ഫസ്റ്റ് ബോണ്‍, ദ് വൈല്‍ഡ് ഐറിസ്, ദ് ട്രയംഫ് ഓഫ് അക്കില്ലീസ്, അവേര്‍ണോ തുടങ്ങി പന്ത്രണ്ട് കാവ്യസമാഹാരങ്ങളും ഏതാനും ലേഖനസംഹിതകളും ഗ്ലിക്കിന്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. പുലിറ്റ്‌സര്‍ സമ്മാനവും നാഷണല്‍ ബുക്ക് അവാര്‍ഡും മുതല്‍ ഇപ്പോള്‍ നൊബേല്‍ വരെ അനേകം പുരസ്‌കാരങ്ങളും അവര്‍ കരസ്ഥമാക്കിയിട്ടുണ്ട്.
അലങ്കാരരഹിതമായൊരു കഠിനതയാണ് ഗ്ലിക്ക് കവിതകളുടെ മുഖമുദ്ര. ഭാവതീവ്രമായൊരു മുറുക്കം അവയ്ക്കുണ്ട്. ഇക്കാര്യത്തില്‍ എമിലി ഡിക്കിന്‍സന്‍, സില്‍വിയ പ്ലാത്ത് തുടങ്ങിയ പെണ്‍കവികളുടെ രചനാരീതി പിന്‍പറ്റുന്നുണ്ട് ഗ്ലിക്ക്. രതി, മൃതി തുടങ്ങിയവയെക്കുറിച്ചുള്ള തുറന്നെഴുത്തുകള്‍ പലപ്പോഴും ''കുമ്പസാരകവിത'' എന്ന സംജ്ഞ ഗ്ലിക്കിന്റെ കവിതകള്‍ക്കു നേടിക്കൊടുത്തു. പ്ലാത്ത്, ബെറിമാന്‍, സെക്സ്റ്റന്‍, ലവല്‍ തുടങ്ങിയ ഏറ്റുപറച്ചില്‍ കവികളുടെ ചില സങ്കേതങ്ങള്‍ ഉപയോഗിക്കുകമൂലമാണിത്. പുറമെ നിഷ്‌കളങ്കവും പ്രസന്നവും എന്നു തോന്നുന്ന കവിതകളില്‍പ്പോലും ഇരുട്ടുപരന്നൊരു മൃത്യുബോധം നിഗൂഹനം ചെയ്തിട്ടുണ്ട്. ''അക്കില്ലീസിന്റെ വിജയം'' എന്ന കവിത ഗ്രീക്ക് വീരന്‍ അക്കില്ലീസിന്റെയും തോഴന്‍ പട്രോക്ലസിന്റെയും ഹൃദയബന്ധമാണ് വരച്ചുകാട്ടുന്നത്. ഒരേ പടച്ചട്ടയിട്ടാണ് രണ്ടുപേരും മൃതിയെ പുല്‍കുന്നത്. പക്ഷേ, ശീര്‍ഷകം പ്രതിനിധാനം ചെയ്യുന്ന വിജയം അക്കില്ലീസിന്റെ മരണമാണ്. അഭിഹനനത്തിനു വിധേയമാവുകവഴി ഒരു പൂര്‍ണ്ണമര്‍ത്ത്യനാകുന്നു എന്നതാണ് ഇവിടെ വിജയത്തിന്റെ രഹസ്യം. അജ്ഞയോഗ്യമെന്ന് കുമാരനാശാന്‍ വിളിച്ച ആത്മപരിപീഡനം ഗ്ലിക്കിന്റെ കവിതകളില്‍ മൂര്‍ച്ചയേറിയ ഒരു ആയുധമായി പ്രയുക്തമാകുന്നത് നാം കാണുന്നു. ആത്മഖണ്ഡനത്തിനും ആത്മവ്യവച്ഛേദനത്തിന്  ഉതകുന്നൊരു രൂക്ഷശാസ്ത്രമാണത്. ഐതിഹ്യങ്ങളില്‍നിന്നു കടംകൊള്ളുന്ന കഥാപാത്രങ്ങളോരോന്നും തീവ്ര ആത്മനിഷ്ഠയുടെ മുഖംമൂടികളാണ്. പാതാളരാജാവായ പ്ലൂട്ടോ എന്ന മൃത്യുദേവന്‍ തട്ടിക്കൊണ്ടുപോകുന്ന പെഴ്‌സിഫോനി മനുഷ്യവംശത്തിന്റെ അബോധത്തിലുറയുന്ന കുറ്റബോധം ഉറഞ്ഞുകൂടി ഉണ്ടായതാണ് എന്നാണ് ധ്വനിഭംഗിയോടെ ഗ്ലിക്ക് പറയുന്നത്. അമ്മയായ പ്രകൃതീദേവിയില്‍നിന്നാണവള്‍ ഒളിച്ചുകടത്തപ്പെടുന്നത്. ''അവേര്‍ണോ'' എന്ന കവിതാസമാഹാരത്തിന്റെ തലക്കെട്ടിന്റെ അര്‍ത്ഥംതന്നെ നരകകവാടം എന്നാണ്. ദാന്തെയുടെ ഡിവൈന്‍ കോമഡിയിലെ ഇന്‍ഫേര്‍ണോയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഇത്. കാല്പനികതയെ കൂട്ടുപിടിച്ച് അതേ കാല്പനികതയെ തലകീഴായി നിര്‍ത്തുന്നൊരു കൗശലത്തിനുടമയാണീ കവി. ''അറാറത്തി''ല്‍ പൂക്കളെക്കുറിച്ചു പറയുന്നത് ''അനുശോചനസൂചിയായൊരു ഭാഷയാകുന്നു പൂക്കള്‍'' എന്നാണ്.
''പരിതോവസ്ഥകളോടുള്ള പ്രതികാരം'' എന്നാണ് ഒരു നിരൂപകന്‍ ഗ്ലിക്കിന്റെ കവിതകളെ വിശേഷിപ്പിച്ചത്. തീക്ഷ്ണവും പരുഷവുമായ ഒരു ലാവണ്യമാണ് അവയുടേത്. 2003 ല്‍ അമേരിക്കയുടെ ആസ്ഥാനകവിപ്പട്ടം അവര്‍ നേടിയതും ഈ തമോഭയ ഉന്മാദത്തിന്റെ സംരചനകളിലൂടെയാണ്. മനുഷ്യമനസ്സിന്റെ അധോതലങ്ങളിലേക്കു വര്‍ണ്ണരാജി വീശാനുള്ള പ്രിസമാണ് ഗ്ലിക്കിന് പുരാണകഥകള്‍. ഡൈഡോ, യുറീഡിസി തുടങ്ങിയ ഇതിഹാസകഥാപാത്രങ്ങള്‍ പീഡിതവും പരിത്യക്തവുമായ പെണ്‍മയുടെ നേര്‍പ്രതീകങ്ങളായാണ് ഗ്ലിക്കിന്റെ തൂലികത്തുമ്പില്‍നിന്ന് ഉയിര്‍കൊള്ളുന്നത്. ദൃഢബന്ധങ്ങളുടെ ചൂടും ചൂരും നോവും ചവര്‍പ്പും കയ്പുമൊക്കെ നിറയുന്നുണ്ട് ഈ കവിതകളില്‍. ''ഞാന്‍ ജീവന്‍ വയ്ക്കുന്നത് കവിതയിലാണ്'' എന്ന് ഗ്ലിക്ക് പറയുന്നു. മനസ്സിനെ മൂടുന്ന കരിനിഴലിനെക്കുറിച്ച് അവര്‍ എഴുതുന്നു: ''പ്രതീക്ഷയേകുന്നതെന്തെന്നാല്‍, ഇതിനെ നിങ്ങള്‍ മറികടന്നാല്‍ മറുപുറത്ത് കവിതയുണ്ട്. 'മഞ്ഞുതുള്ളികള്‍' എന്ന കവിതയിലെ ഒരു ശകലം ഇങ്ങനെ: ''എന്റെമേലമരുന്ന ഭൂമിയെ അതിജീവിക്കാമെന്ന മോഹമെനിക്കുണ്ടായിരുന്നില്ല... അതേ, ഞാന്‍ ഭയന്നിരുന്നു. പക്ഷേ, ഞാനിതാ വീണ്ടും നിങ്ങളോടൊപ്പം, കരഞ്ഞുകൊണ്ടാണെങ്കില്‍ക്കൂടിയും, ആനന്ദം അപകടപ്പെടുത്തിക്കൊണ്ടാണെന്നുവരുകിലും, ഞാനിതാ പുതുലോകത്തിന്റെ മെരുങ്ങാക്കാറ്റിനൊപ്പം.'' വിപ്ലവാത്മകമായ പരിണതിയുടെയും പുനര്‍ജനിയുടെയും കഥയാണിവിടെ പറയുന്നത്. ശൈത്യത്തിനുശേഷം ജീവന്റെ മായികമായ മടങ്ങിവരവിനെയാണ് ഇവിടെ ബിംബവത്കരിക്കുന്നത്. മൂര്‍ച്ചയേറിയ നര്‍മ്മം ഇവിടെ മേമ്പൊടിയായി ചാലിച്ചിട്ടുണ്ട്. സൂക്ഷ്മവായനയിലേ അത് നിര്‍ദ്ധാരിതമാകൂ എന്നുമാത്രം. 
ലൂയിസ് ഗ്ലിക്കിന്റെ രചനകളുടെ സാമാന്യസ്വഭാവം നിരീക്ഷിക്കുവാന്‍ രണ്ടു കവിതകള്‍ ഒന്നെടുത്തു വായിക്കാം. ''മുങ്ങിമരിച്ച കുട്ടികള്‍'' എന്ന കവിതയില്‍, ഒരു ദ്രഷ്ടാവ് മഞ്ഞുപാളികള്‍ മൂടിയൊരു കുളത്തില്‍ വീണു മരിച്ച കുട്ടികളെക്കുറിച്ച് തന്റെ അഭിപ്രായം പറയുകയാണ്. പൊടിഞ്ഞമരുന്ന മഞ്ഞുകട്ടയുടെ നിസ്സംഗതയോടെ, തണുത്ത നിര്‍മമതയോടെ, വായനക്കാരിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ഈ കാണി പറയുന്നു, ''കാര്യങ്ങള്‍ വിലയിരുത്താനുള്ള ശേഷി അവര്‍ക്ക് അശേഷമില്ല. അതിനാല്‍ അവര്‍ മുങ്ങിമരിക്കുക എന്നത് തികച്ചും സ്വാഭാവികം.'' കുളത്തിലെ ജലം അല്പനേരം തന്റെ കരങ്ങളില്‍ അവരെ താങ്ങിനിര്‍ത്തിയെങ്കിലും വെള്ളത്താല്‍ വിഴുങ്ങപ്പെടാനായിരുന്നു അവരുടെ വിധി. 'തുടക്കത്തോടു തൊട്ടടുത്തായിരുന്നു അവര്‍ എന്നതിനാല്‍ മരണം വ്യത്യസ്തമായാവും അവരുടെ പക്കലേക്കു വന്നത്'' എന്നു പറയുമ്പോള്‍, ജനിച്ച് ഏറെക്കാലം കഴിയും മുമ്പേ വന്ന മരണത്തിന്റെ വ്യതിരിക്തഭാവമാണ് കവി ദ്യോതിപ്പിക്കുന്നത്. നീലവും നിത്യവുമായ ജലത്തില്‍ ആണ്ടുപോയ ശിശുക്കളോട് ''വീട്ടിലേക്കു വരൂ'' എന്നാണ് കവി പറഞ്ഞുനിര്‍ത്തുന്നത്.
''കള്ളമധുരനാരങ്ങകള്‍'' എന്ന കവിതയെ പെണ്ണെഴുത്തിന്റെ ആഗോളഗീതം എന്നാണു വിശേഷിപ്പിക്കുന്നത്. ''മോക്ക് ഓറഞ്ച്'' എന്നത് ഓറഞ്ചുപുഷ്പങ്ങളെ ഓര്‍മ്മിപ്പിക്കുന്ന, എന്നാല്‍, ഓറഞ്ചുമായി ഒരു ബന്ധവും ഇല്ലാത്തൊരു ചെടിയാണ്. ഒരു പല്ലിറുമ്മും സ്വരമാണീ കവിതയ്ക്ക്. ആണ്‍കോയ്മയുടെ വസ്തുവത്കരണത്തിനു വിധേയപ്പെടുന്ന സ്ത്രീലൈംഗികതയെ കള്ള ഓറഞ്ചായി കവി വിവക്ഷിക്കുന്നു. യഥാര്‍ത്ഥ അനുഭൂതി ഇവിടെ അന്യമാണ്. വക്താവ് തോഴിയോടു പറയുന്നു, നിലാവല്ല ഇന്നീ മുറ്റം വെളിച്ചംകൊണ്ടു നിറയ്ക്കുന്നത്, കള്ള മധുരനാരങ്ങപ്പൂക്കളാണ്. ''ഞാനവയെ വെറുക്കുന്നു'' എന്ന അതിശക്തമായൊരു വിളംബരമാണ് പിന്നെ. പ്രണയനിലാവെന്ന വ്യാജേന പ്രസരിക്കുന്ന ആണധികാരമാണ് ഈ വെറുപ്പിന്റെ വിഷയം. പച്ചയായി കാര്യം പറയുകയാണിനി: ''ലൈംഗികബന്ധത്തെ വെറുക്കുന്നതുപോലെ ഞാനവയെ വെറുക്കുന്നു.''  തന്റെ വദനം അടച്ചു മുദ്രവയ്ക്കുന്ന പുരുഷവദനത്തെ സ്ത്രീ എന്നും നേരിട്ടുപോരുന്ന നിശ്ശബ്ദയാക്കപ്പെടലായാണ് ശ്രോതാവ് ഗ്രഹിക്കുന്നത്. സ്വന്തം കവിതയാകുന്ന സ്വരഭേരിയിലൂടെ അതിനെ ഭേദിക്കലാകുന്നു പെണ്‍കവികര്‍മ്മം. ലിംഗദ്വന്ദ്വത്തിനുള്ളില്‍ ബന്ധിതമായിപ്പോയ പെണ്‍മൊഴിയുടെ വീണ്ടെടുപ്പാണിത്. പരിക്ഷീണ ദ്വന്ദ്വങ്ങളൊക്കെയും തകര്‍ന്നടിയുന്നു ഈ ശക്തിക്കുമുന്‍പില്‍. ''ആ മണം ഈ ലോകത്തില്‍ തങ്ങിനില്‍ക്കുവോളം  ഞാനെങ്ങനെ വിശ്രമിക്കും? എന്നൊരു വല്ലാത്ത ചോദ്യത്തെ അന്തരീക്ഷത്തില്‍ അലയാന്‍ വിട്ടുകൊണ്ടാണീ കവിത അവസാനിക്കുന്നത്.
ഇത്തരം കവിതകള്‍ എവ്വിധമാണ് പെണ്ണിന്റെ ഉണ്‍മയെ അതിന്റെ സകലശക്തിയും സമസ്തഭാവവും ആവാഹിച്ച് അവതരിപ്പിക്കുന്നത് എന്നതാണ് ഗ്ലിക്കിന്റെ നൊബേല്‍ പുരസ്‌കാരലബ്ധിയുടെ പിന്നിലെ മായികരഹസ്യം. ചെറിയ ചില അഗ്നിശലാകകള്‍ സ്ഫുരിപ്പിച്ചൊരു അരണികൊണ്ട് നവചിന്തയുടെ കാട്ടുതീ പടര്‍ത്താന്‍ ഗ്ലിക്കിനായി എന്ന സത്യം സ്വീഡിഷ് അക്കാദമി കണ്ടറിഞ്ഞു എന്നത് നിസ്തര്‍ക്കമാണ്. ഒരു സ്ത്രീകൂടി കാലം കല്പിച്ച മൗനം ഉടച്ചിരിക്കുന്നു. നല്ലത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)