''ഇതാ, എന്റെ ഒരു വശം വെന്തുകഴിഞ്ഞു. ഇനി മറിച്ചിടാം.'' ആദിമരക്തസാക്ഷിയായ ആര്‍ച്ചുഡീക്കന്‍ ലോറന്‍സ് റോമന്‍ പ്രീഫെക്റ്റിനോടു പറഞ്ഞ വാക്കുകളാണിവ (എ.ഡി. 258).
ക്രൈസ്തവരുടെ കൈവശം നിരവധി നിധികളും നിക്ഷേപങ്ങളും ഉണ്ടെന്നും ഏതു വിധേനയും അവ കൈവശപ്പെടുത്തണമെന്നുമായിരുന്നു പ്രീഫെക്ടിനു വലേരിയന്‍ചക്രവര്‍ത്തിയില്‍നിന്നു കിട്ടിയ നിര്‍ദേശം.
സഭ ഒത്തിരി സാധുക്കളെ സംരക്ഷിക്കുന്നുണ്ട്. അതിന്റെയെല്ലാം ചാര്‍ജ് ആര്‍ച്ചുഡീക്കന്‍ കൂടിയായ ലോറന്‍സിനാണ്. മാത്രവുമല്ല, സര്‍വ ക്രൈസ്തവരുടെയും സാമ്പത്തികവിവരങ്ങളും കണക്കും അവന്റെ പക്കലുണ്ട്. അതുകൊണ്ട് അവനെ പിടികൂടിയാല്‍ കാര്യങ്ങള്‍ക്കു തീരുമാനമാകും എന്നു പ്രീഫെക്ട് കരുതി.
ലോറന്‍സ് പിടിക്കപ്പെട്ടു. മൂന്നു ദിവസത്തിനുള്ളില്‍ സര്‍വസമ്പാദ്യങ്ങളുടെയും കണക്കുകൊടുക്കാനായിരുന്നു കല്പന. പക്ഷേ, ലോറന്‍സ് പകരം ഹാജരാക്കിയത് സഭയുടെ സംരക്ഷണത്തില്‍ കഴിയുന്ന എല്ലാ അഗതികളെയും വിധവകളെയുമാണ്.
കുപിതനായ പ്രീഫെക്ട് ആ ധിക്കാരിയെ ഇരുമ്പുകട്ടിലില്‍ കിടത്തി അടിയില്‍ തീയിടാന്‍ ആജ്ഞാപിച്ചു. പൊള്ളല്‍ സഹിക്കവയ്യാതാകുമ്പോള്‍ അവന്‍ സത്യം പറയും - നിധികള്‍ കാണിച്ചുതരുകയുംചെയ്യും.
ഇരുമ്പുകട്ടില്‍ പഴുത്തുതുടങ്ങിയപ്പോള്‍ ലോറന്‍സിന്റെ ഒരു വശം ശരിക്കും വെന്തെരിഞ്ഞു. അപ്പോള്‍, താന്‍ സ്വര്‍ഗത്തില്‍ യേശുവിനെ ആലിംഗനം ചെയ്തു നില്ക്കുന്ന രംഗമാണ് ലോറന്‍സിനെ ഗ്രസിച്ചുനിന്നത്. വേദനകൊണ്ട് വാവിട്ടുകരയുന്നതിനു പകരം ലോറന്‍സ് പറഞ്ഞ ആ വാക്കുകള്‍ നമ്മെ അമ്പരപ്പിക്കും.
ആദിമസഭയിലെ മറ്റൊരു ഐതിഹാസികകഥാപാത്രമാണ് അന്ത്യോക്യായിലെ വി. ഇഗ്‌നേഷ്യസ്. വി. യോഹന്നാന്റെ ശിഷ്യന്‍ കൂടിയായ അദ്ദേഹത്തില്‍ ജ്വലിച്ചുനിന്ന തീക്ഷ്ണത അനേകരെ പുളകംകൊള്ളിച്ചിട്ടുണ്ട്.
ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്തായിരുന്നു സംഭവം. രണ്ടു യുദ്ധങ്ങളില്‍ നേടിയ വിജയം തന്റെ ഇഷ്ടദൈവങ്ങളുടെ കൃപകൊണ്ടാണെന്നു ചക്രവര്‍ത്തി എങ്ങനെയോ ധരിച്ചുവശായി. പകരം, അവരെ ആരാധിക്കാത്തവരെ വകവരുത്തുകയായിരുന്നു അദ്ദേഹത്തിന്റെ അടുത്ത പരിപാടി.
റോമിലെ ഉത്സവങ്ങളുടെ സമാപനദിവസങ്ങള്‍! അക്കൂട്ടത്തില്‍ ഇഗ്‌നേഷ്യസിനെ ബലിയാക്കാന്‍ ചക്രവര്‍ത്തി തീരുമാനിച്ചു. വരിഞ്ഞുകെട്ടി വന്യമൃഗങ്ങള്‍ക്കിട്ടുകൊടുക്കാന്‍ കൊണ്ടുപോകുമ്പോള്‍ ഇഗ്‌നേഷ്യസിനെ അലട്ടിനിന്നതെന്താണെന്നോ? ഹിംസ്രജന്തുക്കള്‍ പിച്ചിച്ചീന്തുമ്പോള്‍ കണ്ണീരും ചോരയും കൂടിക്കലരുന്നതോര്‍ത്തായിരുന്നുവോ അത്? അല്ല, മറിച്ചായിരുന്നു ഭയം. ''അവ എന്നെ കടിച്ചു കീറാതിരുന്നാലോ? ഞാന്‍ അവയെ കെട്ടിപ്പിടിക്കും. അവ എന്റെ അസ്ഥികള്‍ കടിച്ചുപൊട്ടിക്കുമ്പോള്‍ ഗോതമ്പുമണിപോലെ പൊടിഞ്ഞ് ഞാന്‍ കര്‍ത്താവിന്റെ അപ്പമായിത്തീരും.'' ആ വലിയ മനുഷ്യന്റെ ആത്മദാഹത്തിനു മുമ്പില്‍ നമ്മുടെ ഹൃദയസ്പന്ദനം പോലും നിലച്ചുപോകും.
പ്രതീക്ഷിച്ചതുപോലെ ഇഗ്‌നേഷ്യസിനെ വന്യമൃഗങ്ങള്‍ കടിച്ചുപൊടിച്ചു. അവന്‍ കര്‍ത്താവിനു സ്വീകാര്യമായ അപ്പമായി മാറി - ജീവന്റെ അപ്പംപോലെ. അതു കണ്ടുനിന്നവരില്‍ പലര്‍ക്കും അത് അദ്ദേഹത്തെ അനുകരിക്കാനുള്ള ആവേശം പകര്‍ന്നു. ജീവന്റെ അപ്പമാണ് അവരെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്തിയത്.
ലോറന്‍സും ഇഗ്‌നേഷ്യസും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ലോറന്‍സ് വെന്തെരിഞ്ഞപ്പോള്‍ സഭ തളരുകയല്ല, വളരുകയായിരുന്നു. അന്ന് ആ ഇരുമ്പുകട്ടിലിന്റെ അടിയില്‍ തീകൂട്ടിക്കൊണ്ടിരുന്ന ഹിപ്പോളിറ്റസ് എന്ന പടയാളിക്ക് ഒരു ഉള്‍ക്കിടിലം. അതു തെറ്റായിപ്പോയി. ഒപ്പം ഒരു മാനസാന്തരവും - വലത്തെ കുരിശില്‍ക്കിടന്ന കള്ളനിലെന്നപോലെ.
യേശുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ് കൂറുമാറിയ ഹിപ്പോളിറ്റസിനെ അധികൃതര്‍ വെറുതെ വിട്ടില്ല. അവനും പിടിക്കപ്പെട്ടു. അവന്റെ കൈകാലുകള്‍ നാലു കുതിരകളുടെ കാലില്‍കെട്ടി അവറ്റകളെ നാലു വശത്തേക്കും പായിക്കാനായിരുന്നു ശിക്ഷാവിധി. ശിക്ഷാവിധി നടപ്പിലാക്കുന്ന ഭീകരചിത്രം മുരാനോയുടെ ഗ്രന്ഥത്തില്‍ കാണാവുന്നതാണ്. ലോറന്‍സിലെ ദൈവികമായ നിര്‍ഭയത്വം അവനിലും ആവേശിച്ചു.
ആ രക്തസാക്ഷികളൊക്കെയാവണം നമ്മുടെയും ശക്തികേന്ദ്രം. വേദനകളില്‍, കരച്ചിലില്‍ കഷ്ടപ്പാടില്‍ അവരായിരിക്കണം നമ്മുടെ ആദര്‍ശപുരുഷന്മാര്‍. ജീവിതത്തിന്റെ കണ്ണെത്താത്ത കൊടുംകാടുകളില്‍ ദിശാസൂചികയായി അവര്‍ നമ്മുടെ മുമ്പിലുണ്ടാകും.
ലോറന്‍സിനെപ്പോലുള്ള ആദിമരക്തസാക്ഷികളില്‍നിന്നു തലമുറതലമുറയായി നാം ഏറ്റുവാങ്ങേണ്ടതു ക്രിസ്തീയധൈര്യമാണ് - പ്രഭാതംമുതല്‍ പ്രഭാതം വരെ ക്രൈസ്തവരായി ജീവിക്കാനുള്ള ധൈര്യം.
''നമ്മുടെ വിശ്വാസം ക്ഷയിച്ചുപോകാതിരിക്കാന്‍'' (ലൂക്കാ. 22-32) അവരൊക്കെ നമുക്കുവേണ്ടി പ്രാര്‍ഥിക്കുന്നുണ്ടെന്നതും നമുക്കു കരുത്തും പ്രത്യാശയും പ്രദാനം ചെയ്യും. കണ്ണുനീരിന്റെ ഈ താഴ്‌വരയില്‍ നമ്മുടെ ഓട്ടം പൂര്‍ത്തിയാക്കാന്‍ അവരുടെ സ്മരണകള്‍ നമുക്ക് ഉത്തേകമാകട്ടെ.
ലേഖനം
ആദിമധീരന്മാര്‍
